എഴുത്ത്:-ജ്യോതി കൃഷ്ണ കുമാർ
യൂത്ത് ഫെസ്റ്റിവലിനു പേര് കൊടുക്കുന്നവർ “””
കൂട്ടത്തിൽ അവനും എണീറ്റു…
അമൽ “”””
എല്ലാവരുടെയും കണ്ണ് അവന്റെ നേർക്കായി..
കാരണം ആരുമായും കൂട്ട് കൂടാത്ത പ്രകൃതം.. ഒന്നിനും മുന്നിലേക്ക് വരാത്തവൻ…
ഇപ്പോ എങ്ങനെ???
ഏത് ഐറ്റം ആണ് എന്ന് കേൾക്കാൻ എല്ലാവരും കാത് കൂർപ്പിച്ചു…
“”നാടോടി നൃത്തം “”
എന്ന് പറഞ്ഞതും ക്ലാസ്സിൽ കൂട്ട ചിരി മുഴങ്ങി…
“”ഏയ് എന്തിനാ അനാവശ്യമായി ചിരിക്കൂന്നേ?? സൈലൻസ്!!””
എന്ന ടീച്ചറുടെ ആജ്ഞ താൽക്കാലത്തേക്ക് കുട്ടികളുടെ വായ അടപ്പിച്ചെങ്കിലും അതും വച്ച് അമലിനെ കളിയാക്കാൻ തുടങ്ങിയിരുന്നു..
“”ചാന്തുപൊട്ടൻ “”
എന്നായി പിന്നെ ഒളിഞ്ഞും തെളിഞ്ഞും…..
അതൊന്നും കേൾക്കാൻ നിൽക്കാതെ തല താഴ്ത്തി അവൻ അവിടെ നിന്നെല്ലാം ഒഴിഞ്ഞു മാറി…
നൃത്തം ചെയ്യുമ്പോൾ അവൻ എല്ലാം മറന്നു…
ചടുലമായിരുന്നു അവന്റെ ഓരോ ചലനങ്ങളും….
എല്ലാവരും അത്ഭുതം പൂണ്ടു…
അത്രയും മനോഹരമായി അവൻ ആ നൃത്തം പൂർത്തിയാക്കി…
നൃത്തത്തിൽ അഭിരുചി ഉള്ള കുട്ടി എന്നെ എല്ലാവരും കരുതിയുള്ളൂ…
ക്ലാസ്സിൽ അവൻ ആരോടും കൂട്ടില്ലായിരുന്നു….
കൂട്ട് കൂടാൻ ചെന്ന ആൺകുട്ടികളെ ഒക്കെ അവൻ മൗനമായി ഒഴിവാക്കി…
അവൻ കൂടാൻ വേണ്ടി ചെന്ന പെൺകുട്ടികൾ അവനെ കൂട്ടിയതും ഇല്ല…
ശെരിക്കും ഒറ്റപ്പെട്ടു പോയിരുന്നു അവൻ….
അവൻ അവനിലെ പൊരുള് തേടി…. തനിക്ക് മറ്റൊരു സ്വത്വം ഉണ്ടെന്ന് അവനറിഞ്ഞു….
ഓരോ ദിവസം ചെല്ലും തോറും അവനുള്ളിലെ സ്വത്വം പുറത്തേക്ക് വരാൻ വീർപ്പു മുട്ടിയിരുന്നു…
അമ്മയെ വീടുപണികളിൽ സഹായിക്കുന്നതിനും ചേട്ടന്മാരുടെ കൂടെ കളിക്കാൻ പോകാത്തതിനും ആദ്യമൊന്നും അർത്ഥമുണ്ടായിരുന്നില്ലെങ്കിലും പിന്നീടവൻ മനസിലാക്കി ഇത് അത്ര നിസ്സാരമായ ഒരവസ്ഥ അല്ല എന്ന്..
കളികളിൽ വ്യാപൃതരായ ചേട്ടമ്മാരേക്കാൾ, അടുക്കളയിൽ അമ്മയോടൊപ്പം ഒതുങ്ങി കൂടുന്നതിൽ ആണ് ആനന്ദം എന്നവൻ അറിഞ്ഞു…
പാചകത്തിൽ വിവിധ തലങ്ങൾ ഉണ്ടെന്നും അവ എല്ലാവർക്കും പ്രാപ്യമായ ഒന്നല്ല എന്നും അവൻ കണ്ടെത്തി….
അതിൽ അവൻ നൈപ്പുണ്യം നേടി..
എങ്കിലും അവനിൽ ഒളിഞ്ഞിരുന്ന സത്യം മുറിയിലെത്തുമ്പോൾ പുറത്തേക്കൊഴുകി…
ആ ഒറ്റമുറി അവന് പ്രിയപ്പെട്ടതായി..
അതിനുള്ളിൽ അവനവന്റെ ലോകം തീർത്തു…
അമ്മയോ അച്ഛനോ അവനെ ഏല്പിക്കുന്നതിൽ,
മിച്ചം വരുന്ന പൈസക്ക് കണ്മഷിയും ചാന്തും വാങ്ങി.. കുപ്പി വളകളും മുത്തു മാലയും വാങ്ങി…
ആരും കാണാതെ മുറിക്കുള്ളിൽ അവനതിന്റെ ചന്തം കണ്ടു…
അവനിലെ അവളെ കൂടുതൽ മികവോടെ കണ്ടു ….
ചേച്ചിയുടെ ഉടുപ്പ് തന്റെ ഷർട്ടിനേക്കാളും നിക്കറിനെക്കാളും ചേർച്ചയിൽ കിടന്നു..
ചുവന്ന വട്ടപൊട്ടു അവന്റെ ഭംഗിക്ക് ചാരുതയേകി …
കണ്മഷി ഇട്ട കണ്ണുകൾ കൂടുതൽ തിളങ്ങി..
അപ്പോൾ കണ്ണാടിയിൽ തെളിയുന്ന അവനിൽ അവളെ””” കണ്ടു…
അവളാകുമ്പോൾ ഉള്ളിലെ ആത്മവിശ്വാസം കൂടുന്നതവൻ അറിഞ്ഞു….
പക്ഷേ ഭയമായിരുന്നു..
ചുറ്റുമുള്ള കണ്ണുകളെ, അവയിലെ പരിഹാസങ്ങളെ…
അതുകൊണ്ട് അവനിലെ സ്വത്വത്തെ വലിയൊരു നെടുവീർപ്പിനുള്ളിൽ അവൻ മൂടി വച്ചു…
പറക്കാൻ പറന്നുയരാൻ നിറങ്ങൾ ഉള്ള ചിത്രശലഭമായി പറക്കാൻ വെമ്പുന്ന പുഴുവിനെ പോലെ അവൻ ആ പവിഴ കൂട്ടിൽ ഉറങ്ങി….
ഇടക്ക് മാത്രം ആ ഒറ്റമുറിയിൽ അവനു ചിറകുകൾ മുളച്ചു…..
ഏറെ നാളായി അവനവനിലെ പെണ്ണിനെ ഒളിപ്പിച്ചു നിർത്താൻ തുടങ്ങിയിട്ട്,
ഒരു നാൾ അമ്മ തന്നെ ആയിരുന്നു മകനിലേ മാറ്റം കണ്ടെത്തിയത്…
എന്നോ തുടങ്ങിയ സംശയം ഉറപ്പിക്കുമ്പോൾ അവർ ആകെ തകർന്നു പോയിരുന്നു..
അനുനയിപ്പിക്കാൻ ശ്രെമിച്ചു…
നീ ആണാണ്… ഇതൊക്കെ തോന്നലാണ് എന്ന് പറഞ്ഞവർ മകന്റെ കാലു പിടിച്ചു…
നിസ്സഹായനായി അവനും…
അമ്മയെ പോലെ തന്നെയാണ് ഞാനും… എന്നവൻ ആവർത്തിച്ചു പറഞ്ഞപ്പോൾ അവന്റെ സ്വരം നേർത്തിരുന്നു….
വയ്ക്കരി ഇടാൻ ഉള്ള ആണ്തരിയാണ് നീയെന്നു പറഞ്ഞപ്പോഴും,
അവൻ ഉറപ്പോടെ പറഞ്ഞത് ഒരു മകളായി അവൻ കാണും എന്നായിരുന്നു…
അച്ഛനാണ് കോമാളി ആയി മാനക്കേട് ഉണ്ടാക്കി വക്കാതെ ഇറങ്ങാൻ പറഞ്ഞത്…
ആശ്വാസമായിരുന്നു… സ്വയം ധിക്കരിച്ചു ഇറങ്ങി എന്ന് പറയില്ലല്ലോ എന്ന്…
അച്ഛനെ സമ്ബന്ധിച്ചിടത്തോളം അവൻ ഒരഹമ്മതിക്കാരനായിരുന്നു..
വെറുതെ ലോകത്തെങ്ങും കേൾക്കാത്ത കാര്യത്തിന് വാശി പിടിക്കുന്ന അഹമ്മതിക്കാരൻ…
ഇറങ്ങുമ്പോൾ വേദനിച്ചിരുന്നു… ചിറകു മുളക്കാൻ പോകുന്ന പൂമ്പാറ്റ പുഴുവിന്റെ അതുപോലെ ഉള്ള സുഖമുള്ള നോവ്…
ഒടുവിൽ എങ്ങോ ഒക്കെയോ അലഞ്ഞു പൂർണമായും ഒരു പെണ്ണായി..
കഠിനമായി ശ്രെമിച്ചൊരു നല്ല ജോലിയും നേടി അമ്മയുടെ മുന്നിൽ ചെന്ന് നിന്നപ്പോൾ,
അന്ന് അമ്മ അവനെ””””….. അല്ല!!!!
അവളെ”””” വിളിച്ചത്
മോളെ”””
എന്നായിരുന്നു….
ഇന്നവൾ അഭിമാനത്തോടെ തല ഉയർത്തി തന്നെ ജീവിക്കുന്നു… അമ്മക്കായി…
അച്ഛനായി..
. ഒരിക്കൽ തിരസ്കരിച്ചവർ തന്നെ അവളെ നെഞ്ചേറ്റിയിരിക്കുന്നു…
അവളെ പോലെ വീർപ്പു മുട്ടി കഴിയുന്ന പലർക്കും സ്വത്വത്തിലേക്ക് മടങ്ങാൻ അവൾ നിമിത്തമായി…
എന്നിട്ടും ആരൊക്കെയോ അവളെ ഇപ്പോഴും കുറ്റപ്പെടുത്തുമ്പോൾ അവരെ നോക്കി അവൾ വീറോടെ പറഞ്ഞിരുന്നു,
വെറുമൊരു പുഴുവായി പവിഴകൂട്ടിൽ ഉറങ്ങാനല്ല,
ചിത്രശലഭമായി പാറി നടക്കാനാണ് അവൾക്ക് ഇഷ്ടം എന്ന്…..