എഴുത്ത്:-ജ്യോതി കൃഷ്ണ കുമാർ
എനിക്ക് പറ്റില്ല ചെറിയമ്മേ!!! നിർബന്ധം ആണെങ്കിൽ സ്വന്തം മകൻ ഉണ്ടല്ലോ ദത്തൻ അവനോട് പറയൂ “””
അവിനാഷിന്റെ വായിൽ നിന്നും അങ്ങനെ പ്രതീക്ഷിച്ചില്ലായിരുന്നു ദീപ…. അവർ വല്ലാണ്ടായി….
ദേവന്റെ മകൾ മീരയെ കല്യാണം കഴിച്ചു കൂടെ കൂട്ടാം നമുക്ക് എന്ന് സ്വന്തം ചേച്ചിയുടെ മകനോട് പറഞ്ഞതിന് മറുപടി അവൻ, ഇങ്ങനെ അറുത്ത് മുറിച്ചു പറയും എന്ന് കരുതിയില്ല….
നെഞ്ചിൽ വല്ലാത്ത നോവ്, അത് കേട്ട്..
ഓർമകൾ പുറകിലേക്കോടാൻ തുടങ്ങി…
രണ്ടു പെങ്ങന്മാർക്ക്, ധന്യക്കും ഇളയവൾ ദീപക്കും ആകെ കൂടെ ഉള്ളൊരു ആങ്ങള ആയിരുന്നു അവൻ..
ദേവൻ”””
ഏറ്റവും ഇളയവൻ….
അവന്റെ കല്യാണം ഒരാഘോഷം തന്നെ ആയിരുന്നു…
എല്ലാരും കൂടെ അതൊരു ഉത്സവം തന്നെ ആക്കി…
അവൻ കൈ പിടിച്ചു കൊണ്ടുവന്ന രേണുവും ഏവർക്കും പ്രിയപ്പെട്ടവളായി..
ശരിക്കും രണ്ടു ചേച്ചിമാരെയും അവർ കണ്ടത് അമ്മയുടെ സ്ഥാനത്തു തന്നെ ആയിരുന്നു..
ആ സ്നേഹവും ബഹുമാനവും അവർ എന്നും കാണിച്ചിരുന്നു…
രേണു ഗർഭിണി ആണ് എന്നറിഞ്ഞതും എല്ലാരും കൂടെ മത്സരം ആയിരുന്നു..
അവൾക്ക് വേണ്ടത് ഉണ്ടാക്കാനും ഊട്ടാനും..
ഒടുവിൽ ഒരു മാലാഖയെ പോലൊരു കൊച്ചിനെ തന്നിട്ട് അവളങ്ങു പോയി…
അതിനു വേണ്ടിയാ ഇത്രേം ആഘോഷിച്ചത് എന്ന് തോന്നുന്നു… ഈ മാതിരി ഒരു വലിയ ദുരന്തം വന്നു ഭവിക്കാൻ…
രേണു പോയതോടെ,
കുഞ്ഞു മാലാഖയും ദേവനും മാത്രം ആയി…
മീര”””
എന്നവൾക്ക് രേണു കണ്ടു വച്ചതായിരുന്നു പേര്…
അച്ഛന്റെ നിഴലു പോലെ അവൾ വളർന്നു..
ഒരു സുന്ദരി കൊച്ച്…
ദേവന് ജീവനായിരുന്നു അവൾ… അവൾക്കായി മാത്രം അയാൾ ജീവിച്ചു…
പെങ്ങന്മാർ ഒത്തു കൂടുമ്പോ ഒക്കെയും അയാൾ പറഞ്ഞു,
അവരുടെ ഏതേലും മക്കളെ കൊണ്ട് മീരയെ കല്യാണം കഴിപ്പിച്ചാൽ മതിയെന്നു…
വേറെ വീട്ടിലേക്കവളെ അയക്കാൻ അയാൾക്ക് ഭയമാണ് എന്ന്…
നല്ലൊരു കമ്പനിയിൽ ജോലി നോക്കുന്ന അവിനാശ് അവളെ കല്യാണം കഴിച്ചാൽ കൊള്ളാം എന്നുണ്ടായിരുന്നു ദേവന്…
വേറെ അവൾക്ക് കല്യാണം കഴിക്കാൻ പാകത്തിന് പിന്നെ ദത്തൻ കൂടിയേ ഉണ്ടായിരുന്നുള്ളു… പഠിപ്പില്ലാത്തവൻ…
എല്ലാവരോടും പെട്ടെന്ന് അടുക്കുന്ന സ്വഭാവമാണ് അവിനാഷിന്റെ എങ്കിൽ നേരെ തിരിച്ചാണ് ദത്തൻ..
ഒരാളോടും പക്ഷേ ഒന്നും മിണ്ടില്ല… ഒരു കാടൻ പ്രകൃതം…
ദേവന്റെ ആഗ്രഹപ്രകാരം, മരിച്ചു ആറുമാസം കഴിഞ്ഞപ്പോൾ, മുറച്ചെറുക്കനായ അവിനാഷിനോട് പറഞ്ഞതായിരുന്നു മീരയെ കല്യാണം കഴിക്കാൻ…
അതിന്റെ മറുപടി ആയിരുന്നു ആ കേട്ടതും….
അവന് സ്ഥിതി ഉള്ള വീട്ടിലെ പെണ്ണ് മതി എന്ന്…
മീരക്ക് അത് കേട്ട് പ്രത്യേകിച്ച് ഒന്നും തോന്നിയില്ല…
ദത്തനോട് ആരും ഒന്നും ചോദിച്ചില്ല…….
അച്ഛൻ മരിച്ചതിന്റെ ആഘാതം ആ പാവം പെണ്ണിനെ ഏറെ തളർത്തിയിരുന്നു…
ആർക്കും ശല്യമാവാതെ ഒതുങ്ങി കൂടാൻ പഠിച്ചിരുന്നു അപ്പോഴേക്കും..
ദീപക്ക് വല്ലാത്ത സങ്കടം തോന്നി.. സ്വന്തം മകൻ ദത്തനു വേണ്ടി ആലോചിക്കാൻ അറിയാഞ്ഞിട്ടല്ല… ചേച്ചിയുടെ മകൻ അവിനാശ് ആവുമ്പോ പഠിച്ച ആളല്ലേ എന്ന് കരുതിയാണ്….
പിന്നെ ദത്തനെ മീരക്ക് ആലോചിക്കാനും ഭയമായിരുന്നു..
സുന്ദരിയായ നന്നായി പഠിക്കുന്ന കുഞ്ഞിനെ തട്ടി എടുത്തെന്നു ആക്ഷേപം കേൾക്കുമോ എന്ന്…
തന്നെയുമല്ല അവനെ ആർക്കും ഉൾകൊള്ളാനും ആവില്ല… ഒരു പ്രത്യേക ടൈപ്പ് ആയിരുന്നു…. ആരോടും മിണ്ടാത്ത… ഒരു കാടൻ.
ആയിടക്ക് മീര, അവളെ പിജി ക്ക് ചേർത്തു…
കുറച്ചു മുമ്പ് ദത്തൻ ഒരു ഓട്ടോയും എടുത്തിരുന്നു…
മീരയെ കോളേജ് വരെ കൊണ്ടു ചെന്നാക്കാൻ ദീപ പറഞ്ഞിരുന്നു അവനോട്..
ഇത് വരെയും അവർ തമ്മിൽ ഒരടുപ്പം ഉണ്ടായിട്ടില്ല…
ഒരു ദിവസം കൊണ്ട് വിട്ട്, മീര ഇറങ്ങിയപ്പോൾ ദത്തൻ അവളെ വിളിച്ചു…
മീരേ,
എന്ന്..
“”ഞാൻ വിവാഹം കഴിക്കുന്നതിനു നിനക്ക് എതിർപ്പുണ്ടോ?
എന്ന് എവിടെയോ നോക്കി പറയുന്നവനോട് അവൾ വിട്ട് പറഞ്ഞു,
നല്ല ജോലി ഉള്ള ഒരാളെ കല്യാണം കഴിക്കണം എന്നാ മോഹം എന്ന്…
“”കുറെ നാളായി മനസ്സിൽ ഉള്ളത് പറഞ്ഞെന്നെ ഉള്ളൂ ആരോടും പറയണ്ട”””
എന്നും പറഞ്ഞു ആൾ പോയി…
മീരക്ക് കല്യാണലോചനകൾ വന്നു കൊണ്ടേ ഇരുന്നു…
തനിക്കൊരു ജോലി കിട്ടിയിട്ട് മതി എന്നവൾ തീർത്തു പറഞ്ഞു….
അന്ന് ഉണ്ടായ സംഭവത്തിന് ശേഷം ദത്തൻ അവളിൽ നിന്ന് ഒഴിഞ്ഞു മാറാൻ തുടങ്ങി…
മീര അത് ശ്രെദ്ധിച്ചിരുന്നു….
എന്തോ അവൾക്കൊരു കുറ്റബോധം തോന്നി തുടങ്ങി…
ആരുമായും അധികം കൂട്ടില്ലാത്ത ആളാ തന്നോട്,…
അത്രയും പറഞ്ഞിട്ട് താൻ പറഞ്ഞത്…??
അത് അവളെ വേദനിപ്പിച്ചിരുന്നു…
പിന്നീട് തീർത്തും ഒരപരിചിതനെ പോലെ പെരുമാറി ദത്തൻ…
ആയിടക്കാണ് മീരക്ക് വില്ലേജ് ഓഫീസർ ടെസ്റ്റ് കിട്ടിയത്…
ലോകം കീഴടക്കിയ പോലെ ആയിരുന്നു അവൾക്ക് സ്വന്തം കാലിൽ നിൽക്കാലോ… ആരേം ആശ്രയിക്കാതെ…
ജോലിക്ക് കയറുന്ന ദിവസം ദീപ അപ്പച്ചിയും കൂടെ ഉണ്ടായിരുന്നു…
ദത്തന്റെ ഓട്ടോയിൽ അവർ ചാർജ് എടുക്കേണ്ടിടത്തെത്തി…
അവരിറങ്ങിയതും ദത്തൻ ഓട്ടോ സ്റ്റാർട്ട് ചെയ്തു..
“”ദത്തേട്ടൻ നിക്കണില്ലേ??””
എന്ന് ചോദിച്ചതും..
“”ഇല്ല, പോണം എന്നു പറഞ്ഞു പോയിരുന്നു ദത്തൻ..
എന്തോ അത് മീരയുടെ കണ്ണിൽ നനവ് പടർത്തി..
പെട്ടെന്ന് ഒരു ദിവസം ധന്യയും മകനും കേറി വന്നു…
ഇത്തവണ അവിനാശ് നല്ല ഉന്മേഷവാനായിരുന്നു…
“””ഒരുങ്ങി ഇരുന്നോ അവിനാഷിന്റെ പെണ്ണായി “”
എന്ന് ധന്യ അപ്പച്ചി പറഞ്ഞപ്പോൾ,
“”എനിക്ക് പറ്റില്ല “”
എന്നു തീർത്തു പറഞ്ഞു….
എല്ലാരും മീരയെ തന്നെ ഉറ്റുനോക്കി…
ഉണ്ണാനായി വന്ന ദത്തനും…
പതുക്കെ എങ്കിലും ദൃഢമായ സ്വരത്തിൽ പറഞ്ഞു അവൾ,
എനിക്ക് ദത്തെട്ടനെയാ ഇഷ്ടം എന്ന്.. ഇപ്പൊ എനിക്കൊരു സ്ഥാനം കിട്ടിയപ്പോൾ ഉണ്ടായ ഈ സ്നേഹത്തേക്കാൾ വില ഉള്ളത് താൻ ഒന്നും അല്ലാതിരുന്ന കാലത്ത് പരിഗണിച്ച ദത്തേട്ടനാണ് എന്ന്….
ആദ്യം എതിർത്തത് ദത്തേട്ടൻ തന്നെ ആയിരുന്നു….
ധന്യയും അവിനാഷും ഇനി ഇങ്ങനൊരു ബന്ധമില്ല എന്നു പറഞ്ഞു ഇറങ്ങി…
ദീപ അപ്പച്ചി മാത്രം ഒന്നും മിണ്ടിയില്ല…
“മോളെ നീയും അവനും… അത് ശരി ആവില്ല… അവിനാഷ് വേണ്ടേൽ വേണ്ട മറ്റൊരു നല്ല ബന്ധം നോക്കാം “””
എന്നു പറഞ്ഞു…
ദത്തേട്ടനെ അല്ലാതെ വേറാരെയും വേണ്ട അപ്പച്ചീ.. ഏട്ടന് ഇഷ്ടല്ലെങ്കിൽ ഞാനും നിർബന്ധിക്കില്ല.. പക്ഷെ മറ്റൊരു വിവാഹം എനിക്ക് വേണ്ട “”
എന്നു തീർത്തു പറഞ്ഞു…
ഒടുവിൽ മീരയുടെ വാശി നടന്നു അവളുടെ കഴുത്തിൽ ദത്തൻ താലി കെട്ടുമ്പോൾ,
കുസൃതിയായി പറഞ്ഞിരുന്നു ഞാൻ പാവം ഓട്ടോ ഡ്രൈവരാട്ടോ, ഒന്നൂടെ ആലോചിചിട്ട് മതീ ട്ടൊ എന്ന്…
അതിനവൾ അതേ കുസൃതിയോടെ പറഞ്ഞിരുന്നു,
“”ഇപ്പൊ ഈ ഓട്ടോക്കാരന് എന്റെ ഉള്ളിൽ ഗസറ്റഡ് ഓഫീസരേക്കാൾ ഗമയാ എന്ന്…