എഴുത്ത്:-ചൈത്ര
നാളെ ദീപാവലി ആണ്.. ദീപാവലി എന്നോർക്കുമ്പോൾ മനസ്സിൽ ആദ്യം ഓടിയെത്തുന്ന മുഖം അവന്റേതാണ്.
അവൻ ഇപ്പോൾ എവിടെയാണെന്നും എങ്ങനെയാണെന്നും ഒരു ഊഹവുമില്ല. പക്ഷേ മനസ്സിൽ നിന്ന് അവൻ ഇന്നു വരെ മാഞ്ഞു പോയിട്ടില്ല.
സാരംഗി എന്തൊക്കെയോ ചിന്തകളിലായിരുന്നു.
അവനെ ഞാൻ ആദ്യമായി കണ്ടതും ഇതുപോലെ ഒരു ദീപാവലിക്കായിരുന്നു. തൊട്ടടുത്ത വീട്ടിൽ താമസത്തിന് എത്തിയ ഒരു കുടുംബത്തെ ദീപാവലി ദിവസം രാവിലെയാണ് താൻ കണ്ടത്.
അമ്മയുടെ നിർബന്ധപ്രകാരം ക്ഷേത്രത്തിൽ പോയി മടങ്ങി വരുന്ന വഴിക്കാണ് തൊട്ടടുത്ത വീടിനു മുന്നിൽ ഒരു അംബാസിഡർ കാർ കിടക്കുന്നത് കണ്ടത്. വർഷങ്ങളായി ആൾതാമസം ഇല്ലാതെ കിടക്കുന്ന ആ വീട്ടിൽ പെട്ടെന്ന് ഒരു ദിവസം ഒരു കാർ കണ്ടപ്പോൾ വല്ലാതെ ഞെട്ടിപ്പോയി.
ചെറിയൊരു ഭയവും മനസ്സിൽ ഉടലെടുക്കുന്നുണ്ടായിരുന്നു. ആ ഒരു ചിന്തയോടെ തന്നെയാണ് വീട്ടിലേക്ക് ഓടി വന്നത്.അവിടെ വന്ന് അമ്മയോട് വിവരം പറയുമ്പോഴാണ് അമ്മയും അത് ശ്രദ്ധിച്ചത്.
അച്ഛനോട് അമ്മ കാര്യം പറഞ്ഞപ്പോൾ അച്ഛൻ അവിടേക്ക് വിവരം അന്വേഷിക്കാൻ പോകാൻ തയ്യാറായി.അച്ഛനോടൊപ്പം താനും അവിടേക്ക് പോയിരുന്നു.
കാര്യങ്ങൾ അന്വേഷിച്ചപ്പോൾ പുതിയതായി താമസത്തിനെത്തിയവരാണ് എന്ന് അവർ പരിചയപ്പെടുത്തി. പിന്നെ ആ കുടുംബത്തെ പരിചയപ്പെട്ടു.
അച്ഛനും അമ്മയും ഒരു മകനും മകളും ആണ് ഉണ്ടായിരുന്നത്. ആ പെൺകുട്ടി എന്റെ പ്രായം തന്നെ ആയിരുന്നു. ശീതൾ.. അതായിരുന്നു അവളുടെ പേര്.
അവളുടെ അമ്മ മീന. അച്ഛൻ ഗണേഷ്.അവളുടെ ഏട്ടനാണ് കൂടെയുള്ള ചെറുപ്പക്കാരൻ.സായൂജ്..!
അന്നു മുതൽ ആ കുടുംബം ഞങ്ങൾക്ക് പ്രിയപ്പെട്ടതായി.ശീതൾ എന്റെ ക്ലാസിലായിരുന്നു പഠിച്ചത്. അതുകൊണ്ടുതന്നെ ഞങ്ങൾ തമ്മിലുള്ള സൗഹൃദം കൂടുതൽ ദൃഢമായി. ഓരോ അവധി ദിവസങ്ങളിലും ഞങ്ങൾ രണ്ടുപേരും ഏതെങ്കിലും ഒരു വീട്ടിൽ കൂടിയിരുന്ന വർത്തമാനം പറയുകയും പഠിക്കുകയും ഒക്കെ ചെയ്യുന്നത് സ്ഥിരം കാഴ്ചയായിരുന്നു.
പലപ്പോഴും ഞങ്ങളിൽ നിന്ന് അകലം പാലിച്ചു നിന്നിരുന്നത് അവളുടെ ഏട്ടൻ ആയിരുന്നു.
ഞങ്ങൾ തമ്മിൽ പരസ്പരം പരിചയപ്പെട്ടപ്പോഴും ഗൗരവത്തോടെ ഒന്ന് നോക്കിയതല്ലാതെ ഒന്ന് പുഞ്ചിരിക്കുക പോലും ചെയ്തില്ല ആ മനുഷ്യൻ. അന്ന് എനിക്ക് വല്ലാത്ത നിരാശ തോന്നിയെങ്കിലും അതൊന്നും പുറത്ത് പ്രകടിപ്പിച്ചില്ല.
ദിവസങ്ങൾ പോകെ എനിക്ക് അയാളോട് വല്ലാത്തൊരു ആകർഷണം അനുഭവപ്പെടാൻ തുടങ്ങി. അത് പ്രായത്തിന്റെ പക്വത കുറവ് കൊണ്ടുള്ളതാവും എന്നാണ് താൻ കരുതിയത്. പക്ഷേ അത് അങ്ങനെയല്ല എന്ന് ദിവസങ്ങൾ ചെല്ലവേ തനിക്ക് ബോധ്യപ്പെട്ടു.
ഒരിക്കൽ രണ്ടും കൽപ്പിച്ച് ഞാൻ ആ ഇഷ്ടം അയാളോട് തുറന്നു പറയുക തന്നെ ചെയ്തു. അന്ന് തന്നെ രൂക്ഷമായി നോക്കി അയാൾ കടന്നു പോയി. പിന്നീട് പലപ്പോഴും അവസരം കിട്ടുമ്പോഴൊക്കെ അയാളോട് എന്റെ പ്രണയത്തെക്കുറിച്ച് പറയുക എന്റെ ശീലമായി.
ആദ്യമൊക്കെ അയാൾ എന്നെ ശ്രദ്ധിക്കാതെ കടന്നു പോകുമായിരു ന്നെങ്കിലും, പിന്നെ പിന്നെ അവൻ എന്നെ ചീത്ത പറയാൻ തുടങ്ങി. എന്റെ പ്രായത്തിന്റെ പ്രശ്നമാണെന്ന് പറഞ്ഞു ഒരുപാട് ഉപദേശിച്ചു.
എത്രയൊക്കെ പറഞ്ഞിട്ടും ഞാൻ ഒന്നും ചെവിക്കൊള്ളാൻ തയ്യാറാവില്ല എന്ന് ഉറപ്പായതോടെ അവൻ ഉപദേശം നിർത്തി. പിന്നെ അവഗണനയായിരുന്നു അവന്റെ രീതി.
ഓരോ ദിവസവും അവൻ എന്നെ അവഗണിക്കും.എനിക്ക് ദേഷ്യം സഹിക്ക വയ്യാതായപ്പോൾ ഒരിക്കൽ അവൻ ചെയ്തു വച്ചിരുന്ന പ്രോജക്ട് ഞാൻ നശിപ്പിച്ചു കളഞ്ഞു.അതോടെ അവന് എന്നോട് ദേഷ്യം കൂടിയതേയുള്ളൂ.
അത്രയും നാളും ഒളിയുദ്ധമായിരുന്നു അവന്റെ തന്ത്രമെങ്കിൽ, പിന്നെപ്പിന്നെ അവൻ പരസ്യമായി തന്നെ എന്നെ ആക്രമിച്ചു തുടങ്ങി.
കിട്ടുന്ന അവസരങ്ങളിൽ ഒക്കെയും അവൻ മറ്റുള്ളവരുടെ മുന്നിൽ വച്ച് എന്നെ പരിഹസിച്ചു. ഓരോ അവസരത്തിലും എനിക്ക് പണി തരാൻ അവൻ മറന്നില്ല.
ഉള്ളിൽ ഉണ്ടായിരുന്ന പ്രണയത്തിന് പകരം അവിടെ വെറുപ്പും ദേഷ്യവും വന്നു നിറയുന്നത് ഞാൻ അറിയുന്നുണ്ടായിരുന്നു. നിരന്തരം നമ്മെ ഉപദ്രവിക്കുന്ന ഒരാളിനോട് ദേഷ്യമല്ലാതെ മറ്റെന്ത് വികാരം തോന്നാനാണ്..!
ദിവസങ്ങൾ കടന്നു പോയി. അടുത്ത ഒരു ദീപാവലി ദിനം കൂടി വന്നെത്തി. അതായത് ആ കുടുംബവും ഞങ്ങളും തമ്മിൽ പരിചയപ്പെട്ടിട്ട് ഒരു വർഷമായി എന്നർത്ഥം.
അതിന്റെ ആഘോഷം എന്ന രീതിയിൽ രണ്ടു വീട്ടുകാരും ഒന്നിച്ചു ചേർന്ന് പടക്കങ്ങൾ ഒക്കെ വാങ്ങി വെച്ചിരുന്നു. ഞങ്ങൾക്ക് എല്ലാവർക്കും കൂടി ഒന്നിച്ച് ആഘോഷിക്കാം എന്നായിരുന്നു പ്ലാനിങ്.
എനിക്കും ശീതളിനും സന്തോഷം തന്നെയായിരുന്നു. കാരണം ഞങ്ങൾക്ക് ഒന്നിച്ച് ആഘോഷിക്കാൻ കിട്ടുന്ന എല്ലാ അവസരങ്ങളും ഞങ്ങൾ പരമാവധി മുതലെടുത്തിരുന്നു.
അന്നും പതിവു പോലെ ഞങ്ങൾ രണ്ടു കുടുംബങ്ങളും ഒത്തു ചേർന്നു. ഞങ്ങൾ കുട്ടികളും അച്ഛന്മാരും ചേർന്ന് പടക്കം പൊട്ടിക്കലും ആഘോഷവും ഒക്കെ ആയിരുന്നു.
അമ്മമാർ അടുക്കളയിൽ എന്തോ പലഹാരം ഉണ്ടാക്കാനുള്ള തിരക്കി ലായിരുന്നു. പക്ഷേ അതിനിടയിൽ ഒരാൾ അവസരം നോക്കിയിരിക്കുന്നുണ്ടാവും എന്ന് ഞങ്ങൾ ആരും കരുതിയിരുന്നില്ല.
പടക്കം പൊട്ടിക്കുന്നതിനിടയിൽ മനപൂർവ്വമാണോ അറിയാതെയാണോ എന്ന് ഇപ്പോഴും എനിക്കറിയില്ല. സായൂജ് ഒരു പടക്കം എന്റെ നേർക്ക് എറിഞ്ഞു. പെട്ടെന്നുള്ള പകപ്പിൽ അവിടെ നിന്ന് ഓടി മാറാൻ പോലും എനിക്ക് കഴിഞ്ഞില്ല. അത് എന്റെ കയ്യിൽ വന്നു വീണു പൊട്ടി.
കരച്ചിലും നിലവിളിയും ഒക്കെയായി സന്തോഷപൂർണ്ണമായ ആ അന്തരീക്ഷം പെട്ടെന്ന് തന്നെ ദുഃഖത്തിലേക്ക് ആണ്ടു പോയി.എന്നെയും വാരിയെടുത്ത് അച്ഛന്മാർ ആശുപത്രിയിലേക്ക് ഓടുമ്പോൾ ഞാൻ സായൂജിനെ നോക്കിയിരുന്നു. ആ സമയത്തെ അവന്റെ മുഖഭാവം എന്താണെന്ന് എനിക്ക് ഇപ്പോഴും അറിയില്ല.
ഇടതുകൈയിൽ സാരമായി തന്നെ പൊള്ളലേറ്റിരുന്നു. കൈപ്പത്തിക്ക് മേലോട്ടുള്ള ഭാഗം മുഴുവൻ പൊള്ളി അടർന്ന് വികൃതമായി പോയിരുന്നു.
ആശുപത്രിയിൽ നിന്നും മടങ്ങി വന്നതിനു ശേഷം എനിക്ക് അവരോട് ഒന്നും സംസാരിക്കാൻ പോലും തോന്നുന്നുണ്ടായിരുന്നില്ല. പക്ഷേ ഞാൻ പറയാതെ തന്നെ എല്ലാവരും കാര്യങ്ങൾ അറിഞ്ഞു. ജീവിതം അവരോട് എല്ലാം പറഞ്ഞിരുന്നു എന്ന് പിന്നീടാണ് അറിഞ്ഞത്.
അതിന്റെ പേരിൽ സായൂജിന് അവന്റെ അച്ഛന്റെ കയ്യിൽ നിന്ന് നല്ല തല്ല് കിട്ടി എന്നു പറഞ്ഞു. പിന്നീട് അധിക ദിവസം ആ കുടുംബം ഞങ്ങളുടെ അയൽക്കാരായി ഉണ്ടായിരുന്നില്ല. അവർ അവിടെ നിന്ന് സ്ഥലം മാറിപ്പോയി. പോകുന്നതിനു മുൻപ് അവിടുത്തെ അച്ഛനും അമ്മയും വന്നു എന്നോട് ക്ഷമ പറഞ്ഞു. ശീതളിനും വല്ലാത്ത സങ്കടം ഉണ്ടായിരുന്നു.
പക്ഷേ അപ്പോഴും തെറ്റ് ചെയ്തവൻ മാത്രം എന്റെ മുന്നിലേക്ക് വരാതെ മറഞ്ഞു നിന്നു. വർഷങ്ങൾ കടന്നു പോയിരിക്കുന്നു.
ഇപ്പോൾ ഓരോ ദീപാവലിയും എനിക്ക് ആ ഓർമ്മകളുടെ നോവിക്കുന്ന ദിവസമാണ്.
ദീപാവലി ദിവസം അമ്മയുടെ നിർബന്ധപ്രകാരം ക്ഷേത്രത്തിൽ പോയി പ്രാർത്ഥിച്ചു. തിരികെ വീട്ടിൽ വരുമ്പോൾ പരിചയമില്ലാത്ത ഒരു കാർ വീട്ടുമുറ്റത്ത് കിടക്കുന്നത് കണ്ടു.
അതിഥികൾ ആരും വരുന്നുണ്ട് എന്ന് പറയാത്തതു കൊണ്ട് തന്നെ അമ്പരപ്പോടെയാണ് അകത്തേക്ക് കയറിയത്.അവിടെ സോഫയിൽ ഇരിക്കുന്ന ശീതളിനെ കണ്ടപ്പോൾ ഞെട്ടിപ്പോയി.
ഓടിപ്പോയി അവളെ കെട്ടിപ്പിടിക്കുമ്പോൾ പഴയ സൗഹൃദത്തെ കണ്ടെത്തിയ സന്തോഷം ആയിരുന്നു ഉള്ളിൽ നിറയെ. സംസാരത്തിനിടയിൽ അവളോടൊപ്പം അച്ഛനും അമ്മയും അവളുടെ ഭർത്താവും അവളുടെ ഏട്ടനും ഒക്കെ വന്നിട്ടുണ്ട് എന്നറിഞ്ഞു. അങ്ങനെ സംസാരിച്ചിരിക്കുമ്പോഴാണ് അകത്തു നിന്ന് അവരൊക്കെ പുറത്തേക്കിറങ്ങി വരുന്നത്.
എല്ലാവരെയും നോക്കി പുഞ്ചിരിച്ചപ്പോൾ എന്റെ കണ്ണുകൾ ചെന്നെത്തിയത് സായൂജിൽ ആയിരുന്നു. അവന്റെ കണ്ണിൽ പഴയ സൗഹൃദമെങ്കിലും ബാക്കിയുണ്ടോ എന്നറിയാൻ വെറുതെ ഒന്ന് തിരഞ്ഞു നോക്കി. നിരാശയായിരുന്നു ഫലം.
വസ്ത്രം മാറി വരാം എന്ന് പറഞ്ഞ് മുകളിലേക്ക് കേറി പോകുമ്പോൾ അവരുടെ മുന്നിൽ നിന്ന് ഒന്ന് രക്ഷപ്പെടുക എന്ന് മാത്രമാണ് ഉദ്ദേശിച്ചത്. വാതിലടച്ച് മുറിയിൽ കയറി ഇരിക്കുമ്പോൾ സായൂജ് മാത്രം എന്താണ് ഇങ്ങനെ എന്നാണ് ചിന്തിച്ചത്.
കുറച്ചു നിമിഷങ്ങൾക്കകം വാതിലിൽ മുട്ടു കേട്ടപ്പോൾ പോയി തുറന്നു. മുന്നിൽ നിൽക്കുന്ന സായൂജിനെ കണ്ടപ്പോൾ അമ്പരന്നു പോയി.
” ഡ്രസ്സ് മാറാനാണെന്ന് പറഞ്ഞു വന്നിട്ട് താൻ ഇവിടെ വന്നിരിക്കുക യാണോ..? എന്നാലും സാരമില്ല. എനിക്ക് തന്നോട് കുറച്ചു കാര്യങ്ങൾ സംസാരിക്കാനുണ്ട്. അതിന് ഇവിടെ തന്നെയാണ് നല്ലത്. “
അതും പറഞ്ഞു അവൻ മുറിയിലേക്ക് കയറിയപ്പോൾ ഒന്നും പറയാനാവാതെ അമ്പരന്നു നിൽക്കുകയായിരുന്നു ഞാൻ.
” തന്നോട് ഞാൻ അന്ന് ചെയ്തത് തെറ്റാണ് എന്ന് എനിക്കറിയാം. പക്ഷേ അത് പ്രായത്തിന്റെ കുഴപ്പമാണ്. അന്ന് തന്റെ നേർക്ക് അത് എടുത്ത് എറിയുമ്പോൾ താൻ ഓടി മാറും എന്നാണ് ഞാൻ പ്രതീക്ഷിച്ചത്. അല്ലാതെ താൻ അവിടെ തന്നെ നിൽക്കുമെന്നും ഇത്രയും വലിയൊരു അപകടത്തിലേക്ക് അത് ചെന്നെത്തുമെന്ന് ഞാൻ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. ആ ഒരു കുറ്റബോധം കൊണ്ടാണ് പിന്നീട് ഒരിക്കലും തന്റെ മുന്നിലേക്ക് വരാൻ എനിക്ക് കഴിയാതിരുന്നത്.”
അവൻ പറഞ്ഞതൊക്കെ കേട്ടപ്പോൾ പഴയ ഓർമ്മകൾ ഓരോന്നായി എന്റെ ഉള്ളിലേക്ക് തള്ളിക്കയറി വരുന്നുണ്ടായിരുന്നു.
” താൻ എന്നോട് പ്രണയം പറഞ്ഞതിന്റെ പ്രതികാരം ആയിട്ട് ഒന്നുമല്ല ഞാൻ ഒന്ന് അങ്ങനെ ചെയ്തത്. ഇവിടെനിന്ന് പോകുന്നത് വരെയും എന്റെ ഉള്ളിൽ താനുണ്ടെന്ന് എനിക്കറിയില്ലായിരുന്നു. പക്ഷേ പിന്നീട് ഞാൻ അറിഞ്ഞു എന്റെ ഉള്ളിൽ താൻ മാത്രമാണെന്ന്. എങ്കിലും അതും പറഞ്ഞു തന്റെ മുന്നിലേക്ക് വരാൻ എനിക്ക് ധൈര്യമുണ്ടായിരുന്നില്ല. ഇപ്പോൾ വന്നതും എന്നെ പ്രണയിക്കണം എന്ന് പറയാൻ ഒന്നുമല്ല. പക്ഷേ, എനിക്ക് തന്നെ ഇഷ്ടമാണ് എന്ന് താൻ അറിയണം എന്ന് തോന്നി. താൻ എന്റെ ജീവിതത്തിലേക്ക് വന്നാൽ തന്നെ പൊന്നുപോലെ സംരക്ഷിക്കാനാവും എന്ന് എനിക്ക് ഉറപ്പുണ്ട്. “
പറഞ്ഞുകൊണ്ട് ഒരു മറുപടി അറിയാൻ അവൻ എന്നെ നോക്കുന്നുണ്ട്.
” നിങ്ങൾ ഈ വന്നു പറഞ്ഞ ക്ഷമാപണം അന്ന് ചെയ്തിരുന്നെങ്കിൽ ഒരുപക്ഷേ എനിക്ക് സന്തോഷം തോന്നിയേനെ. കിട്ടുന്ന ഓരോ അവസരത്തിലും എന്നെ ഉപദ്രവിക്കാൻ മാത്രം തക്കംപാർത്തിരുന്ന നിങ്ങൾക്ക് ഇതൊരു പക്ഷേ വലിയൊരു കാര്യമായിരിക്കില്ല. പക്ഷേ എനിക്ക് അങ്ങനെയല്ല. ഇങ്ങനെയൊരു അപകടം നടന്നത് മുതൽ വേദനിക്കുന്ന രണ്ടുപേർ ഇവിടെയുണ്ട്. എല്ലാവരുടെയും മുന്നിൽ ഒരു പരിഹാസപാത്രമായി നിന്ന ഒരുപാട് ദിവസങ്ങൾ എന്റെ മുന്നിലുണ്ട്. നിങ്ങൾ വന്ന ക്ഷമ പറഞ്ഞാൽ ഉടനെ അത് അംഗീകരിച്ച് നിങ്ങളോടൊപ്പം വരാൻ എനിക്ക് പറ്റില്ല. ഒരുപക്ഷേ ഭാവിയിൽ എന്റെ തീരുമാനത്തിൽ മാറ്റം ഉണ്ടാകുമായിരിക്കും. എങ്കിലും ഇന്ന് അങ്ങനെയൊരു ചിന്ത പോലും എന്റെ മനസ്സിൽ ഇല്ല. ഈയൊരു ഉദ്ദേശവും ആയിട്ടാണ് വന്നതെങ്കിൽ നിങ്ങൾക്ക് മടങ്ങി പോകാം.. “
പറഞ്ഞു നിർത്തിയപ്പോൾ കുറച്ചു നിമിഷങ്ങൾ ഒന്നും പറയാതെ നോക്കി നിൽക്കുന്നുണ്ടായിരുന്നു. പിന്നെ പതുക്കെ മുറിയിൽ നിന്ന് പുറത്തേക്കിറങ്ങി.
” ഞാൻ കാത്തിരിക്കും.. എത്ര കാലം വേണമെങ്കിലും.. “
അത്രമാത്രം പറഞ്ഞുകൊണ്ട് അവൻ മുറിയിൽ നിന്ന് ഇറങ്ങി പോകുമ്പോൾ എന്റെ മനസ്സ് എനിക്ക് തന്നെ വിവേചിച്ചറിയാൻ കഴിയുന്നുണ്ടായിരുന്നില്ല.