അകത്തു കയറി അവിടെ കണ്ട കാഴ്ച തന്നെ നടുക്കി സേതുവിനെ മുറുകെ പുണർന്നു നിൽക്കുന്ന അവളേയാണ് കണ്ടത്..അരുതാത്ത രീതിയിൽ ഒരു കാഴ്ച…

ചിലങ്ക..

Story written by Uma S Narayanan

ദുബായിലെ അമേരിക്കൻ ഐ ടി കമ്പനി കോൺഫറൻസ് ഹാളിൽ ഇരിക്കുമ്പോളാണ്..പി എ സ്നേഹ കുര്യന്റെ ഇമ്പമുള്ള ശബ്ദം കേട്ട് അക്ഷയ് നോക്കിയത്

“സർ ഫോൺ “

ഫോൺ എടുത്തപ്പോൾ സേതുനാഥ്‌ എന്ന സേതുവിന്റെ നമ്പർ സ്ക്രീനിൽ തെളിഞ്ഞു . വർഷങ്ങൾക്ക് ശേഷം അവന്റെ നമ്പർ കണ്ടപ്പോൾ തന്നെ എടുക്കാൻ ഒരു വൈമനസ്യം. തോന്നി എന്തിനാണ് അവൻ ഇപ്പോൾ തന്നെ വിളിക്കേണ്ട ആവശ്യം..

താനവനെ എന്നോ മറന്നതല്ലേ മറക്കാൻ പറ്റാഞ്ഞിട്ട് നാട്ടിൽ നിന്ന് തന്നെ പോരേണ്ടി വന്നു എന്നിട്ടും ആ ഓർമ്മകൾ ഇന്നും തന്നെ അലട്ടി കൊണ്ടിരിക്കുന്നു കണ്ണടച്ചാൽ അവളാണ് മുന്നിൽ ഗംഗ. തന്റെ
ഓരോ ജീവാണുവിൽ അലിഞ്ഞ ഗംഗാലക്ഷ്മി..

വീണ്ടും ഫോൺ അടിച്ചു.

മനസില്ല മനസോടെ അക്ഷയ് ഫോൺ എടുത്തു..

“ഹലോ.. അക്ഷയ് “

മറുതലക്കൽ സേതുവിന്റെ. ശബ്ദം അവന്റെ കാതുകളിൽ വന്നടിച്ചു..

“ഹലോ പറയു “

“അക്ഷയ് ഞാൻ ഈ ദുബായ് സിറ്റിയിൽ ഉണ്ട് എനിക്കു നിന്നെ ഒന്ന് കാണണം”

“എന്തിന് ആർക്കും ഒരു ശല്യമാവാതെ ജീവിക്കുന്ന എന്നേ ഇനിയും ദ്രോഹിക്കാനോ “

‘അക്ഷയ് പറയുന്നത് കേൾക്കു എനിക്കു നിന്നെ കണ്ടേ പറ്റു പ്ലീസ് അക്ഷയ് “

അല്പനിമിഷത്തെ മൗനത്തിന് ശേഷം അക്ഷയ് പറഞ്ഞു

“ശരി ഞാൻ വരാം ഇപ്പോൾ മീറ്റിങ് ആണ് ഈവനിംഗ് അഞ്ചു മണിക്ക് ബുർജ് ഖലീഫ പാലസിൽ വച്ചു കാണാം.. “

“ഓക്കേ അക്ഷയ് കാണാം “

അക്ഷയ് ഫോൺ സ്‌നേഹ കുര്യന്റെ കൈയിൽ കൊടുത്തു വീണ്ടും മീറ്റിംഗിലേക്കു ശ്രദ്ധ തിരിച്ചു.

മീറ്റിംഗ് കഴിഞ്ഞു ഫ്ളാറ്റിലേക് പോകാതെ നേരെ ബുർജ് ഖലീഫയിലേക്ക് കാറോടിച്ചു മനസിലേക്കപ്പോൾ ഗംഗയുടെ രൂപം തെളിഞ്ഞു വന്നു വർഷം അഞ്ചു കഴിഞ്ഞു അവളെ വിട്ടു പോന്നിട്ടു.. അവന്റെ മനസിലേക്ക് പഴയ ഓർമ്മകൾ ഓടിയെത്തി..

തിരുവനന്തപുരം കോളേജ് ഓഫ് എൻജിനിയറിങ്ങിന്റെ ക്യാമ്പസിൽ ആകാശം മുട്ടെ നിൽക്കുന്ന അശോകമരച്ചുവട്ടിൽ തന്നെയും കാത്തു അന്നും പതിവ് പോലെ നിൽക്കുന്ന ഗംഗയുടെ മുഖം തെളിഞ്ഞു.. മനസിൽ

രണ്ടു വർഷമായി അവളെ ഇഷ്ടപെടാൻ തുടങ്ങിട്ട് അച്ഛനും അമ്മയും ദുബായ് ആയിട്ടും തനിക്ക് നാട്ടിൽ പഠിക്കാൻ ആയിരുന്നു താല്പര്യം അങ്ങനെ ആണ് പാപ്പനംകോട് പാലാട്ട് തറവാട്ടിൽ മുത്തശ്ശിടെ കൂടെ കൂടിയത്..

.ഗംഗ അവളുടെ വീട് പത്മനാഭസ്വാമിയുടെ തിരുമുറ്റത്ത് വരാഹം ലൈനിൽ ആയിരുന്നു പരമേശ്വയ്യാരുടെയും മീനാക്ഷി അമ്മാളിന്റെയും രണ്ടു മക്കളിൽ രണ്ടാമത്തെ മോൾ തനി തിരോന്തരം അമ്മാളുകുട്ടി..

മൂത്തവൻ രാമനാഥ് വേദപഠിത്തം കഴിഞ്ഞു പത്മനാഭ സ്വാമിക്ഷേത്രത്തിൽ സഹായിക്കാൻ നില്കുന്നു..

ഗംഗ പഠിത്തത്തിൽ മുന്നിലായിരുന്നു അതുപോലെ ഭരതനാട്യത്തിലും അങ്ങനെയാണ് കോളേജ് ഡേക്കു തിങ്ങി നിറഞ്ഞ സദസ്സിനു മുന്നിലെ സ്റ്റേജിൽ . നിന്നൊഴുകിയ ശബ്ദവീചികളാരുടെ എന്നറിയാൻ എത്തി വലിഞ്ഞു നോക്കിയതു..

“സുമസായകാ… നീധുരാ……അവമാ…..സവാ….

സുതതീ…. അതിദീ…. നാ….

സുമസായകാ….

സുമസായകാ…നിധുരാ…ആ….”

സ്വാതിതിരുന്നാൾ വരികൾക്കൊപ്പം മിഴിവേകിയ മുദ്രകളോടെ ആടിതിമിർക്കുകയാണ് ഗംഗ.. സ്വയം മറന്നങ്ങു ലയിച്ചു പോയി..

ആ ഡാൻസിന്റെ ആരാധനയിലൂടെയാണ് അവളെ ആദ്യമായി പ്രണയിച്ചു തുടങ്ങിയത് പ്രണയത്തിന്റെ സാക്ഷിയായി തങ്ങൾക്കിടയിൽ അരയന്നമായി
എല്ലാം അറിയുന്ന ഒരാളുണ്ടായിരുന്നു സേതു സേതുനാഥ്‌.. അവളുടെ അപ്പച്ചിയുടെ മകൻ മുറപ്പെണ്ണ് ആണെങ്കിലും സമപ്രായക്കാരായ സേതുവിന്‌ ഗംഗാ പെങ്ങൾ തന്നെയാണ് അവനാണ് അവളെ കോളേജിൽ കൊണ്ട് വരുന്നതും കൊണ്ടു പോകുന്നതും.. അന്നും പതിവ് പോലെ സേതു മാത്രം തന്നെ പ്രതീക്ഷിച്ചു നിൽക്കുന്നുണ്ട്..

“ഹായ് സേതു കുറച്ചു നേരമായോ വന്നിട്ടു ഗംഗ എവിടെ “

“പിന്നെ ഇത്ര നേരം ആയി ഞാൻ കാത്തു നിൽക്കുന്നു എന്താ ഇന്ന് വൈകിയത്.. “

“മുത്തശ്ശിക്ക് സുഖമില്ല രാവിലെ ഡോക്ടറെ കാണേണ്ടി വന്നു”

“എന്നിട്ട് ഇപ്പോൾ എങ്ങനെ “

“കുറവുണ്ട് സേതു.. അവളെവിടെ ഗംഗ.. “

“അവളിന്നു വന്നില്ല എന്തോ പരിപാടി ഉണ്ട് പറഞ്ഞു “

“അതെന്താ ഞാൻ അറിയാത്ത പരിപാടി..”

“ഒന്നുമില്ല അപ്പച്ചിക്ക് വയ്യ ഹോസ്പിറ്റലിൽ കൊണ്ടു പോകണം പറഞ്ഞു… “

പിറ്റേന്നും അവൾ വന്നില്ല.. പിന്നെ അതിനടുത്ത ദിവസവും അവൾ വന്നില്ല കൂടെ സേതുവും അവളേ തേടി അവളുടെ അമ്മയെ കാണാനായിട്ടെന്ന രീതിയിൽ വീട്ടിൽ വരുന്നുണ്ട് എന്ന് സേതുവിനെ വിളിച്ചു പറഞ്ഞു.nഅവിടെ എത്തിയപ്പോൾ വീട്ടിലാരുമില്ല കുറച്ചു തൊട്ടടുത്തുള്ള സേതുവിന്റെ വീട്ടിലെക്കവൻ നടന്നു വാതിൽ തുറന്നു കിടക്കുന്നു പതിയെ താൻ.. അകത്തു കയറി അവിടെ കണ്ട കാഴ്ച തന്നെ നടുക്കി സേതുവിനെ മുറുകെ പുണർന്നു നിൽക്കുന്ന അവളേയാണ് കണ്ടത്..അരുതാത്ത രീതിയിൽ ഒരു കാഴ്ച…

എന്ത് ചെയ്യണം എന്നറിയാതെ വാതിലിൽ വീഴാതെ ഇരിക്കാൻ അള്ളിപ്പിടിച്ചു നിന്നു.. പിന്നെ ഓട്ടമായിരുന്നു ഹൃദയം പൊട്ടിയൊഴുകയ വേദനയിൽ ആ നാടു തന്നെ വിട്ടു ഒരിക്കൽ പോലും അവളെ അന്വേഷിച്ചില്ല പിന്നീട് ഒരിക്കൽ പോലും ആ മുഖം കാണരുത് എന്ന് മാത്രം ആയിരുന്നു . ഈ കാലമത്രയും പ്രാർത്ഥന… പിന്നീട് ഇന്നുവരെ ഒരു പെണ്ണിനെപറ്റി ചിന്തിച്ചിട്ടില്ല…

ചതി കൊടും ചതി തന്നെ ആണ് അവർ തന്നോട് ചെയ്തത്. അറിഞ്ഞു ചiതിക്കുകയായിരുന്നു എങ്ങനെ കഴിഞ്ഞു താൻ ജീവനായി സ്‌നേഹിച്ചു രണ്ടുപേർക്കും തന്നോട് അഭിനയിക്കാൻ…

കാർ ഓടിക്കുന്നതിനിടയിൽ അവന്റെ കണ്ണുകൾ നിറഞ്ഞു..

എല്ലാം പറഞ്ഞു കുമ്പസാരം ചെയ്യാൻ വിളിച്ചതാവും അതിനായിരിക്കും ഇപ്പോൾ അവൻ ഇവിടെ വന്നത്…

കാർ പാർക്ക്‌ ചെയ്തു അവൻ പറഞ്ഞ സ്ഥലത്തു കാത്തു നിന്നു തൊട്ടപ്പുറം വർണ്ണങ്ങൾ വാരി വിതറി ബുർജ് ഖലീഫ ആകാശം മുട്ടെ ഉയർന്നു നില്കുന്നു….

ചുറ്റും കാഴ്ച കാണാൻ വന്ന ആളുകളുടെ ഫോട്ടോയും വീഡിയോയും എടുക്കുന്ന തിരക്ക്…പതിവ് കാഴ്ച്ചകളായിട്ടും അക്ഷയ് കുറച്ചു നേരം അതെല്ലാം നോക്കി നിന്നു..

തോളിൽ ഒരു കൈ പതിഞ്ഞപ്പോൾ ആണ് തിരിഞ്ഞു നോക്കിയത് .
പിന്നിൽ സേതു..

അവനൽപ്പം തടിച്ചിരിക്കുന്നു…

“അക്ഷയ് സുഖമല്ലേ.. “

“സുഖം നിനക്കോ എന്തിനാണ് കാണാൻ പറഞ്ഞത്..”

ഔപചാരികതക്ക് അക്ഷയ് തിരിച്ചു ചോദിച്ചു.

“സുഖം പറയാം വരൂ “

അവനൊപ്പം നടക്കുമ്പോൾ അവനെന്താണ് പറയാൻ ഉള്ളതെന്ന ആലോചിച്ചു..

കുറച്ചപ്പുറം ഒരു കൊച്ചു കുഞ്ഞിനെ എടുത്തു നിലയ്ക്കുന്ന ഒരു സ്ത്രീയെ തൊട്ടു വിളിച്ചു..

“അക്ഷയ് ഇതു എന്റെ ഭാര്യ അർച്ചന ഇതെന്റെ മോൾ. ഗംഗ.. “

രണ്ടു വയസുകാരി ഗംഗയേ ചൂണ്ടി കാണിച്ചവൻ പറഞ്ഞു..

“ഗംഗ “

അവൻ സംശയത്തോടെ സേതുവിന്റെ മുഖത്തു നോക്കി

അർച്ചന അവനെ വിഷ് ചെയ്തു.

“എല്ലാം സേതുവേട്ടൻ പറഞ്ഞിട്ട് ഉണ്ട് കേട്ടോ.. “

അവൾ ചിരിച്ചു കൊണ്ടു പറഞ്ഞു..

അപ്പോൾ ഗംഗ…അവളെവിടെ അവന്റെ മനസ്സിൽ ചോദിക്കാനായി വാക്കുകൾ പുറത്തു വരും മുൻപ് സേതു പറഞ്ഞു..

“ഗംഗ എവിടെ എന്നാവും അല്ലെ.. അവൾ അവൾ ഈ ഭൂമിയിൽ ഇല്ല”

“സേതു നീ എന്താണ് പറയുന്നത്”

“അതെ അവൾ പോയിട്ട് കൊല്ലം നാലായി.. “

“എനിക്കൊന്നും മനസിലായില്ല. നിയവളെ കൊiന്നു അല്ലെ.. “

“എന്താ പറയുന്നത് അക്ഷയ്. അവൾക് ബ്ലഡ്‌ ക്യാൻസർ ആയിരുന്നു അവളെ രക്ഷിക്കാൻ പരമാവധി നോക്കിയതാ .. അന്ന് അത് നിന്നോട് പറയാൻ അവൾക്കാകുമായില്ല . അതായിരുന്നു അവൾ ഇടക്ക് കോളേജിൽ വരാതെ ഇരുന്നത് നീ അറിഞ്ഞ അവളിൽ നിന്ന് പോകില്ല എന്നവൾക്കു അറിയാം അതിനാണ് അന്ന് നീ വരുമ്പോൾ അങ്ങനെ ഒരു നാടകം കാണിക്കാൻ അവൾ എന്നേ നിർബന്ധിച്ചതു അവളുടെ കണ്ണീർ കണ്ടു വേദനയോടെയാണ് ഞാൻ അന്നങ്ങനെ ചെയ്തത്..

നീ അവളിൽ നിന്നു അകലാൻ വേണ്ടി മാത്രം അവളെനിക്കു കൂടപ്പിറപ്പായിരുന്നു.. മരിക്കും മുന്നേ പോലും നിന്നോട് ഒന്നും പറയരുത് പറഞ്ഞിരുന്നു. ഇപ്പോൾ ഇതു പറയാൻ കാരണം എന്റെ മനസ് നീറി വേദനിച്ചു മടുത്തു അർച്ചനയാണ് എല്ലാം നിന്നോട് തുറന്നു പറയാൻ നിബന്ധിച്ചതു.. അങ്ങനെ ആണ് ഇവിടെ നിന്നെ തേടി വന്നത്..

എന്നെങ്കലും കാണുമ്പോൾ . ഗംഗ നിന്നെ ഏല്പിക്കാൻ തന്നതാണിത്.. “

സേതു അവന്റെ കൈയിൽ ഇരിക്കുന്ന ഒരു ബോക്സ്‌ അക്ഷയിന്റെ കൈയിൽ കൊടുത്തു അതിൽ ചുവന്ന പട്ടിൽ പൊതിഞ്ഞു ഗോൾഡൻ നിറത്തിൽ ഒരു ജോഡി ചിലങ്ക …. താനാദ്യമായി കോളേജ് ഡേയ്ക്ക് ഡാൻസ് കണ്ടു ആരാധന പ്രണയമായി മാറിയപ്പോൾ അവൾക് കൊടുത്ത പ്രണയസമ്മാനം…..

അവനത് പിടിച്ചു വിങ്ങലോടെ നിമിഷങ്ങളോളം കണ്ണടച്ചു നിന്നു.. എന്റെ ഗംഗ…എന്നാലും നിനക്ക് ഒരു വാക്ക് പറയായിരുന്നു അവൻ മനസിൽ ഉരുവിട്ടു..

പിന്നെ ആ ചിലങ്ക എടുത്തു കൊച്ചു ഗംഗയുടെ കൈയിൽ കൊടുത്തു..

“സേതു ഇനിയിത് ഇവൾക്കാണ് ഇവൾ ഗംഗയാണ്…”

കൊച്ചു ഗംഗ ആ ചിലങ്ക കൈയിൽ പിടിച്ചു കിലുക്കി നോക്കി അതിന്റെ കിലുക്കമാർന്ന ശബ്ദം അവിടമാകെ പ്രതിധ്വനിച്ചു..

അപ്പോൾ ആ കൊച്ചു ഗംഗയുടെ കണ്ണിൽ അവന്റെ ഗംഗാലക്ഷ്മിയുടെ.. കണ്ണിൽ കാണാറുള്ള അതെ തിളക്കമവൻ കണ്ടു.. ചുണ്ടിൽ ആ കുസൃതി ചിരിയും…..

Leave a Reply

Your email address will not be published. Required fields are marked *