Story written by Saji Thaiparambu
ഇനിയത് ഓഫ് ചെയ്തേക്ക് ശ്യാമളേ,, അത്രയും വേവ് മതി ,ബാക്കി ഫ്രൈ ചെയ്യുമ്പോൾ വെന്ത് കൊള്ളും
പ്രഷർ കുക്കറിൻ്റെ വിസില്‍ കേട്ടപ്പോൾ അജിത വേലക്കാരിയോട് പറഞ്ഞു.
ലഞ്ച് ബോക്സ് രാവിലെ കൊണ്ട് പോകുന്നുണ്ടോ മേഡം?
ഹേയ് ഇല്ല ,ഉച്ചയ്ക്ക് ഡ്രൈവറ് ഗോപാലൻ്റെ കൈയിൽ കൊടുത്ത് വിട്ടാൽ മതി ,ഒരു മണിക്ക് തന്നെ എത്തിക്കണം ,ലഞ്ച് കഴിഞ്ഞ് ക്ളൈൻറുമായിട്ട് എനിക്ക് ഒരു മീറ്റിങ്ങുള്ളതാണ്
ശരി മാഡം,,
ആ മേരി എവിടെ പോയി ?,അവളോട് കുട്ടികളെ വിളിച്ചുണർത്തി റെഡിയാക്കാൻ പറയ് ,ഒൻപത് മണിക്ക് സ്കൂൾ ബസ്സ് ഇങ്ങെത്തും,,
ശീതീകരിച്ച കിച്ചണിൽ നിന്നും നാച്വറൽ ആംമ്പിയൻസ് കിട്ടുന്ന നടുത്തളത്തിലേക്ക് നടക്കുന്നതിനിടയിൽ അജിത, ശ്യാമളയോട് വിളിച്ച് പറഞ്ഞു
ആർട്ടിഫിഷൽ ഗ്രാസ്സ് കൊണ്ട്ലാ ൻറ് സ്കേപ്പ് ചെയ്ത മുറ്റത്തിട്ടിരിക്കുന്ന ഇംപോർട്ടട് ചെയറിൽ അമർന്നിരിക്കുമ്പോൾ ഇടത് കാലിനു മേൽ വലത് കാല് കയറ്റി വയ്ക്കാൻ, അജിത പ്രത്യേകം ശ്രദ്ധിച്ചു
ഗുഡ് മോർണിങ്ങ് മമ്മാ ,,
ചെറുചൂടുള്ള നെസ് കഫേ കോഫി മൊത്തി കുടിക്കുമ്പോൾ, ലിപ്സ്റ്റിക് ഉണങ്ങിയ ചുണ്ടിൽ പറ്റിയ ,കോഫിയുടെ പത, നാക്കിൻ തുമ്പ് കൊണ്ട് തുടയ്ക്കുമ്പോഴാണ് ഉറക്കമെഴുന്നേറ്റ് വന്ന മകള്‍ വിഷ് ചെയ്തത്
വെരി ഗുഡ് മോർണിങ്ങ് ബേബി ,,
ആഹ് മമ്മാ,, ഇന്ന് കോൺടാക്ട് ഡേയാണ്, മമ്മ ,ഷാർപ് ടൊൽവ് തേർട്ടി തന്നെ വരണേ,,
ഓഹ് സോറി ബേബി ,, മമ്മയിന്ന് ടോട്ടലി ബിസി ആയിരിക്കും ,
മോള് ഡാഡിയോട് പറഞ്ഞാൽ മതി,,
ഇടയ്ക്ക് വാൾക്ളോക്കിലേയ്ക്ക് നോക്കിയ അജിത, വേഗം എഴുന്നേറ്റ് ബെഡ് റൂമിലേയ്ക്ക് പോയി
ബാത്ടബ്ബിലെ പതനിറഞ്ഞ തണുത്ത വെള്ളത്തിൽ കിടന്ന് കൊണ്ട് ഓഫീസിലേയ്ക്ക് വാങ്ങേണ്ട പുതിയ ഫർണ്ണിച്ചറുകളുടെ കണക്ക് എടുത്ത് കൊണ്ടിരിക്കുമ്പോഴാണ് ബാത്റൂമിൻ്റെ കതകിലാരോ തട്ടി വിളിക്കുന്നത് കേട്ടത്
എടീ നീയതിനകത്ത് കയറി അടയിരിക്കുവാണോ? ഒന്ന് വേഗമിങ്ങോട്ട് ഇറങ്ങിക്കേ’ എനിക്ക് വയറ് വേദന എടുത്തിട്ട് വയ്യാ,,
അത് തൻ്റെ കെട്ടിയോൻ അജയൻ്റെ ശബ്ദമല്ലേ?
നാശം പിടിക്കാൻ,,, ഈ നരകിച്ച ജീവിതത്തിൽ നിന്നും ഇത്തിരി സന്തോഷം കിട്ടുന്നത് ഇങ്ങനെ കക്കൂസിൽ വന്നിരുന്ന് ദിവാസ്വപ്നം കാണുമ്പോൾ മാത്രമാണ്,
വെളുപ്പിന് അഞ്ച് മണിക്ക് അലാറം വച്ചെഴുന്നേറ്റ് അടുക്കളയിൽ കയറിയതാണ്, രാവിലത്തെയും ഉച്ചയ്ക്കത്തേയും ഭക്ഷണവും റെഡിയാക്കി, കുട്ടികളെയും സ്കൂളിലാക്കിയിട്ട് ,എന്നത്തേയും പോലെ ടൊയ്ലറ്റിലിരുന്ന് സ്വപ്നം കാണാൻ കയറിയതായിരുന്നു അജിത.
ഉള്ളിൽ സന്തോഷം നിറയ്ക്കുന്ന ദിവാസ്വപ്നത്തിൻ്റെ രസച്ചരട് മുറിഞ്ഞ അരിശത്തിൽ ,സ്വപ്നം കാണല്‍ മതിയാക്കി , വേഗമെഴുന്നേറ്റു ഫ്ളഷ് അടിച്ചിട്ട് ,അജിത പുറത്തേയ്ക്കിറങ്ങി
നിരാശയോടെ അടുക്കളയിലേയ്ക്ക് നടക്കുമ്പോൾ അലക്കി വെളുപ്പിക്കാനുള്ള കുന്ന് കൂടി കിടക്കുന്ന മുഷിഞ്ഞ തുണികളും കിച്ചൺസിങ്കിൽ വാരിവലിച്ചിട്ടിരിക്കുന്ന എച്ചില് പാത്രങ്ങളും അവളെ നോക്കി കൊഞ്ഞനം കുത്തി.
കഥ സജി തൈപ്പറമ്പ്.
NB :- അജിതയെ പോലെ ഒരിക്കലെങ്കിലും സ്വപ്ന ലോകത്തെ രാജകുമാരിയോ, രാജ്ഞിയോ ആകാൻ മോഹിച്ചവരുണ്ടോ?