കൈലാസ ഗോപുരം – ഭാഗം 24, എഴുത്ത്: മിത്ര വിന്ദ

കാശിനാഥന്റെ മനസ്സിൽ എന്താണെന്ന് എത്ര ആലോചിച്ചിട്ടും പാർവതിക്ക് പിടികിട്ടിയില്ല..എന്നിരുന്നാലും, കാശിയേട്ടൻ അത്ര വലിയ കുഴപ്പക്കാരനൊന്നുമല്ല എന്നുള്ള കാര്യം അവൾക്ക്, അവന്റെ ചില പ്രവർത്തികളിലൂടെയൊക്കെ വ്യക്തമാക്കുകയായിരുന്നു..

തന്റെ താലിമാലയിലേക്ക് അവൾ പതിയെ നോക്കി.അത്രമേൽ പരിഗണന നൽകുന്നത് കൊണ്ട് അല്ലേ ഇതു ഊരി വെച്ചു എന്ന് പറഞ്ഞു കൊണ്ട് തനിക്കിട്ട് അടിച്ചത്..

തന്നോട് സ്നേഹം ഉള്ളത് കൊണ്ട് അല്ലേ വീണ്ടും ഇതു തനിക്ക് ഒന്നൂടെ കഴുത്തിലേക്ക് അണിയിച്ചു തന്നത്..അതോ ഇനി മറ്റുള്ളവർ എന്ത് വിചാരിക്കും എന്ന് കരുതി ആണോ…താൻ എന്തെങ്കിലും അവിവേകം കാണിച്ചാൽ, ബാക്കി നൂലാമാലകൾ ഒക്കെ തങ്ങേണ്ടി വരും എന്ന് കരുതി ആണോ ആവോ..ശോ… ആകെ കൂടി ഈ മനുഷ്യനെ മനസിലാകുന്നില്ലലോ ഭഗവാനെ….

“കണ്ണടച്ച് കിടന്ന് ഉറങ്ങു പാർവതി… കുറേ നേരം ആയല്ലോ തുടങ്ങീട്ട്. ഇനി ഞാൻ പറഞ്ഞ കാര്യത്തെ കുറിച്ചു ആണെങ്കിൽ അത് സമയം ആകുമ്പോൾ ഞാൻ അറിയിച്ചു കൊള്ളാം “

അവന്റെ ശബ്ദം ഉയർന്നതും പെണ്ണ് വേഗം മിഴികൾ പൂട്ടി..

*******************

അഞ്ചര മണിയായപ്പോൾ കാശി ഉണർന്നു.തന്റെ വലതുവശത്തേക്ക് അവൻ മുഖം തിരിച്ചു.പാർവതി അപ്പോഴും നല്ല ഉറക്കത്തിൽ തന്നെയാണ്. വെളുപ്പാൻകാലമായിരുന്നു, ഇരുവരും ഒന്ന് കണ്ണടച്ചപ്പോൾ..

ഏഴുമണി ആകുമ്പോൾ പാർവതിക്ക് അവളുടെ വീട്ടിൽ എത്തണം എന്നല്ലേ ഇന്നലെ രാത്രിയിൽ പറഞ്ഞത്. പെട്ടന്ന് അവൻ ഓർത്തു. വേഗം തന്നെ അവൻ കിടക്കയിൽ എഴുന്നേറ്റു ഇരുന്നു.

പാർവതി… ടോ…..

അവൻ അവളുടെ തോളിൽ തട്ടി വിളിച്ചു.

മ്മ്….ന്താ

ഉറക്കത്തിൽ ആണ് അപ്പോളും പെണ്ണ്.

“പാർവതി….”

അവൻ വീണ്ടും വിളിച്ചു.

“മ്മ്.. കുറച്ചു സമയം കൂടി…. ഉറക്കം പോയില്ലന്നെ “

അവൾ ഒന്ന് കൂടി ചുരുണ്ടു കൂടി..

“എഴുനേല്ക്ക്… വീട്ടിലേക്ക് പോകണ്ടേ ഇയാൾക്ക്…..” അവൻ ഒന്ന് രണ്ട് തവണ ചോദിച്ചതും പാറു വേഗം എഴുന്നേറ്റു..

എന്നിട്ടും അവൾ കണ്ണുകൾ ഇറുക്കി അടച്ചു തന്നെ ആണ് ഇരുപ്പ്…ഉറക്കം വെടിഞ്ഞു ഇന്നലെ എന്നതൊക്കെ ആയിരുന്നു ചെയ്ത് കൂട്ടിയെ… അവൻ ഓർത്തു..ഇരു കൈകളും മേല്പോട്ട് ഉയർത്തി അവൾ ഒന്ന് ഞെളിഞ്ഞു കുത്തി കൊണ്ട് കണ്ണ് തുറന്നു നോക്കിയത് കാശിയുടെ മുഖത്തേക്ക്..

പെട്ടന്ന് അവൾക്ക് ഒരു ജാള്യത പോലെ അനുഭവപ്പെട്ടു.വേഗം തന്നെ അടുത്ത് കിടന്നിരുന്ന ബെഡ് ഷീറ്റ് എടുത്തു ദേഹത്തേക്ക് ഇട്ടു.

മൂടി പുതച്ചു കൊണ്ട് ഇരിക്കാതെ വേഗം പോയി കുളിച്ചു ഫ്രഷ് ആവൂ…. നിന്നേ അവിടെ കൊണ്ട് പോയി വിട്ട ശേഷം വേണം എനിക്ക് ഓഫീസിൽ പോകാൻ…..

അവൻ ദൃതി കാട്ടി.അപ്പോഴാണ് അവൾ വീട്ടിലേക്ക് പോകാൻ നേരം പോയില്ലോ എന്ന് പോലും ഓർത്തത്.

“ഞാൻ വേഗം തന്നെ റെഡി ആവാം ഏട്ടാ….” പുതപ്പു എടുത്തു അവൾ മടക്കി ഇട്ട ശേഷം ബെഡ്ഷീറ്റ് ഒക്കെ നേരെ ചൊവ്വേ വിരിച്ചു.

എന്നിട്ട് വേഗന്നു തന്നെ കുളിച്ചു മാറുവാൻ ഉള്ള ഡ്രെസ്സും എടുത്തു കൊണ്ട് വാഷ് റൂമിലേക്ക് പോയി..

15മിനിറ്റ് കൊണ്ട് അവൾ പോകാനായി ഒരുങ്ങി കഴിഞ്ഞിരുന്നു.

നേരം വൈകിയാൽ പിന്നെ വല്യമ്മ എന്തെങ്കിലും ചീത്ത പറയും.. ആകെ കൂടി ഒന്ന് വരാനും സഹകരിക്കാനും ഉള്ളത് അവർ മാത്രം ആണ്… തന്റെ ഭാഗത്തു നിന്നും ഒരു തെറ്റുപോലും സംഭവിക്കാൻ പാടില്ല…

അവൾ ഓർത്തു

കണ്ണാടിയുടെ മുന്നിൽ നിന്നു കൊണ്ട് വേഗം കുറച്ചു പൌഡർ എടുത്തു മുഖത്തേക്ക് ഇട്ടു, ഒരു നുള്ള് സിന്ദൂരം വിരൽ തുമ്പിനാൽ എടുത്തു നെറുകയിലും ചാർത്തി..

അപ്പോളാണ് അവൾ തന്റെ വലതു കവിൾത്തടം ശ്രദ്ധിച്ചത്..ചെറുതായി വീങ്ങി ഇരിക്കുന്നു. അവൾ മെല്ലെ അതിൽ ഒന്ന് വിരൽ ഓടിച്ചു. അടി കിട്ടിയത് ആണെന്ന് ഉള്ളത് ഒറ്റ നോട്ടത്തിൽ എല്ലാവർക്കും മനസിലാകും……

ആഹ് ഇനി ഇതും കൂടി ഒരു കാരണമായി….

അവൾ ഒന്ന് നെടുവീർപ്പെട്ടു..

കുളി ഒക്കെ കഴിഞ്ഞു, ഇറങ്ങി വന്നപ്പോൾ കാശി കണ്ടത്,താൻ  അടി കൊടുത്ത കവിൾത്തടം പൊത്തി പിടിച്ചു കൊണ്ട് നിൽക്കുന്ന പാർവതി യേ ആയിരുന്നു..

മനസിന്‌ ആണെങ്കിൽ വല്ലാത്ത കൊളുത്തി പിടിക്കൽ പോലെ….

പാവം… ഒരുപാട് വേദനിച്ചു കാണും..

“റെഡി ആയോ താന് “

“മ്മ്….”

തൊട്ടു പിന്നിൽ അവനെ കണ്ടതും അവൾ പെട്ടന്ന് അല്പം മാറി നിന്നു കൊണ്ട് പറഞ്ഞു

വാർഡ്രോബ് തുറന്ന ശേഷം അവൻ ഏതോ ഒരു ഓയ്ൽമെന്റ് എടുത്തു, നീര് വലിയുവാൻ ഉള്ളത് ആണ്…

അല്പം തന്റെ ചൂണ്ടു വിരലിലേക്ക് പകർത്തിയ ശേഷം, പാർവതി യേ വിളിച്ചു.

ഡ്രസിങ് ടേബിളിലേക്ക് അവളെ ചാരി നിറുത്തിയ ശേഷം, അവളുടെ വലം കവിളിൽ അവൻ മെല്ലെ അതു തടവി കൊടുത്തു..

പെട്ടന്ന് അവൾ ശ്വാസം ഒന്ന് എടുത്തു വലിച്ചു…

അത്രമേൽ അടുത്തായി അവന്റെ സാമിപ്യം….

അവന്റെ നെഞ്ചിലെ നനുത്ത രോമങ്ങളിൽ അപ്പോളും വെള്ളത്തുള്ളികൾ പറ്റി ചേർന്ന് കിടക്കുന്നു..അതു ഒന്ന് ഒപ്പികളഞ്ഞാലോ….എന്നിട്ട് ആ നെഞ്ചിലേക്ക് ഒന്ന് മുഖം പൂഴ്ത്തിയാലോ..

ചെ… താൻ ഇതു എന്തൊക്കെ ആണ് ഈ ചിന്തിച്ചു കൂട്ടിന്നത്…. വെറും ഒരു പതിനെട്ടുകാരിയെ പോലെ ആകുകയാണോ താനും..

“എടോ…. താൻ വരുന്നില്ലേ ” കാശി യുടെ ശബ്ദം കേട്ടതും അവൾ ഞെട്ടി.

ങ്ങെ…. അപ്പോൾ സ്വപ്നം ആയിരുന്നോ..

അവൾ തന്റെ കവിളിലേക്ക് ഉള്ളം കൈ ചേർത്തു.എന്തോ ഒരു മയം പോലെ ഉണ്ട്..

ഹ്മ്മ്… അപ്പോൾ സത്യം ആണ്,,,

ബാഗും എടുത്തു കൊണ്ട് സ്റ്റെപ്സ് ഓരോന്നായി ഇറങ്ങി അവന്റെ പിന്നാലെ വേഗംണ് അവൾ താഴേക്ക് പോയി. അച്ഛനും ഏട്ടനും ഒക്കെ സെറ്റിയിൽ ഇരിപ്പുണ്ട്. അമ്മയും അച്ഛമ്മയും അകത്തു എവിടെയോ ഉണ്ട്.. സംസാരം കേൾകാം.. അവൾ അവരോടു യാത്ര പറയുവാനായി ശബ്ദം കേട്ട മുറിയിലേക്ക് ചെന്നു.

ശ്രീപ്രിയ …അന്ന് ഹോസ്പിറ്റലിൽ വെച്ചു കണ്ട കുട്ടി…

ഹായ് പാർവതി.. കാലത്തെ എവിടേക്കോ യാത്രയിൽ ആണെന്ന് തോന്നുന്നു.

അവളെ കണ്ടതും പ്രിയ ഉച്ചത്തിൽ ചോദിച്ചു.

പ്രിയയുടെ അടുത്തായി നിന്ന അമ്മയും അച്ഛമ്മയും ഒക്കെ അപ്പോൾ വാതിൽക്കൽ നിൽക്കുന്ന തന്നെ നോക്കി.

“അമ്മയുടെയും അച്ഛന്റെ യും സഞ്ചയനം ആണിന്നു.. കാലത്തെ അവിടേക്ക് ഒന്ന് പോകണമായിരുന്നു…”

അവൾ മൂവരെയിം നോക്കി പറഞ്ഞു.

“രാജേന്ദ്രൻ കൊണ്ട് വിടുമോ “

സുഗന്ധി ചോദിച്ചു..

“ഇല്ല… കാശിയേട്ടൻ ആക്കാം എന്ന് പറഞ്ഞു”

അവൾ അത് പറയുകയും പ്രിയ യുടെ മുഖം ഇരുണ്ടു..

“ആഹ് പോയിട്ട് വരൂ….” സുഗന്ധി അവൾക്ക് അനുവാദം കൊടുത്തു.

“അച്ഛമ്മേ….”

“പോയിട്ട് വാ മോളെ…..”

പ്രിയയെ നോക്കി ഒന്ന് പുഞ്ചിരി ച്ച ശേഷം അവൾ മുറി വിട്ടു ഇറങ്ങി പോയി.

പ്രിയ യിം സുഗന്ധി യും പരസ്പരം ഒന്ന് നോക്കി… അച്ഛനോടും കൈലാസേട്ടനോടും കൂടി യാത്ര പറഞ്ഞു കൊണ്ട് പാറു മുറ്റത്തേക് ഇറങ്ങി.കാശി അപ്പോളേക്കും കാറ് സ്റ്റാർട്ട്‌ ചെയ്തിരുന്നു..

യാത്ര യിൽ ഉടനീളം കാശി അവളോട് ഒന്നും സംസാരിച്ചില്ല. തിരിച്ചു അവളും..

വല്യമ്മ യുടെ ഫോൺ കാൾ കണ്ടതും അവൾ വേഗം അത് അറ്റൻഡ് ചെയ്തു.

ഹെലോ….

ആഹ് കുട്ടി,, നീ ഇറങ്ങിയോ..

ഉവ്വ്… പാതി വഴി കഴിഞ്ഞു വല്യമ്മേ….

ഹ്മ്മ്… പൈസ ഒക്കെ ഉണ്ടല്ലോ അല്ലേ.. മറക്കരുത് കേട്ടോ…

അവർ ഫോണിലൂടെ പറയുന്നത് കേട്ടതും പാർവതി അല്പം പരവേശ ആകുന്നത് പോലെ കാശിക്ക് തോന്നി.

“ഉവ്വ്… എടുത്തിട്ടുണ്ട്…” അവൾ പറഞ്ഞു.

“മ്മ്… ശരി ശരി.. എന്നാൽ വേഗം വരൂ ട്ടോ “

കാൾ മുറിഞ്ഞതും അവൾ ഫോൺ എടുത്തു വീണ്ടും ബാഗിലെക്ക് വെച്ചു. പതിയെ മുഖം തിരിച്ചു കാശിയെ നോക്കി. അവൻ വളരെ ശ്രെദ്ധപൂർവം വണ്ടി ഓടിച്ചു പോകുക ആണ്.

വേണ്ട… ഇനി ചോദിച്ചാൽ ശരി ആവില്ല… വേറെ എന്തെങ്കിലും വഴി നോക്കാം.

കൈ വിരലുകൾ പിണച്ചും അഴിച്ചും ഇരിക്കുക ആണ് അവൾ.. ഇടയ്ക്കു എല്ലാം മുഖത്തെ വിയർപ്പ് കണങ്ങൾ ഒപ്പുന്നുണ്ട്…

ഹ്മ്മ്… എന്താണ് ഇത്ര വലിയ ആലോചന…കുറച്ചു സമയം ആയല്ലോ തുടങ്ങീട്ട്..

കാശിയുടെ ശബ്ദം കേട്ടതും അവൾ ഞെട്ടി.

ഹോ.. പേടിപ്പിച്ചു കളഞ്ഞല്ലോ..

അവൾ പിറുപിറുത്തു കൊണ്ട് വെളിയിലേക്ക് നോക്കി ഇരുന്നു.

തുടരും…

Leave a Reply

Your email address will not be published. Required fields are marked *