Story written by Neji Najla
ഉപ്പച്ചിക്ക് ഉമ്മച്ചിയേക്കാൾ പതിനഞ്ചു വയസ്സിലധികം പ്രായമുണ്ടായിരുന്നു. അവർ തമ്മിലുള്ള സ്നേഹത്തിന് പ്രത്യേക ഭംഗിയുണ്ടായിരുന്നു. ഉപ്പച്ചിയെ വിട്ട് ഉമ്മച്ചിക്കോ ഉമ്മച്ചിയെ വിട്ട് ഉപ്പച്ചിക്കോ ഒരുദിവസം പോലും മറ്റൊരിടത്തും തങ്ങുന്നത് ഇഷ്ടമില്ലായിരുന്നു. എന്റെ കല്യാണം കഴിഞ്ഞ് ദിവസങ്ങൾക്കുള്ളിൽ എന്റെ ഇക്ക എന്നോട് പറഞ്ഞത് ഞാൻ ഇന്നലെയെന്ന പോലെ ഓർക്കും.
“ഡീ… ഉമ്മ ഉപ്പയെ സ്നേഹിക്കുകയും കെയർ ചെയ്യുകയും ചെയ്യുന്ന പോലെ നീ എന്നെയും സ്നേഹിക്കുമോയെന്ന്.. “
കിട്ടുന്നതാണ് ഉമ്മച്ചി തിരിച്ചുകൊടുക്കുന്നത്…ഉപ്പച്ചി പ്രത്യക്ഷത്തിൽ പരുക്കനാണെങ്കിലും ഉമ്മയെന്നു വച്ചാൽ ഉപ്പാന്റെ ജീവനാണ്. മറ്റാരേക്കാളും ഉമ്മാക്ക് ആ തിരിച്ചറിവുണ്ട്. പലതവണ അനുഭവിച്ചറിഞ്ഞതാണത്.. ഒരു ഗ്ലാസ് വെള്ളം കുടിക്കുന്നത് പോലും ഉമ്മച്ചിയുടെ കൈകൊണ്ട് കിട്ടുന്നെങ്കിൽ ഉപ്പാക്ക് അത്രയും തൃപ്തിയാണ്. ഞാൻ എഴുതിയിടുന്ന വാക്കുകൾക്കൊന്നും എന്റെ ഉപ്പച്ചിക്കും ഉമ്മച്ചിക്കുമിടയിലെ സ്നേഹത്തെയോ ആത്മബന്ധത്തിന്റെ ആഴത്തെയോ ഫലിപ്പിക്കാൻ കഴിയില്ലെന്നുള്ളതാണ് പരമാർത്ഥം.
ഉപ്പാക്ക് ശാരീരിക അവശതകൾ ഏറെയുണ്ടായിരുന്ന സമയത്താണ് ഉമ്മാക് ആദ്യത്തെ അറ്റാക്ക് വരുന്നത്. ഉമ്മച്ചിയെ ഹോസ്പിറ്റലിൽ അഡ്മിറ്റ് ആക്കിയപ്പോൾ ഉപ്പാക്ക് ഉമ്മയുടെ കൂടെ തന്നെ നിൽക്കണമെന്ന് പറഞ്ഞു ഡിസ്ചാർജ് ചെയ്യുന്നവരെയും കൂടെതന്നെയുണ്ടായിരുന്നു. ഇരുപത്തിയെട്ട് വർഷങ്ങളിലധികം പ്രവാസജീവിതം നയിച്ച ഉപ്പച്ചിക്ക് ഗൾഫിൽ നിന്നും വരുന്ന ദിവസങ്ങളിലെ അതേ സ്നേഹവും കാത്തിരിപ്പും ഒരുക്കങ്ങളും പരിഗണനയും നാട്ടിൽ സ്ഥിരമായപ്പോഴും നൽകാൻ ഉമ്മച്ചിക്ക് കഴിയുന്ന പോലെ മറ്റൊരാൾക്കും കഴിയില്ലെന്ന് കുടുംബക്കാരും അയൽക്കാരുമൊക്കെ പറഞ്ഞിരുന്നു.
സാധാരണ ഭാര്യഭർത്താക്കൻമാർക്കിടയിലുണ്ടാകുന്ന പിണക്കങ്ങളും വഴക്കുകളും അവർക്കിടയിലും ഉണ്ടാവുമായിരുന്നു. എങ്കിലും ഒരു ദിവസം പോലും അവരുടെ മുറിയിൽ നിന്നും മാറിക്കിടന്നോ വിട്ടുകിടന്നോ കണ്ടിട്ടില്ല. “ഇത്രയും നാളും പ്രായവുമായിട്ടും നിങ്ങളെ മധുവിധു തീർന്നില്ലേയെന്ന് വരെ ഉമ്മച്ചിയോട് ചിലരൊക്കെ കളിയാക്കി ചോദിക്കുന്നത് കേൾക്കാനിടയായിട്ടുണ്ട്.
അങ്ങനെയുള്ള ഉമ്മച്ചിയാണ് അറുപത്തി മൂന്നാം വയസ്സിൽ ഉപ്പച്ചിയെ വിട്ട് പടച്ചോന്റെ വിളിക്ക് ഉത്തരം നൽകി നേരത്തെ പോയത്. ഉമ്മച്ചിയുടെ മരണസമയത്ത് ഉപ്പച്ചി സ്വപ്നത്തിൽ വയ്യാതായ ഉമ്മച്ചിക്ക് ഫാത്തിഹ സൂറത്ത് ഓതി നെഞ്ചിലൂടെ ഊതി കൈകൊണ്ട് തടവി ക്കൊടുക്കുകയായിരുന്നുവത്രെ..
അല്ലാഹ്…എന്ന് ഉമ്മച്ചി നീട്ടി വിളിച്ചത് കേട്ട് ഉണർന്നപ്പോഴും ഉപ്പാടെ മനസ്സ് ആ സ്വപ്നത്തിൽ തന്നെയായിരുന്നു.അപ്പോഴും കുറച്ചു നേരം ഖുർആൻ ഓതി നെഞ്ചിൽ ഊതിക്കൊടുത്ത് ഉപ്പച്ചി ടോയ്ലറ്റിൽ പോയി തിരികെ വന്ന് ഉമ്മച്ചിയെ തട്ടിവിളിച്ചപ്പോഴാണ് ഉമ്മാക്ക് അനക്കമില്ലെന്ന് മനസ്സിലാക്കുന്നത്. സൈലന്റ് അറ്റാക്കിന്റെ രൂപത്തിലാണ് ഉമ്മയുടെ മരണമുണ്ടായത്.
തൊട്ടടുത്ത മുറിയിൽ കിടക്കുന്ന എന്റെ മൂത്ത സഹോദരനെയും ഭാര്യയെയും വിളിച്ച് “ഡാ ഉമ്മ മിണ്ടുന്നില്ലെടാ ന്ന് ” പറയുമ്പോൾ ഉപ്പ കരയുന്നുണ്ടായിരുന്നു.
ഉമ്മച്ചി ഇനിയില്ലെന്ന് മനസ്സിലാക്കിയ നേരം ഉപ്പച്ചിയുടെ ആ പൊട്ടിക്കരച്ചിൽ കണ്ടവരുടെയൊക്കെ നെഞ്ച് പിടപ്പിച്ചു.
“അവളില്ലാത്ത ഈ മുറിയിൽ ഞാനെങ്ങനെ റബ്ബേ…? എനിക്കെത്ര കാലമാണിവിടെ അവളില്ലാതെ ജീവിക്കേണ്ടി വരിക..?” എന്നുള്ള ഉപ്പാന്റെ ചങ്കു പിടഞ്ഞുള്ള വാക്കുകൾ ഇന്നും കരളിൽ വിങ്ങലാണ്.
പതിയെ പടച്ചോന്റെ തീരുമാനങ്ങൾക്ക് വഴങ്ങി മനസ്സ് ശാന്തമാക്കി ഉപ്പ ജീവിക്കുമ്പോഴും ഡീ…യെന്നു നീട്ടിയുള്ള വിളി ഉപ്പാന്റെ മുറിയിൽ നിന്നും ഇടയ്ക്കിടെ കേൾക്കാറുണ്ടായിരുന്നു. പള്ളിയിലോ പുറത്തോ പോവാൻ കഴിയാത്തത്രയും ശാരീരികമായും മാനസികമായും തളർന്ന ഉപ്പച്ചി മൂന്നു മാസങ്ങൾക്കു ശേഷം റമളാനിൽ രണ്ടു വെള്ളിയാഴ്ച പള്ളിയിൽ പോവുകയും സക്കാത്തും സ്വദക്കയു മായി ഉസ്താദുമാർക്കും മറ്റും കഴിവിനനുസരിച്ച് പൈസ കൊടുക്കുകയും ചെയ്തു. ഞങ്ങൾ നാലു പെണ്മക്കളെയും മരുമക്കളെയും പേരക്കുട്ടികളെയും വീട്ടിലേക്ക് നോമ്പുതുറക്ക് വിളിച്ച് പതിവ് തെറ്റിക്കാതെ ഉപ്പ തന്നെ ബിരിയാണി വച്ച് ഞങ്ങളെ കഴിപ്പിച്ചു.
ഇരുപത്തി ഏഴാം രാവിന്റെ അന്ന് നെഞ്ചുവേദനയും അസ്വസ്ഥതയും കണ്ടപ്പോൾ എന്റെ രണ്ട് ഇക്കാക്കമാരുടെ ഭാര്യമാർ ഹോസ്പിറ്റലിൽ പോവാൻ നിർബന്ധം പിടിച്ച് കൊണ്ടുപോയി. അവർ രണ്ടുപേരുമാണ് ഉപ്പച്ചിയെ യാതൊരു വിഷമവും വരുത്താതെ നോക്കിയിരുന്നത്. സഹോദരന്മാരിൽ ഒരാൾ ഗൾഫിലായിരുന്നു. ഉപ്പാനെ ഹോസ്പിറ്റലിൽ അഡ്മിറ്റ് ആക്കിയതിന്റെ മൂന്നാം ദിവസം നോമ്പ് ഇരുപത്തിഒൻപതിന് ഉപ്പാക്ക് അസ്വസ്ഥത കൂടി. ആ സമയത്ത് ഞങ്ങൾ മക്കൾ ആറുപേരിൽ അഞ്ചുപേരും നാട്ടിലുള്ള സഹോദരന്റെ ഭാര്യയും എന്റെ ഇക്കയും മറ്റു രണ്ട് താത്തമാരുടെ ഭർത്താക്കന്മാരും മൂത്ത താത്തന്റെ മൂത്ത മോനും രണ്ടാമത്തെ താത്തന്റെ ഹുദവിയായ മോനും അടുത്തുണ്ടായിരുന്നു.
വാ തോരാതെ ദിക്റുകളും ദുആകളും ഉരുവിട്ടു കൊണ്ടേ ഇരിക്കുന്നതിനിടയിൽ ഉപ്പ ഞങ്ങളോട് സംസാരിക്കുന്നുമുണ്ടായിരുന്നു. ഉപ്പാന്റെ സഹോദരിയുടെ മകൾ വന്ന നേരം അവർക്ക് വീട്ടിൽ ചെന്നാൽ രണ്ടു തേങ്ങ എടുത്തു കൊടുക്കണമെന്ന് പറഞ്ഞേൽപ്പിച്ചു. കയ്യിൽ പൈസയും കൊടുത്തുവെന്നാണ് ഓർമ്മ. ഉപ്പ കിടന്നിരുന്ന വിരിപ്പ് വൃത്തിയാക്കാനും അത്തറ് പുരട്ടുവാനും പറഞ്ഞത് മരണത്തെ സ്വീകരിക്കാനായിരുന്നെന്ന് ആശ്ചര്യത്തോടെ ഇന്നും ഓർക്കുന്നു.
ഡോക്ടർ വന്നപ്പോൾ ഉപ്പ പതിയെ ചുണ്ടനക്കി ദിക്ർ ഉരുവിടുന്നുണ്ട്. പക്ഷേ അങ്ങേയറ്റം തളർന്നു പോയിരിക്കുന്നു.
“ഉപ്പാന്റെ അവസ്ഥ വളരെ മോശമാണ് ഈ അവസ്ഥയിൽ സാധാരണ ഞങ്ങൾ വെന്റിലേറ്റർ ഐസിയു എന്നൊക്കെയുള്ള ഓപ്ഷൻസ് ആണ് പറയുക പക്ഷേ.. ഉപ്പാനോടുള്ള അടുപ്പം കൊണ്ട് പറയുകയാണ് നിങ്ങൾ പ്രാർത്ഥനകൾ ചൊല്ലിക്കോളൂ..ഉപ്പാക്ക് ഇനി അധികം സമയമില്ല.. “
ഡോക്ടർ അങ്ങനെയാണ് പറഞ്ഞത്. ഡോക്ടർ ഒരു ക്രിസ്ത്യാനിയായിരുന്നു. മറ്റുള്ളവരുടെ മതത്തെയും ആചാരങ്ങളെയും വിശ്വാസത്തേയും അംഗീകരിക്കുന്ന ആ നല്ല മനസ്സിനോട് ഞങ്ങൾ നന്ദി പറഞ്ഞു. ഞങ്ങൾ പ്രാർത്ഥനയോടെ ഉപ്പാക്ക് ചുറ്റുമിരുന്നു. “മക്കളേ..ഉപ്പ പോവുകയാണ്..”
ഉപ്പ ഇടറിയ ശബ്ദത്തിൽ പറഞ്ഞു.. സലാം പറയുകയും സ്വലാത്തുകളും ദിക്റുകളും നേർത്തുനേർത്തു വരികയും പതുക്കെ ഇല്ലാതാവുകയും ചെയ്യുന്നത് കണ്മുന്നിൽ നോക്കിക്കണ്ടു.. താത്താടെ മോൻ അവസാന സമയം വരെയും ഉപ്പാന്റെ അരികിലിരുന്ന് യാസീൻ പാരായണം ചെയ്തു ഉപ്പാനെ കേൾപ്പിച്ചു കൊണ്ടേയിരുന്നു.
റമളാനിന്റെ അവസാനത്തെ ഒറ്റയായ രാവ് നോമ്പ് ഇരുപത്തിഒൻപതിനു തന്നെ ഉപ്പച്ചി ഉമ്മച്ചിയുടെ അടുത്തേക്ക് പോയി. അങ്ങനെ പറയാനാണ് ഇഷ്ടം.
ഉമ്മ മരിച്ചതിൽ പിന്നെ ഞങ്ങളുടെ മഹല്ലിൽ ഒരു മരണം ഉണ്ടായപ്പോൾ ഉപ്പച്ചി കുഞ്ഞാപ്പാനെ ഫോണിൽ വിളിച്ചു…
“ഡാ..അവളുടെ അടുത്ത് എനിക്കുള്ള സ്ഥലം നീക്കി വെക്കണം ട്ടോ..” എന്ന് ഏല്പിച്ചു. പിന്നെ പോയത് ഉപ്പ തന്നെയാണ്. ഉമ്മാക്കരികിൽ തന്നെ ഉപ്പ പോയി കിടന്നു. അതിൽപ്പരം ഭാഗ്യമെന്താണ്..? മരണത്തിനപ്പുറവും അവർ ഒരുമിച്ചുവെന്ന് ഈ കുഞ്ഞിമകൾ വിശ്വസിക്കുന്നു.
ഉപ്പ പിരിഞ്ഞ സങ്കടത്തേക്കാൾ കൂടുതൽ ആശ്ചര്യത്തോടെയാണ് ആ രംഗങ്ങൾ ഇന്നും ഓർക്കുക. കഥകളിലോ മറ്റോ കേട്ടുകേൾവിയുള്ള പോലൊരു മരണം.
സ്വയം ദിക്റുകൾ ഉരുവിട്ടുകൊണ്ട്.. സലാം പറഞ്ഞ് മക്കളേ വിളിച്ചു യാത്ര പറഞ്ഞു പോയ രംഗം കോരിത്തരിപ്പോടെയല്ലാതെ ഓർക്കാൻ കഴിയുന്നതെങ്ങനെ..?!
ഈ റമളാൻ ഇരുപത്തി ഒൻപതിനു ഉപ്പച്ചി പിരിഞ്ഞിട്ട് അഞ്ചുവർഷം തികഞ്ഞിരിക്കുന്നു.?പടച്ചോനേ…ഉപ്പച്ചിക്കും ഉമ്മച്ചിക്കും ഖബറിടം തന്നെ സ്വർഗ്ഗമാക്കി ക്കൊടുക്കണേ…മരിച്ചുപോയ എല്ലാ മാതാപിതാക്കൾക്കും ഞങ്ങളിൽ നിന്നും പിരിഞ്ഞു പോയ മറ്റെല്ലാവർക്കും സ്വർഗ്ഗം നൽകണേ അല്ലാഹ്.. നാളെ അവരോടൊത്ത് ഞങ്ങളെയും സ്വർഗ്ഗീയ ആരാമങ്ങളിൽ ചേർക്കണേ നാഥാ… ആമീൻ യാ റബ്ബൽ ആലമീൻ.
ദുആ വസിയ്യത്തോടെ.. നെജി
-നജ്ല. സി