അമ്മക്കായൊരു മുറി….
എഴുത്ത്: രചന:അച്ചു വിപിൻ
———————-
മഹി, നിനക്കെന്താ അവരുടെ കാര്യത്തിൽ ഇത്രക്കു സിംപതി? അവര് നിന്റെ സ്വന്തം അമ്മയൊന്നുമല്ലല്ലൊ ഒരുപാടങ്ങു വിഷമം തോന്നാൻ…
നിനക്കറിയാലോ, അവരിവിടെ ഉള്ളത് കാരണം നമുക്ക് രണ്ടാൾക്കും ഒരുമിച്ചൊന്നു പുറത്ത് പോലും പോകാൻ പറ്റാതായി. അത് മാത്രമാണോ, ഗസ്റ്റ് ആരെങ്കിലും വീട്ടിൽ വന്നാൽ അവരെ ഒന്ന് കാണിക്കാൻ പോലും കൊള്ളില്ല. അമ്മാതിരി കറുത്ത് വൃത്തികെട്ടൊരു രൂപം. അവരെ ഏതെങ്കിലും അഡൾട് ഹോമിൽ ആക്കാൻ എത്ര നാളായി ഞാൻ പറയുന്നു, അവിടെ ആണെങ്കിൽ, അവർക്കു നല്ല ഭക്ഷണവും കെയറും കിട്ടും. നമ്മളും ഒന്ന് ഫ്രീ ആവും. മാസാമാസം കാശ് ഞാൻ കൊടുത്തോളം. മഹി അതോർത്തു ടെൻഷനൊന്നുമടിക്കേണ്ടന്നെ….
ദീപെ മതി നിർത്തു….കുറെയായി നീ തുടങ്ങിയിട്ട്. ഇനിയിപ്പോ അവര് നമ്മുടെ കൂടെ വീട്ടിൽ നിൽക്കുന്നതാണ് നിന്റെ പ്രശ്നമെങ്കിൽ ഞാനായിട്ട് തന്നെ അങ്ങ് ഒഴിവാക്കിയേക്കാം. വരുന്ന ഞായറാഴ്ച വരെ നീയൊന്നു ക്ഷമിക്കു….
ഇത്രയും പറഞ്ഞയാൾ അവിടെ നിന്നും പോയി.
മഹേഷ് പറഞത് കേട്ടപ്പോൾ ദീപക്ക് ആഹ്ലാദമടക്കാൻ കഴിഞ്ഞില്ല. അല്ലെങ്കിലും വന്നു കയറിയപ്പോൾ മുതലുള്ള ആഗ്രഹമായിരുന്നു താനും മഹിയുമായൊറ്റക്കുള്ളൊരു ജീവിതം. എത്രയൊക്കെ ടൂർ പ്ലാൻ ചെയ്തതാണ്. പക്ഷെ അതൊക്കെ ആ നശിച്ച തള്ള കാരണം ഇല്ലാണ്ടായി. ഇനിവേണം ആഗ്രഹിച്ചതൊക്കെ നേടിയെടുക്കാൻ….
അവൾ ഞായറാഴ്ചയാകാൻ കാത്തിരുന്നു.
—————————-
അമ്മേ എല്ലാം പാക്ക് ചെയ്തില്ലേ? എന്നാൽ വരൂ നമുക്കിറങ്ങാo..
നമ്മളെങ്ങോട്ടാ മോനെ പോകുന്നത്…? അവർ ആകാംഷയോടെ ചോദിച്ചു…
അതൊക്കെ ഉണ്ടമ്മേ. അമ്മക്ക് ഏറ്റവും പ്രിയപ്പെട്ട ഒരു സ്ഥലത്തേക്കാണ് നമ്മൾ പോകുന്നത്. അമ്മ വരൂ, കാറിന്റെ ഫ്രണ്ടിൽ തന്നെ ഇരുന്നോളു. ദീപ ബാക്കിൽ ഇരുന്നോളും…
അയാൾ തന്റെ അമ്മയെ തന്റെയൊപ്പം ഇരുത്തിയ ശേഷം ദീപയോടു കയറാൻ ആംഗ്യം കാണിച്ചു. അവളാണെങ്കിൽ വളരെയധികം സന്തോഷത്തോടെ തന്നെ കാറിന്റെ പിൻസീറ്റിൽ കയറിയിരുന്നു. അധികം താമസിയാതെ ആ വയസ്സായ തള്ള ഇരിക്കുന്ന സ്ഥാനത്തു താൻ ഇരിക്കുമല്ലോ എന്നോർത്തപ്പോൾ അവൾക്കാഹ്ലാദo സഹിക്കാനായില്ല. അവൾ മഹിയുമായി ടൂർ പോകുന്ന സ്വപ്നമൊക്കെ കണ്ടു കൊണ്ട് കണ്ണുകളടച്ചിരുന്നു..
*******************************
അൽപ നേരത്തെ യാത്രക്ക് ശേഷം ഏതോ ഒരു സ്ഥലത്ത് മഹേഷ് വണ്ടി നിർത്തി. അയാൾ ഡോർ തുറന്നു പുറത്തിറങ്ങിയ ശേഷം പിറകിലെ സീറ്റിലിരിക്കുന്ന ദീപയെ കൈകൊണ്ടു തട്ടി വിളിച്ചു.
ഇത്ര പെട്ടെന്ന് നമ്മളെത്തിയോ മഹീ….?
അവൾ ആകാംഷയോടെ പുറത്തേക്കു നോക്കി….
ഹേ !!! ഇതെന്റെ വീടല്ലേ? നമ്മളെന്താ ഇവിടെ? ഓഹോ എന്റെ അച്ഛനുമമ്മയോടും യാത്ര പറയാൻ വന്നതാകുമല്ലേ? ഈ മഹിയുടെ ഒരു കാര്യം.
അയാളവൾ പറയുന്നത് മുഴുവൻ കേൾക്കാതെ കാറിന്റെ പുറകുവശത്തേക്ക് പോയി ഡിക്കി തുറന്നൊരു വലിയ ബാഗെടുത്ത ശേഷം അവളുടെ സമീപത്തേക്കു തിരിച്ചു വന്നു.
ദീപ ഇതിൽ നിന്റെ സാധനങ്ങളെല്ലാമുണ്ട്. ബാക്കി വല്ലതും വിട്ടു പോയിട്ടുണ്ടെങ്കിൽ സമയം പോലെ ഞാനിങ്ങെത്തിച്ചേക്കാം….
മഹി !! നീ എന്തൊക്കെയാ ഈ കാണിക്കുന്നത്?
ദീപ, നീ ഇനി മിണ്ടരുത്. ഇവിടെ ഇനി ഞാൻ പറയും, നീ കേൾക്കും തത്ക്കാലം അത് മതി…
ഒന്നും മനസ്സിലാകാതെ അമ്പരന്ന് നിൽക്കുന്ന അവളുടെ മുഖത്തേക്ക് നോക്കി അയാൾ തുടർന്നു…..
എന്റെ ജീവിതത്തിൽ നിന്നും ഞാൻ ഒഴിവാക്കാമെന്നു കഴിഞ്ഞ ദിവസം നിന്നോട് പറഞ്ഞത് ശരിയാണ്. പക്ഷെ, അതെന്റെ അമ്മയെയല്ല. മറിച്ചു നിന്നെ തന്നെയാണ്..
എന്റെ അച്ഛൻ വിവാഹം കഴിച്ച് അവരെ വീട്ടിലേക്കു കൊണ്ടുവരുമ്പോൾ എനിക്ക് പ്രായം മൂന്നാണ്. അന്ന് മുതൽ എന്റെ കല്യാണം കഴിയുന്നത് വരെ എന്നെയൊന്നു തനിച്ചുപോലും കിടത്താതെ അവരുടെ കൂടെ കിടത്തിയാണ് ഉറക്കിയിട്ടുള്ളത്.
ഒരു പച്ചയീർക്കിലി എടുത്തവരെന്നെ അടിച്ചതായൊ, ഒന്ന് വഴക്കു പറഞ്ഞതായോ എന്റെ ഓർമയിൽ പോലുമില്ല. എനിക്ക് തന്നിട്ട് എന്റെ വയർ നിറഞ്ഞതിനു ശേഷമേ അവരാഹാരം കഴിച്ചു
ഞാൻ കണ്ടിട്ടുള്ളു.
എനിക്കൊരു പനി വന്നാൽ പോലും അത് മാറാതെ അവരുറങ്ങാറില്ല.
എനിക്ക് നല്ല വസ്ത്രങ്ങൾ ഇഷ്ടാനുസരണം മേടിച്ചു തരുമ്പോൾ അവരൊരു നല്ല സാരി മേടിച്ചുടുക്കാൻ ശ്രമിച്ചിട്ടില്ല.
എനിക്ക് നല്ല ഭക്ഷണം മേടിച്ചു തരുമ്പോൾ സ്വാദ് നോക്കാൻ പോലും അതിൽ നിന്നുമൊരു കഷ്ണം അവരെടുത്തു കഴിച്ചു ഞാൻ കണ്ടിട്ടില്ല..
ഞാൻ ആറിൽ പഠിക്കുമ്പോഴാണ് എന്റെ അച്ചനൊരപകടത്തിൽ മരിക്കുന്നത്. അന്നവർക്ക് പ്രായം ഇരുപത്തിയൊൻപത്…
വേണമെങ്കിൽ അവർക്കു വേറെ കല്യാണം കഴിക്കാമായിരുന്നു. പക്ഷെ എന്നെയോർത്തവർ കഴിച്ചില്ല.
എനിക്ക് വേണ്ടി, എന്റെ സന്തോഷത്തിനു വേണ്ടി, മാത്രമാണവർ ജീവിച്ചത്. അവരുടെ ആയുസ്സിന്റെ മുക്കാലും അവർ പ്രയത്നിച്ചതും എനിക്ക് വേണ്ടി മാത്രമാണ്.
അങ്ങനെയുള്ള എന്റെ അമ്മയെ ഇന്നലെ കയറി വന്ന ഒരുത്തിക്കു വേണ്ടി വല്ലിടത്തും കൊണ്ടുപോയി കളയാൻ എനിക്ക് മനസ്സില്ലടി പുല്ലേ….
കളയേണ്ടത് അവരെയല്ല നിന്നെയാണ്…
അത് കേട്ടതും അയാളുടെ അമ്മ മോനെ എന്ന് വിളിച്ചു കൊണ്ട് കാറിൽ നിന്നുമിറങ്ങാൻ തുടങ്ങി…
അമ്മ അവിടെയിരിക്കൂ ഇതിൽ അമ്മ ഇടപെടേണ്ട കാര്യമില്ല. ഇന്നുകൊണ്ടെല്ലാം തീരട്ടെ..
കണ്ണു മിഴിച്ചു നിൽക്കുന്ന ദീപയെ നോക്കിയയാൾ തുടർന്നു….
ആ കാറിൽ ഇരിക്കുന്ന സ്ത്രീയുടെ ആരുമല്ല ഞാൻ. അവരും ഞാനുമായി രക്തബന്ധം ഇല്ലായിരിക്കാം. പക്ഷെ അവരെനിക്ക് എല്ലാമാണ്. പ്രസവിച്ചില്ലെങ്കിലും എന്നെ പോറ്റി വളർത്തിയതവരാണ്. അവരെനിക്കെന്റെ അമ്മയെ പോലെയല്ല, “അമ്മ” തന്നെയാണ്. ദൈവത്തിനും മുകളിലാണ് അവർക്കു ഞാൻ നൽകിയ സ്ഥാനം..
നീ പറഞ്ഞല്ലോ അവര് കറുത്തതാണെന്ന്…
ശരിയാ, അവര് കറുത്തതാ. പക്ഷെ, ശരീരം കറുത്തതാണെങ്കിലും അവരുടെ മനസ്സിന് നല്ല വെണ്മയാണ്. പക്ഷെ നീയോ….? നിന്റെ അകവും പുറവും കറുപ്പാണ്. അതെത്ര കുളിച്ചാലും മാറില്ല. നിന്റെയീ ദുഷിച്ച മനസ്സ് എന്ന് മാറുന്നുവോ അന്ന് നിനക്ക് വേണ്ടി എന്റെ വീടിന്റെ വാതിൽ തുറക്കും. ഇല്ലെങ്കിൽ നീയിവിടെ നിന്റെ അച്ഛന്റെയും അമ്മയുടെയും കൂടെ തന്നെയിരിക്കും…
നിന്റെ വീട്ടിലും ചേട്ടന്റെ ഭാര്യയായി ഒരുത്തി വന്നു കയറിയിട്ടുണ്ടല്ലോ…?
അവൾക്കും നിന്റെ പോലത്തെ മനസ്സാണെങ്കിൽ അതികം താമസിയാതെ നിന്റെ അച്ഛനുമമ്മക്കുമായൊരു മുറി അഡൾട് ഹോമിൽ ഉടനെ തന്നെ വേണ്ടി വരും. അതുകൊണ്ട് എന്റെ അമ്മക്ക് വേണ്ടി നീ ബുക്ക് ചെയ്ത മുറി പെട്ടെന്നൊന്നും ക്യാൻസൽ ചെയ്യണ്ട, ആവശ്യം വരും….
തല്ക്കാലം ഞാൻ പോകുന്നു. എന്റെ അമ്മക്കിഷ്ടമുള്ള സ്ഥലമായ ഗുരുവായൂരപ്പന്റെ നടയിലേക്ക്. അവിടെ ചെല്ലുമ്പോൾ നിനക്ക് വേണ്ടി ഞാൻ ഉറപ്പായും പ്രാർത്ഥിക്കും. എന്താണെന്നോ, നിനക്കല്പം വിവേകപൂർവ്വം ചിന്തിക്കാൻ തോന്നണേ ഭഗവാനെ എന്ന്…
ഇത്രയും പറഞ്ഞ ശേഷം പിന്നോട്ടൊന്നു തിരിഞ്ഞു പോലും നോക്കാതെ തന്റെ കാർ സ്റ്റാർട്ട് ചെയ്തു പോകുമ്പോൾ അയാൾക്ക് മനസ്സിൽ യാതൊരു കുറ്റബോധവും തോന്നിയില്ല..
ഈറനണിഞ്ഞ കണ്ണുകളോടെ പുറത്തേക്കു നോക്കിയിരിക്കുന്ന അമ്മയോടായയാൾ പറഞ്ഞു,
അവൾക്കറിയില്ലല്ലോ അമ്മേ…മറ്റാർക്കു വേണ്ടിയും എന്റെ അമ്മയെ എനിക്ക് ഉപേക്ഷിക്കാനാവില്ലെന്ന്…
ഒരു ദിവസം പല്ലുതേക്കാതെ ഇരിക്കാo, കുളിക്കാതെ ഇരിക്കാം, ഭക്ഷണം കഴിക്കാതെ ഇരിക്കാം, പക്ഷെ എന്റെ അമ്മയെ പിരിഞ്ഞിരിക്കാൻ എന്നെക്കൊണ്ട് പറ്റോ?
അയാളുടെ കണ്ഠമിടറി..
കണ്ണിൽ നിറഞ്ഞു വന്ന കണ്ണുനീർ പുറത്തേക്കൊഴുകാതെ സാരിത്തലപ്പ് കൊണ്ടൊപ്പിയ ശേഷം കാറിന്റെ സീറ്റിലേക്കു ചാരിയിരുന്നുകൊണ്ടാ സ്ത്രീ മെല്ലെ പറഞ്ഞു…
“ന്റെ മുജ്ജമ സുകൃതം”