രചന: സനൽ SBT
പ്രസവം കഴിഞ്ഞ് കുഞ്ഞ് മരിക്കുന്നത് ഇത് ലോകത്തെ ആദ്യത്തെ സംഭവം ഒന്നും അല്ല നീ അത് തന്നെ ഓർത്ത് ഭക്ഷണവും മരുന്നും കഴിക്കാതെ ഇങ്ങനെ ഇരുന്നാലോ?”
“അവിടെ വെച്ചേക്ക് മനുവേട്ടാ എനിക്ക് വിശപ്പില്ല ഞാൻ കുറച്ചു കൂടി കഴിഞ്ഞിട്ട് കഴിച്ചോളാം. “
“ദേ ഡോക്ടർ പ്രത്യേകം പറഞ്ഞതാ ഭക്ഷണവും മരുന്നും കൃത്യ സമയത്ത് കഴിക്കണം എന്ന് എനിയിപ്പോ കുഞ്ഞ് ഇല്ലാന്ന് വെച്ച് നിൻ്റെ ആരോഗ്യം എനിക്ക് നോക്കാതിരിക്കാൻ പറ്റുമോ? പ്രസവ സുശ്രൂഷയൊക്കെ അതിൻ്റെ മുറ പൊലെ ചെയ്യണം ആദ്യം ഈ ആശുപത്രിയിൽ നിന്ന് ഒന്നിറങ്ങിക്കോട്ടെ. “
” മനുവേട്ടാ എൻ്റെ മുഖത്തേക്ക് ഒന്ന് നോക്കിയെ'”
” ഉം. എന്താ.”
കൺകോണിലൂടെ ഒലിച്ചിറങ്ങിയ കണ്ണുനീർ അവൾ കാണാതെ മനു ഇടം കൈ കൊണ്ട് തുടച്ച് നീക്കി
” എന്തിനാ എൻ്റെ മുൻപിൽ ഇങ്ങനെ കിടന്ന് അഭിനയിക്കണേ ആ ചങ്കിലെ നീറ്റൽ മറ്റാരെക്കാളും നന്നായിട്ട് എനിക്ക് അറിയാം ഒന്ന് പൊട്ടിക്കരഞ്ഞൂടെ അങ്ങിനേലും ആ നെഞ്ചകത്തെ ഭാരം ഒന്ന് കുറയട്ടെ.”
“ഹെയ് ഭാരമോ അങ്ങിയൊന്നും ഇല്ലാ ചെറിയ സങ്കടം ഉണ്ട് അതിപ്പോ ആർക്കായാലും ഉണ്ടാവില്ലേ അത്രള്ളൂ മനസ്സിൻ്റെ കോണിൽ എവിടേയോ ചെറിയ ഒരു സങ്കടം.”
” ഞാൻ വിഷമിക്കാതെ ഇരിക്കാൻ മനുവേട്ടൻ കാണിക്കുന്ന ഈ പെടാപാട് ഉണ്ടല്ലോ അത് കാണുമ്പോൾ ആണ് എൻ്റെ നിയന്ത്രണം വിട്ട് പോണേ. “
” അതൊക്കെ നിനക്ക് വെറുതെ തോന്നുന്നതാ നീ ഓരോന്ന് ആലോചിക്ക് ഇരിക്കാതെ ഈ ഭക്ഷണം എടുത്ത് കഴിച്ചേ .ഞാൻ അപ്പോഴേക്കും ഡോക്ടറെ ഒന്നുകൂടി കണ്ടിട്ട് വരാം എത്രയും പെട്ടെന്ന് വീട്ടിലോട്ട് പോയാൽ നിനക്ക് അത്രയെങ്കിലും ആശ്വാസം ഉണ്ടാവും. “
” മനു കതക് അടച്ച് റൂമിൽ നിന്ന് പുറത്തിറങ്ങി വരാന്തയിലെ ബെഞ്ചിൽ കണ്ണുകൾ അടച്ചു കൊണ്ട് ചാരിക്കിടന്നു. “
” ദാ അമ്മേ അവൻ അതാ ഇപ്പോ പുറത്ത് ഇരിപ്പുണ്ട് അമ്മ പോയി കാര്യം പറ.”
” ഈ അവസ്ഥയിൽ ഞാൻ എന്ത് പറയാനാ പാവം ൻ്റെ കുട്ടി ആകെ തകർന്ന് ഇരിക്കുവാ.”
” അമ്മേ ഞങ്ങൾക്ക് അവനോട് സ്നേഹം ഇല്ലാത്തോണ്ടാണോ അവന് കൂടി നല്ലതിന് വേണ്ടിയിട്ടല്ലേ . ഇതിപ്പോ ആദ്യത്തെ പ്രസവം ആണെങ്കിൽ പോട്ടെ രണ്ടാമത്തെതിലും കുഞ്ഞ് മരിക്കുവാ എന്ന് വെച്ചാൽ അവൾക്ക് എന്തോ കാര്യമായ പ്രശ്നം ഉണ്ട് ഇല്ലേൽ ഇങ്ങനെ സംഭവിക്കോ ? പ്രശ്നം അവൻ്റെയോ ആശുപത്രിയുടെയോ ഒന്നും അല്ലല്ലോ പോരാത്തതിന് വയറ്റിൽ ഉണ്ടായ അന്ന് മുതൽ റെസ്റ്റാ .നോക്കിയത് ഇവിടുത്തെ ഏറ്റവും നല്ല ഡോക്ടറും ഇതിൽ കൂടുതൽ ഒന്നും നമ്മുക്ക് ഇനി ചെയ്യാനില്ല അവൻ്റെ ജീവിതം തുലയ്ക്കാൻ ആയിട്ട് മൂന്നാമത് ഒരു പരീക്ഷത്തിന് കൂടി നിൽക്കണോ അമ്മേ ? “
” എന്നാലും ‘”
” ഒരെന്നാലും ഇല്ല ഇത് ചൂടോടെ ഇപ്പോ തന്നെ പറഞ്ഞാലെ കാര്യത്തിൻ്റെ ഗൗരവം അവന് കൂടി മനസ്സിലാവൂ.”
” അതെ നിങ്ങൾക്ക് മടിയാണെങ്കിൽ അളിയനോട് ഞാൻ കാര്യം പറഞ്ഞോളാം -“
” നന്മൾ ഇത് ഒന്ന് കൂടി ആലോചിച്ചിട്ട് പോരെ ഹരീ.”
” അമ്മ പിന്നെം ഇതെന്താ പറയണേ . അവളെ കൊ ല്ലാൻ ഒന്നും അല്ലല്ലോ ഒരു ഡിവോഴ്സ് അല്ലേ നന്മടെ ഈ അവസ്ഥയിൽ കാര്യങ്ങൾ ഒക്കെ പറഞ്ഞാൽ അവളുടെ വീട്ടുകാർക്ക് മനസ്സിലാവും നിങ്ങൾക്ക് ബുദ്ധിമുട്ട് ആണേൽ മേനോൻ അങ്കിളിനെ വിളിച്ചിട്ട് അതും ഞാൻ പറഞ്ഞോളാം”.
” ൻ്റെ ഹരിയേട്ടാ അതൊക്കെ പിന്നെ ഇപ്പോ ആദ്യം അവനോട് നമ്മുക്ക് കാര്യം പറയാം.”
” ആ ഇത് തന്നെയല്ലേ ഞാനും ആദ്യം പറഞ്ഞേ ?വാ എന്നാൽ അങ്ങോട്ട് നടക്ക് .അമ്മയും വാ”
” എന്തിരിപ്പാ ഇത് അളിയാ”
” ഹാ ഹരിയേട്ടനോ?”
” എന്താടാ ഇത് കുഞ്ഞ് പിള്ളാരെ പൊലെ.”
” ഹെയ് ഞാൻ ചുമ്മാ ഇങ്ങനെ ഇരുന്നതാ.”
” മനൂ അവൾക്ക് കുഴപ്പം ഒന്നും ഇല്ലല്ലോടാ ?”
” ഹാ ചേച്ചിയും ഉണ്ടോ? ഹേയ് ഇല്ല ഇപ്പോ വല്യ പ്രശ്നം ഒന്നും ഇല്ല.”
” എന്ത് ചെയ്യാനാടാ നന്മൾ വിചാരിക്കുമ്പോലാണോ ദൈവത്തിൻ്റെ തീരുമാനങ്ങൾ വിധി എന്ന് കരുതി സമാധാനിക്കുവാ അല്ലാതെ എന്ത് ചെയ്യാനാ.”
” ഹും.”
” കഴിഞ്ഞത് കഴിഞ്ഞു ഇനി ബാക്കിയുള്ള കാര്യങ്ങൾക്ക് ഒക്കെ നന്മുക്ക് ഒരു തീരുമാനം എടുക്കാം നീയും ഇതിപ്പോ എത്രയെന്ന് വെച്ചാ സഹിക്കണേ.”
” തീരുമാനമോ എന്ത് തീരുമാനം. “
” അല്ലെടാ ഇതിപ്പോ ആദ്യത്തേത് ഇങ്ങനെ ആയപ്പോൾ നമ്മൾ കുറെ പൈസയൊക്കെ ചിലവഴിച്ചല്ലേ അവളെ നന്മൾ ചികിൽസിച്ചത് വീണ്ടും ഇങ്ങനെയായ സ്ഥിതിക്ക് നീ കാര്യങ്ങൾ കുറച്ച് കൂടി പ്രാക്ടിക്കൽ ആയി ചിന്തിക്കണം.”
” എന്ന് വെച്ചാൽ”
” ചിലർ അങ്ങിനാ പരസ്പരം എത്ര സ്നേഹിച്ചാലും ജീവിതാവസാനം വരെ അവർക്ക് ഒരുമിച്ച് ജീവിക്കാനുള്ള ഭാഗ്യം ഉണ്ടാവില്ല ദൈവം അതിന് ഇങ്ങനെ ഓരോ കാര്യങ്ങൾ കണ്ടെത്തും നീ ആശുപത്രിയൊക്കെ വിട്ട് ഇറങ്ങി അവളോട് കാര്യം പറ ഒത്തിരിയൊക്കെ പഠിച്ച കുട്ടിയല്ലേ അവൾക്ക് നിൻ്റെ വിഷമം പറഞ്ഞാൽ മനസ്സിലാകും അവൾ അത് ആ സെൻസിൽ എടുത്തോളും .”
” ഹോ നിങ്ങടെയൊക്കെ മുഖത്തെ സങ്കടം കണ്ടപ്പോൾ ഞാൻ വിചാരിച്ചത് അത് എൻ്റെ കുഞ്ഞ് പോയതിൽ ഉള്ള സങ്കടം ആണെന്നാ ഇപ്പോഴല്ലേ മനസ്സിലായത് അത് കുഞ്ഞിൻ്റെ കൂടെ അവളും കൂടി പോകാത്തതിലുള്ള വിഷമം ആയിരുന്നു എന്ന്.”
” മനൂ.”
” നിങ്ങളൊക്കെ ഒരു കാര്യം മനസ്സിലാക്കിക്കോ ഇക്കണ്ട കാലം ഞാനും അവളും കയറി ഇറങ്ങാത്ത അമ്പലമോ പള്ളിയോ ഇല്ല അത് വെറെ ഒന്നിനും വേണ്ടിയല്ല എവിടേലും ദൈവം ഞങ്ങൾക്ക് ഒരു മെഴുകുതിരി വെട്ടം കാണിച്ച് തരും എന്നുള്ള വിശ്വാസത്തിലാണ് ആ വെളിച്ചം ആണ് നിങ്ങൾ ഒക്കെ കൂടി ഇപ്പോ തല്ലിക്കെടുത്താൻ എന്നോട് പറയണത്. “
” ഡാ അത് പിന്നെ ഞങ്ങൾ….”
” ഇതിപ്പോ ഇനി ഒന്നല്ല രണ്ടല്ല മൂന്നായാലും ഞാൻ നോക്കും ൻ്റെ മരണം വരെ അവളെ അതിന് എനിക്ക് ആരുടേയും സഹായം ആവശ്യം ഇല്യ .ൻ്റെ കുഞ്ഞിൻ്റെ മണ്ണ് ഉണങ്ങും മുൻപേ ഇത് എന്നോട് വന്ന് പറയാൻ എങ്ങനെ തോന്നി നിങ്ങൾക്ക്. “
” എല്ലാം നിൻ്റെ നല്ലതിന് വേണ്ടിയിട്ടാ.”
” ൻ്റെ നല്ലതിന് വേണ്ടി ൻ്റെ പ്രാണൻ എടുക്കുവല്ല വേണ്ടത് .നീയൊക്കെ ഒരു കാര്യം മനസ്സിലാക്കിക്കോ നിൻ്റെ രണ്ട് പ്രസവം കഴിഞ്ഞതാ അതിൻ്റെ ആ മുറിപ്പാട് ഇപ്പോഴും ഉണ്ടാവും നിൻ്റെ വയറ്റിൽ നോക്കിയാൽ കാണാം അതു പൊലെ തന്നെ ആ രണ്ട് മുറിപ്പാടും കൊണ്ട് അകത്ത് ഒരാള് കിടക്കുന്നുണ്ട് ശരീരത്തിലെ മുറിവ് ഒന്ന് ഉണങ്ങിയിട്ട് പോരെ ഇനി അവളുടെ മനസ്സിനെ കൂടി കീറി മുറിക്കുന്നത്. നിനക്കും വളർന്ന് വരുന്നത് രണ്ട് പെങ്കുട്ട്യോളാണ് ആ കാര്യം നീ മറക്കണ്ട. “
” ഡാ”
” പൂർണ്ണ വളർച്ചയെത്തുമ്പോൾ കുഞ്ഞിന് കിടക്കാനുള്ള വലിപ്പം അവളുടെ ഗർഭപാത്രത്തിന് ഇല്ല അതിനാണ് ഞങ്ങൾ ഒരു വർഷം അവളെ ചികിൽസിച്ചത് .ചികിൽസ തീരും മുൻപേ അവള് വീണ്ടും ഗർഭിയിണിയായി അത്രള്ളൂ. ഇതാണ് അവളുടെ അസുഖം അല്ലാതെ ഡിവോഴ്സ് ചെയാൻ മാത്രം അവൾക്ക് ഇനി കുട്ടികൾ ഉണ്ടാവില്ല എന്ന് ഒരു ഡോക്ടർമ്മാരോ ദൈവത്തിൻ്റെ കോടതിയോ ഇവിടെ വിധി എഴുതിയിട്ടില്ല ഇനി ഇത് പറയാൻ ആണെങ്കിൽ ആരും കഷ്ട്ടപ്പെട് ഈ ആശുപത്രി വരാന്തയിൽ നിൽക്കണമെന്നില്ല..”
അവൻ വരാന്തയിലെ ബെഞ്ചിൽ നിന്ന് എഴുന്നേറ്റ് റൂമിലേക്ക് നടന്നു. റൂമിലെ ബെഡിൽ വിജനതയിലേക്ക് നോക്കി കിടക്കുന്ന ആവണിയെ നെഞ്ചോട് ചേർത്ത് പിടിച്ച് ആ സീമന്തരേഖയിൽ ഒന്ന് അമർത്തി ചും ബിച്ചു. പ്രതീക്ഷകൾ ഒന്നും ഇവിടെ അവസാനിക്കുന്നില്ല വരാൻ പോകുന്ന നല്ല നാളെക്കുള്ള ചെറിയൊരു തുടക്കം മാത്രം ……….
(കുരുവി )