സൂര്യനെ പ്രണയിച്ചവൾ – ഭാഗം 08, എഴുത്ത്: അമ്മു സന്തോഷ്

“പൂജാമുറിയിൽ വെയ്ക്കാൻ കൃഷ്ണന്റെ ഒരു ഫോട്ടോ വേണം. പിന്നെ ഒരു വിളക്ക്. ചന്ദനത്തിരി കത്തിക്കാൻ ഒരു കുഞ്ഞ് സ്റ്റാൻഡ്. പിന്നെ…കുറച്ചു ഡ്രസ്സ്‌ വേണം വീട്ടിൽ ഇടാനുള്ളത്. ഞാൻ ഒന്നും എടുത്തില്ലായിരുന്നു. പുറത്ത് ഇടുന്നത് തന്നെ ഇട്ടിട്ട് ചീത്തയായന്നേ “

ഗൗരിയുടെ വർത്തമാനം കേൾക്കാൻ തന്നെ നല്ല രസമായിരുന്നു. ഒരു പാവം നാട്ടിൻപുറത്തുകാരി. മിയ കൗതുകത്തോടെ ഗൗരിയെ നോക്കി

“ചേച്ചി എനിക്കി വള ഒന്ന് വിറ്റ് തരണം. എനിക്ക് ഇവിടെ വേറെ ആരേം അറിയില്ല ” മിയ അമ്പരന്നു പോയി

“അതെന്തിനാ വിൽക്കുന്നത്?ഞാൻ കാശ് തരാം.”

“ഹേയ് വേണ്ട..ഇത് വിൽക്കാം എന്റെ അച്ഛൻ തന്നതാ “

ഗൗരി പുഞ്ചിരിച്ചു

അവർ ഒരു ജ്വല്ലറിയിൽ ചെന്നത് വിറ്റ് പണമാക്കി. അവൾക്ക് ആവശ്യമുള്ള സാധനങ്ങൾ ഒക്കെ വാങ്ങിച്ചു.
“ചേച്ചിക്ക് എന്താ കഴിക്കാൻ വേണ്ടേ?”

മിയയുടെ കണ്ണ് നിറഞ്ഞ പോലെ തോന്നി

“എനിക്ക് ഒന്നും വേണ്ട മോളെ..”

“അയ്യടാ അത് പറഞ്ഞാൽ പറ്റില്ല രാവിലെ എന്റെ കൂടെ ഇറങ്ങിയതാ. ഉച്ചയായി. എനിക്ക് വിശക്കുന്നു. നമുക്ക് കഴിക്കാം “

മിയ പുഞ്ചിരിച്ചു കൊണ്ട് അവളെ ചേർത്ത് പിടിച്ചു

“ശരി കഴിക്കാം. പക്ഷെ ബില്ല് ഞാൻ കൊടുക്കും “

ഗൗരി ഒന്ന് തർക്കിക്കാൻ ഭാവിച്ചു. മിയ സൂക്ഷിച്ചു നോക്കിയപ്പോൾ പിന്നെ സമ്മതിച്ചു

“ഞാൻ വെജിറ്റേറിയൻ ആണേ..മിയ ചേച്ചി ബിരിയാണി കഴിച്ചോ “

അവൾ പറഞ്ഞു

“ആഹ…നോൺ കഴിക്കില്ല?”

“ഇല്ല…”

അവൾ ഭക്ഷണം കഴിക്കുന്നതിനിടയിലും കലപിലാന്ന് സംസാരിച്ചു കൊണ്ട് ഇരുന്നു. മിയയ്ക്ക് അവളെ വല്ലാതെ ഇഷ്ടം ആയി

“എന്നെ ഓർമ്മയുണ്ടോ ഗൗരിക്ക്?”

ഭക്ഷണം കഴിഞ്ഞു കൈ കഴുകി തിരിയുമ്പോൾ ഒരു ചെറുപ്പക്കാരൻ മുന്നിൽ

ഗൗരിക്ക് പെട്ടെന്ന് അയാളെ മനസിലായി

അനൂപ്. അന്ന് കോഫീ ഷോപ്പിൽ വഴക്ക് ഉണ്ടാക്കിയ പയ്യൻ. മീനാക്ഷിയുടെ അനിയൻ

അവൾ ഭയന്ന് മിയയെ നോക്കി. മിയയ്ക്ക് ഒന്നും മനസിലായില്ല

“കല്യാണം കഴിഞ്ഞു ല്ലേ? ” വീണ്ടും അയാൾ

അവൾ മിയയെ മുറുകെ പിടിച്ചു

“എസിപിയുടെ പ്രൊട്ടക്ഷൻ ഉണ്ടായിട്ടൊന്നും ഒരു കാര്യോമില്ല മോളെ..ഞാനും ഈ കൊച്ചിയിൽ തന്നെ ഉണ്ടെന്ന് നിന്റെ പോലീസിനോട് പറഞ്ഞേക്ക്. നിന്റെ ചേട്ടൻ ഇറങ്ങുമ്പോൾ ഒന്നിച്ച് രണ്ടിനെയും തീർക്കുമെന്നും “

അവൻ പോയിട്ടും അവൾ ചലിച്ചില്ല

“ആരാ ഗൗരി അത്?”

ഗൗരിയുടെ മുഖത്ത് രക്തമയം ഇല്ല

പിന്നെ തിരിച്ചുള്ള യാത്രയിൽ മിയയോട് അവൾ എല്ലാം പറഞ്ഞു

“ഏട്ടൻ അങ്ങനെയുള്ള ആളല്ല ചേച്ചി. എന്തോ അബദ്ധം പറ്റിയതാ..ഇപ്പൊ ശത്രുക്കൾ എത്ര എന്ന് നോക്ക്? സഞ്ജയ്‌ സാർ ഒരു വശത്ത്. മറു വശത്ത് ഇവര്. എന്റെ സമയം കൊള്ളാം അല്ലെ?”

“നമുക്ക് ഇത് സഞ്ജുവിനോട് പറയാം മോളെ “

“എന്തിന്? സന്തോഷം ആകുകെയുള്ളു. ഞാൻ മരിച്ചാൽ ഏറ്റവും കൂടുതൽ സന്തോഷിക്കുന്ന ആള് സഞ്ജയ്‌ സാറാ.”

മിയ എന്ത് പറയണം എന്നറിയാതെ കാർ ഓടിച്ചു കൊണ്ടിരുന്നു

ചില സമയം ഇങ്ങനെ ആണ്
ഒന്നും പറയാനില്ലാതെ എന്ത് പറയണം എന്നറിയാതെ നിശ്ചലമായ സമയങ്ങൾ

വീട്ടിൽ ചെന്നപ്പോൾ സഞ്ജയ്‌ എത്തിയിട്ടുണ്ട്
അവൻ പൂമുഖത്തുണ്ടായിരുന്നു

“ഞാൻ നിർബന്ധിച്ചു കൊണ്ട് പോയതാ. അതും പറഞ്ഞു ഇനി കൊ- ല്ലാൻ നിൽക്കണ്ട “

മിയ സഞ്ജയോട് പറഞ്ഞു.

സഞ്ജയ്‌ ഒന്നും മിണ്ടിയില്ല. അവൻ ഓഫീസിൽ നിന്ന് വന്നതേയുള്ളായിരുന്നു

ഒന്ന് കുളിച്ച് ഫ്രഷ് ആയി താഴെ വന്ന് ഹാളിൽ ടീവി വെയ്ക്കാൻ പോകുമ്പോൾ ഗൗരി നാമം ചൊല്ലുന്നത് അവൻ കേട്ടു

അന്തരീക്ഷത്തിൽ ചന്ദനത്തിന്റ മണം

പൂമുഖത്ത് വിളക്ക് വെച്ചിട്ടുണ്ട്

“അതേയ് നീ അകത്തു പോയിരുന്നു പ്രാർത്ഥിക്ക്. ഇവിടെ സിറ്റിയാണ്. നിന്റെ നാട്ടിൻപുറം അല്ല.”

അവൻ മെല്ലെ പറഞ്ഞു. എന്തോ അവന് അന്നേരം ദേഷ്യം തോന്നിയില്ല എന്നതായിരുന്നു സത്യം.

അവൾ അത് കേട്ടതായി ഭാവിച്ചില്ല

അവൻ തൊട്ടപ്പുറത്തെ വില്ലയിലേക്ക് നോക്കി. ആരോ ജനാലവിരി മാറ്റി നോക്കുന്നുണ്ട്. അവൻ പിൻവലിഞ്ഞു

ടീവി വെയ്ക്കാൻ പിന്നെ അവന് തോന്നിയില്ല. അവന്റെ ജീവിതത്തിൽ അങ്ങനെ ഒരനുഭവം മുൻപ് ഉണ്ടായിട്ടില്ല
പ്രാർത്ഥിച്ച ഓർമ ഒന്നുമില്ല

ആഗ്രഹിച്ചതെല്ലാം കിട്ടിയിരുന്നു. പിന്നെ എന്തിനാ പ്രാർത്ഥന എന്നൊക്കെ തോന്നിയിട്ടുണ്ട്. ഒരു ക്ഷേത്രത്തിൽ പോലും പോയിട്ടില്ല.

അവൻ വെറുതെ സെറ്റിയിൽ ഇരുന്നു കണ്ണുകൾ അടച്ചു

കേൾക്കാൻ നല്ല ഇമ്പം

“അതേയ്..പ്രാർത്ഥനക്ക് നാട്ടിൻ പുറമെന്നോ നഗരമെന്നോ ഒന്നുമില്ല. ഇവിടെ ഒരു തുളസിത്തറ കൂടിയുണ്ടായിരുന്നെങ്കിൽ നന്നായേനെ “

വിളക്ക് അണച്ച് കൈകളിൽ അതുമായി ഗൗരി

“നീ ഇത് അമ്പലമോ ആശ്രമോ ആക്കാൻ ഉദ്ദേശമുണ്ടോ?” അവൻ ശാന്തമായി ചോദിച്ചു

“മനുഷ്യൻ ജീവിക്കുന്ന ഇടമായാൽ മാത്രം മതി “

അവൾ തിരിച്ചടിച്ചു

അവന് മൊബൈലിൽ ഒരു കാൾ വന്നപ്പോൾ ആ സംഭാഷണം അവിടെ മുറിഞ്ഞു.

വരുൺ ഓഫീസിൽ നിന്ന് വന്നതെയുണ്ടായിരുന്നുള്ളു. അവൻ മിയ ഇട്ട് കൊടുത്ത ചായ സിപ് ചെയ്തു

“ഇന്ന് പോയിട്ട് എന്തായി എല്ലാം വാങ്ങിയൊ” അവൻ ചോദിച്ചു

“ഉം. അത് അതിന്റെ ഒരു വള വിറ്റു. കാശ് ഇല്ലന്ന് തോന്നുന്നു വരുൺ. സഞ്ജു കൊടുക്കില്ലായിരിക്കും “

“ഹേയ് അവൻ അത്ര ചീപ്പ് ഒന്നൂല്ല “

“സഞ്ജുനെ ന്യായീകരിക്കാൻ ഒരു ഉളുപ്പുമില്ല”

“ഇല്ല. ഒരുളുപ്പുമില്ല. എന്റെ സഞ്ജു അല്ലെ അവന് ആകെ ഞാനേയുള്ളു. അത് പറഞ്ഞാൽ ചിലപ്പോൾ പപ്പയും അമ്മയും ഇച്ചായൻമാരും അനിയത്തിമാരും ഒക്കെ ഉള്ള നിനക്ക് മനസിലാവില്ല മിയ.. ആകെ സ്നേഹിച്ചത് ആ പെണ്ണാ അവനെ. അന്നവന് ഒരു ഇരുപത് വയസ്സേയുള്ളു. കഷ്ടിച്ച് രണ്ടു വർഷം കൂടെയുണ്ടായിരുന്നുള്ളു. അതാണ് മരിച്ചു പോയത്. അന്നത്തെ സഞ്ജു എന്ത് പാവം ആയിരുന്നു. എപ്പോഴും പാട്ടൊക്കെ പാടുന്ന നന്നായി ഡാൻസ് ഒക്കെ ചെയ്യുന്ന പ്രസംഗിക്കുന്ന…ഇപ്പൊ ഒന്നുല്ല “

മിയ പിന്നെ ഒന്നും പറയാൻ പോയില്ല

“ആ പിന്നെ ഒരു പയ്യൻ ഭീഷണിപ്പെടുത്തി കേട്ടോ, ആ പെണ്ണിന്റെ അനിയൻ ആണ് എന്നാ പറഞ്ഞത്.”

വരുൺ അമ്പരപ്പിൽ അവളെ നോക്കി

“സഞ്ജു നോട്‌ പറയണ്ട എന്നാ ഗൗരി പറഞ്ഞത്. പക്ഷെ ഒന്ന് പറ..”

അവൻ മൂളി

“അതേയ് വരുൺ…”

“ഉം?”

“നമ്മുടെ കല്യാണം കഴിഞ്ഞിട്ട് ഇപ്പൊ ഒരു വർഷം ആകുന്നു..”

“യെസ് “

“എന്നോട് എത്ര ഇഷ്ടം ഉണ്ട്?”

വരുൺ അവളുടെ മുഖം കൈകളിൽ എടുത്തു

“ഒരു പാട്…”

“എന്ന് വെച്ചാ?”

“നീ ചോദിച്ചു വരുന്നത് എനിക്ക് മനസ്സിൽ ആയി. സഞ്ജുവിനെക്കാൾ ഉണ്ടൊ അതല്ലേ?”

മിയ ചമ്മലോടെ ചിരിച്ചു

“സഞ്ജു എന്റെ കൂടപ്പിറപ്പല്ലേടി? നീ
എന്റെ ഭാര്യയും “

അവൻ അവളെ നെഞ്ചിൽ ചേർത്ത് പിടിച്ചു

“സ്നേഹം എന്നത് ഒരു തരം ല- ഹരിയല്ലേ? നമ്മെ മുക്കിക്കളയുന്ന ല- ഹരി “

മിയ അവന്റെ ഹൃദയം മിടിക്കുന്നത് കേട്ട് കിടന്നു. അവനവളെ ജീവനാണെന്ന് അവൾക്കറിയാം

പക്ഷെ സഞ്ജു…

സഞ്ജുവിനോടുള്ള സ്നേഹം അത്…അതിന്റെ ആഴം അളക്കാൻ പറ്റില്ല എന്നും അവൾക്കിപ്പോ അറിയാം. ചില ബന്ധങ്ങൾ അങ്ങനെയുമുണ്ട്

ഭക്ഷണം കഴിക്കാൻ വന്നപ്പോൾ സഞ്ജു അവളുടെ മുറിയിലേക്ക് നോക്കി

അത് അടഞ്ഞു കിടന്നു

“ഗൗരി എവിടെ?”

സുഷമ അതിശയത്തിൽ നോക്കി

“അവൾ എവിടെ?” അവൻ ആവർത്തിച്ചു

“ടെറസിൽ തുണി എടുക്കാൻ പോയി ” അവർ വിക്കി

“നിങ്ങൾക്ക് ചെയ്തുകൂടെ അത്?”

“ഞാനത് പറഞ്ഞു. കേൾക്കാതെ പോയതാ “

അവൻ പിന്നേ ഒന്നും പറഞ്ഞില്ല

ചപ്പാത്തി പ്ലേറ്റിൽ എടുത്തു വെച്ചു കഴിച്ചു തുടങ്ങി

ടെറസിൽ തുണികൾ എടുക്കവേ അപ്പുറത്തെ വില്ലയിൽ നിന്ന് ആരോ കൈ വീശി കാണിക്കുന്നത് കണ്ട് അവൾ നോക്കി. ഒരു ചെറുപ്പക്കാരൻ

“ഹലോ ഞാൻ അർജുൻ “

അവൾ വേഗം തുണികൾ എടുത്തു താഴെക്കിറങ്ങി പോയി

“ശ്ശെടാ അതാരാ ആ സുന്ദരി?” അവൻ തന്നോട് തന്നെ ചോദിച്ചു

“അത് ഗൗരി “

പിന്നിൽ നിന്ന് അമ്മയുടെ ഒച്ച

അവൻ ഒരു ചിരി പാസ്സാക്കി

“അയല്പക്കത്തുള്ളവരെ പരിചയപ്പെട്ടു വെക്കുന്നത് നല്ലതല്ലേ അമ്മേ?”

“പിന്നേ…വളരെ നല്ലതാ..അത് ഗൗരി. കൊച്ചി എ സി പി സഞ്ജയുടെ ഭാര്യ. വിവാഹം കഴിഞ്ഞു ഒരു മാസമേ ആയുള്ളൂ. നീ ബാംഗ്ലൂർ അല്ലായിരുന്നോ അതാ കാണാഞ്ഞത് “

“ഭയങ്കര സുന്ദരി ആണല്ലേ…ല്ലേ….ല്ലോ..സുന്ദരി ആണല്ലോ എന്ന് “

“അതെ…പക്ഷെ നിന്റെ വേഷംകെട്ട് അവിടെ വേണ്ട. അങ്ങേര് വെടി വെച്ച് ചിതറിച്ചു കളയും..ടീവിയിൽ കണ്ടില്ലാരുന്നോ ഇങ്ങേരുടെ പെർഫോമൻസ്. ഇടക്കിടക്ക് വരും..അതോണ്ട് be cool “

അമ്മ പോയി

“ഈ അമ്മ “

അർജുൻ നഖം കടിച്ചു

പത്തു വിരലിലെയും നഖം കടിച്ചു തുപ്പി

ഗൗരി…

ശെടാ…വല്ലോന്റെയും ഭാര്യ ആയിപോയി

പോട്ടെ…

അവൻ ജനൽ അടച്ചു

തുടരും….

Leave a Reply

Your email address will not be published. Required fields are marked *