സൂര്യനെ പ്രണയിച്ചവൾ – ഭാഗം 04, എഴുത്ത്: അമ്മു സന്തോഷ്

നന്ദനയുടെ അടുത്ത് ഇരിക്കുമ്പോഴും ഗൗരിക്ക് ശരീരത്തിന്റെ വിറയൽ തീരുന്നില്ലായിരുന്നു

“ഈശ്വര! പട്ടാപ്പകൽ..സഞ്ജയ്‌ സാറില്ലായിരുന്നെങ്കിൽ അവൻ നിന്നേ കുത്തിയേനെ അല്ലെ?”

അവൾ ഒന്ന് മൂളി

“ഇതിനു മുൻപ് ഇങ്ങനെ വല്ലതും ഉണ്ടായിട്ടുണ്ടോ ഗൗരി?”

“ഞങ്ങൾ വേറെ വീട്ടിൽ താമസിക്കുമ്പോൾ ഫോണിൽ വിളിച്ചു തെറി പറയുകയും ഭീഷണിപ്പെടുത്തുകയുമൊക്കെ ചെയ്തിട്ടുണ്ട്. പിന്നെ ഇങ്ങോട്ട് വന്നപ്പോൾ ഞങ്ങൾ എവിടെ ആണെന്ന് അറിയാത്തത് കൊണ്ടാവും. ശല്യം ഇല്ലായിരുന്നു. ഈയിടെ വീണ്ടും ഫോൺ ഭീഷണി തുടങ്ങി. നേരിട്ട് ആദ്യമാണ് “

“നിന്റെ സഞ്ജയ്‌ മിടുക്കൻ ആണല്ലോ, മൊബൈലിൽ എടുത്തത് ഒക്കെ ഇപ്പൊ വൈറൽ ആകും.”

“ഉവ്വ് ഞാൻ എയറിലും ആകും.”

നന്ദന പൊട്ടിച്ചിരിച്ചു

“നീ തമാശ ഒക്കെ പറഞ്ഞു തുടങ്ങിയല്ലോ “

“ജീവിതം ഏകദേശം ക്ലൈമാക്സ്‌ ആയി തുടങ്ങിയപ്പോൾ കോമഡി വന്നതാ “

നന്ദനക്ക് അതിശയം തോന്നി

അവൾക്കെന്തോ ഒരു മാറ്റമുണ്ടെന്ന് തോന്നി

“സഞ്ജയ്‌ കാണാൻ എങ്ങനെ?”

“handsom…ചുള്ളനാണ് “

“ആഹാ.”

“ശരിക്കും എന്തോ ഒരു പവർ ഉണ്ട് ആൾക്ക്. മനുഷ്യരുടെ ഉറക്കം കളയുന്ന എന്തോ ഒന്ന് “

“അങ്ങനെ വരട്ടെ..അപ്പൊ നിന്റെ ഉറക്കം പോയി..എന്നാ പിന്നെ കെട്ടിക്കൂടെ. എടി ഒരു പോലീസ് അതും ഒരു ഐ പി എസുകാരന്റെ പെണ്ണായി കഴിഞ്ഞാൽ ജീവിതം protected ആയില്ലേ? എല്ലാം അറിയാവുന്ന ഒരാൾ. നാളെ നിന്റെ ഏട്ടൻ ജയിലിൽ നിന്നിറങ്ങുമ്പോൾ പുള്ളി ഹെല്പ് ചെയ്യില്ലേ?”

അവൾ പറയുന്നതൊക്കെ ശരിയാണ് എന്ന് ഗൗരിക്ക് അറിയാം. പക്ഷെ..

“അഖിൽ?” ഗൗരി മുഖം ഉയർത്തി

“അഖിലിന് നുറു പേരെ കിട്ടും. നീ പ്രണയത്തിൽ ഒന്നുമല്ലല്ലോ വാക്ക് പറഞ്ഞിട്ടുമില്ല. പിന്നെ എന്താ? നീ നിന്റെ ജീവിതത്തിന്റെ സേഫ്റ്റി നോക്ക്.” നന്ദന അവളുടെ മുഖത്ത് തലോടി

“എന്നാലും അഖിലിനോട് എനിക്ക് എല്ലാം പറയണം. അവൻ അറിയണം.”

“അങ്ങനെ എങ്കിൽ അങ്ങനെ. പക്ഷെ ഇനിയും വൈകണ്ട. എക്സാം കഴിഞ്ഞു ഉടനെ തന്നെ നടത്തണം. ഇല്ലെങ്കിൽ ഇത് പോലെ ഇനിയും ഉണ്ടായാൽ അന്ന് സഞ്ജയ്‌ ഉണ്ടാവില്ല. അത് മാത്രം അല്ല. നിന്റെ ഏട്ടൻ പുറത്ത് ഇറങ്ങിയ ഇവര് ഏട്ടനെയും ആക്രമിക്കും. പക അങ്ങനെയാ. എത്ര വർഷം കഴിഞ്ഞാലും അതിന്റെ തീവ്രത കുറയില്ല. കൂടിക്കൊണ്ടേയിരിക്കും.”

അവൾ ആധിയോടെ നന്ദനയുടെ ചുമലിലേക്ക് തല ചായ്ച്ചു

ആ ഞായറാഴ്ച അച്ഛനുമമ്മയും വീട്ടിൽ ഉണ്ടായിരുന്ന കൊണ്ട് അന്ന് കമ്പയിൻ സ്റ്റഡിക്ക് പോയില്ല ഗൗരി.

അവർക്കൊപ്പം കിട്ടുന്ന ചുരുക്കം സമയങ്ങളിൽ ഒന്നാണ് ഇത് പോലെയുള്ള ഞായറാഴ്ചകൾ.

അന്ന് അവർക്കൊരു അതിഥി ഉണ്ടായി

താരാ മാധവൻ…

സഞ്ജയുടെ അമ്മ, മെലിഞ്ഞു നല്ല ഉയരമുള്ള സുന്ദരിയായ ഒരമ്മ. സഞ്ജയുടെ ഏട്ടത്തി. അങ്ങനെ തോന്നുവുള്ളു. ഡോക്ടർ ആണെന്നുള്ള ഭാവമൊന്നുമില്ല. വളരെ ലളിതമായ ഒരു സംഭാഷണരീതി

“എന്റെ മോൻ സഞ്ജയ്‌ ഞങ്ങൾക്കൊപ്പമല്ല വളർന്നത്. ബോർഡിങ്ങിലായിരുന്നു സ്കൂളിംഗ് ഒക്കെ. പിന്നെ എം ബി ബി എസ് ചെയ്തു. ഞങ്ങൾക്ക് അത് കഴിഞ്ഞവനേ അങ്ങോട്ട്‌ കൊണ്ട് പോകണം എന്നായിരുന്നു. ഇവിടെ തന്നെ വേണം എന്നവനായിരുന്നു വാശി. അതിന് ഒരു കാരണം ഗൗരിയാണ്. ജീവിതത്തിൽ ഒന്നും വേണം എന്ന് അവൻ പറഞ്ഞിട്ടില്ല. ഒരു കളിപ്പാട്ടം പോലും. ചിലപ്പോൾ ഞങ്ങളോട് അത്ര attachment ഇല്ലായിരിക്കും. പക്ഷെ ഇത് പറഞ്ഞു. കല്യാണം കഴിക്കുന്നെങ്കിൽ ഗൗരി. ഇല്ലെങ്കിൽ കല്യാണമേ വേണ്ട എന്ന്. അപ്പൊ എന്നാലി ഗൗരിയെ ഒന്ന് കാണാൻ ഞാനും നിശ്ചയിച്ചു. നല്ല മോളാണ് ട്ടോ. അവൻ സ്നേഹിച്ചു പോയതിൽ അതിശയം ഒന്നുമില്ല “

ഗൗരിയുടെ മാതാപിതാക്കൾ ആ വാക്ധോരണിയിൽ ലയിച്ചു പോയി

സത്യത്തിൽ അവർ വളരെ transparent ആയ സ്ത്രീ ആയിരുന്നു. നേരേ വാ നേരേ പോ പ്രകൃതം

“കല്യാണം കഴിഞ്ഞാൽ മോള് ഇവർക്കൊപ്പം ഉണ്ടാവില്ലേ?”

മുത്തശ്ശി ചോദിച്ചു

താര വിഷാദത്തിൽ ചിരിച്ചു.

മാധവട്ടന്, എന്റെ ഭർത്താവിന് അപകടം ഉണ്ടാകുന്നത് അവിടെ വെച്ചാണ്. അദ്ദേഹം അവിടെ വെച്ചാണ്…അടക്കം ചെയ്തിരിക്കുന്നതുമവിടെ. എനിക്കും അവിടെ തന്നെ ജീവിച്ചു മരിക്കണം. ശരിയോ തെറ്റോ എന്നറിയില്ല. ഞാൻ ഈ ഭൂമിയിൽ ഏറ്റവും സ്നേഹിച്ചത് എന്റെ മാധവട്ടനെയാണ്. അത് കൊണ്ട് തന്നെ അവിടെ അദേഹത്തിന്റെ ആത്മാവ് ഉണ്ട് എന്ന് വിശ്വസിക്കാൻ ആണ് എനിക്ക് ഇഷ്ടം. വിവാഹം നടന്നാലും ഇല്ലെങ്കിലും ഞാൻ ഈ മാസം ഒടുവിൽ തിരിച്ചു പോകും. “

ഒരു മാസം. ഒറ്റ മാസം…

വേണ്ട എന്ന് തീരുമാനിച്ചിട്ടും താരയുടെ ആ വരവ് അവരെ കൊണ്ട് അഭിപ്രായം മാറ്റി ചിന്തിക്കാൻ കാരണമായി.

എല്ലാം അറിഞ്ഞു കൊണ്ട് ഇതിലും നല്ല ഒരു ബന്ധം അവൾക്കിനി വരില്ല എന്ന് തോന്നിയത് കൊണ്ട് മാത്രം അല്ല ഗൗരിക്ക് സഞ്ജയെ ഇഷ്ടമായത് കൊണ്ട് കൂടിയായിരുന്നു അത് നിശ്ചയിക്കപ്പെട്ടത്.

ജാതകം നോക്കി. അപൂർവ പൊരുത്തം. പത്തിൽ പത്തു പൊരുത്തം. അല്ലെങ്കിലും കാലം എന്ന മാന്ത്രികന്റെ മാജിക് അല്ലെ എല്ലാം?

അല്ലെങ്കിൽ കൃത്യമായി സഞ്ജയുടെ മുന്നിൽ മീനാക്ഷിയുടെ അനിയൻ അനൂപ് ഗൗരിയെ ആക്രമിച്ചതെന്തിനാണ്?

അവന് അത് ചെയ്യാൻ ആ ദിവസം തന്നെ തിരഞ്ഞെടുക്കാൻ തോന്നിയതെന്താണ്?

അത് കൊണ്ടല്ലേ ഒരു പരിധി വരെ വിവാഹം വേഗത്തിൽ ആയത്?

എല്ലാം ഒരു നിമിത്തം പോലെ…

അടുത്ത ദിവസമവൾ കോളേജിൽ എത്തിയപ്പോൾ അഖിലിന്റെ മുന്നിലെത്തി

“എനിക്ക് കുറച്ചു സംസാരിക്കാൻ ഉണ്ട് “

അഖിൽ പുഞ്ചിരിച്ചു പിന്നെ അവളെ കേട്ടു തുടങ്ങി

ഗൗരിയെ അവന് മനസിലായി

“ഗൗരിയുടെ വീട്ടുകാർ എടുത്തത് നല്ല തീരുമാനം ആണ് ഗൗരി. നമ്മൾ ചിന്തിക്കുന്നതിനപ്പുറത്തേക്കാണ് ചിലരുടെ വൈരാഗ്യം. എന്നെ ക്കാൾ സഞ്ചയ്ക്ക് ഗൗരിയെ സംരക്ഷിക്കാൻ പറ്റും. after all he is a police man. പെട്ടെന്നൊന്നും ആർക്കും അറ്റാക് ചെയ്യാൻ തോന്നില്ല. പോരെങ്കിൽ അയാൾ ഗൗരിയെ സ്നേഹിക്കുന്നു. അല്ലെങ്കിലും ഗൗരിയെ കണ്ടാൽ ആർക്കാ ഇഷ്ടമാവാത്തത്?”

അവന്റെ ശബ്ദം ഒന്ന് അടച്ചു ഗൗരിക്ക് ഉള്ളിൽ ഒരു വേദന നിറഞ്ഞു

“എന്റെ സാഹചര്യം, എന്റെ ഏട്ടന്റെ ജീവിതം അതൊക്കെയാണ്‌ എനിക്ക്..എന്റെ ഏട്ടനെ എനിക്ക് അറിയാം. ഏട്ടന് അബദ്ധം പറ്റിയതാ കോടതിയിൽ അത് പ്രൂവ് ചെയ്യാൻ കഴിഞ്ഞില്ല. ഏട്ടൻ മാത്രം ആണ് എന്റെ മനസ്സിൽ. ഇപ്പൊ ഈ കല്യാണത്തിന് ഞാൻ സമ്മതിച്ചത് പോലും ഏട്ടനെ ഓർത്തിട്ട.”

“നന്നായി ഗൗരി..ഞാൻ എന്നും തന്റെ നല്ല ഫ്രണ്ട് ആയിരിക്കും. ഏത് സമയത്തും ഏത് ആവശ്യത്തിനും വിളിക്കാം..ഞാൻ ഉണ്ടാവും “

അവൾ നന്ദിയോടെ ചിരിച്ചു

“ഞാൻ കരുതിയത് അഖിലിന് എന്നോട് ദേഷ്യം ആകുമെന്നാണ്..പക്ഷെ അഖിൽ എന്നെ ഞെട്ടിച്ചു.താങ്ക്സ് അഖിൽ”

“എന്തിനാ ദേഷ്യം? അയ്യേ ഞാൻ ആ ടൈപ്പല്ല. നമ്മൾ സ്നേഹിക്കുന്നവർ ഹാപ്പി ആയിട്ടിരിക്കണം അതാണ് നമ്മുടെ ഒരു പോളിസി. നോ പറഞ്ഞാൽ കൊ- ല്ലുന്നതൊക്കെ വിവരമില്ലാത്തവന്മാരാ..അഖിൽ ഒരു ജീനിയസ് ആണ്. നോട്ട് ദി പോയിന്റ്..” അവൻ കണ്ണിറുക്കി ചിരിച്ചു.അവളും ചിരിച്ചു പോയി

“പോട്ടെ നേരം വൈകി “

അവൾ എഴുന്നേറ്റു

“ഗൗരി…”

“ഉം?”

“നീയൊരു നല്ല പെണ്ണാണ്. ഒരു ആണിന് കിട്ടാവുന്നതിൽ വെച്ച് ഏറ്റവും നല്ല പെണ്ണ്. സഞ്ജയ്‌ ഭാഗ്യമുള്ളവനാണ്. god bless you both”

അവൾ കൈ കൂപ്പി തൊഴുതു. പിന്നെ തിരിഞ്ഞു നടന്നകന്നു

അഖിൽ അവൾ പോകുന്നത് നോക്കി അങ്ങനെ നിന്നു

ജീവിതത്തിൽ ഏറ്റവും അധികം സ്നേഹിച്ച പെണ്ണാണ്

നെഞ്ചു പറിഞ്ഞു പോകുന്ന വേദനയുണ്ട്

പക്ഷെ പാവം

അവൾ സന്തോഷമായി ഇരിക്കട്ടെ

എന്നും…

എന്നും….

തുടരും…

Leave a Reply

Your email address will not be published. Required fields are marked *