എഴുത്ത്:-ജ്യോതി കൃഷ്ണ കുമാർ
“”ശ്രീ പ്രിയ ടീച്ചറെ….. അഞ്ചു ബി ആണ് ട്ടൊ ടീച്ചർക്ക്… ചെന്നോളൂ…””
എന്ന് പറഞ്ഞ് എച്.എം തന്നെയാണ് ക്ലാസ്സ് കാണിച്ചു തന്നത്…
അത്യാവശ്യം പ്രശസ്തമായ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ ഇംഗ്ലീഷിന് ഒഴിവുണ്ട് എന്ന് കേട്ട് വന്നതായിരുന്നു…
അവിടെ സ്ഥിരം ഉള്ള ടീച്ചർ പ്രസവാവധിയിൽ ആണ്…
ആ ടീച്ചർ വന്നാലും കണ്ടിന്യൂ ചെയ്തോളൂ എന്ന് പറഞിരുന്നു… ജോലി കിട്ടിയിട്ട് അദ്യത്തെ ക്ലാസ്സ് ആണ് അതിന്റെ എല്ലാ എക്സൈറ്റ്മെന്റും ഉണ്ടായിരുന്നു….
അഞ്ചു ബി എന്നെഴുതിയ ക്ലാസ്സിലേക്ക് കയറി ചെന്നു..
പുതിയ ടീച്ചറെ കുട്ടികൾ വിസ്മയത്തോടെ നോക്കുന്നുണ്ടായിരുന്നു…
മെല്ലെ അവരോട് ഒന്ന് ചിരിച്ചു….
പരിചയപ്പെടുന്നതിന്റെ തിരക്കിൽ കണ്ണുകൾ ഒരാളിലേക്ക് നീണ്ടു…
വെളുത്തു തടിച്ച് ഒരു കുട്ടി…
അവന്റെ രൂപം കൊണ്ടായിരുന്നില്ല അവനെ ശ്രെദ്ധിച്ചത് മറിച്ച് വസ്ത്രധാരണം കൊണ്ടായിരുന്നു…
ആകെ കൂടെ ചളി പിടിച്ച യൂണിഫോം….
നന്നായി വസ്ത്രങ്ങൾ ധരിച്ചിരിക്കുന്നവരുടെ കൂട്ടത്തിൽ ആ കാഴ്ച ലേശം ആരോചകമായി തോന്നി…
“”തന്റെ പേരെങ്ങനാ???””
അവനോടത് ചോദിക്കുമ്പോൾ വെറുതെ ഒരു ഗൗരവം കൂട്ട് വന്നു….
“””സഞ്ജു “”
അവൻ ചാടി കേറി പറഞ്ഞു… മനോഹരമായ ഒരു ചിരിയോടെ..
“”എന്ത് കോലമാടോ ഇത്… സ്കൂളിലേക്ക് തന്നല്ലേ പൊന്നേ…?? എന്ന് ചോദിച്ചപ്പോൾ ആ മുഖത്തെ ചിരി മങ്ങിയിരുന്നു….
“””പോരും വഴി കണ്ടത്തിൽ കിടന്ന് നെരങ്ങിയോ????”””
എന്ന് കൂടെ ചോദിച്ചു…. ഒന്നും മിണ്ടാതെ തല താഴ്ത്തി നിന്നപ്പോൾ,
“”ഇനി ഇങ്ങനെ ഉണ്ടാവരുത്… ഇരിക്ക് “”
എന്ന് പറഞ്ഞ് ക്ലാസ്സെടുക്കാൻ തുടങ്ങി….
അന്ന് മുഴുവൻ കണ്ണുകൾ ഇടയ്ക്കിടെ അവനിലേക്ക് ചെന്നു വീണിരുന്നു
അതാവണം അവനും മുഖം തരാതെ ബുക്കിലേക്ക് തന്നെ നോക്കി ഇരുന്നത്….
പിറ്റേ ദിവസം ക്ലാസ്സിൽ കയറിയതും നോക്കിയത് അവനെ ആയിരുന്നു…
ഇന്നലത്തെ പോലെ തന്നെ വന്നിട്ടുണ്ട് വൃത്തി ഇല്ലാത്ത യൂണിഫോം ഇട്ട്…
ഇത്തവണ ഇത്തിരി ദേഷ്യം തോന്നി…
“”സഞ്ജു സ്റ്റാന്റ് അപ്പ് “””
കടുപ്പിച്ചു തന്നെ പറഞ്ഞു…
ചെവിയിൽ പിടിച്ച്.
“”നിനക്ക് പറഞ്ഞാൽ മനസ്സിലാവില്ലേ “”
എന്ന് ചോദിച്ചു….
“”അച്ചാമ്മക്ക് വയ്യ… കണ്ണും കാണില്ല… ഞാനാ അലക്കുന്നെ… അതാ…””””
എന്ന് പറഞ്ഞപ്പോൾ ഒന്നും മനസിലായില്ല…
അപ്പൊ അടുത്ത ക്ലാസ്സിൽ നിന്നും ദീപ ടീച്ചർ ഇറങ്ങി വന്നു…
“”ടീച്ചറെ….””
എന്ന് വിളിച്ചപ്പോൾ ഇറങ്ങി ചെന്നു….
“”ഈ കുട്ടി..”””
എന്ന് പറഞ്ഞു അവനെ ചൂണ്ടി കാണിച്ചതും ദീപ ടീച്ചറുടെ മുഖം മങ്ങുന്നത് കണ്ടു…
ഇത്തിരി ദൂരം മാറി നിന്നു എന്നോട് പറഞ്ഞു…
“”അമ്മ ഇല്ലാത്ത കുഞ്ഞാ ടീച്ചറെ… മണ്ണെണ്ണ ഒഴിച്ച് തീiകൊiളുത്തിയതാ… സ്കൂൾ വിട്ട് ചെന്ന സഞ്ജുവാ കണ്ടത്… എന്താ ചെയ്യേണ്ടേ എന്നറിയാതെ പകച്ചു പോയി കുഞ്ഞ്.. ഓടി പോയി അച്ഛനോട് പറഞ്ഞപ്പോഴേക്ക്… “””””
ഇത്രയും കൂടി പാറഞ്ഞു ദീപ ടീച്ചർ…
അവനൊരു അമ്മ കുട്ടിയായിരുന്നു ടീച്ചറെ….എല്ലാത്തിനും അമ്മ വേണം….'”””
എന്ന്….
ശരിക്കും എന്താ ചെയ്യേണ്ടേ എന്നായി പോയി….
പോവുമ്പോൾ ടീച്ചർ പിറു പിറുതിരുന്നു,
അല്ലേലും ചാവുന്നോര് ജീവിച്ചിരിക്കുന്നൊരുടെ കാര്യം ഒന്നും ഓർക്കില്ലല്ലോ എന്ന്… “”””
ഒന്നും മിണ്ടാതെ ക്ലാസ്സ് എടുത്തു… സത്യം പറഞ്ഞാൽ ഒരു പത്തു വയസ്സുകാരന് അമ്മയെ നഷ്ടമാകുന്നത് എത്രത്തോളം ഭീകരമാണെന്ന് ഊഹിക്കാമായിരുന്നു…
അതും കണ്മുന്നിൽ വച്ചു അമ്മ ഇല്ലാണ്ടാവുന്നത് കണ്ടു എന്ന് കേട്ടപ്പോൾ….
പിന്നീട് അവന്റെ കാര്യങ്ങളിൽ പ്രത്യേക ശ്രദ്ധ കൊടുത്തു…
അത്ഭുതമായി തീർന്നിരുന്നു അവൻ പിന്നീട്…
സഹതാപം കൊണ്ട് പലരും നീട്ടുന്നതൊക്കെ വിനയ പൂർവ്വം ആ കുഞ്ഞ് നിരസിക്കുന്നത് ഞാൻ കണ്ടു….
ഇത്രേം ചെറുപ്പത്തിൽ ഇങ്ങനെ…. അഭിമാനം തോന്നി ആ കുഞ്ഞിനെ ഓർത്ത്..
അവന്റെ പക്വത ഓർത്ത്…
ജീവിതം മുന്നോട്ട് കൊണ്ടു പോകുന്നതോർത്ത്…
ഇത്രേം നല്ല സ്കൂളിൽ ഉള്ള പഠനം പോലും ആരോ സ്പോൺസർ ചെയ്യുന്നതാണെന്നും കൂടെ അറിഞ്ഞപ്പോൾ വല്ലാതായി…
അവനെന്റെ മനസ്സിൽ സ്പെഷ്യൽ ആയി…
പക്ഷെ പ്രകടിപ്പിച്ചിരുന്നില്ല…
അവനെ പോലെ ഒരു കുഞ്ഞ് ആരുടെയും സഹതാപം ആഗ്രഹിക്കില്ല എന്ന് പൂർണ്ണ ബോധ്യം ഉണ്ടായിരുന്നു…
ദിവസങ്ങൾ മാസങ്ങൾക്കും വർഷങ്ങൾക്കും വഴിമാറി…
ഏഴാം ക്ലാസ്സ് വരെ അവൻ അവിടെ പഠിച്ചു..
ഞാനും ഉണ്ടായിരുന്നു അവന്റെ പുറകെ….അവൻ കാണാതെ അവനൊരു സപ്പോർട്ട് എന്ന പോല….
അവനായി എന്ത് ചെയ്യുമ്പോഴും സഞ്ജു അറിയാതിരിക്കാൻ ശ്രദ്ധിച്ചിരുന്നു…
ഒടുവിൽ ഏഴാം ക്ലാസ്സ് കഴിഞ്ഞ് മറ്റു സ്കൂളുകളിലേക്ക് പോകുന്ന കുട്ടികൾക്ക് യാത്ര അയപ്പ് നൽകുമ്പോൾ എല്ലാർക്കും മുന്നിൽ അവൻ നിന്നു….
അവനു പറയാൻ ഉള്ളത് പറയാൻ…
“”എന്റെ അമ്മ പോയതിനു ശേഷം കരയാണ്ട് ഒരു രാത്രി പോലും ഉണ്ടായിരുന്നില്ല…..
ശ്രീ പ്രിയ ടീച്ചറെ കാണുന്ന വരെ… ടീച്ചർ വന്നതിനു ശേഷം എന്തോ എന്റെ അമ്മയെ…. അമ്മയെ….”””””
അവനും ഞാനും ഒരുപോലെ കരയുകയായിരുന്നു….
പരസ്പരം പറയാതെ… ഉള്ളിൽ കൊണ്ടു നടന്ന കരുതൽ… ഒരു അമ്മ മനസ്സുള്ള ടീച്ചേർന്റെയും അമ്മ ഇല്ലാത്തൊരു പാവം കുഞ്ഞിന്റെയും…..
അതിന് ശേഷം അവൻ വേറെ സ്കൂളിലേക്ക് പോയി….
ദൂരെ അവന്റെ ഏതോ ബന്ധു വീട്ടിലേക്ക്….
ഞാനും വേറെ സ്കൂളിലേക്ക് മാറി……
പിന്നെ അപൂർവമായേ കൂടി കാഴ്ചകൾ ഉണ്ടായുള്ളൂ…
ഇന്ന് ഗുരുവായൂർ പേരകുഞ്ഞിന് ചോറ് കൊടുക്കാൻ മകന്റെ കൂടെ പോയപ്പോ നിർമ്മാല്യം റെസിഡൻസിയിൽ മുറി എടുത്തു…
കുളിച്ച് പുറപ്പെട്ടു മുറിക്കു പുറത്തിറങ്ങിയപ്പോൾ ഒരു വിളി…
ടീച്ചറേ…. ന്ന്…
തിരിഞ്ഞ് നോക്കിയപ്പോൾ കണ്ടു ഒത്തൊരു ആണിനെ.. അവന്റെ പുറകിൽ സുന്ദരിയായ ഒരു പെണ്ണിനെ… ഒപ്പം അവളുടെ കയ്യിൽ ഇരുന്നു ചിണുങ്ങുന്ന സുന്ദരി വാവയെ…
മനസ്സിലായില്ല ആരാ എന്ന്…
കണ്ണട ഒന്നൂടെ നേരെ വച്ച്,
നോക്കിയപ്പോ അവനായിട്ട് തന്നെ പറഞ്ഞു,
സഞ്ജു ആണെന്ന്…
കൂടുതൽ പറയേണ്ടായിരുന്നു അവനെ അറിയാൻ…
ഗർഭം ധരിക്കാതെ എന്നെ മാതൃത്വം എന്തെന്ന് മനസിലാക്കി തന്നവൻ…
ഇന്നൊരു പട്ടാളക്കാരനാണ് എന്നും.. ഒരു നല്ല കുടുംബം നയിക്കുന്നവനാണ് എന്നും അറിഞ്ഞപ്പോ എന്തെന്നില്ലാത്ത സന്തോഷം തോന്നി…
അവന്റെ മകൾക്ക് എന്റെ കൈ കൊണ്ട് ആദ്യം ചോറ് നൽകുമ്പോൾ ഞാനവന്റെ അമ്മയായി ശെരിക്കും മാറിയിരുന്നു….