വീട്ടിലേക്ക് അച്ഛൻ വരാതിരുന്ന കാലം തൊട്ടാണ് ആ സ്ത്രീയെ ഞാൻ കാണാൻ തുടങ്ങുന്നത്. പേര് ഓർമ്മയില്ല. എന്നോട് വലിയ സ്നേഹമായിരുന്നു. ഓരോ വരവിലും ഏറെ…….

എഴുത്ത്:- ശ്രീജിത്ത് ഇരവിൽ തെരുവ് കാഥികൻ

ആറടി നീളത്തിൽ രണ്ട് മൺകൂനകൾ പറമ്പിന്റെ മൂലയിൽ തെളിഞ്ഞ രാത്രിയിലാണ് ആ സ്ത്രീ വീട്ടിലേക്ക് വന്നത്. ശ്രദ്ധിച്ചപ്പോൾ നല്ല മുഖ പരിചയമുണ്ട്. അമ്മായിയുടെ മടിയിലിരുന്ന് ചുറ്റുമുള്ളവരെ നിരീക്ഷിക്കുന്നത് നിർത്തി ഞാൻ അവരെ സൂക്ഷിച്ച് നോക്കി. അമ്മയോടൊപ്പം പലവട്ടം കണ്ടത് പോലെ. അമ്മയെന്ന് ഓർത്തപ്പോൾ തന്നെ പറമ്പിന്റെ മൂലയെ ഓർത്ത് ഞാൻ വിങ്ങിപ്പോയി. അവിടെയാണ് അമ്മ. കൊiലപ്പെടുത്തിയതാണ്. ശേഷം അച്ഛനും ജീiവനൊടുക്കി.

‘മോന് എന്നെ ഓർമ്മയില്ലേ….?’

ഉണ്ടായിട്ടും ഇല്ലാത്തത് പോലെ ഞാൻ ഇരുന്നു. അതിന്റെ പരിഭവമൊന്നും കാട്ടാതെ ആ സ്ത്രീ എന്നെ തലോടി. ശേഷം, തന്റെ കൂടെ വരുന്നോയെന്ന് ചോദിച്ചു. ഇല്ലെന്ന വിധം തലയാട്ടാനേ എനിക്ക് തോന്നിയുള്ളൂ. അത് കണ്ടപ്പോൾ എന്നിലും കൂടുതൽ വിങ്ങിക്കൊണ്ട് അവർ എഴുന്നേറ്റു. തുടർന്ന് അമ്മാവനോടും മറ്റ് ചിലരോടും സംസാരിച്ചു. ബന്ധുക്കളെല്ലാം ഒഴിഞ്ഞ് തുടങ്ങിയ നേരമായിരുന്നുവത്.

വീട്ടിലേക്ക് അച്ഛൻ വരാതിരുന്ന കാലം തൊട്ടാണ് ആ സ്ത്രീയെ ഞാൻ കാണാൻ തുടങ്ങുന്നത്. പേര് ഓർമ്മയില്ല. എന്നോട് വലിയ സ്നേഹമായിരുന്നു. ഓരോ വരവിലും ഏറെ കളിപ്പാട്ടങ്ങൾ കൊണ്ട് വരും. എനിക്ക് കിട്ടിയ വിലകൂടിയ കോപ്പുകളെല്ലാം അവരിൽ നിന്നാണെന്ന് തോന്നുന്നു. ആ രാത്രി അണയുമ്പോൾ അമ്മയുടെ കൂട്ടുകാരിയും വീട്ടിൽ ഉണ്ടായിരുന്നു. പതിനൊന്ന് വയസ്സുള്ള എന്നെ അമ്മായി തട്ടിയുറക്കാൻ ശ്രമിച്ചതെല്ലാം ഇപ്പോഴുമൊരു താളമായി ശരീരത്തിലുണ്ട്.

‘എന്നെക്കുറിച്ച് ഓർക്കാതെ എന്തിനായിരിക്കും അമ്മയെ അച്ഛൻ…?’

ഞാൻ എന്നോട് തന്നെ ചോദിച്ച് മടുത്ത ചോദ്യമാണ്. ഉത്തരമില്ലായ്മയിൽ ജീവിതത്തിന്റെ ഗതി തന്നെ മാറുമെന്ന ഭയമൊക്കെ ഉടലെടുക്കുന്നുണ്ട്. അമ്മയുടെ കൂട്ടുകാരി എന്തിനായിരിക്കും പോരുന്നോയെന്ന് എന്നോട് ചോദിച്ചത്? ചോദ്യങ്ങൾ നിരവധി കുമിഞ്ഞ് വീണ രാത്രിയായിരുന്നുവത്.

പോളകളിൽ പറമ്പിലെ മൺകൂനകൾ തെളിയുകയാണ്. കണ്ണുകൾ അടച്ചാൽ കൃഷ്ണമണിയിൽ മണ്ണ് തറക്കുന്ന എരിച്ചിൽ. ചുറ്റുമുള്ള ലോകം ഇങ്ങനെയൊക്കെ തന്നെയാകുമെന്ന് ഊഹിച്ച് ഞാൻ സഹിച്ച് കിടന്നു. ഉറങ്ങാനായി തിരിഞ്ഞും മറിഞ്ഞും കിടന്നു. കാലുകളിൽ ആരോ തൊടുന്നത് പോലെ തോന്നുന്നത് വരെ നല്ല ഉറക്കമായിരുന്നു…

‘ശൂ…! മിണ്ടല്ലേ… അമ്മയാണ്… അമ്മ…!’

ശരിയായിരുന്നു. അമ്മായി അറിയാതെ അമ്മ കട്ടിലിൽ ഇരിക്കുന്നു. മുന്നിൽ തെളിഞ്ഞ രൂപത്തെ വിശ്വസിക്കാനാകാതെ കണ്ണുകൾ എത്രയോ വട്ടം ഞാൻ ചിമ്മി തുറന്നു. മിണ്ടാൻ തുടങ്ങിയപ്പോൾ അമ്മ എന്റെ വായ പൊത്തിപ്പിടിച്ച് എഴുന്നേൽക്കാൻ പറയുകയായിരുന്നു. ഞാൻ അനുസരിച്ചു. വിട്ട് പോയെന്ന് കരുതിയ എന്റെ അമ്മയല്ലേ…

‘എന്നേം കൊണ്ട് പോ അമ്മേ… ഞാനും വരുന്നു…!!’

മുറ്റത്തേക്ക് എത്തിയപ്പോൾ അമ്മയെ കെട്ടിപ്പിടിച്ചാണ് ഞാനത് പറഞ്ഞത്. ധൈര്യശാലിയായ തന്റെ മകൻ കരയുന്നോയെന്ന് മൊഴിഞ്ഞ് അമ്മ എന്റെ കവിളിൽ പിടിച്ച് ചുളിച്ചു. ശേഷം ഗൗരവ്വമായിത്തന്നെ ഒരു കാര്യം ബോധിപ്പിച്ചു. പറയുന്നത് രാത്രിയിൽ വന്ന് കയറിയ സ്ത്രീയെ കുറിച്ചാണെന്ന് മനസിലായപ്പോൾ ഞാൻ ശ്രദ്ധിച്ച് കേൾക്കുകയാണ്.

‘മോന് ഓർമ്മയില്ലേ ഓമനയേ…? അമ്മയുടെ ഏറ്റവും അടുത്ത കൂട്ടുകാരിയാണ്. മോൻ അവളുടെ കൂടെ പോണം… നിന്നെ അവൾ പ്രാണനെ പോലെ നോക്കും…’

എന്നും പറഞ്ഞ് അമ്മ എന്റെ നെറ്റിയിൽ ഉമ്മവെച്ചു. പതിപ്പിച്ച ചുണ്ടുകൾ അടർന്ന് മാറുമ്പോഴേക്കും ഇടത് വശത്തിൽ നിന്ന് അച്ഛൻ വരുകയായിരുന്നു. കൈയ്യിൽ കൊiടുവാiളാണെന്ന് തോന്നുന്നു. വന്നപാടെ എന്നെ തള്ളി താഴെയിട്ടു. ബോധം മറയുകയാണ്… അമ്മയുടെ നിലവിളി ഉയരുകയാണ്… ഉടലാകെ വിറച്ച് ഞാൻ കുതിരുകയാണ്…

‘മോനേ… മോനേ…!’

വാരിയെടുത്ത് വിളിക്കുന്നത് അമ്മയുടെ കൂട്ടുകാരിയായിരുന്നു. അമ്മാവനും അമ്മായിയും അവരുടെ പിള്ളേരും ചുറ്റിലുമുണ്ട്. വലുതല്ലാത്ത മഴ പെയ്യുകയാണ്. സ്ഥലകാല ബോധത്തിൽ പറമ്പിലെ മൂലയിലാണ് ഞാൻ ഉള്ളതെന്ന് മനസ്സിലായി. കൃത്യമായി പറഞ്ഞാൽ ജന്മം തന്ന മൺകൂനകളുടെ നടുവിൽ…

‘മോൻ എന്തിനാ ഇങ്ങോട്ട് വന്നത്…?’

അമ്മായിയാണ് ചോദിച്ചത്. കണ്ടത് സ്വപ്നമാണെന്ന് തിരിച്ചറിയാൻ വല്ലാതെ പ്രായസ്സപ്പെടുന്ന മാനസികാവസ്ഥ ആയിരുന്നുവത്. അപ്പോഴേക്കും എന്നെ എടുത്ത് അമ്മയുടെ കൂട്ടുകാരി വീട്ടിലേക്ക് നടന്നു. ശേഷം തല തുവർത്തി തന്നു. മഴയത്ത് കളിച്ച് കയറി വരുമ്പോൾ അമ്മയും ഇതുപോലെ എന്നെ തുവർത്തു മായിരുന്നു. തല കുലുങ്ങുമായിരുന്നു…

‘മോൻ എന്റെ കൂടെ വന്നൂടെ… കണ്ണുകൾ പോലെ നോക്കിക്കൊള്ളാം…!’

ആ സ്ത്രീ വീണ്ടും എന്നോട് പറഞ്ഞു. ഇത്തവണ വരുന്നെന്ന അർത്ഥത്തിൽ അറിയാതെ ഞാൻ മൂളിപ്പോയി.

‘അതിന് ഇതാരാണെന്ന് നിനക്കറിയോ…?’

അതിശയത്തോടെയാണ് അമ്മാവൻ ചോദിച്ചത്. അറിയാമെന്ന അർത്ഥത്തിൽ ഞാൻ മൂളി. തുടർന്ന് ഓമനയാന്റിയാണെന്നും പറഞ്ഞു. കേട്ടതും മോനേയെന്ന് വിളിച്ച് അമ്മയുടെ കൂട്ടുകാരി എന്നെ കെട്ടിപ്പിടിക്കുകയായിരുന്നു. എല്ലാവരുടേയും കണ്ണുകൾ നിറഞ്ഞ് പോയി.

‘അതെങ്ങനെ ശരിയാകും… അവന് എന്തറിയാം…?’

അമ്മാവൻ പറഞ്ഞു. കുറച്ച് ദിവസം നിന്ന് നോക്കട്ടേയെന്ന് അമ്മായിയാണ് ചേർത്തത്. അങ്ങനെ എല്ലാവരുടേയും സമ്മതത്തോടെ അന്ന് വൈകുന്നേരം ഓമനയാന്റിയുടെ കൂടെ ഞാൻ പോകുകയായിരുന്നു.

എന്ത് വിശ്വാസത്തിന്റെ ബലത്തിലാണ് അങ്ങനെയൊരു തീരുമാനമെന്ന് ചോദിച്ചാൽ അമ്മയുടെ ധൈര്യത്തിലെന്നേ പറയാനുള്ളൂ… ഒരു ഉറക്കത്തിൽ തട്ടി വിളിച്ച് അമ്മയെന്നോട് പറഞ്ഞത് സ്വപ്നമാണെന്ന് കരുതാൻ എനിക്ക് സാധിക്കുന്നതേയില്ല.

ജീവിതത്തിന്റെ ഗതി മാറ്റാൻ എന്നോണം മരിച്ചിട്ടും മുന്നിൽ തെളിഞ്ഞ അമ്മ യാഥാർഥ്യമായിരുന്നുവെന്ന് പറയും പോലെ, വർഷമൊന്ന് കഴിഞ്ഞപ്പോൾ ആന്റി എനിക്കൊരു കത്ത് തന്നു. കൊiല്ലപ്പെടുന്നതിന് മുമ്പ് അമ്മ അയച്ചതാണ് പോലും. ഞാനത് തുറന്ന് വായിച്ചു. കൂട്ടി വായിക്കാൻ യാതൊരു ബുദ്ധിമുട്ടും തോന്നിയില്ല. വിഷാദത്തിലും വിസ്മയം കലർത്തുന്ന ഈ ജീവിതം എത്ര വിചിത്രമാണെന്നതിന്റെ തെളിവായിരുന്നു ആ കത്ത്.

ഓമനയാന്റിയിൽ നിന്നും ഓമനയമ്മേയെന്ന് വിളിക്കുന്ന തലത്തിലേക്ക് ഞങ്ങളുടെ ബന്ധം പരിണാമപ്പെട്ടു. വളർന്ന് പുരുഷനായ ഈ വേളയിലും അമ്മയുടെ കൈപ്പടകളെ ഞാൻ ഓർക്കാറുണ്ട്. ഇടയ്ക്കൊക്കെ ആശ്ചര്യത്തോടെ വായിക്കാറുമുണ്ട്.

‘ഓമനേ…

ഇവിടുത്തെ കാര്യമൊക്കെ ആകെ പ്രശ്നമാണ്. എനിക്കെന്തെങ്കിലും സംഭവിച്ചാൽ എന്റെ മോന് നീയുണ്ടാകണം…!!!’

Leave a Reply

Your email address will not be published. Required fields are marked *