വിളിച്ചാൽ നിൽക്കുവോ എന്നു പ്രതീക്ഷയില്ലെങ്കിലും ഞാൻ വിളിച്ചു, ശാരികാ…വാക്കുകൾക്ക് വീണ്ടും ക്ഷാമം.

രചന : ശ്രീജിത്ത്‌ ആനന്ദ്, തൃശ്ശിവപേരൂർ

:::::::::::::::::::::::::::

ഉണ്ടായിരുന്ന ജോലി റിസൈന്‍ ചെയ്തു കൃഷിപണിയിലേക്ക് ഇറങ്ങിയപ്പോൾ കുറ്റം പറയാനേ ആളുകൾ ഉണ്ടായിരുന്നുള്ളു…

അല്ലെങ്കിലും സ്വപ്നങ്ങളിലേക്ക് എത്തിപിടിച്ചു അതിനായി ഓടിയത് വെറുതെയാണെന്നു തോന്നിതുടങ്ങിയത്, ടാർജറ്റും പ്രഷറും തലക്കുമുകളിൽ നിന്നു ഭ്രാന്തുപിടിപ്പിച്ചപ്പോഴാണ്. ഇഷ്ടങ്ങൾക്കു സമയമില്ലാതെ മനഃസമാദാനം ഇല്ലാതെ അക്കൗണ്ടിൽ വരുന്ന പണത്തിനു വേണ്ടി മാത്രമൊരു ജീവിതം.

ബാഗ് പാക്ക് ചെയ്തു കാറിന്റെ ഡിക്കിയിൽ വെക്കുമ്പോൾ, ഇനിയൊരു തിരിച്ചുവരവ് ഉണ്ടാവരുത് എന്നു മനസുകൊണ്ട് ഉറപ്പിച്ചിരുന്നു. മടുപ്പിക്കുന്ന തിരക്കുകൾ കൊണ്ടു മനസു അത്രക്കും മടുത്തിരുന്നു. വീട്ടിലേക്കു ഉണ്ടായിരുന്ന ജോലിയും കളഞ്ഞുള്ള തിരിച്ചു പോക്കാണെങ്കിലും മനസിൽ സങ്കടത്തിന്റെ ഒരു കണിക പോലും ഉണ്ടായിരുന്നില്ല.

അല്ലെങ്കിലും വീട്ടിലേക്കുള്ള മടക്കയാത്രയുടെ അത്രയും മനോഹരമായ എന്തുണ്ട്…?

തിരിച്ചെത്തുമ്പോൾ നന്നേ വൈകിയിരുന്നു. കാറിന്റെ ഹെഡ്ലൈറ്റിന്റെ വെളിച്ചം കണ്ടപ്പോഴേക്കും വാതിൽ തുറന്നു വരുമെന്ന് വിളിച്ചു പറഞ്ഞാൽ അന്ന് അമ്മയ്ക്കും അച്ഛനും ശിവരാത്രിയാണ്, എത്ര വൈകിയാലും ഉമ്മറത്തു ഉണ്ടാകും രണ്ടു പേരും.

പണ്ട് നന്ദുന്റേം കണ്ണന്റെയും കൂടെ ഉൽസവങ്ങൾക്കു വിടുമ്പോഴും ഇതു തന്നെ അവസ്ഥ. വർഷം പത്തു കഴിഞ്ഞിട്ടും ഇപ്പോഴും അതിനൊരു മാറ്റമില്ല. വല്ലതും കഴിച്ചോ നീയ്…? ഏതു പാതിരാത്രിക്കു കേറി ചെല്ലുമ്പോഴും ഈയൊരു ചോദ്യത്തിൽ നിറയാത്ത വയറുണ്ടോ…?

കുളികഴിഞ്ഞു അമ്മയുണ്ടാക്കിയ ചോറും മീൻ കറിയും കൂടി കഴിക്കുമ്പോ ഞാൻ അമ്മയോട് ചോദിച്ചത്…ജോലി വേണ്ടാന്നു വെച്ചതിനു അച്ഛൻ വല്ലോം പറഞ്ഞോ അമ്മേന്നു…അവനായിട്ടു പഠിച്ചു വാങ്ങിയതല്ലേ അവനു വേണ്ടെങ്കിൽ ഇങ്ങുപോന്നോട്ടെ എന്നാ പറഞ്ഞത്….അല്ലെങ്കിലും നിന്റെ ഇഷ്ടത്തിന് ഇവിടരാ എതിര് നിന്നേക്കണേ…

പിറ്റേന്ന് രാവിലെ എണീറ്റ്‌ കണ്ണന്റെ വീട്ടിലേക്കാണ് പോയത്. അവനെയും കുത്തിപ്പൊക്കി എണീപ്പിച്ചു നേരെ വടക്കുനാഥനിൽ പോയി. മനസറിഞ്ഞു ഒന്നുപ്രാർത്ഥിച്ചു. തൊഴുതിറങ്ങി. ഭാരത് ഹോട്ടലിലെ മസാല ദോശയും കഴിച്ചു കൊണ്ടിരിക്കുമ്പോഴാണ്….”എന്നാ നീ തിരിച്ചു പോണേ…?” എന്ന പതിവുചോദ്യം അവൻ ചോദിച്ചത്.

അതിനുഞാൻ ഇനി പോണില്ലല്ലോ മോനേ കണ്ണാ…

പിന്നെ…?

ബെസ്റ്റ്…എനിക്കു വട്ടായതല്ലല്ലോ അല്ലേ…? വല്യ പടിപ്പായിരുന്നല്ലോ…എഞ്ചിനീയറാവണം, കുറേ പൈസയുണ്ടാക്കണം…എല്ലാം ആയപ്പോൾ ഇപ്പോ പശുനെ വളർത്തണം പോലും…

അതല്ലടാ..കണ്ണപ്പാ..മടുത്തു. നീയൊക്കെ എവിടൊക്കെ പണിക്കു പോയാലും സ്വന്തം വീട്ടിൽ വന്നു മനസമാധാനത്തോടെ ഉറങ്ങണില്ലേ, അമ്മയുണ്ടാക്കിയ ചോറും കഴിച്ചു…

ഇപ്പോ അമ്മയല്ല ഭാര്യയാണ് ഉണ്ടാക്കണേ…കല്യാണം കഴിഞ്ഞതോടെ അമ്മ അടുക്കളയിൽ നിന്നു വിരമിച്ചുത്രേ…

അതു കൊള്ളാലോ…

അല്ലെങ്കിലും ഞാൻ പറയാറില്ലേ വല്യപഠിപ്പോണ്ടൊന്നും വല്യ കാര്യമില്ലെന്നു…നീയെവിടെ മാർക്ക്‌ വാങ്ങുന്നതിനു എനിക്കായിരുന്നു പൊല്ലാപ്പ്….അവനെ കണ്ടു പടി അവനെ കണ്ടു പടി…ഇനി നീ പുല്ലരിയുന്നതും ചാണകം വാരുന്നതും കാണുമ്പോൾ എന്നോട് അതു കണ്ടു പഠിക്കാൻ പറയോ എന്നാണ് എന്റെ പേടി എന്നും പറഞ്ഞവൻ ചിരിച്ചു.

കാര്യങ്ങളെല്ലാം പെട്ടന്നു നടന്നു. അല്ലെങ്കിലും ടാ…എന്നു വിളിച്ചാൽ എന്തിനാണ് എന്നുപോലും ചോദിക്കാതെ കേറി വണ്ടിടെ പിന്നിലിരിക്കുന്ന കൂട്ടുകാര് ഉള്ളപ്പോൾ എന്തിനാ ടെൻഷൻ അടിക്കണെ…? സത്യത്തിൽ ഇവരെയൊക്കെ വിട്ടുനിന്ന വർഷങ്ങളാണ് ഇഴഞ്ഞു നീങ്ങിയ പോലെ ആയിരുന്നത്.

അങ്ങിനെ ഫാമും പറമ്പിലെ കൃഷിയും വായനശാലയിലെ പുസ്തകങ്ങളും…തിരക്കിന്റെ ഇടയിൽ എപ്പോഴോ കൈവിട്ടുപോയ കുത്തികുറിക്കലുകളും…ഇടക്കൊക്കെ കണ്ണന്റേം നന്ദുന്റേം കൂടെ കുളക്കരയിൽ പോയിരുന്നുള്ള ബിയറടിയും…കണ്ണന്റെ നാടൻ പാട്ടും…എല്ലാം കൂടിയായപ്പോൾ മനസ്സ് സന്തോഷം കൊണ്ടു നിറഞ്ഞിരുന്നു.

ഒരുദിവസം മാർക്കറ്റിൽ പോയി ഫാമിലേക്കുള്ള തീറ്റ എടുത്തു വരുന്ന വഴിക്കാണ് എതിരെ സാരി ചുറ്റി കുടചൂടി വരുന്നവളുടെ മുഖം ശ്രദ്ധിച്ചത്.

ശാരിക…ട്യൂഷൻ എടുത്തിരുന്ന മാധവൻ മാഷിന്റെ മകൾ…

വർഷങ്ങൾക്കു ശേഷം പിന്നെയും കണ്ടു. പഴയെ പോലെ പിന്നിക്കെട്ടിയ മുടിയും നീല പാവാടയും വെള്ള ഷർട്ടും നെറ്റിയിലെ കുഞ്ഞു പൊട്ടും ഒന്നുമില്ല, ഒരുപാട് മാറി പോയിരിക്കുന്നു. ഇണങ്ങിയതും പിണങ്ങിയതും എല്ലാം ഞാൻ മറന്നുപോയി. ഒന്നിച്ചു പഠിച്ചവളോട്…കൂട്ട് കൂടി നടന്നവളോട്…ഇഷ്ട്ടം തോന്നിപ്പോയി.

ആർക്കായാലും തോന്നും അത്രക്കും ഐശ്വര്യമാണ് കാണാൻ. അടുത്തു വന്നിരിക്കുമ്പോൾ രാസ്നാദി പൊടിയുടെ മണവും…പലപ്പോഴും കണ്ണുകൾ തമ്മിൽ ഉടക്കാറുണ്ടെങ്കിലും പറഞ്ഞറിയിക്കാൻ പറ്റാത്തതെന്തോ തമ്മിൽ ഉണ്ടെന്നു അറിയാമായിരുന്നെങ്കിലും നേരിട്ടുപറയാൻ മാത്രം ധൈര്യം എന്നിൽ ഉണ്ടായിരുന്നില്ല എന്നതാണ് സത്യം.

കണ്ണനാണ് പറഞ്ഞത് കത്തെഴുതികൊടുക്കാമെന്നുള്ള ഐഡിയ…എന്റെ നല്ല സമയം ആയതുകൊണ്ട് ബാഗിൽ നിന്നു ചോറും പാത്രം എടുക്കാൻ വന്ന അവളുടെ അമ്മക്ക് തന്നെ ആ കത്തു കിട്ടി. അതോടെ തീർന്നു അവിടുത്തെ ട്യൂഷൻ.

തെറ്റു ചെയ്യാത്ത അവൾക്കും കിട്ടി അടി…അതുപോരാഞ്ഞ്‌ മാഷ് വീട്ടിൽ വന്നു പറഞ്ഞു. അന്നുവരെ തല്ലാത്ത അച്ഛൻ അന്ന് എന്നെ തല്ലി. ഒറ്റ അടിയേ അടിച്ചുള്ളു മുഖത്തു. വേദനയേക്കാൾ കൂടുതൽ സങ്കടമാണ് തോന്നിയത്.

പിറ്റേന്ന് മുതൽ അവൾ എന്നോട് മിണ്ടിയിട്ടില്ല. ക്ഷമാപണങ്ങൾ കൊണ്ടു മൂടിയിട്ടും ക്ഷമിച്ചു എന്നൊരു വാക്ക് പറയാത്തവളോട് പ്രണയമാണ് ഇന്നും…പതിയെ പതിയെ മറന്നു. അല്ല മറന്നപോലെ അഭിനയിച്ചുമഴ ചെറുതായി ചാറുന്നുണ്ടായിരുന്നു. നിറഞ്ഞു കിടക്കുന്ന പാടത്തിൽ നിറയെ വെള്ള താമരകൾ വിരിഞ്ഞു നിൽക്കുന്നുണ്ടായിരുന്നു. ഒരിക്കിലിവിടം അത്രമേൽ പ്രിയപ്പെട്ടതായിരുന്നു. ഒന്നിച്ചു നടന്നിരുന്ന വഴികൾ. അവൾക്കായി പറിച്ചു കൊടുത്ത താമരപൂക്കൾ. സന്തോഷം കൊണ്ടു കവിളിൽ തെളിഞ്ഞ നുണക്കുഴികൾ. പങ്കു വെച്ചുകഴിച്ച കോഫിബൈറ്റ് മിട്ടായികൾ. വീണ്ടുമൊരു കണ്ടുമുട്ടൽ…

വിളിച്ചാൽ നിൽക്കുവോ എന്നു പ്രതീക്ഷയില്ലെങ്കിലും ഞാൻ വിളിച്ചു, ശാരികാ…വാക്കുകൾക്ക് വീണ്ടും ക്ഷാമം.

കാലമിത്ര കഴിഞ്ഞിട്ടും തീർന്നില്ലെടോ തന്റെ വിദ്വേഷം…?

എനിക്കൊരു വിദ്വേഷവുമില്ല. അതൊക്കെ കഴിഞ്ഞകഥകളല്ലേ ശ്രീ….

നല്ലൊരു കൂട്ടായിരുന്നു ചിലപ്പോൾ അതിനുമപ്പുറം…പക്ഷേ അന്ന് സംഭവിച്ചത് വല്ലാത്തൊരു ഷോക്ക് ആയി. പറയുമ്പോൾ ചെറിയൊരു കാര്യമാണ്, പക്ഷേ എന്തോ വാശി. അതാണല്ലോ നമ്മളെ നയിക്കുന്നത്. പിന്നെ പിന്നെ അതൊരു ശീലായി. ശ്രീയും പിന്നീട് ഒരിക്കലും കാണാൻ വന്നിട്ടില്ലല്ലോ. വാശിക്ക് ഒട്ടും മോശമല്ലല്ലോ ശ്രീയും…പഠിക്കാൻ വേണ്ടി നാട് വിട്ടതാണോ…? അതോ നാടുവിടാൻ വേണ്ടി പഠിക്കാൻ പോയതാണോ…? തട്ടകത്തെ ഉത്സവത്തിനുപോലും ഞാൻ കണ്ടിട്ടില്ല. മനസുകൊണ്ട് പലപ്പോഴും തോന്നിയിട്ടുണ്ട് ഞാൻ ഒന്നു മിണ്ടിയെങ്കിൽ ശ്രീ പോവില്ലായിരുന്നു എന്നു…ശരിയല്ലേ…?

അവളുടെ ചോദ്യങ്ങൾക്കു മുന്നിൽ ഒരു ചിരികൊണ്ടു മറുപടി പറയാനേ എനിക്കു കഴിഞ്ഞുള്ളു.

മനസുതുറന്നു സംസാരിച്ചാൽ തീരാത്ത പിണക്കവും പരിഭവങ്ങളും ഉണ്ടോ. അല്ലേ…? ഇപ്പോ ഇവിടെ കൃഷിഭവനിൽ കൃഷിഓഫീസർ ആണ്. ഇനി നിന്നാൽ വൈകും. തൈ വിതരണം ഉള്ളതാണ്.

അവൾ നടന്നു നീങ്ങുമ്പോൾ ഒന്നുടെ ഞാൻ വിളിച്ചു ചോദിച്ചു. നാളെ വന്നാൽ തൈകൾക്കുള്ള അപേക്ഷ സ്വീകരിക്കോ എന്നു….

അതു മുൻപ് അപേക്ഷ വെച്ചവർക്കുള്ളതാ…എന്നാലും വരൂ…ജോലി കളഞ്ഞു കൃഷിചെയ്യാൻ ഇറങ്ങിയ ആളല്ലേ, പരിഗണിക്കാം…

പിറ്റേദിവസം വെള്ളപേപ്പറിൽ ഒരു അപേക്ഷഎഴുതി എൻവെലപ്പിൽ ഇട്ടു കൃഷി ഓഫിസിലേക്ക് ചെന്നു. ആ അപേക്ഷ അവളു ഒപ്പിട്ടു പാസ്സാക്കി ഇന്നു എന്റെ കൂടെയുണ്ട്.

കണ്ണന്റെ മുൻപിൽ വെച്ചു താലി കെട്ടി തുളസിമാലയിട്ടു കരം ചേർത്തു പിടിച്ചു ഞാനവളെ എന്റെ നല്ല പാതിയാക്കി. അന്ന് ക്ഷമാപണങ്ങൾ കൊണ്ടു മൂടിയിട്ടും ദേഷ്യമില്ല എന്നൊരു വാക്കിന് പിശുക്കു കാണിച്ചവൾ ഒരു കുന്നോളം സ്നേഹിക്കുന്നുണ്ട്.

ഇന്നവൾ എന്റെയാണ്, എന്റെ മാത്രം സ്വന്തമാണ്. ആത്മാർത്ഥ സ്നേഹത്തെ എത്രയൊളിപിച്ചാലും കാലം അതിനു വഴി തെളിക്കും, അതിനെ നമ്മോടു ചേർത്തുവെക്കും….

Leave a Reply

Your email address will not be published. Required fields are marked *