അൻപ്
എഴുത്ത്:-നവാസ് ആമണ്ടൂർ.
“ആദി നീയും ഇരിക്ക്, നമുക്ക് ഒരുമിച്ച് കഴിക്കാം…”
ഫസൽ ആദിലയെ നോക്കി പുഞ്ചിരിയോടെ ഭക്ഷണം കഴിക്കാൻ ക്ഷണിച്ചു. അത് കേട്ടപ്പോൾ ആദിക്ക് വിശ്വാസം വരാതെ അവനെത്തന്നെ നോക്കി നിന്ന് പോയി. കല്യാണം കഴിഞ്ഞിട്ട് പത്തു കൊല്ലം കഴിഞ്ഞു. ആദ്യമായിട്ടാണ് ഇങ്ങനെ. ഇന്നലെ രാത്രിയും ഇതുവരെ കാണാത്ത സ്നേഹം കണ്ടപ്പോൾ സാധാരണ രാത്രി മാത്രം കാണിക്കുന്ന സ്നേഹം ആണെന്ന് കരുതി. പക്ഷെ രാവിലെയും ആ സ്നേഹം തുടരുന്നു.
അവന്റെ ക്ഷണം കേട്ട് അടുക്കളയിൽ ഉണ്ടായിരുന്ന ഉമ്മയും ഞെട്ടി. തൊട്ടതിനും പിടിച്ചതിനൊക്കെ കുറ്റം പറയുകയും ചെറിയ കാര്യങ്ങൾക്ക് പോലും വഴക്ക് പറയുകയും ചെയ്യുന്ന സ്വഭാവമാണ് ഫസലിന്റെ. ഇടക്കിടെ അവനോട് ഉമ്മ പറഞ്ഞു കൊടുക്കാറുണ്ട് അവളോട് സ്നേഹത്തോടെ സംസാരിക്കാൻ. പക്ഷെ മാറ്റം ഉണ്ടായില്ല.
“ഇക്ക കഴിച്ചോ… ഞാൻ ഇവിടെ നിക്കാം.”
ഫസലിന്റ സംസാരത്തിലെ മാറ്റം അവളെ അത്ഭുതപ്പെടുത്തുന്നുണ്ട്…വിസ്മയത്തോടെ നോക്കി നിൽക്കുന്ന അവളുടെ കണ്ണുകൾ തിളങ്ങി.
കഴിഞ്ഞ ദിവസം രാവിലെ അടവിന്റെ പൈസ ചോദിച്ചതിന് എന്തൊക്കെയാ അവൻ പറഞ്ഞത്…
“ഇക്കാ… ഇന്നാണ് പൈസ അടക്കേണ്ടത്..”
“ചോദിക്കുമ്പോൾ എടുത്തു തരാൻ എനിക്ക് നോട്ട് അടിയൊന്നും ഇല്ല.”
“ഇക്കാ ഇത്താത്തയുടെ വീട്ടിൽ കൂടലിനു ഒരു വഴിയും ഇല്ലാതിരുന്ന സമയത്തു സ്ത്രീ ശക്തിയിൽ നിന്ന് എടുത്തതല്ലെ നമ്മൾ..”
“നിന്റെയൊരു ഒലക്ക ശക്തി.. വന്നു കയറിയപ്പോൾ മുതൽ ചിലവാണ്..”
“ഞാൻ എന്ത് ചിലവാക്കി… എന്നാ..”
“മിണ്ടാതെ ഇരുന്നോ…”
“ഞാൻ പറയാതെ പിന്നെ എങ്ങനെയാ ഇക്കാ…”
“എന്നെ കൊണ്ട് പറയിപ്പിക്കണ്ട… ഒരു കാര്യം പറച്ചിൽ… ചുമരിൽ വെച്ച് തേക്കും വല്ലാതെ കാര്യം പറഞ്ഞാൽ…”
അത് കേട്ടപ്പോൾ അവൾ മിണ്ടാതെ നിന്നു.
എല്ലാം പറഞ്ഞു കഴിഞ്ഞു പേഴ്സിൽ നിന്നും ഫസൽ ക്യാഷ് എടുത്തു കൊടുത്തു. നിറഞ്ഞ കണ്ണുകളോടെയാണ് അവൾ അത് വാങ്ങിയത്. ടൗണിലാണ് ഫസൽ ഓട്ടോ ഓടിക്കുന്നത്. രാവിലെ ഓട്ടോയുമായി പോയാൽ പിന്നെ രാത്രിയേ തിരിച്ചു വരൂ. അതിന്റെ ഇടയിൽ ഒന്ന് വിളിക്കുന്നത് പോലും അവന് ഇഷ്ടല്ല.
പലപ്പോഴും ആദില ചിന്തിക്കാറുണ്ട് എന്തിനാണ് അവന് അവളോട് ഇത്രയും ദേഷ്യം. എല്ലാത്തിനും ദേഷ്യം. ദേഷ്യം ഇല്ലാത്തൊരു സമയം ചില രാത്രികളിൽ മാത്രം. ആ സമയം മാത്രം കുറച്ചു സ്നേഹം പ്രകടിപ്പിക്കും. രണ്ട് മക്കളായി. നാളെ ശരിയാവും എന്ന് കരുതി ഓരോ ദിവസവും തള്ളി നീക്കുന്നു. അതിന്റെ ഇടയിലാണ് ഫസലിന് ഇങ്ങനെയൊരു മാറ്റം
ഭക്ഷണം കഴിച്ച് കൈ കഴുകി ഫസൽ അവളുടെ അരികിലേക്ക് ചെന്നു. അവളുടെ മുഖത്തോടു മുഖം നോക്കി നിന്നു. അവളുടെ കണ്ണുകളിലേക്ക് നോക്കാൻ കഴിയാതെ അവൻ പലവട്ടം മുഖം വെട്ടിച്ചു.
“വൈകുന്നേരം വരുമ്പോൾ എന്തെങ്കിലും വാങ്ങണോ…?”
“വേണ്ട ഇക്കാ… എല്ലാം ഉണ്ട്..”
“എന്തെങ്കിലും ആവശ്യം ഉണ്ടെങ്കിൽ വിളിക്ക്. ഞാൻ പോയി വരാം.”
അവൻ യാത്ര പറഞ്ഞു ഓട്ടോ എടുത്തു പോയി. ഇങ്ങനെയൊക്കെ ആദ്യമാണ്. ഇങ്ങനെയൊക്കെ പറഞ്ഞു സന്തോഷത്തോടെ ഭർത്താവ് പോകുന്നത് എത്ര വട്ടം ആഗ്രഹിച്ചതാണ് അവൾ. വർഷങ്ങൾ കഴിഞ്ഞപ്പോൾ ആഗ്രഹങ്ങളും മോഹങ്ങളും അവളിൽ ഇല്ലാതെയായി. ഒരു യന്ത്രം പോലെ അവൾ ജീവിച്ചു.
“മോളെ അവൻ ആകെ മാറിപ്പോയല്ലോ..?”
“ആ ഉമ്മ…”
“അവന്റെ ഈ സ്വഭാവം കാരണം ഉമ്മാക്ക് എപ്പോഴും സങ്കടമാണ്… ഇനി എല്ലാം മാറിക്കോളും..”
“എനിക്കും അങ്ങനെ തോന്നുന്നു. എന്നാലും പെട്ടന്ന് എന്താണ് ഇങ്ങനെ..”
“എന്തായാലും ഇത് സന്തോഷമാണ് മോളെ.”
ഫസൽ വണ്ടിയെടുത്ത് ടൗണിലേക്ക് പോകുന്ന സമയത്ത് ഇനി എന്നും അവളോട് സ്നേഹത്തോടെ മിണ്ടണം. നിസ്സാര കാര്യങ്ങൾക്ക് വഴക്ക് ഇടരുത്. ഇടക്ക് മൊബൈലിൽ വിളിച്ചാൽ സമയം ഉണ്ടെങ്കിൽ സംസാരിക്കണം. അങ്ങനെയൊക്കെ മനസ്സിൽ ചിന്തിക്കുന്നുണ്ട്. മാറണം.. ഇന്നലെ വരെ ഉണ്ടായിരുന്നത് പോലെ ഇനി ആവില്ലയെന്ന് അവൻ അവനോട് തന്നെ പറഞ്ഞു.
മാറാനുള്ള കാരണം അവൻ ആരോടും പറഞ്ഞില്ലെങ്കിലും ആ കാരണം മനസ്സിൽ നിറഞ്ഞു നിൽക്കുമ്പോൾ അവന് ഇങ്ങനെ ചിന്തിക്കാനെ കഴിയൂ.
കഴിഞ്ഞ ദിവസം ടൗണിലെ ഹോസ്പിറ്റലിൽ നിന്ന് ഒരു ഓട്ടം കിട്ടി. അരക്ക് താഴെ തളർന്ന ഒരു പെണ്ണും അവളുടെ ഭർത്താവും ആയിരുന്നു ഓട്ടോയിൽ കയറിയത്. ഓട്ടോയുടെ അരികിൽ വരെ അവളെ വീൽ ചെയറിൽ കൊണ്ട് വന്ന അയാൾ അവളെ പതുക്കെ പൊക്കി എടുത്തു ഓട്ടോയിലേക്ക് ഇരുത്തി.
അയാളെ കണ്ടപ്പോൾ മുതൽ എവിടെയൊ കണ്ട് മറന്ന മുഖം പോലെ ഫസലിന് തോന്നി.വണ്ടി മുന്നോട്ട് പോയപ്പോൾ ഫസൽ ചോദിച്ചു…
“എവിടെയാ വീട്..”
സ്ഥലം പറഞ്ഞപ്പോൾ ഫസലിന് മനസ്സിലായി. അവൻ പഠിച്ചതൊക്കെ അവിടെയുള്ള ഒരു സ്കൂളിൽ ആയിരുന്നു.
“ഫസലെ നിനക്ക് എന്നെ ഓർമ്മയില്ലേ…?”
വണ്ടി നിർത്തി ഫസൽ പിന്നിലേക്ക് തിരിഞ്ഞു…
“ശരീഫ്….. അല്ലെ..”
“ആം… അതേ.. ഇത് എന്റെ ഭാര്യ റംസി.”
“എത്ര കാലമായി നിന്നെ കണ്ടിട്ട്… ഭാര്യക്ക് എന്ത് പറ്റി..”
“ഇവൾക്ക് ആദ്യത്തെ പ്രസവത്തിൽ ഡോക്ടർക്ക് പറ്റിയ ഒരു കൈയബദ്ധത്തിൽ ഇങ്ങനെ ആയതാണ്..”
പക്ഷെ രണ്ട് പേരുടെയും മുഖത്ത് സങ്കടമോ, നിരാശയോ ഇല്ല. ഓട്ടോയിൽ കയറിയ സമയം മുതൽ അവൻ ശ്രദ്ധിക്കുന്നുണ്ട്. രണ്ടുപേർക്കും ഇടയിൽ സ്നേഹം മാത്രം.. അവന് എന്തൊരു കരുതലാണ് അവളോട്. അവളെ ചേർത്ത് പിടിച്ചാണ് അവന്റെ ഇരിപ്പ്.
“നീ ഇപ്പൊ പാടാറൊന്നും ഇല്ലേ…?”
“ന്റെ പൊന്നോ ഓർമ്മിപ്പിക്കല്ലെ ഇക്കാ.. ഞാനും മോളും ആണ് പുള്ളിടെ പാട്ടിന്റെ ഇരകൾ…”
അതും പറഞ്ഞു റംസി ചിരിച്ചു.
“അത്രക്ക് മോശമാണോ എന്റെ പാട്ട്.”
“ഞാൻ ചുമ്മാ പറഞ്ഞതല്ലെ…എന്റെ ഇക്കാടെ പാട്ട് സൂപ്പറല്ലെ..”
“ഓഹോ…. ഫസലെ കേട്ടില്ലേ.. പണ്ട് എനിക്ക് സ്റ്റേജിൽ പാടിയിട്ട് കുറേ സമ്മാനങ്ങൾ കിട്ടിയിട്ടുണ്ട്. പക്ഷെ ഇവൾ ഇടക്ക് കളിയാക്കി ആണെങ്കിലും പാട്ട് സൂപ്പർ ആണെന്ന് പറയുമ്പോൾ ഒരു അവാർഡ് കിട്ടിയത് പോലെയാ..”
മൂന്ന് പേരും ചിരിച്ചു… കുറച്ചു നേരത്തിന് ശേഷം വീടെത്തി. ശരീഫ് ഓട്ടോയിൽ നിന്ന് ഇറങ്ങി വീൽ ചെയർ എടുത്തു താഴെ വെച്ചു.
“ഡാ ഞാൻ പിടിക്കണോ….?”
“വേണ്ട ഡാ… ഇവൾ ഇതുവരെ എനിക്കൊരു ഭാരമായി തോന്നിയിട്ടില്ല. അതുകൊണ്ട് തന്നെ എത്ര ദൂരം വേണെങ്കിലും എന്നെ പെണ്ണിനെ ഇങ്ങനെ കൊണ്ട് പോകും..”
കല്യാണം കഴിഞ്ഞു ഒരു കൊല്ലം കഴിഞ്ഞു അരക്കു താഴെ തളർന്ന ഭാര്യ. അവളെ ശുശ്രൂഷിച്ച് ഒരു മടുപ്പും ഇല്ലാതെ ലാളിച്ചും ഓമനിച്ചും അവൻ കൂടെയുള്ളത് കൊണ്ട് ആയിരിക്കും ഇത്രയും വലിയൊരു സങ്കടം അവർക്കിടയിൽ ഉണ്ടായിട്ടും അതോർത്തു സങ്കടമൊ നിരാശയൊ അവൾക്ക് ഇല്ലാത്തത്.
അവരുടെ മോളെയും കണ്ട് കുറച്ചു നേരം ശരീഫിന്റെ ഒപ്പം സംസാരിച്ചിട്ടാണ് ഫസൽ അവിടെ നിന്ന് ഇറങ്ങിയത്. അവിടെ നിന്ന് പോന്നിട്ടും അവരുടെ സ്നേഹവും ചിരിയും സന്തോഷവും ഒന്നും അവന്റെ കണ്ണിൽ നിന്നോ മനസ്സിൽ നിന്നോ മായുന്നില്ല.
“ഡാ… എനിക്ക് ഇതുവരെ അവളൊരു ഭാരമായി തോന്നിയിട്ടില്ല. ഇവൾ പടച്ചോൻ എനിക്ക് തന്ന അനുഗ്രഹമാണ്. എന്റെ മരണം വരെ എന്റെ ഭാര്യയെ സന്തോഷത്തോടെ ഞാൻ നോക്കും.”
ആ സമയം മുതൽ അവൻ ചിന്തിക്കുന്നത് ആദിലയെ പറ്റിയാണ്. അവൾ ഒന്ന് ചിരിച്ചു കണ്ടിട്ട് കാലമെത്രയായി. അവളെ മുഖത്തേക്ക് സന്തോഷത്തോടെ നോക്കാറില്ല. അവളോട് സ്നേഹത്തോടെ സംസാരിക്കാറില്ല. എപ്പോഴും ഓരോന്ന് പറഞ്ഞു വഴക്കിടും…
ശരീഫും റംസിയും ഒരു കുഞ്ഞി വെട്ടമായി ഫസലിന്റ മനസ്സിൽ തെളിഞ്ഞു നിൽക്കുമ്പോൾ ആദിയെ പറ്റി ഓർത്ത് അവന് സങ്കടം വരാൻ തുടങ്ങി. കണ്ണുകൾ നിറഞ്ഞു.
“ഫസലെ… നീയും മക്കളും ഈ വീടും അല്ലെ അവളുടെ ലോകം. നീ ഇങ്ങനെ എല്ലാത്തിനും അവളെ കുറ്റപ്പെടുത്തി സംസാരിക്കരുത്. പുഞ്ചിരിയോടെ സ്നേഹത്തോടെയൊക്കെ നിനക്ക് അവളോട് സംസാരിച്ചൂടെ… ? അവൾ നിന്റെ ജീവന്റെ പാതിയല്ലെ മോനെ…”
പലപ്പോഴും ഉമ്മ അവനോട് പറഞ്ഞിട്ടും അതൊന്നും അവന്റെ മനസ്സിലേക്ക് കയറിയില്ല. പക്ഷെ ഇപ്പൊൾ എല്ലാം അവൻ തിരിച്ചറിയുന്നു.
ഓട്ടം കഴിഞ്ഞു രാത്രി വീട്ടിൽ വന്നു കുളിച്ചു ഭക്ഷണം കഴിച്ചു കിടന്നപ്പോൾ മുതൽ അവന്റെ മനസ്സിൽ സങ്കടമുണ്ട്. ആദില അടുത്ത് വന്നു കിടന്നപ്പോൾ ഫസൽ അവളെ ചേർത്ത് പിടിച്ചു ചുണ്ടിൽ ചുംബിച്ചു.
“സോറി… മോളെ…”
“എന്തേ ഇക്കാ….”
“ഒന്നുല്ല….”
ഇരുട്ടിൽ ആയതോണ്ട് ഫസലിന്റെ കണ്ണ് നിറഞ്ഞത് അവൾ കണ്ടില്ല.ഇരുട്ടിൽ ആയതോണ്ട് സങ്കടം നിറഞ്ഞ അവന്റെ മുഖവും അവൾ കണ്ടില്ല.
ഓട്ടോ ലാൻഡിൽ എത്തിയപ്പോൾ ഫസൽ മൊബൈൽ എടുത്തു അവളെ വിളിച്ചു സംസാരിച്ചു.
“ഞാൻ കുറച്ചു നേരത്തെ വരാം… നമുക്ക് എല്ലാവർക്കും കൂടി പുറത്ത് പോയി ഭക്ഷണം കഴിക്കാം..”
“ഇക്കാക്ക് എന്താ പറ്റിയത്…”
“എനിക്ക് ഒന്നും പറ്റിയില്ല ആദി.. ഇന്നലെ വരെ എനിക്ക് നീ ഒരു ഭാരമായിരുന്നു… പക്ഷെ ഇപ്പൊ എനിക്ക് നിന്നെ ഭാരമായി തോന്നുന്നില്ല.. നിന്നെ ഞാൻ ഒരുപാട് സങ്കടപ്പെടുത്തിയിട്ടുണ്ട്.. ഇനി അങ്ങനെയൊന്നും ഉണ്ടാവില്ല..”
അവൻ പറഞ്ഞത് കേട്ടപ്പോൾ സന്തോഷം കൊണ്ട് ആദിലയുടെ കണ്ണും നിറഞ്ഞിരുന്നു.
ചിലരുടെ സ്നേഹം കാണുമ്പോൾ നമ്മളെ അകക്കണ്ണുകൾ തുറക്കും. ആ സ്നേഹം മാറ്റങ്ങളുടെ വഴിയിൽ വെളിച്ചമായി മാറും. ആ സമയവും മാറാൻ തയ്യാറായില്ലെങ്കിൽ പിന്നെ എപ്പോഴാണ് നിങ്ങളിൽ മാറ്റം ഉണ്ടാവുക.
