പേടിക്കേണ്ട, ഞാനിവിടെ ഒറ്റയ്ക്കേ ഉള്ളു, എഴുപത് വയസ്സായ എനിക്ക് തന്നെ ഒന്നും ചെയ്യാൻ കഴിയില്ല ,താനെന്തായാലും വന്ന സ്ഥിതിക്ക് വെറുംകൈയ്യോടെ പോകണ്ട, ഇങ്ങോട്ട് കയറി വരൂ……

എഴുത്ത്:-സജി തൈപ്പറമ്പ്

അച്ഛൻ്റെ മരണശേഷം, തനിച്ചായ അമ്മയെ ആര് കൂട്ടി കൊണ്ട് പോകുമെന്ന ചർച്ച സജീവമായപ്പോഴാണ്, അച്ഛനുറങ്ങുന്ന തറവാടുപേക്ഷിച്ച്, താൻ എങ്ങോട്ടുമില്ലെന്ന നിലപാടിൽ അമ്മ ഉറച്ച് നിന്നത് .

ദിവസവും വീഡിയോ കോള് ചെയ്യാമെന്നും ആഴ്ചയിലൊരിക്കൽ മക്കളിൽ ആരെങ്കിലുമൊരാള് നേരിട്ട് വന്ന് അമ്മയെ കാണാമെന്നുമുള്ള ഉറപ്പ് കൊടുത്തിട്ടാണ്, അവര് ആറ് മക്കളും ഫാമിലി യോടൊപ്പം തിരിച്ച് പോയത്

ആ ഉറപ്പ് പാലിക്കാൻ മക്കളെ കൊണ്ട് കഴിയില്ലെന്ന് ആ അമ്മയ്ക്ക് നന്നായി അറിയാമായിരുന്നു

കാരണം, അച്ഛൻ്റെ രോഗം മൂർച്ഛിച്ചപ്പോൾ, വിദഗ്ദ ചികിത്സ കൊടുക്കണമെന്നും, വേണമെങ്കിൽ അമേരിക്കയിൽ വരെ കൊണ്ട് പോകാമെന്നും പറഞ്ഞവരാണ്, അതിനുള്ള ചിലവ് ആര് ഏറ്റെടുക്കുമെന്ന തർക്കത്തിനൊടുവിൽ, നമ്മുടെ നാട്ടിലെ സർക്കാർ ആശുപത്രിയെക്കാൾ മികച്ച ചികിത്സ, എങ്ങും കിട്ടില്ലെന്ന് ഒരേ സ്വരത്തിൽ പറഞ്ഞ് പ്രശ്നം പരിഹരിച്ചത്.

മക്കളും കുടുംബവും മടങ്ങിയപ്പോൾ ആളൊഴിഞ്ഞ പൂരപ്പറമ്പ് പോലെ വിജനമായ തറവാട്ടിൽ മൂകത നിറഞ്ഞ് നിന്നപ്പോഴാണ് ഭർത്താവിൻ്റെ ഇടയ്ക്കിടെയുള്ള ദേവകീ എന്ന വിളിയിൽ ശബ്ദമുഖരിതമായിരുന്ന അന്തരീക്ഷത്തിൻ്റെ സുരക്ഷിതത്വം എത്ര വലുതായിരുന്നെന്ന് അവർ തിരിച്ചറിഞ്ഞത്

രാവേറെയായിട്ടും ഉറക്കം വരാതെ തേക്ക് പലക നിരത്തിയ മച്ചിലെ മാറാലയിൽ നോക്കി കിടക്കുമ്പോഴാണ് മച്ചിൻ പുറത്തേയ്ക്ക് ഭാരമുള്ള എന്തോ വീഴുന്ന ശബ്ദം ദേവകി കേട്ടത്

മരപ്പട്ടി വീണ്ടും കയറിയിരിക്കുന്നു, കഴിഞ്ഞ പ്രാവശ്യം വന്ന മരപ്പട്ടി, പ്രസവം കഴിഞ്ഞ് കുഞ്ഞുങ്ങളോടൊപ്പം തിരിച്ച് പോയിട്ട് കുറച്ച് നാളുകളായി,

ചിലപ്പോൾ അത് തന്നെ വീണ്ടും പ്രസവത്തിനായി വന്നതാവാം ,അന്ന് പ്രസവിച്ച മക്കളൊക്കെ സ്വയം ഇരപിടിക്കാൻ തുടങ്ങിയപ്പോൾ അമ്മയെ ഉപേക്ഷിച്ച് പോയിക്കാണും , അതാണല്ലോ പ്രകൃതി നിയമം ,

ഇനിയും പ്രസവിക്കുന്ന മക്കൾ കൂടെയുണ്ടാവുമെന്ന ഉറപ്പില്ലെങ്കിലും പ്രസവിക്കാതിരിക്കാൻ അതിന് കഴിയില്ലല്ലോ ?അതും പ്രകൃതി നിയമം തന്നെ ,

മച്ചിൻ്റെ തുലാസിൽ തൂങ്ങിയാടുന്ന പഴയ ഖൈതാൻ ഫാനിൻ്റെ മുരൾച്ച കൂടാതെ മറ്റൊരു കാലടി ശബ്ദം കൂടെ കേട്ടപ്പോൾ ദേവകി ചെവി വട്ടം പിടിച്ചുഅതെ, മച്ചിൻ്റെ മുകളിലൂടെ ആരോ നടക്കുന്നുണ്ട് ,അത് പക്ഷേ മരപ്പട്ടിയല്ല ,അതിനിത്ര ശബ്ദമുണ്ടാവില്ല ,ഇതൊരു മനുഷ്യൻ കൃത്യമായ അകലത്തിൽ കാല് വലിച്ച് വയ്ക്കുന്ന ശബ്ദമാണ്

അങ്ങനെയെങ്കിൽ ഓട് പൊളിച്ച് മച്ചിന് മുകളിലേയ്ക്ക് കള്ളൻ ചാടി വീണ ശബ്ദമാണ് മുൻപേ താൻ കേട്ടതെന്ന് ദേവകി ഉറപ്പിച്ചു

അവർക്ക് ഒട്ടും ഭീതി തോന്നിയില്ല കാരണം വിലപിടിപ്പുള്ളതൊന്നും ഇവിടിരിപ്പില്ല ,അങ്ങനെയുള്ളതൊക്കെ അച്ഛൻ മരിക്കുന്നതിന് മുമ്പ് മക്കൾക്ക് വീതിച്ച് കൊടുത്തിരുന്നു തന്നെ മാത്രം മക്കളെ ആരെയും ഏല്പിച്ചില്ല ,ഒരു പക്ഷേ തൻ്റെ മരണം വരെ അദ്ദേഹവുമുണ്ടാകുമെന്ന വിശ്വാസം കൊണ്ടായിരിക്കും അത് ചെയ്യാതിരുന്നത്

നേരത്തെ കേട്ട കാലടി ശബ്ദം ഇപ്പോൾ മച്ചിൽ നിന്നിറങ്ങുന്ന കോണിപ്പടികളിലേയ്ക്ക് മാറിയിട്ടുണ്ട്, തുറന്ന് കിടന്നിരുന്ന തൻ്റെ മുറിയുടെ വാതിലിലൂടെ ദേവകിക്ക് കോണിപ്പടിയുടെ താഴത്തെ ഭാഗം കാണാമായിരുന്നു

കോണിപ്പടിയോട് ചേർന്നുള്ള തുറന്ന ജനാലയിലൂടെ അകത്തേയ്ക്ക് പരന്നൊഴുകിയ നിലാവെളിച്ചത്തിൽ താഴേയ്ക്കിറങ്ങി വരുന്ന കള്ളനെ ദേവകി ഒരു നിഴല് പോലെ കാണുന്നുണ്ടായിരുന്നു

അവിടെ ഒന്നുമില്ല ഇങ്ങോട്ട് പോന്നോളു ,,

തൻ്റെ മുറി കടന്ന് അപ്പുറത്തേയ്ക്ക് പോകാനൊരുങ്ങുന്ന രാത്രീഞ്ചരനോട് ദേവകി ഉറക്കെ വിളിച്ച് പറഞ്ഞു

അത് കേട്ട കള്ളൻ ഒന്ന് ഞെട്ടി തിരിച്ച് പടി കയറാൻ തുടങ്ങി

പേടിക്കേണ്ട, ഞാനിവിടെ ഒറ്റയ്ക്കേ ഉള്ളു, എഴുപത് വയസ്സായ എനിക്ക് തന്നെ ഒന്നും ചെയ്യാൻ കഴിയില്ല ,താനെന്തായാലും വന്ന സ്ഥിതിക്ക് വെറുംകൈയ്യോടെ പോകണ്ട, ഇങ്ങോട്ട് കയറി വരൂ,,

ദേവകി കട്ടിലിൽ നിന്നെഴുന്നേറ്റ് ലൈറ്റിട്ടു ,

താനാ മുഖം മൂടി ഒന്ന് മാറ്റിക്കേ,, ഞാൻ ആളെയൊന്ന് കാണട്ടേ,,

നിഷ്കളങ്കയായൊരു വയോധികയാണ് തൻ്റെ മുന്നിലിരിക്കുന്നതെന്ന് മനസ്സിലാക്കിയ കള്ളൻ മുഖം മൂടി മാറ്റി.

ആങ്ങ്ഹാ തനിക്ക് എൻ്റെ ഇളയ മകൻ്റെ പ്രായമല്ലേയുള്ളു? എന്ത് മോഷ്ടിക്കാനാണ് താനിവിടെ കയറിയത് ?

എനിക്ക് കുറച്ച് കാശ് വേണമായിരുന്നു, ഒരു പാട് ഒന്നും വേണ്ട ,നാലഞ്ച് ദിവസം ഭക്ഷണം കഴിക്കാനുള്ളത് മതി ,

ഭക്ഷണം കഴിക്കാനാണോ താൻ മോഷ്ടിക്കുന്നത് ? തനിക്ക് എന്തേലും ജോലിക്ക് പൊയ്ക്കൂടെ നല്ല ആരോഗ്യമുണ്ടല്ലോ?

ഞാൻ ജയിലിൽ നിന്ന് വന്നവനായത് കൊണ്ട് എനിക്കാരും ജോലി തരുന്നില്ല

ഓഹോ അപ്പോൾ താനൊരു സ്ഥിരം കുറ്റവാളിയാണല്ലേ?

അല്ല ഞാൻ കുറ്റവാളിയൊന്നുമല്ല കൈയ്യബദ്ധം കൊണ്ട് എനിക്കൊരു തെറ്റ് പറ്റി, അങ്ങനെ ജയിലിലായതാണ്

ശരി ,അതൊക്കെ പോട്ടെ, തനിക്ക് ഭക്ഷണം മാത്രം കഴിച്ചാൽ മതിയെങ്കിൽ , താൻ എൻ്റെ കൂടെ നിന്നോളു ,ഞാൻ മരിക്കും വരെ തനിക്ക് മൂന്ന് നേരവും ഞാൻ ഭക്ഷണം തരാം ,അല്ലാതെ ശമ്പളമൊന്നും തരാൻ എനിക്ക് കഴിയില്ല,,

കുറച്ച് നേരം ആലോചിച്ചിട്ട് അയാൾ സമ്മതമറിയിച്ചു

തത്ക്കാലത്തേയ്ക്ക് അവിടെ നില്ക്കാമെന്നും രണ്ട് ദിവസം കഴിഞ്ഞ് തിരിച്ച് പോകാമെന്നും കരുതിയാണ് അയാൾ സമ്മതിച്ചതെങ്കിലും ഓരോ ദിവസം കഴിയുന്തോറും ആ വൃദ്ധ തന്നോട് കാണിക്കുന്ന വാത്സല്യവും ആ പഴയ നാല് കെട്ടിനുള്ളിൽ നിന്ന് കിട്ടുന്ന സ്വാതന്ത്ര്യവും അയാളെ സ്വന്തം വീടിനെയും അമ്മയെയും ഓർമ്മിപ്പിച്ചു.

ഒരു മലവെള്ളപ്പാച്ചിലിൽ ഉറ്റവരും ഉടയവരുമെല്ലാം നഷ്ടപ്പെട്ട അയാൾ ദുഃഖം താങ്ങാനാവാതെ നാട് വിട്ടതായിരുന്നു ,എവിടെയൊക്കെയോ അലഞ്ഞ് തിരിഞ്ഞു ,ഒടുവിൽ ഒരു ദിവസം അനാഥനായി ജീവിക്കുന്നതിലും ഭേദം മരിക്കുന്നതാണെന്ന് തോന്നിയ അയാൾ കെട്ടിത്തൂiങ്ങി മരിക്കാനായി തീരുമാനിച്ചു

അന്ന് രാത്രിയിൽ , അയാൾ പകല് കറങ്ങി നടന്ന സ്ഥലത്തെ ഒരു വീട്ടിലെ ടെറസ്സിൽ കയറി, തുണി വിരിച്ചിരുന്ന കയറ് അഴിച്ചെടുക്കുന്നതിനിടയിൽ, വീട്ടുകാരും നാട്ട്കാരും ചേർന്ന് അയാളെ പിടിച്ച് കള്ളനെന്ന് മുദ്രകുത്തി പോലിസിലേല്പിച്ചു

ശിക്ഷാ കാലയളവ് കഴിഞ്ഞ് പുറത്തിറങ്ങി പലരോടും ജോലി അന്വേഷിച്ചപ്പോൾ അവരൊക്കെ ചോദിച്ചത് അയാളുടെ ഐഡിയായിരുന്നു

ജയിലിൽ നിന്നിറങ്ങിയത് പോരാഞ്ഞിട്ട് ,വീടും , നാടും , ബന്ധുക്കളൊന്നു മില്ലാത്ത അയാൾക്ക് വിശ്വസിച്ച് ജോലി കൊടുക്കാൻ ആരും തയ്യാറായില്ല.

അങ്ങനെയാണ് വിശന്ന് വലഞ്ഞ അയാൾ ദേവകിയുടെ വീട്ടിൽ കയറിയത്

ദേവകിയും ഇപ്പോൾ സന്തുഷ്ടയാണ് ,കാരണം അടിയന്തിരം കഴിഞ്ഞ് ഇടയ്ക്ക് വരാമെന്നും എന്നും വിളിക്കാമെന്നും പറഞ്ഞ് പിരിഞ്ഞ് പോയ മക്കൾ, അവരെ മറന്ന് പോയെന്ന ചിന്ത ,തെല്ലും അവരെ അലട്ടുന്നില്ല ,നൊന്ത് പ്രസവിച്ച മക്കളൊക്കെ സ്വന്തം കാര്യം നോക്കി പോയപ്പോൾ ,ഒറ്റയ്ക്കായ് പോയ തന്നോട്, കനിവ് തോന്നിയ ദൈവമാണ്, തനിക്ക് മറ്റൊരു മകനെ തന്നതെന്ന് അവർ വിശ്വസിച്ചു കഴിഞ്ഞു ,

Leave a Reply

Your email address will not be published. Required fields are marked *