സ്നേഹം
രചന: NKR മട്ടന്നൂർ
————————
ഏട്ടനായിരുന്നു അവര്‍ക്ക് എല്ലാം…ആ ഏട്ടന് താഴെ രണ്ടു പെണ്ണും ഒരാണുമുണ്ടായിരുന്നു.
ടൗണിലെ ”കൂലി” ആയിരുന്നു ഏട്ടന്‍….ആ ജോലി ചെയ്തു കിട്ടുന്നത് കൊണ്ടാണ് താഴത്തുള്ളവരെ പരിപാലിക്കുന്നതും പഠിപ്പിക്കുന്നതും….ആ ഏട്ടന്‍റുള്ളില്‍ വലിയൊരു മോഹമുണ്ടായിരുന്നു. ആരും എന്നെ പോലെ കഷ്ടപ്പെടരുതെന്നത്.
അമ്പതു കിലോ ഭാരമുള്ള ചാക്ക് തോളിലേറ്റുമ്പോഴും ആ ഏട്ടന്‍റെ മനസ്സെപ്പോഴും അവരെ ഓര്‍ത്ത് മന്ദഹസിച്ചിരുന്നു. ജീവിക്കാന്‍ ഏതു ജോലി ചെയ്താലും തന്‍റെ അധ്വാനം പാഴാകുന്നില്ലല്ലോ എന്ന ചിന്ത.
മൂന്നുപേരും നല്ലപോലെ പഠിക്കുമായിരുന്നു. ഏട്ടന്‍റെ സ്വപ്നങ്ങളോടുള്ള വാശി എന്നപോലെ….പറക്കമുറ്റാത്ത നാലു മക്കളുമായ് ഒരു ജീവിത വഞ്ചി മറുകര തേടി തുഴയവേ പാതി വഴിയില്‍ വീണുടഞ്ഞു പോയ അച്ഛനമ്മമാരുടെ ഓര്‍മ്മകളുണ്ട് ആ നാലു മക്കളുടേയും നെഞ്ചകം നിറയേ…
ജോലിക്കിടെ നെഞ്ചുവേദന അനുഭവപ്പെട്ട വീണു പോയതായിരുന്നു അച്ഛന്‍…ആ മരണ വാര്‍ത്തയറിഞ്ഞപ്പോള്‍ തന്നെ കുഴഞ്ഞു വീണു പ്രാണന്‍ വെടിഞ്ഞതാ അവരുടെ അമ്മയും…
തിരുമുറ്റത്ത് വെള്ളപുതപ്പിച്ചു കിടത്തിയ അച്ഛന്‍റേയും അമ്മയുടേയും ദേഹത്ത് വീണ് പൊട്ടിക്കരഞ്ഞു കൊണ്ട് ഞങ്ങള്‍ക്കാരുമില്ലെന്ന് വിലപിച്ച ആ മൂന്നു പേരേയും നെഞ്ചോടു ചേര്‍ത്തു പിടിച്ച ഒരു പതിനെട്ടുകാരനായിരുന്നു അന്ന് ആ ഏട്ടന്‍…
ആറുവര്‍ഷങ്ങള്‍ക്കിപ്പുറം ആ ഏട്ടനവരുടെ…അച്ഛനായും അമ്മയായും ഏട്ടനായും അവര്‍ക്കൊപ്പമുണ്ട് എപ്പോഴും…ഒന്നറിയാം അവര്‍ക്കും…ഞങ്ങളുടെ എല്ലാമെല്ലാമാണ് ഈ ഏട്ടന്‍…
നീതുവും നിത്യയും അരുണും…
തൃസന്ധ്യയ്ക്കു മുന്നേ മൂവരും കുളി കഴിഞ്ഞു ഉമ്മറത്തിരുന്ന് നാമം ജപിക്കുമ്പോഴാവും മിക്ക ദിവസങ്ങളിലും ഏട്ടന്‍ കയറി വരിക…എല്ലാവര്‍ക്കും എന്തേലും പൊതിഞ്ഞു കെട്ടിക്കൊണ്ടുവരും എന്നും…അത് ഏഴുമണിക്കുള്ള ചായയുടെ കൂടെ കഴിക്കും.
നീതുവിന് വയസ്സ് ഇരുപത്തി രണ്ടായി. ഡിഗ്രി കഴിഞ്ഞു അവള്‍ പഠിപ്പു നിര്‍ത്തുകയായിരുന്നു. ആരു നിര്‍ബന്ധിച്ചിട്ടും വീട്ടു പണികളുമായ് അവള്‍ അടുക്കളയില്‍ കൂടി. നിത്യയ്ക്കും അരുണിനും വേണ്ടി ചെയ്തൊരു ത്യാഗമാണതെന്ന് ആര്‍ക്കും മനസ്സിലായില്ല.
പക്ഷേ ഒരു രാത്രി ഏട്ടന്‍ പറഞ്ഞതു കേട്ടപ്പോള്‍ അവള്‍ ഞെട്ടിപ്പോയി….അനിയത്തിക്കും അനിയനും നല്ലപോലെ പഠിക്കാനുള്ള അവസരമാവാന്‍ സ്വയംമാറി നിന്നതായിരുന്നു ഏട്ടന്‍റെ നീതു മോള്‍ അല്ലേ…?
ഏട്ടന്‍റെ കഷ്ടപ്പാടുകള്‍ ഇത്തിരി കുറഞ്ഞോട്ടെ എന്നു ആശ്വാസിച്ചതാവും അല്ലേ…? ഒന്നും മിണ്ടാതെ ഏട്ടനരികില്‍ തല കുനിച്ചു നിന്നു…എന്‍റെ മക്കളെല്ലാം ഏട്ടനെക്കുറിച്ചോര്‍ത്തു ഒരുപാട് സങ്കടപ്പെടുകയാണല്ലോ…?
നിങ്ങളിലാര്‍ക്കെങ്കിലും ഒരാള്‍ക്ക് ഒരു ജോലി കിട്ടിയാലേ ഏട്ടനൊരു സമാധാനം കിട്ടുകയുള്ളൂ. അങ്ങനെ നീതു പി എസ് സി യുടെ പിറകേ പോയി. രണ്ടു മണിക്കൂര്‍ കോച്ചിങ്ങിനു പോയി തുടങ്ങി. പരീക്ഷകള്‍ക്കെല്ലാം ഏട്ടനവളെ കൊണ്ടുപോയി.
ഒടുവില്‍ അവളും ലിസ്ററില്‍ വന്നു. ഇന്‍റര്‍വ്യൂവിനുള്ള കത്തു കിട്ടിയപ്പോഴേ വീട്ടില്‍ ആഹ്ലാദം ഓടിവന്നുള്ളൂ. ആ നാലുപേരും ഒരു ഹൃദയവും നാല് ഉടലുമായ് ചേര്‍ന്നു നിന്നു. അങ്ങനെ നീതു വില്ലേജ് ഓഫീസില്‍ ജോലിക്കു കേറാനുള്ള ദിവസമെത്തി.
ഏട്ടന്‍റെ മുഖത്തായിരുന്നു ഏറ്റവും സന്തോഷം. രാവിലെ നാലുപേരും കുളിച്ചു അമ്പലത്തില്‍ പോയി തൊഴുതു പ്രാര്‍ത്ഥിച്ചു. വീട്ടിലെത്തി അമ്മയുടേയും അച്ഛന്‍റേയും ഫോട്ടോയ്ക്കു മുന്നിലും അവള്‍ കൈകൂപ്പി നിന്നു.
ഏട്ടനപ്പുറം മറഞ്ഞു നിന്ന് കണ്ണുകളൊപ്പുന്നത് കണ്ടപ്പോള്‍ മൂന്നു പേര്‍ക്കും കരച്ചില്‍ വന്നു. നീതു ഏട്ടനരികിലേക്ക് പോയി ആ കാല്‍ തൊട്ടു വന്ദിച്ചു…ഏട്ടന്‍റെ അനുഗ്രഹം എന്‍റെ മക്കളുടെ കൂടെയുണ്ടാവും എന്നും…അവനവളെ എഴുന്നേല്‍പിച്ചു.
നീതു ഏട്ടന്‍റെ കണ്ണുകളിലേക്ക് നോക്കി. രണ്ടു നീര്‍ത്തുള്ളികള്‍ കാണാം ഇരു മിഴികളിലും…അവളാ നെഞ്ചിലേക്ക് വീണു…എന്‍റെ ഏട്ടനെന്തിനാ കരയുന്നേ…?
അവനവളെ മാറോടു ചേര്‍ത്തു. എന്‍റെ മോള്‍ക്കു നല്ലതേ വരൂ…
ഏട്ടനെന്തേലും സംഭവിച്ചാലും താഴത്തുങ്ങളെ നോക്കാന്‍ എന്‍റെ മോളുണ്ടല്ലോ എന്നോര്‍ത്തപ്പോള്‍ കണ്ണു നിറഞ്ഞുപോയതാ. ഏട്ടാ…കരഞ്ഞുകൊണ്ട് നിത്യയും അരുണും കൂടി ഓടി വന്നാ നെഞ്ചില്‍ വീണു. മൂന്നുപേരേയും ചേര്‍ത്തണച്ചു ആ ഇരു കൈകള്‍…
ഞങ്ങളുടെ ഏട്ടനൊന്നും സംഭവിക്കില്ല…അങ്ങനെന്തേലും സംഭവിച്ചാല്‍ ഞങ്ങളും വരും ആ കൂടെ….അതൊരു ഉറച്ച സ്വരമായിരുന്നു…
പിന്നേയും ആ ഏട്ടന്‍റെ മിഴികള്‍ നിറഞ്ഞൊഴുകി…ഇല്ലെടാ ഈ ഏട്ടനൊന്നും സംഭവിക്കില്ലാ…നിങ്ങളുടെ പ്രാര്‍ത്ഥന ഉണ്ടല്ലോ ഏട്ടന്‍റെ കൂടെ…നീതുമോള്‍ പോയി മുഖം കഴുകി വാ..ഓഫീസില്‍ പോവേണ്ടേ…?എല്ലാവര്‍ക്കും കൂടെ പോയാലോ ചേച്ചിയെ ഓഫീസിലാക്കാന്‍….?
ആ ചോദ്യം കേള്‍ക്കാന്‍ കാത്തിരിക്കുന്നതു പോലെ മൂവരും സമ്മതമാണെന്നറിയിച്ചു. ഒരു ടാക്സിയിലായിരുന്നു ആ നാലുപേരും വില്ലേജോഫീസിലേക്ക് പുറപ്പെട്ടത്. സമയം ഒമ്പതര ആയതേ ഉള്ളൂ…പലരും വന്നു തുടങ്ങുന്നതേ ഉള്ളൂ. വില്ലേജ് ഓഫീസര്‍ എത്തിയിരുന്നു…
അവള്‍, പേപ്പര്‍ കാണിച്ചു. ഓഫീസര്‍ എല്ലാവരേയും പരിചയപ്പെട്ടു. വില്ലേജ് അസിസ്റ്റന്‍റ് തസ്തികയിലായിരുന്നു നീതുവിന്‍റെ നിയമനം. അവള്‍ കസേരയില്‍ ഇരിക്കുന്നതിന് മുന്നേ, മൂവരേയും നോക്കി…പിന്നേയും ഏട്ടന്‍റെ കാല്‍ തൊട്ടു വന്ദിച്ചു.
ഏട്ടനായിരുന്നു അവളെ ആ കസേരയില്‍ ഇരുത്തിയത്. പിന്നെ കയ്യില്‍ കരുതിയ ലഡുവിന്‍റെ കൂട് അവളുടെ കയ്യില്‍ കൊടുത്തിട്ട് പറഞ്ഞു എല്ലാവര്‍ക്കും കൊടുക്കാന്‍. അതീന്ന് ഒന്നെടുത്ത് അവളുടെ വായില്‍ വെച്ചു കൊടുത്തു.
നീതു സ്നേഹത്തോടെ അതു നുകര്‍ന്നു. അപ്പോഴേക്കും മറ്റു സ്റ്റാഫുകളും എത്തിച്ചേര്‍ന്നിരുന്നു. എല്ലാവര്‍ക്കും കൊടുത്തു മധുരം. ആ സന്തോഷ മുഹൂര്‍ത്തത്തില്‍ പിന്നേയും ആ ഏട്ടന്‍ ആരും കാണാതെ മിഴികളൊപ്പി. നീതുവും ആരും കാണാതെ തൂവാല കൊണ്ട് കണ്ണുകളൊപ്പി.
രാത്രി എല്ലാവരും ഒന്നിച്ചിരുന്നായിരുന്നു, അത്താഴം കഴിച്ചത്. ഏട്ടന്‍റെ മുഖത്ത് അപ്പോഴും സന്തോഷം നിറഞ്ഞിരിപ്പുണ്ടായിരുന്നു. അതു താന്‍ വിയര്‍പ്പൊഴുക്കി പാടുപെട്ടു വളര്‍ത്തിയ കൂടപ്പിറപ്പുകളെ ഓര്‍ത്തായിരുന്നു.
എന്നാല്‍ നീതുവിന് ഏട്ടനോടെന്തോ പറയാനുണ്ടായിരുന്നു….അതുകേട്ടപ്പോള്‍ ഏട്ടനവളുടെ കണ്ണുകളിലേക്ക് നോക്കി നിന്നു…
ഏട്ടന്‍ തല്‍ക്കാലം ജോലിക്കു പോവാം. നിത്യയ്ക്കും അരുണിനും കൂടി ഒരു ജോലി കിട്ടുന്നതു വരെ. അവരും നിന്നെപ്പോലെ സ്വന്തം കാലില്‍ നില്‍ക്കാറായാല്‍ ഏട്ടനോട് ഇതുപോലെ വന്നു പറയട്ടെ…ഇനി ഞങ്ങളുടെ ഏട്ടന്‍ ഭാരംചുമക്കാനൊന്നും പോവേണ്ടാന്ന്…
പിന്നെ ഞാന്‍ എവിടേയും പോവാതെ നിന്‍റാഗ്രഹം പോലെ വീട്ടിലിരുന്നോളാം….മോളു പോയി ഉറങ്ങിക്കോ….അവളുടെ കണ്ണുകളും നിറഞ്ഞിരുന്നു.
തിരിഞ്ഞു നടക്കുമ്പോള്‍ കണ്ണുകളൊപ്പുന്നതു കണ്ടപ്പോള്‍ ഏട്ടനും സങ്കടായി. ഒന്നിങ്ങു വന്നേ നീ….അവള്‍ അമര്‍ത്തി തുടച്ച മിഴികളോടെ ഏട്ടനരികില്‍ വന്നു. എന്തിനാ ഏട്ടന്‍റെ മോളു കരയുന്നത്…?
ഒന്നുമില്ലേട്ടാ…അവള്‍ പറഞ്ഞു. അല്ലാ ഏട്ടന്‍ ഞങ്ങള്‍ക്ക് വേണ്ടി ഒരുപാട് കഷ്ടപ്പെട്ടതല്ലേ….ഇനിയെങ്കിലും ഇത്തിരി വിശ്രമം വേണ്ടേ ഏട്ടന്…?
നീ പോയേ…വെറുതേ മനുഷ്യനെ ടെന്‍ഷനാക്കാതെ…ഏട്ടന്‍റെ കണ്ണുകളും നിറയുന്നത് കണ്ടപ്പോള്‍ നീതുവും ഉറങ്ങാന്‍ പോയി. അപ്പുറത്തെ മുറിയില്‍ നിന്നും എല്ലാം കേട്ടോണ്ട് രണ്ടു പേര്‍ കൂടി അപ്പോള്‍ കണ്ണുകളൊപ്പുന്നുണ്ടായിരുന്നു..
ഹൃദയം നിറയേ ഏട്ടനോടുള്ള സ്നേഹം നിറഞ്ഞ രണ്ടു കൂടപ്പിറപ്പുകള്‍. അവരും അപ്പോള്‍ നീതു ചിന്തിച്ച പോലെ മനസ്സിലൊരു തീരുമാനം എടുത്തിരുന്നു…