രചന:-ചൈത്ര
” സത്യം പറയട്ടെ മീനൂ.. ഈ നൂറ്റാണ്ടിലും നിന്നെപ്പോലെയുള്ള പെൺകുട്ടികൾ ഉണ്ടോ എന്ന് ഓർത്തിട്ട് എനിക്ക് വല്ലാതെ ആശ്ചര്യം തോന്നുന്നുണ്ട്.”
അവൾ അത് പറയുമ്പോൾ പരിഹാസം ആയിരുന്നോ എന്നറിയാൻ മീനു അവളെ ഒന്നു നോക്കി.പക്ഷെ ആ മുഖത്തെ ഭാവങ്ങൾ വിവേചിച്ചു അറിയാൻ കഴിയുന്നുണ്ടായിരുന്നില്ല.
“നീ എന്നെ ഇങ്ങനെ നോക്കണ്ട. ഞാൻ കാര്യമായി തന്നെ പറഞ്ഞതാ.. വീട്ടിൽ നിന്ന് എത്രയോ കിലോമീറ്ററുകൾ ദൂരെയാണ് നിന്റെ ഈ കോളേജ്..? എന്നിട്ടും വീട്ടുകാർ അറിയാതെ ഇവിടെ ഒന്ന് തുമ്മുക പോലും ചെയ്യാത്ത നീ ഒരു അത്ഭുത ജീവി തന്നെ..”
രേഷ്മ പറഞ്ഞപ്പോൾ മീനു ചിരിച്ചതേയുള്ളൂ.
” ഈ കോളേജിലെ മൊത്തം പെൺകുട്ടികളുടെ കാര്യം നോക്കിയാൽ തന്നെ പേരിനു പോലും പ്രണയം ഇല്ലാത്ത കുട്ടികളെ വിരലിൽ എണ്ണി എടുക്കാം. അതിലെ ആദ്യത്തെ ആള് നീ ആയിരിക്കും. “
ചിരിച്ചു കൊണ്ട് രേഷ്മ തുടർന്നു.
” ഞങ്ങളെ ഒക്കെ പോലെ നിനക്കും ആരെയെങ്കിലും സ്നേഹിച്ചൂടെ..? ആത്മാർത്ഥമായി വേണമെന്നൊന്നും ഞാൻ പറയില്ല. കോളേജ് ലൈഫിലെ ഒരു തമാശ പോലെ പിന്നീട് ഓർത്തെടുക്കാൻ എന്തെങ്കിലും ഒക്കെ ഓർമ്മകൾ വേണ്ടേ..? നിന്നെ സംബന്ധിച്ച് ഈ കോളേജിൽ നിന്ന് നിനക്ക് ഇത്തരത്തിലുള്ള എന്തെങ്കിലും ഓർമ്മകൾ ഉണ്ടോ..? എപ്പോ നോക്കിയാലും ഏതെങ്കിലും പുസ്തകവുമായി വല്ലയിടത്തും ഇരിക്കുന്നത് കാണും. നിനക്ക് ഇത് എങ്ങനെ സാധിക്കുന്നു..? “
രേഷ്മയുടെ സ്വരത്തിൽ ഇത്തവണ രോഷം കലർന്നിരുന്നു. എന്നിട്ടും മറുപടി ഒന്നും കിട്ടാതെ ആയപ്പോൾ ദേഷ്യത്തോടെ അവൾ മീനുവിന്റെ അടുത്തേക്ക് വന്നു. അവൾ വായിച്ചു കൊണ്ടിരുന്ന ബുക്ക് ബലമായി പിടിച്ചു വാങ്ങി മേശയിലേക്ക് വച്ചു.
” ഞാൻ ഇവിടെ നിന്ന് ഈ തൊണ്ട കീറി പറയുന്നത് വല്ലതും നീ കേൾക്കുന്നുണ്ടോ..? പൊട്ടന്റെ മുന്നിൽ ശംഖ് ഊതുന്നത് പോലെ ഞാൻ നിന്ന് എന്തൊക്കെയോ പറയുന്നു. നീ നിന്റെ കാര്യം നോക്കുന്നു. ഞാൻ ചോദിച്ചതിന് മറുപടി തന്നിട്ട് നീ ഇനി പഠിച്ചാൽ മതി. അതിൽ ഒരു പത്ത് മിനിറ്റ് കുറഞ്ഞാലും ഒന്നും സംഭവിക്കാൻ ഇല്ല.. “
ഗൗരവത്തെ കൂട്ട് പിടിച്ചു രേഷ്മ അത് പറഞ്ഞപ്പോൾ മീനു അവളെ നോക്കി ചിരിച്ചു.
” നിന്റെ ഏത് ചോദ്യത്തിനാണ് ഞാൻ മറുപടി തരേണ്ടത്..? എനിക്ക് എങ്ങനെ പഠിക്കാൻ സാധിക്കുന്നു എന്ന ചോദ്യത്തിനാണോ..? അതിനുള്ള ഉത്തരം ഒന്നേയുള്ളൂ. ഇല്ലായ്മയിലും മകൾ പഠിച്ചു നല്ല നിലയിൽ എത്തണം എന്ന് സ്വപ്നം കണ്ട് എന്നെ ക്യാമ്പസ്സിലേക്ക് പഠിക്കാൻ അയച്ച എന്റെ അച്ഛന്റെയും അമ്മയുടെയും മുഖം ഓർത്താൽ എനിക്ക് പഠനത്തെ കുറിച്ചു മാത്രമേ ചിന്തിക്കാൻ കഴിയൂ. നീ പറഞ്ഞില്ലേ, വീട്ടുകാർ അറിയാതെ ഞാൻ ഒന്ന് തുമ്മുക പോലും ഇല്ലെന്ന്. അത് എന്തുകൊണ്ട് ആണെന്നോ.. ചെറുപ്പം മുതൽക്കേ അതാത് ദിവസങ്ങളിൽ നടക്കുന്ന കാര്യങ്ങൾ ഞാൻ അവരോട് പറയാറുണ്ട്. അത് ഒരു ശീലമായി എന്നോടൊപ്പം വളർന്നു. അതുകൊണ്ടാണ് ഞാൻ ഇവിടെ എന്ത് ചെയ്യുമ്പോഴും അത് കൃത്യമായി എന്റെ വീട്ടിൽ അറിയിക്കുന്നത്. നിങ്ങൾക്കാർക്കും അങ്ങനെ ഒരു ശീലമില്ലാത്തതു കൊണ്ടാണ്.ശരിക്കും ആ ശീലം കൊണ്ട് എന്തെങ്കിലും ഒരു നെഗറ്റീവ് ഉണ്ട് എന്ന് എനിക്ക് തോന്നുന്നില്ല. എന്റെ വീട്ടിൽ ആണെങ്കിൽ ഞാൻ മാത്രമേയുള്ളൂ എന്നറിയാമല്ലോ. എനിക്ക് സഹോദരങ്ങൾ ആരും തന്നെ ഇല്ല. അതുകൊണ്ട് തന്നെ എന്നെ ചുറ്റിപ്പറ്റി മാത്രം ജീവിക്കുന്ന രണ്ടുപേരാണ് എന്റെ അച്ഛനും അമ്മയും. ഒരു കാര്യത്തിലും അവരെ വേദനിപ്പിക്കാനോ അവരെ പറ്റിക്കാനോ എനിക്കിഷ്ടമല്ല. “
മീനു പറയുന്ന ഓരോ വാക്കുകളും രേഷ്മ അത്ഭുതത്തോടെയാണ് കേട്ടത്.
” പിന്നെ നീ പറഞ്ഞില്ലേ ആരെയെങ്കിലും പ്രണയിച്ചുടെ എന്ന്. ഞാൻ ഒരിക്കലും പ്രണയത്തിന് എതിർ ഒന്നുമല്ല. പ്രണയിക്കാൻ എനിക്ക് ഇഷ്ടമാണ്. പക്ഷേ ആരെ പ്രണയിക്കണം എന്നുള്ളത് എന്റെ ചോയിസ് അല്ലേ..? നീ നേരത്തെ പറഞ്ഞ പോലെ ക്യാമ്പസിന്റെ തമാശ എന്ന രീതിയിൽ ഓർത്തെടുക്കാൻ എനിക്കൊരു പ്രണയത്തിന്റെ ആവശ്യമില്ല. ആത്മാർത്ഥമായി തന്നെ വേണം ഒരാളിനെ സ്നേഹിക്കാൻ എന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ. നീ പറഞ്ഞപോലെ തമാശയ്ക്ക് ആണെങ്കിൽ ചിലപ്പോൾ എന്നെ പ്രണയിക്കുന്നവൻ ആത്മാർത്ഥമായിട്ടാണ് എന്നെ സ്നേഹിക്കുന്നതെങ്കിലോ..? അവന്റെ മനസ്സിൽ എന്നും ഞാൻ ഒരു തേപ്പുകാരിയായി മാറില്ലേ..? അതുമാത്രമല്ല അവൻ മനസ്സറിഞ്ഞ് എന്നെ ശപിച്ചാൽ പിന്നെ എന്റെ ഏഴ് തലമുറയ്ക്കും ആ ശാപത്തിൽ നിന്ന് മോക്ഷം ഉണ്ടാവില്ല.”
മീനു പറഞ്ഞപ്പോൾ രേഷ്മ ഭയന്ന് ഉമിനീരിറക്കി.
“നീ പേടിക്കാൻ വേണ്ടി പറഞ്ഞതല്ല. നീ പലരെയും ഇങ്ങനെ തമാശ രീതിയിൽ പ്രണയിക്കുന്നുണ്ടെന്നും പറ്റിക്കുന്നുണ്ടെന്നും ഒക്കെ എനിക്കറിയാം. അതൊക്കെ നിന്റെ പേഴ്സണൽ കാര്യങ്ങൾ ആയതു കൊണ്ട് മാത്രമാണ് നിന്നോട് ഞാൻ ഇന്നുവരെയും അതിനെക്കുറിച്ച് സംസാരിക്കാത്തത്.പക്ഷേ ഒരു കാര്യം നീ ഓർക്കണം. നമ്മൾ പ്രണയിക്കുന്നവൻ നമ്മളെ ആത്മാർത്ഥമായിട്ടാണ് സ്നേഹിക്കുന്നത് എങ്കിൽ, തിരിച്ചും അതേ ആത്മാർത്ഥത കാണിക്കാൻ നമ്മൾ ശ്രമിക്കണം. അതിന് കഴിയില്ല എങ്കിൽ കാര്യങ്ങൾ തുറന്നു പറഞ്ഞു ആ ബന്ധം അവസാനിപ്പിക്കണം. അല്ലാതെ ഒന്നിനും പറ്റാത്ത ഒരു അവസ്ഥയിലേക്ക് കാര്യങ്ങൾ കൊണ്ടു വന്ന് നിർത്തിക്കരുത്.”
ഒരു ഉപദേശം പോലെ മീനു പറഞ്ഞപ്പോൾ രേഷ്മ തലയാട്ടി സമ്മതിച്ചു.
” പിന്നെ ഞാൻ പ്രണയിക്കുന്നവന്റെ കാര്യം. എന്നോടൊപ്പം എന്റെ കുടുംബത്തിനെയും സ്നേഹിക്കാൻ കഴിയുന്ന ഒരാളായിരിക്കണം എന്റെ പാതിയായി വരേണ്ടത് എന്ന് എനിക്ക് നിർബന്ധമുണ്ട്. കാരണം എന്നെ മാത്രം പ്രതീക്ഷിച്ചു ജീവിക്കുന്ന രണ്ട് ആത്മാക്കളാണ് എന്റെ വീട്ടിലുള്ളത്. എന്റെ സുഖവും സമാധാനവും നോക്കി ഞാൻ ആരോടൊപ്പം എങ്കിലും ഇറങ്ങിപ്പോയാൽ പിന്നീടുള്ള അവരുടെ ജീവിതം മുഴുവൻ വൃഥാവിൽ ആകും. ഇക്കണ്ട കാലം മുഴുവൻ എന്നെ സ്നേഹിച്ച അവർക്ക് അങ്ങനെ ഒരു വിധി സമ്മാനിക്കാൻ ഞാൻ ഇഷ്ടപ്പെടുന്നില്ല. നമ്മൾ ഒരു തെറ്റ് ചെയ്യാൻ ശ്രമിക്കുന്നതിനു മുൻപ് വീട്ടിലുള്ളവരെ ഓർത്തു കഴിഞ്ഞാൽ അത് ചെയ്യാൻ ഒരുപക്ഷേ നമുക്ക് തോന്നുന്നില്ല. എന്റെ മുന്നിൽ വലിയൊരു ലക്ഷ്യമുണ്ട്. നല്ല രീതിയിൽ പഠിക്കണമെന്നും നല്ല ജോലി സമ്പാദിക്കണം എന്നും ഒക്കെ എനിക്ക് ആഗ്രഹമുണ്ട്.എനിക്ക് നല്ലൊരു ജോലി കിട്ടി കഴിഞ്ഞാൽ എന്റെ അച്ഛനെയും അമ്മയെയും നല്ല രീതിയിൽ എനിക്ക് സംരക്ഷിക്കണം. ഇത്രയും കാലം അവർ അനുഭവിച്ച കഷ്ടതകളൊക്കെ എന്നിലൂടെ മാറി കിട്ടണം. ഞാൻ ആ ഒരു ലക്ഷ്യത്തിനു വേണ്ടി പരിശ്രമിക്കുമ്പോൾ നിങ്ങൾ ആഘോഷിക്കുന്ന കോളേജ് തമാശകളൊന്നും എനിക്ക് ആഘോഷിക്കാൻ കഴിയില്ല. എനിക്ക് അതിൽ നിരാശയുമില്ല.”
പറഞ്ഞു കൊണ്ട് ടേബിളിൽ ഇരുന്ന ബുക്ക് എടുത്ത് മീനു വായന തുടർന്നു.
രേഷ്മ അപ്പോഴും മീനു പറഞ്ഞ കാര്യങ്ങളിൽ കുടുങ്ങിക്കിടക്കുകയായിരുന്നു.
ഇന്നത്തെ കാലത്ത് ഇങ്ങനെ ചിന്തിക്കുന്ന പെൺകുട്ടികളും ഉണ്ടല്ലോ എന്ന് ഓർത്തിട്ട് രേഷ്മയ്ക്ക് വല്ലാത്ത അത്ഭുതം തോന്നി.
സ്വാർത്ഥമായ തീരുമാനങ്ങൾക്ക് പിന്നാലെ പോകുമ്പോൾ കുടുംബം എന്നൊരു കാര്യത്തിനെ കുറിച്ച് ചിന്തിക്കാറു പോലുമില്ല. കോളേജ് എന്ന മായികാ ലോകത്തിലേക്ക് എത്തിക്കഴിഞ്ഞാൽ തന്നെ വളർത്തി വലുതാക്കിയവരുടെ കണ്ണീരോ കഷ്ടപ്പാടോ അറിയാതെ എങ്ങനെയും അടിച്ചു പൊളിച്ചു ജീവിക്കണം എന്ന് മാത്രമാണ് പലരുടെയും ചിന്ത. അതിന് വിപരീതമായി ഇങ്ങനെ ചിന്തിക്കുന്ന വളരെ ചുരുക്കം ആളുകൾ മാത്രമാണ് നമ്മുടെ ലോകത്തുള്ളത്.
പ്രണയിക്കാനോ സൗഹൃദത്തിൽ ആവാനോ അവൾക്ക് ഓരോന്നിനും ഓരോ നിബന്ധനകളുണ്ട്. ഒരിക്കലും അതൊന്നും തെറ്റല്ല.
ആരെയും കണ്ണടച്ച് വിശ്വസിക്കരുത് എന്ന് 100 ആവർത്തി ഈ ലോകം ആവർത്തിച്ചു പറയുമ്പോൾ, ആ ഒരു തത്വത്തിൽ അടിയുറച്ച് വിശ്വസിക്കുന്നവളാണ് അത് എന്ന് രേഷ്മയ്ക്ക് തോന്നി.
അവളുടെ മാതാപിതാക്കൾ എത്ര ഭാഗ്യം ചെയ്തവരാണ് എന്ന് രേഷ്മയോർത്തു. അതേസമയം തന്റെ മാതാപിതാക്കൾക്ക് തന്നെക്കുറിച്ച് ഓർത്ത് അഭിമാനത്തോടെ എന്തെങ്കിലും പറയാനാവുമോ എന്നും അവൾ വെറുതെയെങ്കിലും ഒന്ന് ചിന്തിച്ചു നോക്കി.
അതിനുത്തരം കിട്ടാതെ അവൾ ഉഴറിയപ്പോൾ മീനു അതൊന്നും ശ്രദ്ധിക്കാതെ തന്നെ ലക്ഷ്യത്തിലേക്ക് നടന്ന് അടുക്കാൻ ഉള്ള വഴികൾ തേടുകയായിരുന്നു.