നിങ്ങൾക്ക് എന്റെ മുഖത്ത് നോക്കി ഇത് ആവശ്യപ്പെടാൻ എങ്ങനെ കഴിയുന്നു..? നിങ്ങൾ പറഞ്ഞല്ലോ നമ്മൾ ജീവിച്ചു തുടങ്ങിയിട്ട് കുറച്ചു നാളുകളെ ആയുള്ളൂ എന്ന്.

രചന:- അപ്പു

“ഗൗരി.. നീ ഒരിക്കൽ കൂടി ഒന്ന് ആലോചിച്ചു നോക്ക്. നമ്മൾ ജീവിതം തുടങ്ങിയിട്ടേയുള്ളൂ.അതിനിടയിൽ ഇങ്ങനെ..”

ബാക്കി പറയാതെ നന്ദൻ ഗൗരിയെ തുറിച്ച് നോക്കി.അവൾ ദേഷ്യത്തോടെയും സങ്കടത്തോടെയും അവനെ തന്നെ നോക്കിയിരിക്കുകയായിരുന്നു.

“നീ എന്നെ ഇങ്ങനെ നോക്കിയിരിക്കാതെ എന്തെങ്കിലും പറയൂ.”

അവൻ അല്പം ശബ്ദം ഉയർത്തിയപ്പോൾ അവൾ ഞെട്ടലോടെ ചുറ്റും നോക്കി. ചുറ്റിലും ഇരുന്ന ആരൊക്കെയോ തങ്ങളെ ശ്രദ്ധിക്കുന്നുണ്ട് എന്ന് കണ്ടപ്പോൾ അവൾ അവനെ നോക്കി.

“ശബ്ദം കുറച്ചു പറഞ്ഞാൽ മതി.എനിക്ക് കേൾക്കാം.”

അവളുടെ സ്വരത്തിൽ പതിവില്ലാത്ത കടുപ്പം അവൻ ശ്രദ്ധിച്ചു.

“ഞാൻ കുറെ നേരമായി ഒരേ കാര്യം തന്നെiയാണ് നിന്നോട് പറയുകയും ചോദിക്കുകയും ചെയ്യുന്നത്. നിന്റെ തീരുമാനം എന്താണെന്ന് പറഞ്ഞില്ല.”

ശബ്ദം താഴ്ത്തി അവൻ പറഞ്ഞു.

” നിങ്ങൾക്ക് എന്റെ മുഖത്ത് നോക്കി ഇത് ആവശ്യപ്പെടാൻ എങ്ങനെ കഴിയുന്നു..? നിങ്ങൾ പറഞ്ഞല്ലോ നമ്മൾ ജീവിച്ചു തുടങ്ങിയിട്ട് കുറച്ചു നാളുകളെ ആയുള്ളൂ എന്ന്. അപ്പോഴും നമ്മുടെ വിവാഹം കഴിഞ്ഞിട്ട് ഒരു വർഷമായി എന്നുള്ള വിവരം നിങ്ങൾ സൗകര്യപൂർവ്വം മറന്നു കളയുകയാണ്.”

അവളുടെ ആ മറുപടിയിൽ അവൻ ഒന്ന് പതറി.

” ഒരു വർഷമായെങ്കിലും നമ്മൾ ജീവിക്കാൻ തുടങ്ങിയിട്ട് അധികമായിട്ടില്ലല്ലോ..!”

അവൻ ഒരിക്കൽ കൂടി തന്റെ വാദം മുന്നോട്ടു വെച്ചു.

“അതെന്തു കൊണ്ടായിരുന്നു..?”

ഗൗരവത്തോടെയുള്ള അവളുടെ ചോദ്യത്തിന് മറുപടി പറയാതെ അവൻ മറ്റ് എങ്ങോട്ടോ ശ്രദ്ധ തിരിച്ചു.

” മറന്നു പോയെങ്കിൽ ഞാൻ പറയാം. നമ്മുടെ വിവാഹം തന്നെ നിങ്ങളുടെ ഇഷ്ടത്തോടെ നടന്നതല്ല. വീട്ടുകാരുടെ നിർബന്ധത്തിനു വഴങ്ങി നിങ്ങൾ എന്നെ കാണാൻ വന്നു. കാണാൻ വന്ന ദിവസം തന്നെ നിങ്ങൾ എന്നോട് പറഞ്ഞത്, വിവാഹത്തിൽ നിന്ന് പിന്മാറണം എന്നാണ്. പക്ഷേ അതിനുള്ള സാഹചര്യമായിരുന്നില്ല എന്റേത്. എനിക്ക് താഴെ ഇനിയും രണ്ട് അനിയത്തിമാർ കൂടിയുണ്ട്. അവരുടെ ഭാവിയെ കുറിച്ച് കൂടി ആലോചിച്ചപ്പോൾ വിവാഹത്തിന് സമ്മതം മൂളാൻ മാത്രമേ എനിക്ക് കഴിയു മായിരുന്നുള്ളൂ. എന്നിട്ടും ഞാനന്നു നിങ്ങളോട് പറഞ്ഞതാണ് നിങ്ങൾക്ക് താല്പര്യം ഇല്ലെങ്കിൽ നിങ്ങളുടെ വീട്ടിൽ പറഞ്ഞു വിവാഹം മുടക്കിക്കോളാൻ.അത് ചെയ്യാൻ നിങ്ങൾക്ക് പറ്റില്ലായിരുന്നു.”

അത്രയും പറഞ്ഞപ്പോൾ അവൾ കിതച്ചു പോയിരുന്നു. എങ്കിലും അത് കാര്യമാക്കാതെയാണ്,അവൾ വീണ്ടും സംസാരിച്ചു തുടങ്ങിയത്.

” നിങ്ങൾ എന്തുകൊണ്ടാണ് വിവാഹം വേണ്ടെന്ന് പറഞ്ഞത് എന്ന് പോലും ആ സമയത്ത് എനിക്കറിയില്ലായിരുന്നു. എല്ലാവരുടെയും തീരുമാനപ്രകാരം വിവാഹം നടന്നു. ഞാൻ നിങ്ങളുടെ ജീവിതത്തിലേക്ക് കയറി വന്ന ആ ദിവസം.. അന്നാണ് നിങ്ങളുടെ ജീവിതത്തെക്കുറിച്ച് ഞാൻ അറിയുന്നത്. എന്തുകൊണ്ട് നിങ്ങൾ വിവാഹം വേണ്ടെന്ന് പറഞ്ഞു എന്ന് ഞാൻ അറിയുന്നത് അന്ന് രാത്രിയായിരുന്നു. ഏതൊരു പെണ്ണിനെയും പോലെ വിവാഹ രാത്രി മനോഹരമായിരിക്കണം എന്ന് പ്രാർത്ഥിച്ച എന്റെ മുന്നിലേക്ക് നിങ്ങൾ വന്നത് കiള്ളുകുടിച്ച് നാല് കാലിലാണ്. എന്നിട്ട് എന്നോട് പറഞ്ഞതു മുഴുവൻ നിങ്ങളുടെ പഴയ പ്രണയകഥയും. ആ സമയത്ത് എന്റെ മാനസികാവസ്ഥ എന്തായിരിക്കും എന്ന് നിങ്ങൾക്ക് ഊഹിക്കാൻ എങ്കിലും കഴിയുന്നുണ്ടോ..? ഉണ്ടാവില്ല. കാരണം നിങ്ങൾക്ക് അങ്ങനെ ഒരു അവസ്ഥ ഇന്നു വരെ അഭിമുഖീകരിക്കേണ്ടി വന്നിട്ടില്ലല്ലോ..!”

അവൾക്ക് അവനോട് പുച്ഛം തോന്നി.അവൾ പറയുന്ന ഓരോ വാക്കുകളും അവനെ വല്ലാതെ വേദനിപ്പിക്കുന്നുണ്ടായിരുന്നു.

“എന്തോ തെറ്റിദ്ധാരണയുടെ പേരിൽ നിങ്ങളുടെ കാമുകി നിങ്ങളോട് അകന്നു പോയതാണെന്ന്. അവൾ എന്നെങ്കിലും മടങ്ങി വരുമ്പോൾ ഞാൻ നിങ്ങളുടെ ജീവിതത്തിൽ നിന്ന് പടിയിറങ്ങി തരണം എന്നാണ് നിങ്ങൾ എന്നോട് ആവശ്യപ്പെട്ടത്. ശരിയല്ലേ..?”

അവൾ അവനെ നോക്കിക്കൊണ്ട് ചോദിച്ചപ്പോൾ അതെ എന്ന് അവൻ തലയാട്ടി.

” അത് ആദ്യം എനിക്കൊരു പകപ്പായിരുന്നെങ്കിലും, പിന്നീട് ഞാൻ കാര്യങ്ങൾ മനസ്സിലാക്കി. നിങ്ങൾക്ക് എന്നോട് ഇല്ലാത്ത ഇഷ്ടം എന്തായാലും പിടിച്ചു വാങ്ങാൻ എനിക്ക് കഴിയില്ലല്ലോ. അതുകൊണ്ടുതന്നെ ആ ഇഷ്ടത്തിന് വേണ്ടി ഞാൻ ആഗ്രഹിച്ചിട്ടില്ല. എങ്കിലും ബന്ധം പിരിയുമ്പോൾ രണ്ടു വീട്ടുകാർക്കും സങ്കടം ഒന്നും ഉണ്ടാകരുത് എന്ന് മാത്രം ഞാൻ പ്രാർത്ഥിച്ചു. എന്റെ വീട്ടിൽ എങ്ങനെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കുമെന്ന് അപ്പോഴും എനിക്ക് ഒരു ഊഹവും ഉണ്ടായിരുന്നില്ല.എങ്കിലും നിങ്ങളുടെ ജീവിതത്തിൽ നിന്ന് എന്നെങ്കിലും പടിയിറങ്ങി തരണം എന്ന് വിചാരിച്ചു തന്നെയാണ് ഞാൻ അവിടെ നിന്നത്.”

അത്രയും നാളും അവൾ ഉള്ളിലടക്കി വെച്ചിരുന്ന ഓരോ വിഷമങ്ങളും പുറത്തേക്ക് വരികയായിരുന്നു ആ സമയം.

” പക്ഷേ പെട്ടെന്നൊരു ദിവസം നിങ്ങൾ എന്നോട് വന്ന് ക്ഷമ പറഞ്ഞു കരഞ്ഞു. അതിന്റെ കാര്യമോ കാരണമോ ഒന്നുമറിയില്ലെങ്കിലും നിങ്ങളോട് ആ സമയം എനിക്ക് അനുകമ്പയാണ് തോന്നിയത്. അതുകൊണ്ടു തന്നെ എന്റെ കഴിവിന്റെ പരമാവധി നിങ്ങളെ ആശ്വസിപ്പിക്കാൻ ആണ് ഞാൻ ശ്രമിച്ചത്. പിന്നീട് ഒരു ദിവസം നിങ്ങൾ പറഞ്ഞു നിങ്ങളുടെ കാമുകി നിങ്ങളെ ചതിച്ചതാണെന്ന്. അവൾക്ക് മറ്റാരോ ആയി ബന്ധം ഉണ്ടായിരുന്നുവെന്നും അവൾ അയാളോടൊപ്പം പോയതാണ് എന്നും നിങ്ങൾ പറഞ്ഞു.അതിനു ഞാൻ ഒന്നും പറഞ്ഞില്ല.അല്ലെങ്കിൽ തന്നെ എനിക്കറിയാത്ത ഒരു വിഷയത്തെക്കുറിച്ച് ഞാൻ എന്തു പറയാനാണ്..? എങ്കിലും നിങ്ങൾ വിഷമിക്കുന്നത് കണ്ടപ്പോൾ അതിനോടൊപ്പം സങ്കടം എനിക്കും തോന്നിയിരുന്നു.

അതുകൊണ്ടു തന്നെ എല്ലാ നേരവും നിങ്ങളോടൊപ്പം നിന്ന് നിങ്ങളെ ആശ്വസിപ്പിക്കാൻ ആണ് ഞാൻ ശ്രമിച്ചത്. പിന്നീട് പതിയെ പതിയെ നിങ്ങൾക്ക് എന്നോട് ഒരു ഇഷ്ടം ഉണ്ടാകുന്നത് ഞാൻ അറിഞ്ഞു. അപ്പോഴേക്കും നമ്മുടെ വിവാഹം കഴിഞ്ഞിട്ട് ഏഴെട്ടു മാസങ്ങൾ കടന്നു പോയി എന്ന് ഓർക്കണം. നിങ്ങൾ പറഞ്ഞതു പോലെ അതിനു ശേഷം ആണ് നമ്മൾ ജീവിച്ചു തുടങ്ങിയത്. ആ കണക്ക് നോക്കിയാൽ നിസാരം ചില മാസങ്ങൾ മാത്രമേ ആയിട്ടുള്ളൂ. എന്ന് കരുതി എന്റെ വയറ്റിൽ മൊട്ടിട്ട ആ ജീവനെ ഇല്ലാതാക്കി കളയാൻ എനിക്ക് പറ്റില്ല. നിങ്ങൾക്ക് ഇത് ക്ഷണിക്കപ്പെടാതെ കയറി വന്ന ഒരു അതിഥി ആയിരിക്കും. പക്ഷേ എനിക്കങ്ങനെ അല്ല. എന്റെ വയറ്റിൽ ഒരു ജീവനുണ്ട് എന്ന് അറിഞ്ഞ നിമിഷം മുതൽ അതിനെ ഞാൻ സ്നേഹിക്കുന്നുണ്ട്. അവന്റെ മുഖം കാണാൻ, അതിന്റെ ഓരോ ചലനങ്ങളും അറിയാൻ ഞാൻ ഒരുപാട് കൊതിക്കുന്നുണ്ട്.

നിങ്ങൾ ഇനി എന്തൊക്കെ ന്യായങ്ങൾ നിരത്തിയാലും അത് ഇല്ലാതാക്കി കളയാൻ എനിക്ക് കഴിയില്ല. നിങ്ങളുടെ ജീവിതത്തിൽ നിന്ന് ഇറങ്ങി തരണമെന്ന് തീരുമാനിച്ചപ്പോൾ എനിക്ക് മുന്നോട്ട് യാതൊരു പ്രതീക്ഷയും ഉണ്ടായിരുന്നില്ല. പക്ഷേ ഇപ്പോൾ അങ്ങനെയല്ല. ഇനിയുള്ള ജീവിതത്തിൽ ഞാൻ ഒറ്റയ്ക്കല്ല. എനിക്ക് പ്രതീക്ഷയുമായി എന്റെ വയറ്റിൽ ഒരു ജീവനുണ്ട്. ഞങ്ങളെ രണ്ടു പേരെയും അംഗീകരിക്കാൻ നിങ്ങൾക്ക് കഴിയുന്നില്ലെങ്കിൽ നിങ്ങളുടെ ജീവിതത്തിൽ നിന്ന് ഒഴിവായി തരാൻ എനിക്ക് ബുദ്ധിമുട്ടൊന്നുമില്ല. “

ഉറച്ച സ്വരത്തിൽ അവൾ പറഞ്ഞു കഴിഞ്ഞപ്പോൾ അവൾക്ക് വല്ലാത്തൊരു ശ്വാസതടസം അനുഭവപ്പെടുന്നുണ്ടായിരുന്നു. അത് അവൻ വല്ലാത്തൊരു ഭയത്തോടെ നോക്കി കണ്ടു.

പെട്ടെന്ന് മുന്നിലിരുന്ന ഒരു ഗ്ലാസ് വെള്ളം അവൾക്കു മുന്നിലേക്ക് അവൻ നീക്കി വച്ച് കൊടുത്തു. അവനെ ഒന്നു നോക്കി അവൾ അത് എടുത്ത് വെപ്രാളപ്പെട്ട് കുടിച്ചു. കുറച്ചു സമയം കഴിഞ്ഞപ്പോൾ അവൾക്ക് ചെറിയൊരു ആശ്വാസം തോന്നി.

അത് കണ്ടപ്പോഴാണ് അവൻ സംസാരിക്കാൻ തുടങ്ങിയത്.

” നീ പറഞ്ഞത് ശരിയാണ്. നമ്മുടെ ഈ ഒരു വർഷത്തെ ദാമ്പത്യത്തിനിടയിൽ ഒരിക്കൽ പോലും ഞാൻ നിന്നെക്കുറിച്ച് ആലോചിച്ചിട്ടില്ല. ആദ്യകാലങ്ങളിൽ ഒക്കെ നിന്നെ അവഗണിച്ചിട്ടേ ഉള്ളൂ. എന്റെ ജീവിതത്തിൽ നിന്ന് ഒഴിവായി തരണം എന്ന് പറഞ്ഞപ്പോൾ പോലും നീ അത് മറുത്ത് പറഞ്ഞിട്ടില്ല. ഇപ്പോൾ നിന്നെ ഞാൻ ഒരുപാട് സ്നേഹിക്കുന്നുണ്ട്. അത് നിനക്കും എനിക്കും ഒരുപോലെ അറിയുന്ന കാര്യമാണ്. നമ്മുടെ ജീവിതത്തിലേക്ക് പുതിയൊരു അതിഥി വരുമ്പോൾ നിനക്ക് എന്നിലുള്ള ശ്രദ്ധയും സ്നേഹവും കുറഞ്ഞു പോകും എന്ന് കുറച്ചു നേരത്തേക്കെങ്കിലും എനിക്ക് തോന്നിപ്പോയി.അതുകൊണ്ട് മാത്രമാണ് ഞാൻ നിന്നോട് അങ്ങനെ പറഞ്ഞത്.അത് എന്റെ അറിവ് കേടായി കണ്ടു നീ ക്ഷമിച്ചേക്ക്. എപ്പോൾ ലഭിച്ചാലും അത് നമ്മുടെ നിധിയാണ്. നമ്മുടെ ജീവന്റെ അംശമാണ്. ഇനി ഒരിക്കലും എന്റെ നാവിൽ നിന്ന് ഇത്തരം ഒരു മണ്ടത്തരം ഉണ്ടാവില്ല.. “

അവളുടെ കൈകൾ കൂട്ടിപ്പിടിച്ച് ക്ഷമാപണം പോലെ അവൻ പറഞ്ഞപ്പോൾ അവനെ നോക്കി അവൾ മനോഹരമായി ചിരിച്ചു. അതിൽ ഉണ്ടായിരുന്നു അവനുള്ള മറുപടി..

Leave a Reply

Your email address will not be published. Required fields are marked *