എഴുത്ത്:-സജി തൈപ്പറമ്പ്
പതിവ് പോലെ ,അന്നും അഞ്ചര മണിക്ക് തന്നെ സേതുമാധവൻ ഉറക്കമുണർന്നു, ലൈറ്റിട്ടപ്പോൾ , അടുത്ത് കിടക്കുന്ന ഭാര്യ കൂർക്കം വലിച്ചുറങ്ങുന്നത് കണ്ട് സേതു അമ്പരന്നു
ദേവീ ,, എഴുന്നേല്ക്ക്, അലാറമടിച്ചത് നീ കേട്ടില്ലേ?
സുഖസുഷുപ്തിയിലായിരുന്ന ദേവയാനി നീരസത്തോടെ കണ്ണ് തുറന്ന് ക്ളോക്കിലേയ്ക്ക് നോക്കി
ഈ അഞ്ചര മണിക്ക് എഴുന്നേറ്റിട്ട് നിങ്ങള് എവിടെ പോകുന്നു മനുഷ്യാ? ഇന്നലെ നിങ്ങൾക്ക് സെൻറ് ഓഫ് തന്ന് വിട്ടതൊക്കെ മറന്ന് പോയോ?
ഉറക്കം പാതിയിൽ മുറിഞ്ഞ അരിശത്തിൽ ദേവയാനി തലവഴിയെ പുതപ്പ് വലിച്ചിട്ട് തിരിഞ്ഞ് കിടന്നു
ശരിയാണ് അവള് പറഞ്ഞത് , തൻ്റെ സേവന കാലം ഇന്നലെ കൊണ്ട് കഴിഞ്ഞു ,ഇപ്പോൾ താൻ സർക്കാരുദ്യോഗസ്ഥനല്ല, പെൻഷനായ സാധാരണ ഒരു മനുഷ്യൻ
ഇനി തന്നെ, ആരും സാറെന്ന് ബഹുമാനത്തോടെ വിളിക്കില്ല, തനിക്ക് വേണ്ടി ഒരു ഉപഭോക്താവും കാത്ത് നില്ക്കില്ല ,ഒരു മേലുദ്യോഗസ്ഥനും തന്നോട് ആജ്ഞാപിക്കില്ല ,,
ഇനിയങ്ങോട്ട് മനസ്സിനും ശരീരത്തിനും പൂർണ്ണ വിശ്രമം
സേതുവിൻ്റെ മനസ്സ് പെട്ടെന്ന് ശാന്തമായി ,ലൈറ്റ് ഓഫ് ചെയ്തിട്ട് ഭാര്യയോട് ചേർന്ന് അയാളും കണ്ണടച്ച് കിടന്നു ,കുറെ വർഷങ്ങൾക്ക് ശേഷം സേതുമാധവൻ
ഗാഡ നിദ്രയിലമർന്നു,
☆☆☆☆☆☆☆☆☆
അല്ലാ നിങ്ങളിങ്ങനെ വെറുതെയിരുന്നാൽ മതിയോ ?എന്തെങ്കിലും വരുമാന മില്ലാതെ ഇനിയങ്ങോട്ട് എങ്ങനാ ജീക്കുന്നത് ?
രണ്ട് മൂന്ന് ദിവസത്തിന് ശേഷം രാവിലെ ദോശ കഴിച്ച് കൊണ്ടിരിക്കുമ്പോൾ ,ദേവയാനി അയാളോട് ആശങ്കയോടെ ചോദിച്ചു
അത് കേട്ട് സേതുമാധവൻ മുറിച്ചെടുത്ത ദോശ,വായിൽ വയ്ക്കാതെ അതിശയ ത്തോടെ ഭാര്യയെ നോക്കി
എടീ,,അതിനല്ലേ സർക്കാര് എനിക്ക് പെൻഷൻ തരുന്നത് ?,ഇനിയുള്ള കാലം ജീവിക്കാൻ അത് പോരെ ?
നമുക്ക് രണ്ട് പേർക്കും മാത്രമാണെങ്കിൽ അത് മതിയാകും പക്ഷേ, നമ്മുടെ മോനും അവൻ്റെ ഭാര്യയും ഒരു കുഞ്ഞുമുള്ള കാര്യം നിങ്ങള് മറന്നോ ?കഴിഞ്ഞ മാസം വരെ ശമ്പളം കിട്ടിയിരുന്നത് കൊണ്ട്, ബുദ്ധിമുട്ടില്ലായിരുന്നു ,അവനൊരു ജോലിയാകുന്നത് വരെ നമ്മള് അവരുടെ കാര്യം കൂടി നോക്കണ്ടെ?
എടീ അവൻ ആരോഗ്യമുള്ളൊരു ചെറുപ്പക്കാരനല്ലെ ?അച്ഛൻ പെൻഷനാകു മ്പോഴെങ്കിലും അവനെന്തെങ്കിലും ജോലിക്ക് പൊയ്ക്കൂടെ? എടീ,,പത്ത് മുപ്പത് കൊല്ലം കഷ്ടപെട്ടിട്ടാണ് ഞാനിപ്പോൾ വിശ്രമിക്കാനൊരുങ്ങുന്നത്ഇ നിയും ഞാൻ ജോലിക്ക് പോകണമെന്നാണോ നീ പറയുന്നത്?
നിങ്ങൾക്കറിയാമല്ലോ അവൻ പഠിച്ച കോഴ്സിനുള്ള ജോലി ആകാത്തത് കൊണ്ടല്ലേ പോകാത്തത്, ഒന്നുമില്ലേലും അവനെ വിശ്വസിച്ച് വീട്ടുകാരെ എതിർത്ത് ഇറങ്ങി വന്ന ആ പെൺകൊച്ചിൻ്റെ കാര്യമെങ്കിലും നമ്മളോർക്കണ്ടേ?
അത് കേട്ട് സേതുമാധവൻ ധർമ്മസങ്കടത്തിലായി.
രണ്ട് ദിവസത്തിന് ശേഷം ഭാര്യ വാഴയിലയിൽ പൊതിഞ്ഞ് കെട്ടി കൊടുത്ത ഉച്ചഭക്ഷണവുമായി അയാൾ വീണ്ടും ഒരു സ്വകാര്യ കമ്പനിയിൽ ജോലിക്ക് പോകാൻ തുടങ്ങി
മൂന്നാല് മാസങ്ങൾ കഴിഞ്ഞപ്പോൾ അയാളുടെ അക്കൗണ്ടിലേക്ക് പെൻഷൻ ഫണ്ട് വന്നതിൻ്റെ മെസ്സേജ് വന്നു .
ദേവീ ,,നിരഞ്ജനയെയും നീലിമയെയും വിളിച്ചിട്ട് നാളെ ഭർത്താക്കന്മാരെയും കൂട്ടിക്കൊണ്ട്ഇ ങ്ങോട്ട് വരാൻ പറയ്, അവർക്ക് ഷെയറ് കൊടുക്കാമെന്ന് പറഞ്ഞ തുക വന്നിട്ടുണ്ട്
അവർക്ക് കൊടുത്തതിൻ്റെ ബാക്കി എന്തേലും ഉണ്ടാകുമോ ? എനിക്കൊരു പച്ചക്കല്ല് വച്ച കമ്മല് വാങ്ങണമെന്ന് ഒരാഗ്രഹമുണ്ടായിരുന്നു
ഓഹ് പിന്നെന്താ ? നിൻ്റെ ആഗ്രഹവും എൻ്റെ ആഗ്രഹവും നിറവേറ്റാനുള്ള തുക ബാക്കിയുണ്ട്
അയാൾ കണക്ക് കൂട്ടിയിട്ട് പറഞ്ഞു
അതെന്താ നിങ്ങടെ ആഗ്രഹം?
ദേവയാനി ജിജ്ഞാസയോടെ ചോദിച്ചു.
അതൊക്കെയുണ്ട് സർപ്രൈസാണ്
അയാളത്, തത്ക്കാലത്തേയ്ക്ക് മറച്ചു വച്ചു
പിറ്റേന്ന് പെൺമക്കൾ ഭർത്താക്കന്മാരുമായി വന്ന് തങ്ങളുടെ വിഹിതം വാങ്ങി സന്തോഷത്തോടെ തിരിച്ച് പോയി മകന് തറവാട് കൊടുക്കുമ്പോൾ അതിന് തുല്യമായ തുക പെൺമക്കൾക്ക് വീതം കൊടുക്കാമെന്ന് അയാൾ നേരത്തെ വാക്ക് കൊടുത്തിരുന്നതാണ്
അതിൻ്റെ പിറ്റേന്നാണ് പോസ്റ്റ്മാൻ ഒരു രജിസ്റ്റേഡ് കവറുമായി എത്തുന്നത് ,അത് സേതുമാധവൻ്റെ മരുമകൾക്കുള്ള അപ്പോയിൻറ്മെൻ്റ് ഓർഡറായിരുന്നു
ഇവിടുന്ന് ഓഫീസിലേയ്ക്ക് കുറച്ച് ദൂരമുണ്ട് അല്ലേ മോളേ ?
ങ്ഹാ അമ്മേ ,അത് സാരമില്ല രണ്ട് ബസ്സ് കയറി പോകണമെന്നേയുള്ളു എന്നാലും ഞാൻ ആഗ്രഹിച്ച പോലൊരു ജോലി കിട്ടിയില്ലേ അമ്മേ ?
മരുമകളുടെ സന്തോഷം കണ്ട് ദേവയാനി ചിരിച്ചു
☆☆☆☆☆☆☆☆☆
ദേ ഞാനൊരു കാര്യം പറയട്ടെ ,,
രാത്രി കിടക്കാൻ നേരം മുറിയിൽ വച്ച് ദേവയാനി ഭർത്താവിനോട് ചോദിച്ചു
ഉം എന്താ ?
നിങ്ങളുടെ ആഗ്രഹത്തിനായി മാറ്റി വച്ചിരിക്കുന്ന ആ തുകയ്ക്ക് തത്ക്കാലം അവൾക്ക് ഒരു സ്കൂട്ടറ് വാങ്ങി കൊടുത്തൂടെ ?അതാവുമ്പോൾ ദിവസവും രാവിലെയും വൈകിട്ടും ഈരണ്ട് ബസ്സുകൾ വീതം മാറി കയറി അവള് കഷ്ടപ്പെടണ്ടല്ലോ? നിങ്ങളുടെ ആഗ്രഹം കുറച്ച് നാളത്തേയ്ക്ക് മാറ്റി വച്ചൂടെ?
ഞാനുമത് ആലോചിക്കുകയായിരുന്നു, ദേവീ,, ഇപ്പോൾ എൻ്റെ ആഗ്രഹത്തെക്കാൾ വലുത് അവളുടെ കാര്യം തന്നെയാണ്നാ ളെ അവള് ജോയിൻ ചെയ്തിട്ട് വരട്ടെ ,അവൾക്കിഷ്ടപ്പെട്ട സ്കൂട്ടറ് നമുക്ക് വാങ്ങി കൊടുക്കാം
☆☆☆☆☆☆☆☆☆
അല്ല ,നിങ്ങളുടെ ആഗ്രഹം എന്താണെന്ന് ഇനിയെങ്കിലും എന്നോട് പറഞ്ഞൂടെ?
പിറ്റേന്ന് വൈകുന്നേരം മരുമകൾക്ക് ഇഷ്ടപ്പെട്ട സ്കൂട്ടറ് ബുക്ക് ചെയ്ത് തിരിച്ച് വീട്ടിലെത്തിയപ്പോൾ ദേവയാനി വീണ്ടും അയാളോട് ചോദിച്ചു
അത് പിന്നെ നിനക്കറിയാമല്ലോ ദേവയാനി ,ജോലി കിട്ടിയ കാലം തൊട്ട് ബസ്സിൽ തന്നെ യാത്ര ചെയ്ത് ഓഫിസിൽ പോയിരുന്ന ഞാൻ പത്ത് പന്ത്രണ്ട് കൊല്ലം മുൻപ് ലൈസൻസ് എടുത്തത് എല്ലാവരും ടൂവീലറിലും കാറിലുമൊക്കെ ഓഫീസിൽ വരുമ്പോൾ എനിക്കും ടൂവീലറിൽ പോകണമെന്ന ആഗ്രഹം കൊണ്ടായിരുന്നു ,പക്ഷേ, ഒന്നിന് പുറകേ ഒന്നായി നമ്മുടെ വീട്ടിലെ ആവശ്യങ്ങൾ കൂടി കൂടി വന്നപ്പോൾ അതിനൊപ്പം എൻ്റെ ആഗ്രഹവും ഞാൻ നീട്ടിവച്ചു ,സാരമില്ല ഇനിയിപ്പോൾ ഞാൻ ടൂ വീലർ വാങ്ങിയാലും ഇപ്പോഴത്തെ എൻ്റെ ആരോഗ്യസ്ഥിതി വച്ച് എത്ര കാലം അത് ഉപയോഗിക്കാൻ കഴിയുമെന്ന് ഉറപ്പൊന്നുമില്ലല്ലോ?
ചുമ്മാതിരിക്ക് , നിങ്ങളുടെ ആഗ്രഹം സഫലമായിട്ടേ നമ്മൾ രണ്ട് പേരും മരിക്കുകയുള്ളു
ദേവയാനി സ്നേഹത്തോടെ അയാളുടെ കൈയ്യെടുത്ത് തൻ്റെ തോളിലേയ്ക്കിട്ടു
ഒരു മാസം കടന്ന് പോയത് വളരെ പെട്ടെന്നായിരുന്നു ,അന്ന് വൈകുന്നേരം മരുമകൾ ഓഫീസിൽ നിന്നും നേരെ വന്നത് സേതുമാധവൻ്റെ അരികിലേയ്ക്കായിരുന്നു
അച്ഛാ എൻ്റെ ആദ്യ ശമ്പളം കിട്ടി, ഇത് പിടിക്കച്ഛാ,,
അവൾ ഒരു കെട്ട് അഞ്ഞൂറിൻ്റെ നോട്ടുകൾ സേതുമാധവൻ്റെ കൈയ്യിലേയ്ക്ക് വച്ച് കൊടുത്തു
മോളേ ഇത് നിൻ്റെ ഭർത്താവിൻ്റെ കൈയ്യിലാണ് കൊടുക്കേണ്ടത് ,അച്ഛന് ചെറുതാണെങ്കിലും ഒരു വരുമാനമുണ്ടല്ലോ ഈ പൈസ നിങ്ങൾക്കുള്ളതാണ്
അങ്ങനെ പറയരുതച്ഛാ ,,, എൻ്റെ മുഴുവൻ ശമ്പളമാണിത്, ഇനി മുതൽ കിട്ടുന്ന ശമ്പളം ഞാനത് പോലെ തന്നെ അച്ഛനെ ഏല്പിക്കാനാണ് തീരുമാനി ച്ചിരിക്കുന്നത്, കാരണം ഞാൻ എൻ്റെ കാമുകന് വേണ്ടി നഷ്ടപ്പെടുത്തിയ എൻ്റെ സ്വന്തം അച്ഛൻ്റെ സ്ഥാനത്താണ് അങ്ങയെ കാണുന്നത് ,ഒരു ജോലിയോ കൂലിയോ ഒന്നുമില്ലാത്ത മകൻ എവിടുന്നോ ഒരു പെൺകുട്ടിയെ കൂട്ടി വന്നപ്പോൾ ഒന്ന് തള്ളിപ്പറയാതെ പോലും ഞങ്ങളെ രണ്ട് കൈയ്യും നീട്ടി സ്വീകരിച്ചില്ലേ? ഞാനിവിടെ വന്നിട്ട് വർഷം നാല് കഴിഞ്ഞു ,ഇതിനിടയിൽ എൻ്റെ ഗർഭധാരണവും പ്രസവവുമടക്കമുള്ള മുഴുവൻ ചിലവുകളും യാതൊരു അനിഷ്ടവും കാട്ടാതെ അച്ഛൻ തന്നെയല്ലേ നോക്കിയത്, അപ്പോഴൊക്കെ എനിക്ക് തോന്നിയിട്ടുണ്ട് ഇത് എൻ്റെ ഏട്ടൻ്റെ അച്ഛനല്ല എൻ്റെ സ്വന്തം അച്ഛനാണെന്ന്, അത് കൊണ്ട് എനിക്ക് ഒരു ആഗ്രഹം കൂടിയുണ്ട് അത് കൂടി അച്ഛൻ സാധിച്ച് തരുമോ?
മരുമകളുടെ ചോദ്യം കേട്ട് അമ്പരപ്പോടെ സേതു, ദേവയാനിയെ നോക്കി
എന്താ മോളേ പറയൂ ,അച്ഛനെ കൊണ്ട് കഴിയുന്നതാണെങ്കിൽ തീർച്ചയായും സാധിച്ച് തരാം
എങ്കിൽ അച്ഛൻ ഇനി മുതൽ ജോലിക്ക് പോകണ്ടാ ,അച്ഛന് കിട്ടുന്നതിൻ്റെ ഇരട്ടി ശമ്പളം എനിക്കിപ്പോൾ കിട്ടുന്നുണ്ട് നമുക്ക് സുഖമായി കഴിയാൻ അത്രയും മതി ഇനിയെങ്കിലും അച്ഛൻ ഒന്ന് വിശ്രമിക്ക് ,
മോളേ,, അത് വേണോ ?
വേണമച്ഛാ പ്ളീസ് ,അച്ഛൻ എനിക്ക് വാക്ക് തന്നതാണ്
അങ്ങോട്ട് സമ്മതിച്ച് കൊടുക്കെന്നേ അവള് നമ്മുടെ മോളല്ലേ ?
ദേവയാനി കൂടെ, മരുമകളെ സപ്പോർട്ട് ചെയ്തപ്പോൾ സേതുമാധവന് വേറെ നിവൃത്തിയില്ലായിരുന്നു
അപ്പോഴും അയാളുടെ മകൻ ജോലിക്ക് വേണ്ടിയുള്ള അപേക്ഷ തയ്യാറാക്കുന്ന തിരക്കിലായിരുന്നു.