നാളെയാവാം എന്ന് കരുതി ഞാൻ ഒന്നും മാറ്റി വയ്ക്കാറില്ല. ഇന്ന്.. നമ്മൾ ഈ നിമിഷം മാത്രമാണ് ജീവിക്കുന്നത്. എല്ലാം എടുത്തു വച്ചു നാളെ ജീവിക്കാമെന്ന് കരുതിയാൽ എന്ത് ഉറപ്പാണ് ഉള്ളത്…..

നൈമ….

എഴുത്ത്:-Medhini krishnan

ബെൽവാടിയിൽ താമസിക്കുന്ന സമയത്തു അവളുടെ വീട്ടിൽ മാസത്തിലൊരിക്കലെങ്കിലും ഞാൻ പോവാറുണ്ട്. സിറ്റിയിൽ നിന്നും കുറച്ചു ഉള്ളിലേക്കുള്ള വഴിയിലായിരുന്നു അവളുടെ വീട്. വീരഹള്ളിയിൽ നിന്നും മുന്നോട്ട് പോയാൽ നിറയെ മാവിൻതോട്ടങ്ങളുടെ ഇടയിലെ വലിയൊരു വീട്..
അതിനു ചുറ്റുമായി പച്ചക്കറികളുടെ വലിയൊരു തോട്ടം.

നൈമ..ഇരുനിറമുള്ള സാധാരണ ഒരു പെണ്ണ്. പലപ്പോഴും ഞാൻ കേറി ചെല്ലുന്ന സമയത്തൊന്നും അവൾ കുളിച്ചിട്ടുണ്ടാവില്ല. മുഷിഞ്ഞ ഒരു നൈറ്റിയും മേലെ ഒരു തോർത്തും ഇട്ട് ആകെ വൃiത്തിഹീനമായ വേഷത്തിലായിരിക്കും അവൾ നിൽക്കുക. എന്നെ കണ്ടാൽ ചിരിച്ച് ആ വിയർപ്പോടെ ഒന്ന് കെട്ടിപ്പിടിക്കും. കവിളിൽ ഒരു ഉമ്മ തരും. വീടിനുള്ളിൽ എല്ലാം അടുക്കും ചിട്ടയുമായി വളരെ വൃത്തിയായി തന്നെ വച്ചിട്ടുണ്ടെങ്കിലും അവൾ അങ്ങനെ കോലം കെട്ടു നിൽക്കുന്നത് കാണുമ്പോൾ എനിക്കെന്തോ വിഷമം തോന്നും.

അത്രയും സമ്പന്നയായ ഒരുവൾ ഇങ്ങനെ.. എപ്പോഴും ആലോചിക്കാറുണ്ട്.

“അമ്മു… ഇത്തവണ ആള് ബനാറസിൽ പോയി വന്നപ്പോൾ ഒരു സാരി കൊണ്ടു വന്നു.”

അന്നവൾ അലമാര തുറന്നു പച്ചനിറമുള്ളൊരു പട്ടുസാരി എനിക്ക് മുന്നിലേക്കിട്ടു. അതിമനോഹര മായൊരു സാരി. ഞാനതിലൂടെ വിരലോടിച്ച് അലമാരക്കുള്ളിലേക്ക് നോക്കി. അടുക്കി വച്ചിരിക്കുന്ന വില കൂടിയ സാരികൾ.കുർത്തികൾ.. വേറെ പലതരം വസ്ത്രങ്ങൾ.

“ഇത്രയും ഡ്രസ്സ്‌ ഇവിടെ ഇരുന്നിട്ടും നീയെന്താ ഇതൊന്നും ഉടുക്കാത്തത്. “

ഞാൻ ചോദിച്ചപ്പോൾ അവൾ ഒരു നിമിഷം എന്തോ ആലോചിച്ചു. പിന്നെ അവിടെയുണ്ടായിരുന്ന മൂന്നു ഷെൽഫുകളും തുറന്നു കാണിച്ചു. അടുക്കി വച്ചിരിക്കുന്ന വസ്ത്രങ്ങൾ.. ആഭരണങ്ങൾ.. പൊട്ടുകൾ..

“ആർക്ക് വേണ്ടിയാടി ഞാൻ ഒരുങ്ങി നടക്കുന്നത്..ഞാൻ എത്ര നന്നായി നടന്നാലും എന്റെ ഭർത്താവ് നല്ലൊരു വാക്ക് പോലും പറയില്ല. പിന്നെ വേറെ ഒരാൾക്ക് വേണ്ടി അണിഞ്ഞൊരുങ്ങാൻ തോന്നിയിട്ടില്ല. നന്നായി നടക്കാനും. ഞാൻ മരിക്കുന്ന അന്ന് ഇതെല്ലാം എന്റെ ശവത്തിൽ കൂട്ടിയിട്ട് കത്തിക്കണം.”

അവൾ പറഞ്ഞപ്പോൾ എനിക്ക് പൊള്ളി. അവളുടെ മനസ്സിന്റെ വേവ് ഞാനറിഞ്ഞു.

ഭർത്താവ് അവളെ ശ്രദ്ധിക്കാറില്ലെന്നു എനിക്ക് നന്നായി അറിയാം. ഒരു മകനും മകളും ഉള്ളത് ഭർത്താവിന്റെ നിർബന്ധത്തിന് വഴങ്ങി ഊട്ടിയിലെ സ്കൂളിലുമാണ് ചേർത്തത്. പിന്നെ പിന്നെ അവൾ ഒറ്റയ്ക്കായി. അവളെ ശ്രദ്ധിക്കാതെയായി. എവിടെയും പോവാതെ ആ വലിയ വീടിനുള്ളിൽ..

“നിനക്ക് കഴിക്കാൻ ഞാനൊരു സാധനം ണ്ടാക്കി വച്ചിട്ടുണ്ട്.”

അവൾ പെട്ടെന്ന് ആ സന്ദർഭം മാറ്റാനെന്നോണം പറഞ്ഞു.

അവളെന്നെ അടുക്കളയിലേക്ക് വിളിച്ചു കൊണ്ടു പോയി.

ആ വലിയ അടുക്കളയിലെ ഷെൽഫിൽ ഭംഗിയായി ഒതുക്കി വച്ചിരിക്കുന്ന സ്ഫടികപാത്രങ്ങൾ..ചായ കപ്പുകൾ..

പക്ഷേ അവൾ അടുക്കളയിൽ ഉപയോഗിച്ചിരുന്ന പാത്രങ്ങൾ പഴയതും നല്ലത് എന്ന് പറയാൻ പറ്റാത്തതുമായിരുന്നു.

ആ വീടും അതിനുള്ളിലെ സാധനങ്ങളും അവൾ അത്രമേൽ വൃത്തിയോടെ കാത്തുസൂക്ഷിച്ചിരുന്നു.
പക്ഷേ അവൾ…?

ഒരു നിമിഷം..

അവൾ എന്റെ മുഖം ചേർത്ത് പിടിച്ചു.

എന്റെ നീണ്ടു മെലിഞ്ഞ വെളുത്ത വിരലുകൾ ചുണ്ടുകളിൽ ചേർത്തു.

“നിന്നെ കാണുമ്പോൾ എനിക്ക് അസൂയ തോന്നും. എന്ത് ഭംഗിയാണ് നിന്നെ കാണാൻ. എത്ര വൃത്തിയിലാണ് നീ നടക്കുന്നത്. എപ്പോഴും പ്രസന്നമായ മുഖവും ചിരിയും.. ഞാൻ.. ഞാൻ എന്തോ പോലെ.”

അവളുടെ സ്വരമിടറി.

ഞാൻ അവളെ പിടിച്ച് എന്റെ അരികിലിരുത്തി.

“ഞാൻ ഒരു കാര്യം പറയട്ടെ..”

അവൾ തലയാട്ടി.

ജ്യൂസിന്റെ ഗ്ലാസ്സ് ഞാൻ മേശപ്പുറത്തു വച്ചു.

“ഞാൻ ഒട്ടും സമ്പന്നയല്ല.എനിക്ക് സ്വന്തമായൊരു വീടോ ഇടമോ ഒന്നുമില്ല. ഒരുപാട് വിഷമങ്ങളുണ്ട്. സങ്കടങ്ങളുണ്ട്. എന്നിട്ടും.. എന്നിട്ടും ഞാൻ സന്തോഷമായിരിക്കുന്നതു എന്ത് കൊണ്ടാണെന്നു അറിയോ..

“ഞാൻ.. എന്നെ ഒരുപാട് സ്നേഹിക്കുന്നു. ഇഷ്ടപ്പെടുന്നു.സ്വയം പ്രണയിക്കുന്നു.ആ എന്നെ ഞാൻ നന്നായി ശ്രദ്ധിക്കുന്നു. നോക്കുന്നു.

ഞാൻ വില കൂടിയ വസ്ത്രങ്ങൾ വാങ്ങാറില്ല. വില കുറഞ്ഞതാണെങ്കിലും നല്ലത് എന്ന് തോന്നുന്ന വസ്ത്രങ്ങൾ ധരിക്കും. മുqഷിഞ്ഞ വസ്ത്രങ്ങൾ ഉപയോഗിക്കാറില്ല. ഒന്നും നാളേക്ക് ഉടുക്കാം എന്ന് കരുതി എടുത്തു വയ്ക്കാറില്ല. വീട്ടിൽ നിൽക്കുമ്പോഴും നല്ല വസ്ത്രം മാത്രം ധരിക്കുന്നു. സ്വർണാ ഭരണങ്ങൾ വാങ്ങാനുള്ള കഴിവില്ല. പക്ഷേ ഞാൻ വില കുറഞ്ഞ ഭംഗിയുള്ള ആഭരണങ്ങൾ വാങ്ങി ധരിക്കും. വലിയ കമ്മലുകൾ ഇടും. പൊട്ട് തൊടും. മുല്ലപ്പൂ ചൂടാൻ തോന്നിയാൽ വാങ്ങി ചൂടും. അതിൽ ലാഭം നോക്കാറില്ല. എന്റെ വിരലുകൾ നഖം എല്ലാം ഞാൻ അത്രയും ശ്രദ്ധയോടെ നോക്കും. ഭംഗിയുള്ള നെയിൽ പോളിഷ് വാങ്ങും. നഖത്തിൽ ചായം പുരട്ടി എന്തിന് പൈസ കളയുന്നു എന്ന് ചിന്തിക്കാറില്ല. എനിക്കത് ഇഷ്ടമാണ്.

പുറത്തേക്കിറങ്ങിയാൽ നല്ല ഭക്ഷണം കഴിക്കാൻ തോന്നിയാൽ കഴിക്കും.നമ്മുടെ കയ്യിലൊതുങ്ങുന്ന ആഗ്രഹങ്ങൾ ഞാൻ നാളേക്ക് മാറ്റി വയ്ക്കാറില്ല. ഒരു മസാല ദോശ കഴിക്കാൻ ആഗ്രഹം തോന്നിയിട്ട്.. അത് വേണ്ടെന്ന് വച്ചു അത് വീട്ടിലേക്ക് എന്തെങ്കിലും ഉപകാരത്തിന് ആവട്ടെ എന്ന് ഞാൻ ചിന്തിക്കാറില്ല..അത് എന്റെ ആഗ്രഹമാണ്. എനിക്ക് മാത്രം തോന്നുന്നത്. കുട്ടികൾക്കോ ഭർത്താവിനോ അങ്ങനെയൊരു ആഗ്രഹം തോന്നിയാൽ അവരത് നിറവേറ്റും. അല്ലേ.. അപ്പൊ നമ്മുടെ ആഗ്രഹങ്ങൾ എന്തിന് വേണ്ടെന്ന് വയ്ക്കണം.

വീട്ടിൽ ചില്ല് പാത്രങ്ങൾ വാങ്ങി ഞാൻ അത് ഷെൽഫിൽ വയ്ക്കാറില്ല. അതിൽ തന്നെ ഭക്ഷണം കഴിക്കും. നല്ല ഭംഗിയുള്ള ചായ കപ്പുകൾ വാങ്ങും. അതിൽ തന്നെ ചായ കുടിക്കും.

നാളെയാവാം എന്ന് കരുതി ഞാൻ ഒന്നും മാറ്റി വയ്ക്കാറില്ല. ഇന്ന്.. നമ്മൾ ഈ നിമിഷം മാത്രമാണ് ജീവിക്കുന്നത്. എല്ലാം എടുത്തു വച്ചു നാളെ ജീവിക്കാമെന്ന് കരുതിയാൽ എന്ത് ഉറപ്പാണ് ഉള്ളത്. ഏതു നിമിഷവും നിന്നു പോകാവുന്ന ഒരു ശ്വാസത്തിന്റെ ഉടമ്പടി മാത്രമേ ശരീരവും പ്രാണനും തമ്മിലുള്ളു.

അത് കൊണ്ടു പ്രാണനുള്ള കാലം സ്വയം ജീവിച്ചിരുന്നു എന്നൊരു തോന്നലെങ്കിലും ഉണ്ടാവണം.

അതിനിടയിൽ മറ്റുള്ളവർക്ക് വേണ്ടി ന്തെങ്കിലും ചെയ്യാൻ കഴിഞ്ഞാൽ.. ഒരു വാക്കോ നോക്കോ പ്രവൃത്തിയോ.. അങ്ങനെ എന്തെങ്കിലും.. മറ്റുള്ളവരുടെ മനസ്സിൽ നമ്മളൊരു നല്ല ഓർമ്മയായി ഉണ്ടാവുക എന്നതിനേക്കാൾ വലിയൊരു ഭാഗ്യമുണ്ടോ..?

പിന്നെ ഞാനൊന്നു പറയട്ടെ..

ഈ ജന്മത്തിൽ നമ്മളെ സ്നേഹിക്കാൻ നമുക്ക് മാത്രമേ കഴിയു. മറ്റാരെങ്കിലും നമ്മളെ സ്നേഹിക്കുന്നു നോക്കുന്നു എന്നൊക്കെ വിശ്വസിക്കുന്നത് വിഡ്ഢിത്തരമാണ്.

സ്വയം സ്നേഹിക്കുകയും വിശ്വസിക്കുകയും ചെയ്യുന്നിടത്തോളം ഒരു ആത്മവിശ്വാസം വേറെ എന്താണുള്ളത്.

ഇത് സ്വാർത്ഥത ആണെങ്കിൽ അങ്ങനെ തന്നെ വിളിക്കട്ടെ.

അത് കൊണ്ടു ഞാൻ ന്റെ പ്രിയപ്പെട്ട നിന്നോട് പറയുകയാണ്..

നീ നന്നായി നടക്കണം. അലമാരയിൽ ഒതുക്കി വയ്ക്കാതെ ആ വസ്ത്രങ്ങളെല്ലാം നിന്റെ ഉടലിൽ ഒതുങ്ങട്ടെ. അത് ശവത്തിലിട്ടു കത്തിക്കാനുള്ളതല്ല.?ഒന്നും എടുത്തു വയ്ക്കണ്ട. എല്ലാം നിന്റെ സന്തോഷത്തിനായി ഉപയോഗിക്കുക. നല്ല വസ്ത്രം ധരിക്കുക. നല്ല ഭക്ഷണം നല്ല പാത്രത്തിൽ തന്നെ ഭക്ഷിക്കുക.മറ്റുള്ളവർക്ക് ഉപദ്രവമില്ലാത്ത ആഗ്രഹങ്ങൾ എന്തോ അതൊക്കെ നിറവേറ്റുക.

നീ നിന്നെ നന്നായി സ്നേഹിക്കുക. ഇഷ്ടപ്പെടുക. കണ്ണാടി നോക്കി പറയുക. ഞാൻ എത്ര സുന്ദരിയാണ്. നല്ലതാണ്.. എന്നൊക്കെ..

കേട്ടോ…”

ഞാൻ പറഞ്ഞു നിർത്തിയപ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി.

അവളെന്നെ കെട്ടിപ്പിടിച്ചു. “എനിക്ക് നിന്റെ പോലെ നന്നായി നടക്കണം.”?ഞാൻ ചിരിച്ചു കൊണ്ടവളുടെ മുഖം പിടിച്ചുയർത്തി.?”നന്നായി നടക്കണം.എന്നെ പോലെ വേണ്ടാ.. നിന്നെ പോലെ മതി.അതാണ് ഭംഗി.”

ഞാൻ പറഞ്ഞപ്പോൾ അവളൊന്നു ചിരിച്ചു.

അന്ന് യാത്ര പറഞ്ഞു ഇറങ്ങുമ്പോൾ അവളുടെ കണ്ണുകളിൽ വല്ലാത്തൊരു തിളക്കം തോന്നി.

കുറച്ചു ദിവസങ്ങൾക്ക് ശേഷം അവളെന്നെ കാണാൻ വന്നു. സാധാരണ എത്ര വിളിച്ചാലും അവൾ എവിടെയും പോവാൻ കൂട്ടാക്കാറില്ല.എന്റെ വീട്ടിലും വരാറില്ല.അന്ന് അപ്രതീക്ഷിതമായി അവളെ കണ്ടപ്പോൾ വല്ലാത്ത സന്തോഷം തോന്നി. മനോഹരമായൊരു കുർത്തിയിൽ അവൾ സുന്ദരിയായിരുന്നു.വല്ലാത്തൊരു മാറ്റം. കയ്യിൽ വളകൾ. കാലിൽ പാദസരം. നഖം ഭംഗിയായി വെട്ടി നെയിൽ പോളിഷ് ഇട്ടിരുന്നു. വിരലുകളിൽ കല്ല് മോതിരങ്ങൾ.

അവളെന്നെ കെട്ടിപ്പിടിച്ചു. “എനിക്ക് എന്തോ വല്ലാത്തൊരു സന്തോഷം തോന്നുന്നു.?വേണ്ടെന്ന് വച്ചൊരു ആഗ്രഹം.. ഇന്ന് അതൊന്നു നടത്തണം. മൂക്കു കുത്തി ഒരു പച്ചക്കല്ല് മൂക്കുത്തി ഇടണം. പിന്നെ പുറത്തൊക്കെ പോണം. എന്തെങ്കിലും നല്ല ഭക്ഷണം കഴിക്കണം. നീ വരോ എന്റെ കൂടെ..”

എനിക്ക് വല്ലാത്ത സന്തോഷം തോന്നി.

“ഞാൻ വരാലോ..”

“അമ്മു.. നമുക്കൊരു യാത്ര പോണം.. ദൂരെ എവിടേലും..ജീവിതത്തിന്റെ പാതി പോയി.. ഇനിയെങ്കിലും ജീവിക്കാൻ ഒരു കൊതി.. “

അവളുടെ സ്വരത്തിൽ ഇടർച്ച..

“ആർക്കൊക്കെ വേണ്ടെങ്കിലും എനിക്ക് എന്നെ വേണമെന്നൊരു തോന്നലിൽ നിന്നും ചിലപ്പോൾ ചരിത്രം സൃഷ്ടിക്കാൻ കഴിഞ്ഞേക്കും… അല്ലേടി..”

അവൾ പറഞ്ഞപ്പോൾ…

ഒരു നിമിഷം.. ഞാൻ അതിൽ ഒരു കഥ കണ്ടു.

അവളുടെ കണ്ണുകളിലെ മൂക്കുത്തി തിളക്കത്തിലേക്ക് നോക്കി ഞാൻ ആ കഥക്ക് നൈമ എന്ന് പേരിട്ടു.

നൈമ..പിന്നീട് അവളെ കാണുമ്പോഴേക്കെ ആ മൂക്കുത്തി തിളക്കം.
സ്വയം സ്നേഹിക്കുക ഇഷ്ടപ്പെടുക പ്രണയിക്കുക വിശ്വസിക്കുക… ഒരു ചിരി അവനവനു വേണ്ടി കരുതുക. അത് മറ്റുള്ളവരുടെ മനസ്സിൽ ഒരു ഓർമ്മയായി സന്തോഷമായി നന്മയായി മാറുക. ജീവിതം അങ്ങനെയാവട്ടെ…

Leave a Reply

Your email address will not be published. Required fields are marked *