മക്കളെ വളർത്തുമ്പോൾ
എഴുത്ത്:-ആമി
” അമ്മേ.. എനിക്കൊരു ചായ.. “
രാവിലെ ഉറക്കത്തിൽ നിന്ന് എഴുന്നേറ്റ് ഉടനെ അനന്തു വിളിച്ചു പറഞ്ഞു.
“നീ ആദ്യം ആ ബെഡിൽ നിന്ന് എഴുന്നേറ്റ് ഒന്ന് പല്ലു തേക്ക്.. അപ്പോഴേക്കും ചായ ഞാൻ എടുക്കാം..”
അടുക്കളയിൽ നിന്ന് അമ്മയുടെ മറുപടിയും വന്നു.അത് കേട്ടതോടെ അവൻ ബെഡിൽ നിന്ന് ചാടി എഴുന്നേറ്റ് ബാത്റൂമിലേക്ക് നടന്നു.
നിമിഷങ്ങൾക്കകം റെഡിയായി ചായ കുടിക്കാൻ എത്തി.അമ്മ ചായ എടുത്തു മുന്നിൽ വയ്ക്കുകയും ചെയ്തു.
അവരുടെ വീട്ടിലെ ഒരു ദിവസത്തിന്റെ തുടക്കം ഏകദേശം ഇങ്ങനെയൊക്കെ തന്നെയാണ്. അവന് ചായ കൊടുത്ത് കഴിഞ്ഞ ഉടനെ അമ്മ അലക്കാൻ ആയി പുറത്തേക്കു പോയി.
അലക്ക് കഴിഞ്ഞു വന്ന ഉടനെ അവൻ ആഹാരവും എടുത്തു കൊടുത്തത് പിന്നെ അടിക്കലും ഒക്കെ കഴിഞ്ഞു അവർക്ക് റസ്റ്റ് എടുക്കാൻ സമയമേ കിട്ടിയില്ല.
അനന്തു കോളേജിലേക്ക് പോയതിന്റെ പിന്നാലെ ഉച്ചയ്ക്ക് വേണ്ടിയുള്ള ആഹാരത്തിന്റെ തയ്യാറെടുപ്പിലായിരുന്നു അവർ. അടുക്കളപ്പുറത്തിരുന്ന് പച്ചക്കറി നുറുക്കി എടുക്കുമ്പോഴാണ് അയൽക്കാരിയായ ഗീത അവിടേക്ക് വരുന്നത്.
“പണികളൊക്കെ കഴിഞ്ഞോ രമേച്ചി..?”
അവർ കുശലം ചോദിച്ചു.
“ഒരുവിധം എല്ലാം ആയി എന്ന് തന്നെ പറയാം. ഇതിപ്പോൾ ഉച്ചയ്ക്ക് കറിക്ക് വേണ്ടിയുള്ള പച്ചക്കറിയാണ്. അവനു കൊണ്ടു പോകാനുള്ളതൊക്കെ ഒരുക്കി കൊടുത്തു വിട്ടു.”
രമ ചിരിച്ചു കൊണ്ട് മറുപടി പറഞ്ഞു.
” അവിടെയും അതെ. ഒരുവിധം എല്ലാം ഒതുക്കിയിട്ട് ഞാനിപ്പോൾ കടയിലേക്ക് പോകാൻ ഇറങ്ങിയതാണ്. റേഷൻ കടയിൽ അരി വാങ്ങാൻ പോണം. ഇവിടത്തെ വാങ്ങിയിരുന്നോ..? “
” അത് ഇന്നലെ ഞാൻ പോയി വാങ്ങി..”
രമ മറുപടി കൊടുക്കുന്നതിനിടയിൽ തന്റെ പണിയും ചെയ്യുന്നുണ്ടായിരുന്നു.
” അപ്പുറത്തെ ശൈലയുടെ മോൻ ബാംഗ്ലൂർ നിന്ന് വന്നിട്ടുണ്ട്.. “
ഗീത പറഞ്ഞത് കേട്ട് രമ തലയാട്ടി.
” ഞാനറിഞ്ഞു.. ഇന്നലെ വൈകിട്ട് ഞാൻ ക്ഷേത്രത്തിൽ പോയി വരുമ്പോൾ ഷൈല പറഞ്ഞു. പോയി വരുമ്പോൾ ഉള്ള കാഴ്ചയല്ലേ.. ആ ചെറുക്കൻ അവിടെ നിന്ന് തുടക്കുകയായിരുന്നു.ഏതെങ്കിലും അമ്മമാർ ചെയ്യിക്കുന്നതാണോ.. “
ആശ്ചര്യം പോലെ രമ പറഞ്ഞപ്പോൾ ഗീതയും അത് സമ്മതിച്ചു.
“ഞാനും അതുതന്നെയാണ് പറയാൻ തുടങ്ങിയത്.രാവിലെ ഞാൻ നോക്കുമ്പോൾ ആ ചെറുക്കൻ തുണിയൊക്കെ അലക്കി വിരിക്കുന്നു.ഇന്നലെ ബാംഗ്ലൂരിൽ നിന്ന് ഇങ്ങോട്ട് വന്നതല്ലേ ഉള്ളൂ.എന്നിട്ടും അതിനെ കൊണ്ട് പണിയെടുപ്പിക്കാൻ അവൾക്ക് യാതൊരു മനസ്സാക്ഷിക്കുത്തും തോന്നുന്നില്ല എന്നാണ്. നമ്മളാണെങ്കിൽ അങ്ങനെയൊക്കെ ചെയ്യിക്കുമോ..”
ഗീതയ്ക്കും ഷൈലയുടെ പ്രവർത്തി ഒരു അമ്പരപ്പായിട്ടാണ് തോന്നിയത്.
” നമ്മുടെ മക്കൾ ഇന്ന് വരെയും അടുക്കളയിൽ കയറി ഒരു ഗ്ലാസ് വെള്ളം പോലും എടുത്തു കുടിച്ചിട്ടില്ല. അതിനുള്ള അവസരം അവർക്ക് ഞാൻ കൊടുത്തിട്ടില്ല. ഞാനെന്തായാലും ഒരു പണിക്കും പോകാതെ വീട്ടിൽ ഇരിക്കുകയല്ലേ.. അപ്പോൾ അവരുടെ ആവശ്യങ്ങൾ നടത്തി കൊടുക്കേണ്ടത് എന്റെ ജോലിയല്ലേ. രാവിലെ മുതൽ വൈകുന്നേരം വരെ ഓരോ ഇടത്തും അലഞ്ഞു തിരിഞ്ഞ് കയറി വരുന്ന അവരെ കൊണ്ട് ഓരോ പണിയെടുപ്പിക്കുന്നത് നല്ലതല്ലല്ലോ..”
രമ പറഞ്ഞത് ഗീത സമ്മതിച്ചു.
“വീട്ടിലെ ആണുങ്ങളെ കൊണ്ട് ഞാനും അകത്ത് ഒരു പണിയും എടുപ്പിക്കാറില്ല.പറമ്പിലെ പണികളൊക്കെ അവരോട് ചെയ്യാൻ പറയും എന്നല്ലാതെ വേറെ ഒരു കാര്യം കൂടി ഞാൻ ചെയ്യിക്കാറില്ല. അതൊക്കെ നമുക്ക് ചെയ്യാവുന്നതല്ലേ ഉള്ളൂ. നമുക്കു വേണ്ടി കൂടിയാണല്ലോ അവർ പുറത്തു പോയി ജോലി ചെയ്ത് കഷ്ടപ്പെടുന്നത്..അപ്പോൾ പിന്നെ അവരെ ബുദ്ധിമുട്ടിക്കുന്നത് ശരിയല്ലല്ലോ..”
ഗീതയ്ക്കും അതേ അഭിപ്രായം തന്നെയായിരുന്നു.
“അവിടെ ശൈലയുടെ വീട്ടിൽ പക്ഷേ അങ്ങനെയൊന്നുമല്ല. എല്ലാ പണിയും അവർ മൂന്നു പേരും ഒരുപോലെയാണ് ചെയ്യുന്നത്. അവളുടെ കെട്ടിയോനും അവളെ എല്ലാ പണിയിലും സഹായിക്കാറുണ്ട് എന്ന് പറയുന്നത് കേൾക്കാം. ആർക്കറിയാം ഇവൾ നിർബന്ധിച്ച് ചെയ്യിക്കുന്നതായിരിക്കും. അവൾ എന്തായാലും മിടുക്കി തന്നെ. ആണുങ്ങളെക്കൊണ്ട് ജോലി ചെയ്യിച്ചിട്ട് കസേരയിൽ കയറിയിരിക്കാൻ അവൾക്ക് പറ്റുന്നുണ്ടല്ലോ.. നമുക്കൊക്കെ ചിന്തിക്കാൻ പറ്റുന്ന കാര്യമാണോ അത്..”
രമയ്ക്ക് എത്ര പറഞ്ഞിട്ടും മതിയാകുന്നുണ്ടായിരുന്നില്ല.
“ഞാനും അതു തന്നെയാണ് ചേച്ചി ഓർത്തു കൊണ്ടിരുന്നത്.നമ്മുടെയൊക്കെ വീട്ടിലാണെങ്കിൽ ഇത് ചിന്തിക്കാനെങ്കിലും പറ്റുമോ..? അവളുടെ കെട്ടിയോൻ ഒരു സാധു മനുഷ്യനായത് കൊണ്ട് അവളുടെ ഈ പരിപാടിയൊക്കെ അവിടെ നടക്കുന്നു.”
ഗീതയ്ക്കും ആകെ ഒരു വല്ലായ്ക തോന്നി.
“അയ്യോ കാര്യം പറഞ്ഞു നിന്ന് നേരം വൈകി.ഇനി റേഷൻ കടയിലേക്ക് നാളെ പോകാം.ഇനിയിപ്പോൾ വീട്ടിൽ ഏട്ടൻ ഉണ്ണാൻ വരാറായി.ചെന്ന് ആഹാരം എടുത്തു കൊടുത്തില്ലെങ്കിൽ കഴിക്കാതെ പോകും.ഞാൻ പോട്ടെ..”
ഗീത യാത്ര പറഞ്ഞു വേഗത്തിൽ അവളുടെ വീട്ടിലേക്ക് പോയി.
” പറയുംപോലെ ഉച്ചയ്ക്കുള്ളത് ഒന്നുമായിട്ടില്ല.. “
രമയും തിടുക്കപ്പെട്ട് അടുക്കളയിലേക്ക് കയറി.
ഇതേ സമയം ശൈലയുടെ വീട്ടിൽ..
” അമ്മ അവിടെയെങ്ങാനും പോയിരുന്നേ.. ഇനി ഈ മുറി കൂടിയല്ലേ തുടയ്ക്കാനുള്ളത്.. അത് ഞാൻ ചെയ്തോളാം.. “
ശൈലയെ തടഞ്ഞു കൊണ്ട് മകൻ പറഞ്ഞു.അവർ ചിരിച്ചുകൊണ്ട് മുറിയുടെ ഒരു മൂലയിലേക്ക് മാറി നിന്നു.
“അവിടെ നിന്റെ റൂമൊക്കെ സൗകര്യമുള്ളതാണല്ലോ അല്ലേ..?”
ആശങ്കയോടെ അവർ അന്വേഷിച്ചു.
” അതേ അമ്മേ. നല്ല സൗകര്യങ്ങൾ തന്നെയാണ്. പിന്നെ എല്ലാ ദിവസവും അടിക്കലും തുടക്കലുമൊക്കെ ഉള്ളതു കൊണ്ട് നല്ല വൃത്തിയായി കിടന്നോളും .”
” അത് ഏതായാലും നന്നായി. ചില പിള്ളേര് താമസിക്കുന്ന മുറികൾ കണ്ടിട്ടില്ലേ ഒരു വൃത്തിയും ഉണ്ടാകില്ല.. അത് പിന്നെ എങ്ങനെയാ ഓരോ അമ്മമാരും പിള്ളേരെ കൊഞ്ചിച്ച് വഷളാക്കിയാണ് വളർത്തുന്നത്. വീട്ടിൽ ഒരു പണിയും പിള്ളേരെ കൊണ്ട് ചെയ്യിക്കില്ല.പ്രത്യേകിച്ച് ആൺമക്കളെ കൊണ്ട് ഒരു പണിയും എടുപ്പിക്കില്ല. ഇതൊക്കെ ഭാവിയിൽ ഒരു അനുഭവം വരുമ്പോൾ ആണ് പഠിക്കുന്നത്.”
അവർ പറഞ്ഞത് കേട്ട് അവൻ ചിരിച്ചു.
” എന്തായാലും ആ കാര്യത്തിൽ എന്റെ അമ്മ പെർഫെക്റ്റ് ആണല്ലോ.. ചെറുപ്പം മുതൽക്കേ എന്നെയും അവളെയും എല്ലാ പണിയും പഠിപ്പിച്ചു തന്നെയാണല്ലോ വളർത്തിയത്. ഞങ്ങൾക്കിടയിൽ ആണെന്നും പെണ്ണെന്നും വേർതിരിവ് ഇതുവരെ ഉണ്ടായിട്ടില്ല.. അതുകൊണ്ട് എന്താ എവിടെപ്പോയാലും ഏതു സാഹചര്യത്തിലും പിടിച്ചു നിൽക്കാൻ ഞങ്ങളെക്കൊണ്ട് പറ്റും.”
അവൻ പറഞ്ഞപ്പോൾ അവർക്ക് അഭിമാനം തോന്നി.
നാളുകൾ കടന്നു പോയി.
” എടി ഗീതേ, നിന്നെ ഇപ്പോൾ ഈ വഴിക്ക് കണ്ടിട്ട് കുറേക്കാലമായല്ലോ.. നിനക്ക് വീടിന് പുറത്തേക്ക് ഇറങ്ങുന്ന പരിപാടിയൊന്നുമില്ലേ ഇപ്പോൾ..?”
രമ അന്വേഷിച്ചപ്പോൾ ഗീത ദയനീയമായി പുഞ്ചിരിച്ചു.
“എന്തു പറയാനാ ചേച്ചി..പണിയൊഴിഞ്ഞിട്ട് ഒരു നേരമില്ല.. ആഹാരം ഉണ്ടാക്കലും അടിക്കലും തുടക്കലും തുണിയലക്കലും ഒക്കെയായി മനുഷ്യന് ഒന്ന് നടു നിവർത്താനുള്ള സമയം പോലുമില്ല. വീടിന് സൗകര്യം കുറവാണെന്ന് പറഞ്ഞ് ഇപ്പോൾ രണ്ടാമത് ഒരു നില കൂടി കെട്ടിപ്പൊക്കിയിട്ടുണ്ടല്ലോ.. അതും എല്ലാ ദിവസവും അടിക്കുകയും തുടയ്ക്കുകയും വേണം. പണിയെടുത്ത് മനുഷ്യൻ ചത്തു. എന്നാൽ വീട്ടിൽ ഉള്ള രണ്ട് സാധനങ്ങളുണ്ട്.ഇത്തിരി മനുഷ്യപ്പറ്റുണ്ടെങ്കിൽ മനുഷ്യനെ സഹായിച്ചു തരില്ലേ..? ഞാൻ ഓടി നടന്നു പണിയെടുക്കുന്നത് കണ്ടാൽ പോലും കാലിന്മേൽ കാലും കയറ്റി വെച്ചിരിക്കുന്നതല്ലാതെ ഒരു പണിക്കും സഹായിക്കില്ല.. ഇങ്ങനെ പോവുകയാണെങ്കിൽ അധിക കാലം എനിക്ക് ആയുസ്സ് ഉണ്ടാകുമെന്ന് തോന്നുന്നില്ല. പണിയെടുത്ത് പണിയെടുത്ത് അധികം വൈകാതെ തന്നെ എന്റെ ആയുസ്സ് തീരും.”
ഗീത പറഞ്ഞപ്പോൾ രമയും അത് അനുകൂലിച്ചു കൊണ്ട് തലയാട്ടി.
“ഇവിടെയും അങ്ങനെയൊക്കെ തന്നെയാണ്.പിന്നെ അവരെയും കുറ്റം പറയാൻ പറ്റില്ല.. നമ്മൾ തന്നെയാണ് അവരെ ഇതൊക്കെ ശീലിപ്പിച്ചത്. വീട്ടിലെ പണികൾ പെണ്ണുങ്ങൾക്കുള്ളതാണെന്നും ആണുങ്ങൾ അതൊന്നും ചെയ്യേണ്ട എന്നും അവർക്കുള്ളിൽ ഒരു വിശ്വാസം ഉണ്ടാക്കി വെച്ചത് നമ്മൾ തന്നെയാണ്. ആദ്യം മുതൽക്കേ നമ്മോടൊപ്പം അവരെയും പണി ചെയ്യാൻ പ്രേരിപ്പിച്ചിരുന്നെങ്കിൽ ഇപ്പോഴെങ്കിലും നമുക്ക് ചെറിയൊരു റസ്റ്റ് കിട്ടിയേനെ. ഇനി എന്തായാലും അവരുടെ സ്വഭാവത്തിൽ മാറ്റം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കേണ്ട…”
“മ്മ്.. ആ ഷൈലയെ കണ്ടില്ലേ.. നമ്മുടെയൊക്കെ പ്രായം തന്നെ അവൾക്ക് ഉള്ളൂ.. അവൾക്ക് യാതൊരു തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾ ഇല്ല. അവൾക്ക് ആരോഗ്യം നോക്കാതെ പണിയെടുക്കേണ്ട ആവശ്യം ആ വീട്ടിൽ വന്നിട്ടുമില്ല. എന്തിനും ഏതിനും അവളെ അവളുടെ ഭർത്താവും മകനും സഹായിക്കാറുണ്ട്. മക്കളെ വളർത്തുകയാണെങ്കിൽ അവൾ വളർത്തിയത് പോലെ വളർത്തണം. ഭാവിയിൽ നമുക്ക് ഉപകാരപ്പെടാൻ അതൊക്കെയാണ് വഴി..!”
ഗീത അത് പറയുമ്പോൾ രമയും ചിന്തിച്ചത് അതിനെക്കുറിച്ച് തന്നെയായിരുന്നു…!!!