നമുക്ക് ഒരു കുട്ടി ഉണ്ടാകാത്തതിന്റെ വിഷമം കൊണ്ടാണ് അമ്മ എന്തെങ്കിലും ഒക്കെ പറയുന്നത്.നീ കാര്യമാക്കണ്ട. പ്രായമായവരുടെ ഓരോ ആഗ്രഹങ്ങൾ അല്ലേ അതൊക്കെ…….

പ്രസവിക്കാത്തവൾ

എഴുത്ത്:-ആമി

” എന്നാലും കല്യാണം കഴിഞ്ഞ് കൊല്ലം നാലായില്ലേ..? ഇത്‌ വരെ ഒരു കുഞ്ഞിക്കാല് കാണാനുള്ള യോഗം ഈ വീട്ടിൽ ഉള്ളോർക്ക് ഉണ്ടായില്ലല്ലോ എന്നോർക്കുമ്പോഴാണ്.. “

അയലത്തെ നാണിയമ്മയാണ്. നമ്മുടെ മുറിവിൽ കുiത്തി രസിച്ചു നടക്കുന്ന ചില അമ്മുമ്മാരില്ലേ.. ആ കൂട്ടത്തിൽ പെട്ടതാണ് ഈ നാണിയമ്മ.

സംസാര വിഷയം എന്റെ ഗർഭം ഇല്ലായ്മയാണ്. കുറെ കാലമായി കേൾക്കുന്ന കാര്യമായത് കൊണ്ട് തന്നെ പ്രത്യേകിച്ച് പുതുമയൊന്നും തോന്നിയില്ല.

” പറഞ്ഞിട്ടെന്താ കാര്യം ..? ഞാനെന്തെങ്കിലും പറഞ്ഞാൽ അവർക്ക് ഞാൻ ശത്രുവായി. വെറുതെ ഞാൻ എന്തിനാണ് അവരുടെ വായിലിരിക്കുന്നത് കേൾക്കുന്നത്..? “

സങ്കടത്തോടെയുള്ള അമ്മായിയമ്മയുടെ പറച്ചില്‍.. ഇത് കേട്ടാൽ തോന്നും ഈ വീട്ടിൽ ഒച്ചയിൽ സംസാരിക്കാത്ത ഒരാളാണ് എന്റെ അമ്മായിയമ്മ എന്ന്. പോരാത്തതിന് അവരെ ഞാൻ ഈ വീട്ടിൽ മാനസികമായി പീiഡിപ്പിക്കുന്നു എന്ന് വരെ തോന്നും.

പക്ഷേ സത്യം അതൊന്നുമല്ല. ഈ വീട്ടിൽ എനിക്ക് എന്തൊക്കെയാണ് അനുഭവിക്കേണ്ടി വരുന്നത് എന്ന് എനിക്ക് പോലും നിശ്ചയമില്ലാത്ത അവസ്ഥയാണ്.

ഓരോ പുലരിയും പിറക്കുന്നത് മുതൽ അവ പിടഞ്ഞു മരിക്കുന്നത് വരെയും താൻ ഈ വീട്ടിൽ ശ്വാസം മുട്ടി നിൽക്കുകയാണ്.

ഈയൊരു വിഷയത്തിൽ ഒന്നും പറയാനില്ല എന്ന് പറഞ്ഞ് അമ്മായിയമ്മ കുiത്തി പറയുന്നത് തനിക്ക് മനസ്സിലാകുന്നില്ല എന്നാണ് അവർ കരുതുന്നത്. എത്രയോ തവണ തന്റെ മുഖത്തു നോക്കി തന്നെ ഇത് പറഞ്ഞിട്ടുണ്ട്..?

“ഇത് അവൾക്ക് പാരമ്പര്യമാണ്. അവളുടെ അനിയത്തിയുടെയും കല്യാണം കഴിഞ്ഞിട്ട് രണ്ടു മൂന്നു കൊല്ലമായില്ലേ.. അവൾക്കും ഇതുവരെ വിശേഷം ഒന്നും ആയിട്ടില്ലല്ലോ.. അതുപോലെതന്നെ ഇവളുടെ വല്യമ്മമാരുടെ മക്കൾക്കും ഒക്കെ വൈകിയാണ് വിശേഷം ഉണ്ടായത്. ഇതുവരെ ഒന്നും ആവാത്ത ആളുകളുമുണ്ട്..”

ഈയൊരു കാര്യവും പറഞ്ഞു തന്റെ കുടുംബത്തെ അടച്ചാക്ഷേപിക്കുന്ന രീതി അമ്മ കുറച്ചു കാലമായി തുടങ്ങിയിട്ട്.എങ്കിലും ഒന്നും പറയാൻ നിന്നില്ല.

“ചിലപ്പോൾ അതുകൊണ്ടു തന്നെയായിരിക്കും..”

നാണിയമ്മയുടെ വക സർട്ടിഫിക്കറ്റ് എത്തി.

ഇവിടെ ചേച്ചിയും കല്യാണം കഴിഞ്ഞ് ആറ് ഏഴ് കൊല്ലം കഴിഞ്ഞിട്ടല്ലേ പ്രസവിച്ചത് എന്ന ചോദ്യം എന്റെ തൊണ്ടയിൽ കുടുങ്ങി മരിച്ചു. എന്തെങ്കിലും അങ്ങോട്ട് ചോദിച്ചാൽ താൻ അഹങ്കാരിയായി.

” ഇപ്പോൾ അവരുടെ ഇഷ്ടത്തിന് തന്നെയാണല്ലോ കാര്യങ്ങളൊക്കെ നടക്കുന്നത്.. എന്തെങ്കിലും ചോദിക്കുകയോ പറയുകയോ ചെയ്താൽ നമ്മൾ പിന്നെ അവരുടെ കണ്ണിലെ കരടാണ്. ഈ വയസ്സുകാലത്ത് എന്തിനാണ് വെറുതെ പിള്ളേരുടെ ഇഷ്ടക്കേട് വാങ്ങി വയ്ക്കുന്നത്..? “

അമ്മ വീണ്ടും വീണ്ടും നിഷ്കളങ്ക ചമയുന്നുണ്ട്.

അപ്പോൾ ഓർമ്മയിലേക്ക് വന്നത് ഇന്നലെ വൈകുന്നേരം അമ്മ പറഞ്ഞ വാചകമാണ്.

“തിന്നും കുടിച്ചു എന്റെ മോനെ മുടിപ്പിക്കാൻ അല്ലാതെ നിന്നെക്കൊണ്ട് എന്തിന് കൊള്ളാം.. അവന് ഒരു കൊച്ചിനെ കാണാനുള്ള ഭാഗ്യം പോലും കിട്ടാത്തത് നീ ഒറ്റ ഒരാളെ കൊണ്ടാണ്.. അവന് പ്രത്യേകിച്ച് കുഴപ്പങ്ങളൊന്നുമില്ല. നിന്റെ കുഴപ്പം കൊണ്ട് തന്നെയാണ് നിങ്ങൾക്ക് കുട്ടികൾ ഉണ്ടാകാത്തത്. ഇനിയെങ്കിലും അവന്റെ ജീവിതത്തിൽ നിന്ന് ഒന്ന് ഒഴിഞ്ഞു പൊയ്ക്കൂടേ.. കടിച്ചു തൂങ്ങിക്കിടക്കുന്നതിന് ഒരു പരിധിയില്ലേ..?”

താൻ ഒന്നും പ്രതികരിക്കാതെ പോയത് തന്നെ ചേർത്തുപിടിക്കുന്ന ഒരു ഭർത്താവുണ്ട് എന്ന തോന്നലിലായിരുന്നു. വൈകുന്നേരം വീട്ടിലെത്തിയ ഭർത്താവ് തന്റെ വാടിയ മുഖം കണ്ടപ്പോൾ തന്നെ കാര്യം അന്വേഷിച്ചു. വിശദമായി ഒന്നും പറഞ്ഞില്ലെങ്കിലും അമ്മയുമായി ഒരു സംസാരം ഉണ്ടായിട്ടുണ്ടാകും എന്ന് അദ്ദേഹത്തിനു ഉറപ്പായിരുന്നു.

“നമുക്ക് ഒരു കുട്ടി ഉണ്ടാകാത്തതിന്റെ വിഷമം കൊണ്ടാണ് അമ്മ എന്തെങ്കിലും ഒക്കെ പറയുന്നത്.നീ കാര്യമാക്കണ്ട.പ്രായമായവരുടെ ഓരോ ആഗ്രഹങ്ങൾ അല്ലേ അതൊക്കെ.. വിഷമിക്കേണ്ട കേട്ടോ.. നമുക്കും അതിനുള്ള ഭാഗ്യം ഉണ്ടാകും. അതുവരെ നിരാശപ്പെടാതെ കാത്തിരിക്കണം.”

തന്നെ ചേർത്തു പിടിച്ച് ആശ്വസിപ്പിച്ചു കൊണ്ട് ഭർത്താവ് പറഞ്ഞിരുന്നു. ആ വാക്കുകൾ തനിക്ക് പകർന്നു തന്ന സന്തോഷം ചെറുതായിരുന്നില്ല.

അല്ലെങ്കിലും പണ്ട് മുതൽക്കേ തന്റെ ഏതു പ്രതിസന്ധിയിലും തന്നെ ചേർത്തു പിടിച്ചത് അദ്ദേഹമായിരുന്നു.

ചിന്തകളിൽ വിരാജിക്കുമ്പോഴാണ് അനിയത്തിയുടെ ഫോൺകോൾ വന്നത്. ചിന്തകളെ ഉപേക്ഷിച്ചു കൊണ്ട് ഫോണെടുത്തു.

“ചേച്ചി ഒരു കാര്യം പറയാനുണ്ട്.. ഞങ്ങളുടെ പ്രാർത്ഥന ദൈവം കേട്ടന്നാണ് തോന്നുന്നത്.”

അവൾ പറഞ്ഞത് പൂർണ്ണമായി മനസ്സിലാക്കാൻ തനിക്ക് കഴിഞ്ഞില്ല.

“നീയെന്താ പറയുന്നത്..?”

ഒരിക്കൽ കൂടി ചോദിച്ചു.

” അതെ ചേച്ചി…ഞാൻ ഒരു അമ്മയാകാൻ പോകുന്നു..”

സത്യം പറഞ്ഞാൽ ആ നിമിഷം സന്തോഷം കൊണ്ട് വീർപ്പുമുട്ടുന്നത് പോലെയാണ് തനിക്ക് തോന്നിയത്.എങ്ങനെ അത് പ്രകടിപ്പിക്കണം എന്ന് പോലും അറിയാൻ കഴിയുന്നുണ്ടായിരുന്നില്ല.

“നീ.. മോളെ..”

സന്തോഷം കൊണ്ട് തൊണ്ടയിൽ നിന്നും ഒരു വാക്ക് പോലും പുറത്ത് വരാത്ത അവസ്ഥ.

“ഒരു സംശയമാണ്. ഇന്ന് കാർഡ് വാങ്ങി ടെസ്റ്റ് ചെയ്തു നോക്കിയിരുന്നു. നാളെ ആശുപത്രിയിൽ പോകണം. ചേച്ചിക്ക് എന്റെ കൂടെ ഒന്ന് വരാമോ..?”

അവൾ ചോദിച്ചപ്പോൾ മറുത്തൊന്നും പറയാൻ കഴിഞ്ഞില്ല. അല്ലെങ്കിലും അവളെ ഒന്ന് കാണണമെന്ന് തന്റെ മനസ്സ് ആഗ്രഹിച്ചു തുടങ്ങിയിരുന്നു.

” അതിനെന്താ മോളെ.. രാവിലെ ഞാൻ ടൗണിലേക്ക് വരാം..”

സന്തോഷത്തോടെ പറഞ്ഞ് ഫോൺ വിളിക്കുമ്പോൾ തനിക്ക് കിട്ടാത്ത സൗഭാഗ്യം അവൾക്ക് കിട്ടിയതിൽ ഉള്ളം വല്ലാതെ സന്തോഷിക്കുന്നു ണ്ടായിരുന്നു.

വൈകുന്നേരം ഏട്ടനോട് വിവരം പറയുമ്പോൾ അദ്ദേഹവും വല്ലാതെ സന്തോഷിച്ചിരുന്നു.

” ഇതിപ്പോൾ നിനക്ക് ഒരു കുട്ടി ഉണ്ടായാലും അവൾക്കുണ്ടായാലും നമുക്ക് ഒരുപോലെ തന്നെയല്ലേ.. “

അദ്ദേഹം അങ്ങനെയാണ് പറഞ്ഞത്. ഇങ്ങനെ ചിന്തിക്കുന്ന ഒരാളെ ജീവിത പങ്കാളിയായി കിട്ടിയത് തന്റെ ഭാഗ്യമാണെന്ന് കരുതി.

നേരത്തെ പറഞ്ഞുറപ്പിച്ചത് പ്രകാരം കിട്ടിയെന്ന് രാവിലെ ഏട്ടനോടൊപ്പം ആണ് ഞാൻ ടൗണിലേക്ക് പോയത്. അമ്മായിയമ്മ വിവരമറിഞ്ഞപ്പോൾ എന്തൊക്കെയോ മുറുമുറുക്കുന്നുണ്ടായിരുന്നു.ഒന്നും കാര്യമാക്കിയില്ല.അല്ലെങ്കിലും അതിലും എത്രയോ ഇരട്ടി സന്തോഷമായിരുന്നു തനിക്ക് ആ നിമിഷം ഉണ്ടായത്..!

എന്നെ ടൗണിൽ ഇറക്കി ഏട്ടൻ ജോലിക്ക് പോയി.അധികം വൈകാതെ അനിയത്തി വന്നു.അവളെയും കൂട്ടി ആശുപത്രിയിൽ പോയി. സ്കാനിങ് മരുന്നു വാങ്ങലും ഒക്കെ കഴിഞ്ഞപ്പോൾ അവൾക്ക് വീട്ടിലേക്ക് പോകാൻ ആഗ്രഹം..

തനിക്കും അങ്ങനെ ഒരു ആഗ്രഹം ഉണ്ടായിരുന്നതു കൊണ്ട് തന്നെ കൂടുതൽ ആലോചിക്കാതെ അവളെയും കൊണ്ട് വീട്ടിലേക്ക് പോയി.അവളുടെ വിശേഷം പറഞ്ഞപ്പോൾ അമ്മയ്ക്ക് സന്തോഷമായിരുന്നെങ്കിലും ആ കൂടെ എന്നെ കണ്ടപ്പോൾ ആ മുഖം വീർത്ത് കെട്ടുന്നത് താൻ കണ്ടു.

അതിന്റെ കാരണം മനസ്സിലാക്കാതെ പകച്ചു നിന്നു പോയതാണ് താൻ..

“ഇങ്ങനെ ഒരു കാര്യത്തിന് പോകുമ്പോൾ ഇവളെയും കൂട്ടി പോകേണ്ട എന്തെങ്കിലും കാര്യമുണ്ടായിരുന്നോ നിനക്ക്..? അവിടെ നിന്ന് വരാൻ ആരുമില്ലെങ്കിൽ എന്നെ വിളിച്ചാൽ മതിയായിരുന്നല്ലോ..”

എടുത്തടിച്ച പോലെ അമ്മ അങ്ങനെ ചോദിച്ചപ്പോൾ താൻ ചെയ്ത തെറ്റ് എന്താണെന്ന് അറിയാതെ പകച്ചു പോയി.

” അമ്മ എന്തൊക്കെയാ ഈ പറയുന്നേ.. “

അനിയത്തി ചോദിച്ചപ്പോൾ അമ്മ അവളെ തുറിച്ചു നോക്കുന്നത് കണ്ടു.

” ഇവളുടെ കല്യാണം നിന്റെ കല്യാണത്തിന് രണ്ടു വർഷം മുന്നേ കഴിഞ്ഞതാണ്. ഇതുവരെ ഇവൾക്ക് ഒരു അമ്മയാകാനുള്ള ഭാഗ്യം കിട്ടിയില്ലല്ലോ. ഇതൊക്കെ ഓരോരുത്തരുടെ യോഗമാണ്. ഇവർക്ക് എന്തായാലും അങ്ങനെ ഒരു ഭാഗ്യം ദൈവം നൽകിയിട്ടില്ല എന്ന് തന്നെയാണ് എനിക്ക് തോന്നുന്നത്. ഇങ്ങനെ യുള്ളവർ ഗർഭിണികളെ കണ്ടാൽ അവരെ കണ്ണ് വയ്ക്കും. അത് വയറ്റിൽ കിടക്കുന്ന കൊച്ചിന് തന്നെ ദോഷമാണ്.ഇതൊന്നും ഇപ്പോൾ പറഞ്ഞാൽ നിനക്ക് മനസ്സിലാവില്ല. എന്തെങ്കിലും ഒരു അനുഭവം വരുമ്പോഴേ പഠിക്കൂ.”

അമ്മ പറഞ്ഞത് കേട്ടപ്പോൾ ആ നിമിഷം കൺമുന്നിൽ നിൽക്കുന്നത് സ്വന്തം അമ്മ തന്നെയാണോ എന്ന് താൻ സംശയിച്ചു. അനിയത്തിയും എന്തു പറയണമെന്ന് അറിയാതെ ഒരു പകപ്പിൽ തന്നെ നോക്കുന്നത് കണ്ടു.

“അമ്മ..ചേച്ചി..”

അവളെന്തോ പറയാൻ ശ്രമിക്കുന്നതും അമ്മ അത് തടഞ്ഞുകൊണ്ട് അവളെ രൂക്ഷമായി നോക്കുന്നതും താൻ കണ്ടു. പിന്നീട് അധിക സമയം അവിടെ നിൽക്കാൻ മനസ്സ് അനുവദിച്ചില്ല.

ആരോടും യാത്ര പോലും പറയാതെ അവിടെ നിന്നിറങ്ങി നടന്നു.

ആ നിമിഷം തനിക്ക് മനസ്സിലായി, പ്രസവിക്കാത്ത പെണ്ണിന് ഒരിടത്തും ഒരു വിലയും ഉണ്ടാവില്ല എന്ന്…!!

Leave a Reply

Your email address will not be published. Required fields are marked *