അമ്മ
എഴുത്ത്:-ആമി
” ഈ ചെറുക്കനോട് ഒരു വക പറഞ്ഞാൽ അനുസരിക്കില്ല. മഴ നനയരുത് എന്ന് ഒരു നൂറ് തവണ ഞാൻ പറഞ്ഞിട്ടുണ്ട്. എന്നിട്ട് ഇന്നലെ ഈ മഴ മുഴുവൻ നനഞ്ഞു വരേണ്ട ആവശ്യം എന്തായിരുന്നു ഇവന്..? അഹങ്കാരം കാണിച്ചിട്ട് ഇപ്പോൾ എന്തായി..? പനിയും പിടിച്ചു കിടപ്പിലായില്ലേ..? “
ഓരോന്ന് പിറുപിറുത്തു കൊണ്ട് തിടുക്കപ്പെട്ടു ചുക്കുകാപ്പി ഉണ്ടാക്കുകയാണ് ഓമന.
അപ്പോഴും അകത്തു നിന്ന് മകന്റെ വിങ്ങലോടെയുള്ള സ്വരം കേൾക്കാം.
” അമ്മേ.. ഒന്ന് വേഗം വരുമോ..? “
മകന്റെ കുഴഞ്ഞ ശബ്ദം കേട്ടപ്പോൾ അവർക്ക് ആദി തോന്നി.
” എന്താടാ..? അമ്മ ഇപ്പോൾ വരാം. അമ്മ ചുക്ക് കാപ്പി ഉണ്ടാക്കുകയാണ്.”
വേഗത്തിൽ അവനോട് പറഞ്ഞുകൊണ്ട് അവർ അടുപ്പിലേക്ക് ശ്രദ്ധ തിരിച്ചു. കാപ്പി തിളച്ചു വന്ന ഉടനെ തന്നെ അതൊന്നു ചൂടാറ്റി എടുത്തു കൊണ്ട് അവർ മകന്റെ അടുത്തേക്ക് നടന്നു.
” മോൻ ഈ ചുക്കുകാപ്പി ഒന്ന് കുടിക്ക്. അപ്പോൾ ക്ഷീണം മാറും.. “
കാപ്പി മേശ മേലേക്ക് വച്ചുകൊണ്ട് അവർ മകന്റെ അടുത്തേക്ക് ചെന്നു. അവന്റെ നെറ്റിയിൽ തൊട്ടു നോക്കിയപ്പോൾ നല്ല ചൂട് ഉണ്ടായിരുന്നു.
“പൊള്ളുന്ന പനിയാണല്ലോ ഈശ്വരാ.. നിന്നോട് എത്ര പറഞ്ഞാലും കേൾക്കില്ലല്ലോ..”
അവർ മകനെ ശകാരിച്ചു.
” എനിക്ക് വയ്യ അമ്മേ.. ആകെ തണുത്ത് വിറക്കുന്നു.. “
അവശ സ്വരത്തിൽ അവൻ പറഞ്ഞു.
” മോൻ പേടിക്കണ്ട. പനി കൂടിയതിന്റെ വിറയലാണ്. നമുക്ക് അച്ഛൻ വന്നാൽ ഉടനെ ആശുപത്രിയിൽ പോകാം. പേടിക്കണ്ട കേട്ടോ.. “
അവർ മകനെ ആശ്വസിപ്പിച്ചു. പിന്നെ ചുക്കുകാപ്പി എടുത്ത് മകന്റെ കയ്യിലേക്ക് കൊടുത്തു. അത് പിടിച്ചിരിക്കാനുള്ള ആരോഗ്യം അവൻ ഇല്ലെന്നു തോന്നിയതോടെ അവന്റെ വായിലേക്ക് അത് പകർന്നു കൊടുക്കാൻ ശ്രമിച്ചു.
അതു കുടിച്ചു കഴിഞ്ഞപ്പോൾ അവന് വല്ലാത്തൊരു ആശ്വാസം തോന്നി. അവനെ വീണ്ടും ബെഡിലേക്ക് ചായ്ച്ചു കിടത്തി കൊണ്ട്, അവർ അവനെ ഒന്നു നോക്കി.
” മോൻ കുറച്ചു നേരം കിടക്കു.. അപ്പോഴേക്കും അമ്മ കഞ്ഞി ഉണ്ടാക്കി കൊണ്ടുവരാം.. അതുകൂടി കുടിച്ചു കഴിയുമ്പോഴേക്കും അച്ഛൻ വണ്ടി വിളിച്ചു കൊണ്ടു വരും. നിനക്ക് എന്തായാലും ഇപ്പോൾ വണ്ടിയോടിക്കാൻ ഒന്നും പറ്റില്ലല്ലോ..”
അവന്റെ തലയിൽ തലോടി കൊണ്ട് അമ്മ പറഞ്ഞത് അവൻ സമ്മതിച്ചു. ക്ഷീണത്തോടെ അവൻ കണ്ണടച്ചു കിടന്നു.
അവനെയും കൊണ്ട് ആശുപത്രിയിൽ പോയതും അവനെ ഒരു കുഞ്ഞിനെപ്പോലെ പരിപാലിച്ചതും ഒക്കെ അമ്മ തന്നെയായിരുന്നു. അവൻ സുഖമില്ലാതെ കിടന്ന് അത്രയും ദിവസങ്ങളിൽ അവന് നല്ല ശ്രദ്ധ കൊടുത്താണ് അവർ മുന്നോട്ട് പോയത്.
പക്ഷേ അവന്റെ അസുഖം മാറിയപ്പോഴേക്കും അമ്മയ്ക്ക് അത് പകർന്നു കിട്ടിയിരുന്നു.
രാവിലെ തന്നെ അമ്മയുടെ ഉച്ചത്തിലുള്ള ചുമ കേട്ടു കൊണ്ടാണ് അവൻ ഡൈനിങ് ഹാളിലേക്ക് വന്നത്. ആ ശബ്ദം കേട്ടപ്പോൾ അവനു വല്ലാത്ത ഈർഷ്യ തോന്നി.
” എന്താ അമ്മെ ഇത്..? ചുമച്ചു കൊണ്ടാണോ ആഹാരം ഉണ്ടാക്കുന്നത്..? ബാക്കിയുള്ളവർക്ക് കൂടി അസുഖം പകർന്നു കൊടുക്കാൻ ആണോ..? “
ദേഷ്യത്തോടെ അവൻ ചോദിച്ചപ്പോൾ അവർക്ക് സങ്കടം വന്നു. എങ്കിലും അവർ മറുപടിയൊന്നും പറയാതെ തന്റെ പണികൾ തുടർന്നു.
നടുവിന് കൈ കൊടുത്തു കൊണ്ട് അവർ ഓരോ പണികളും ചെയ്തു തീർക്കുമ്പോൾ അവർക്ക് വല്ലാതെ ശ്വാസം മുട്ടുന്നുണ്ടായിരുന്നു. ശരീരം ആകെ കുഴഞ്ഞു പോകുന്നതു പോലെയാണ് അവർക്ക് തോന്നിയത്.
പക്ഷേ അവരെ ഒരു കൈ സഹായിക്കാൻ പോലും അവിടെ ആരും ഉണ്ടായിരുന്നില്ല.
” മോനേ.. “
തളർച്ചയോടെ അവർ വിളിച്ചപ്പോൾ അവൻ ഫോൺ നോക്കി അവരുടെ അടുത്തേക്ക് വന്നു.
” എന്താ അമ്മേ..? “
അസ്വസ്ഥതയോടെ അവൻ അന്വേഷിച്ചു.
” ഇന്ന് അമ്മ ഒരു സാമ്പാർ മാത്രമേ ഉണ്ടാക്കിയിട്ടുള്ളൂ. അത് മതിയല്ലോ അല്ലേ..? “
അവർ ചോദിച്ചപ്പോൾ അവന്റെ മുഖം മാറി.
” സാമ്പാർ മാത്രം കൂട്ടി ഞാൻ ചോറ് കഴിക്കില്ലെന്ന് അമ്മയ്ക്ക് അറിയാവുന്നതല്ലേ..? ഫ്രിഡ്ജിൽ മീൻ ഉണ്ടല്ലോ.. അമ്മ അതൊന്ന് കറിയാക്കി തരുമോ..? “
അവൻ ചോദിച്ചപ്പോൾ അവർക്ക് എതിർത്തു പറയാൻ കഴിഞ്ഞില്ല.
“കറിയൊക്കെ അമ്മ ശരിയാക്കിത്തരാം.പക്ഷേ, ആ മീൻ ഒന്ന് വെiട്ടി തരാമോ..? “
അവർ ചോദിച്ചപ്പോൾ അവൻ ഒരു നിമിഷം ഒന്നും മിണ്ടാതെ നിന്നു. സമയം തന്നെ അവന്റെ ഫോൺ ബെൽ അടിച്ചു.
പെട്ടെന്ന് തന്നെ അവൻ കോൾ അറ്റൻഡ് ചെയ്തു ചെവിയിലേക്ക് വെച്ചു. പുറത്തേക്ക് പോകുന്നതിനിടയിൽ അവൻ അമ്മയെ നോക്കി.
” അമ്മ തന്നെ അതൊന്ന് വൃത്തിയാക്കി കറി വയ്ക്കണേ..!”
അത്രയും പറഞ്ഞ് അവരുടെ മറുപടിക്ക് കാത്തു നിൽക്കാതെ അവൻ നടന്നു നീങ്ങി.
ആ നിമിഷം ദേഷ്യമോ സങ്കടമോ ഒക്കെ ആ അമ്മയെ കീഴ്പ്പെടുത്താൻ തുടങ്ങിയിരുന്നു. ആരോടും പരാതി പറയാനില്ല എന്ന ഉത്തമ ബോധ്യത്തിൽ തന്നെ അവർ തന്റെ പണികൾ തുടർന്നു.
ഫോണുമായി പുറത്തേക്ക് പോയ മകൻ കാമുകിയുടെ സുഖവിവരങ്ങൾ അന്വേഷിച്ചു തുടങ്ങി.
” നിന്നെ ഇന്നലെ ഞാൻ വിളിച്ചിട്ട് കിട്ടിയില്ലല്ലോ..”
അവൻ പരിഭവം പോലെ പറഞ്ഞു.
” എനിക്ക് ഇന്നലെ സുഖമില്ലായിരുന്നു. ചെറിയ പനിയും തലവേദനയും ഒക്കെയായിട്ട് നേരത്തെ തന്നെ ഞാൻ കിടന്നുറങ്ങി. “
അവൾ പറഞ്ഞപ്പോൾ അവന് വല്ലാത്ത ടെൻഷൻ തോന്നി.
“പനിയോ..എന്നിട്ട് ഇപ്പോൾ എങ്ങനെയുണ്ട്..? ആശുപത്രിയിൽ പോയിരുന്നോ..? മരുന്നൊക്കെ വാങ്ങിയോ..?”
അവൻ തിടുക്കത്തിൽ അന്വേഷിച്ചു.
“അതൊക്കെ രാവിലെ തന്നെ പോയി. മരുന്നു വാങ്ങിക്കൊണ്ടു വന്നു.”
അവൾ പറഞ്ഞത് കേട്ട് അവന് സന്തോഷം തോന്നി.
” നീ എന്തായാലും റസ്റ്റ് എടുക്ക്. ഇപ്പോഴത്തെ പനിക്ക് റസ്റ്റ് ആണ് ഏറ്റവും അത്യാവശ്യമായിട്ടുള്ളത്. വീട്ടിൽ പണിയൊന്നും ചെയ്യാൻ നിൽക്കണ്ട കേട്ടോ. അവിടെ അമ്മ ഉണ്ടല്ലോ.. പണികളൊക്കെ അമ്മ ചെയ്തോളും.. “
അവൻ വാത്സല്യത്തോടെ അവളോട് പറഞ്ഞു. അതൊക്കെ സമ്മതിക്കുന്നത് വരെയും അവൻ അവളോട് പറഞ്ഞു കൊണ്ടേയിരുന്നു.
” മോനെ.. “
ഫോൺ കോൾ കഴിഞ്ഞ് അകത്തേക്ക് കയറി വന്ന അവനെ അമ്മ വിളിച്ചു.
“എന്താ..?”
അവൻ ഈർഷ്യയോടെ ചോദിച്ചു.
” നാളെ ആശുപത്രിയിൽ പോകാൻ അമ്മയുടെ കൂടെ ഒന്ന് വരാമോ..? അമ്മയ്ക്ക് ഒറ്റയ്ക്ക് പോകാൻ പറ്റില്ല. അച്ഛൻ ഇവിടെ ഇല്ലാത്തതല്ലേ.. അച്ഛൻ ഉണ്ടായിരുന്നെങ്കിൽ ഞാൻ മോനെ ബുദ്ധിമുട്ടിക്കില്ലായിരുന്നു.. “
അവർ പറഞ്ഞപ്പോൾ അവൻ ഒരു നിമിഷം ചിന്തിച്ചു.
നാളെ അവളെ കാണാൻ ചെല്ലാം എന്ന് വാക്ക് കൊടുത്തതാണ്. അത് തെറ്റിക്കുന്നത് ശരിയല്ല. അവൻ ചിന്തിച്ചു.
” നാളെ.. നാളെ എനിക്ക് പറ്റില്ല.. കുറച്ചു തിരക്കുകൾ ഉണ്ട്. അമ്മ ഒറ്റയ്ക്ക് പോകാൻ മടിക്കേണ്ട കാര്യമൊന്നുമില്ല. ആശുപത്രി ഇവിടെ തൊട്ടടുത്തല്ലേ.. ഓട്ടോയിൽ പോയാൽ മതി. ഓട്ടോ വെയിറ്റ് ചെയ്തോളും.അപ്പോൾ അതിൽ തന്നെ മടങ്ങി വരികയും ചെയ്യാം.. “
അത്രയും പറഞ്ഞു അമ്മയെ നോക്കി ഒന്ന് തലയാട്ടിക്കൊണ്ട് അവൻ അകത്തേക്ക് കയറിപ്പോയി.
പിറ്റേന്ന് കാമുകിക്കൊപ്പം പാർക്കിൽ ഇരിക്കുമ്പോൾ ഒരു ഫോൺകോൾ വന്നു. സുഹൃത്താണെന്ന് കണ്ടപ്പോൾ അവന് അല്പം ദേഷ്യം തോന്നാതിരുന്നില്ല.
തുടരെത്തുടരെ ഫോൺ വന്നപ്പോൾ അവൻ ദേഷ്യത്തോടെ തന്നെയാണ് അത് അറ്റൻഡ് ചെയ്തത്.
“ഡാ.. നീ എവിടെയാ..?”
ഫോൺ എടുത്ത് ഉടനെ സുഹൃത്ത് അന്വേഷിച്ചു.
” ഞാൻ അവളോടൊപ്പം പുറത്തു വന്നതാടാ..കുറെയായി അവളെ കണ്ടിട്ട്.. “
അവൻ ചിരിച്ചു കൊണ്ട് പറഞ്ഞു.
” നിന്റെ അമ്മ ഇന്ന് ആശുപത്രിയിൽ പോയിരുന്നോ..? “
സുഹൃത്ത് ചോദിച്ചപ്പോൾ അവൻ അമ്പരന്നു പോയി. പിന്നെ ഓർത്തു അമ്മയെ വഴിയിൽ എങ്ങാനും വച്ച് കണ്ടിട്ടുണ്ടായിരിക്കുമെന്ന്.!
“പോയിരുന്നു.. അമ്മയ്ക്ക് സുഖമില്ല…ചെറിയൊരു പനി..”
അവൻ നിസ്സാരമായി പറഞ്ഞു.
” ആശുപത്രിയിൽ വച്ച് നിന്റെ അമ്മ തലകറങ്ങി വീണു. അവിടെ അഡ്മിറ്റ് ചെയ്തിട്ടുണ്ട്. പിന്നെ നീ പറഞ്ഞ പോലെ ചെറിയ പനിയൊന്നുമല്ല. നല്ല കൂടിയ പനി തന്നെയാണ്. പനി മാത്രമല്ല വിറയലും ക്ഷീണവും ഒക്കെ ഉണ്ട്.ചിലപ്പോൾ അവിടെത്തന്നെ കിടക്കേണ്ടി വരും എന്നാണ് പറഞ്ഞത്.. കാമുകിയോടൊപ്പം ഊരി ചുറ്റി കഴിഞ്ഞെങ്കിൽ അവിടേക്ക് ഒന്ന് ചെല്ലാൻ നോക്ക്..”
ദേഷ്യത്തിൽ അത്രയും പറഞ്ഞു കൊണ്ട് സുഹൃത്ത് ഫോൺ കട്ടാക്കി പോകുമ്പോൾ പകച്ചു നിൽക്കുകയായിരുന്നു അവൻ.
തനിക്ക് സുഖമില്ലാതെ ആയപ്പോൾ തന്നെ എത്രത്തോളം കാര്യമായിട്ടാണ് അമ്മ ശുശ്രൂഷിച്ചത് എന്ന് ആ നിമിഷം അവൻ ഓർത്തു.
അങ്ങനെയുള്ള അമ്മയെ ശ്രദ്ധിക്കുക പോലും ചെയ്യാതെ കടന്നു പോകുന്നത് തെറ്റായിപ്പോയി എന്ന് അവന് തോന്നി.
ഒരു നിമിഷം പോലും പാഴാക്കാതെ ആശുപത്രിയിലേക്ക് പായുമ്പോൾ അമ്മയ്ക്ക് ആപത്തൊന്നും ഉണ്ടാകരുതെന്ന് മാത്രമാണ് അവൻ ആഗ്രഹിച്ചത്..!