തൻ്റെ കപട സ്നേഹം അവൾ തിരിച്ചറിഞ്ഞിട്ടും പെണ്ണായ അവൾ ഒരു വാക്കു കൊണ്ടും തന്നെ നോവിക്കാതിരിക്കുന്നതെന്താണെന്നാണ് തനിക്ക് മനസ്സിലാകാത്തത്…

മാലാഖ

രചന: ശാരിലി

———————-

അവൾ ആശുപത്രി വരാന്തയിൽ കൂടി നടന്നു പോകുന്നത് ജെറിൻ തൻ്റെ മുറിയിലെ തുറന്നിട്ട ജാലകത്തിലൂടെ കണ്ടു. ഇന്നവൾ തിരിഞ്ഞുനോക്കിയതുപോലുമില്ല.

കാരണം തിരക്കാനുള്ള ആവശ്യം ഉണ്ടെന്നു തോന്നുന്നില്ല. ഇന്നലകൾ എല്ലാം തന്നോട് പറഞ്ഞു കഴിഞ്ഞതാണ്. സത്യത്തിൽ താൻ ചെയ്തത് അല്പം ക്രൂരമായി പോയില്ലേയെന്ന് മനസ്സു പറയുന്നുണ്ടെങ്കിലും തൻ്റെ സ്വാർത്ഥത അതിനു സമ്മതിക്കുന്നില്ല.

അവളൊരു പാവമായതുകൊണ്ടാണോ പ്രതികരിക്കാൻ കൂടി തൻ്റെയടുക്കൽ വരാതിരുന്നത്. എന്തു തന്നെയായാലും താനൊരു ഡോക്ടർ എന്നതിലുപരി ഒരു മനുഷ്യനല്ലേ…?

തൻ്റെ ഭാഗം എന്തുകൊണ്ടവൾ മനസ്സിലാക്കുന്നില്ല. സത്യത്തിൽ താനവളെ പ്രണിയിച്ചിരുന്നോ. അതോ തൻ്റെ കപട സ്നേഹം അവൾ തിരിച്ചറിഞ്ഞിട്ടും പെണ്ണായ അവൾ ഒരു വാക്കു കൊണ്ടും തന്നെ നോവിക്കാതിരിക്കുന്നതെന്താണെന്നാണ് തനിക്ക് മനസ്സിലാകാത്തത്.

എല്ലാം വേണ്ടായിരുന്നുവെന്ന് ഇപ്പോൾ തോന്നുന്നു. ഇല്ലാത്ത കാശു മുടക്കി തന്നെേ ഡോക്ടറാക്കാൻ അപ്പച്ചനും അമ്മച്ചിയും തിരക്കുകൂട്ടിയപ്പോൾ താൻ ചിന്തിക്കണമായിരുന്നു, അവർ തന്നിൽ കണ്ടത് ഒരു മകൻ്റെ സ്നേഹവും അഭിലാഷങ്ങളുമല്ല മറിച്ച് ഒരു കച്ചവട തന്ത്രമായിരുന്നു താനെന്ന്…അവർ വിജയിക്കട്ടെ…

തൻ്റെ പ്രണയത്തേക്കാളേറെ പണവും പ്രശസ്തിയും കൊണ്ടവർ ജീവിതകാലം മുഴുവൻ സന്തോഷിക്കട്ടെ…അവളുടെ കണ്ണീരിനു മറുപടി പറയേണ്ടത് താൻ മാത്രമായിരുന്നുവെന്ന് അവർക്കറിയില്ലല്ലോ…

തൻ്റെ കറങ്ങുന്ന കസേരയിൽ കിടന്നു കൊണ്ടവൻ കഴിഞ്ഞു പോയ ആ ഇരുണ്ട നാളുകളിലേക്ക് ഊളിയിട്ടു.

എം.ബി.ബി.എസ് കഴിഞ്ഞ് ട്രെയിനിയായി ചാർജ്ജ് എടുക്കുന്ന ദിവസം. കഴുത്തിൽ സ്റ്റെതസ് കോപ്പും വെള്ള കോട്ടുമണിഞ്ഞു റിസപ്ഷൻ്റെ എതിരിലുള്ള ചെയറിൽ ഭയപ്പാടോടെ ഇരിക്കുന്ന തൻ്റെയരികിൽ വന്ന ആ മലാഖയുടെ മുഖം ഇന്നും ശോഭയോടെ തെളിഞ്ഞു വരുന്നു.

എന്തു പറ്റി ഡോക്ടർ…? എന്താണ് ഇവിടെയിരിക്കുന്നത്…?

അതു പറയുമ്പോൾ അവളുടെ കണ്ണിലെ ഒരു പ്രകാശം താനിതുവരെ കാണാത്ത എന്തോ ഒരു ശക്തിയുള്ളതുപോലെ…കറുത്തു ഇടതൂർന്ന പുരികത്തിന് ഒത്ത നടുക്കായുള്ള ആ ചെറിയ പൊട്ടിൽ തൻ്റെ കണ്ണുകൾ ഉടക്കിയോ എന്നൊരു സംശയം…

കണ്ണിമ വെട്ടാതെ തന്നെയവൾ നോക്കിയപ്പോൾ തൻ്റെ കണ്ണുകൾ അറിയാതെ കുറുകി പോയിരുന്നു. മറുപടി പറയാൻ വാക്കുകൾ തേടുകയായിരുന്ന താനപ്പോഴും അവളുടെ കണ്ണുകൾ തനിക്ക് മാത്രം സ്വന്തമായിരുന്നെങ്കിലെന്ന് ആശിക്കുകയായിരുന്നു.

കൂടെ വന്ന കൂട്ടുകാരൊടൊപ്പം ഞാനെഴുന്നേറ്റു നടക്കുമ്പോൾ തൻ്റെ കണ്ണുകൾ റിസപ്ഷനിൽ അവൾക്കായി മാത്രം ഒഴിച്ചു വെച്ചിരുന്നു. ദിനവും ഉള്ള കണ്ണുകളുടെ കഥ പറച്ചിൽ ഞങ്ങളെ തമ്മിൽ ഒന്നു ചേർക്കാൻ അധികം സമയം വേണ്ടിവന്നില്ല.

അവളുടെ പേര് ശിഖ…

ഒഴിവു സമയങ്ങളിൽ ഇവളെ കാണുവാൻ വേണ്ടി മാത്രം ഞാൻ രോഗികളോടൊപ്പം റിസപ്ഷനിൻ്റെ ഭാഗത്തു വരുമായിരുന്നു. നേരിലുള്ള സംസാരം രണ്ടു പേർക്കും ബുദ്ധിമുട്ടാക്കുമെന്ന് അറിഞ്ഞതിനു ശേഷമാണ്, പിന്നീടുള്ള സംസാരം മൊബൈലിലേക്ക് മാറ്റപ്പെട്ടത്. രാത്രികൾ ഞങ്ങളുടെ പരസ്പര സംഭാഷണത്തിലൂടെയല്ലാതെ കടന്നു പോയിട്ടില്ല.

ഒരു ഡോക്ടറും നേഴ്സും എന്നതിലുപരി, ഒരു യഥാർത്ഥ കാമുകനും കാമുകിയായി മാറാൻ വെറും എണ്ണപ്പെട്ട ദിനങ്ങളേ ഞങ്ങൾക്ക് വേണ്ടി വന്നുള്ളൂ. ട്രയിനിയായ ഞാൻ ആ ഹോസ്പിറ്റലിലെ ഡോക്ടറായി ചാർജെടുത്തതിൽ തൻ്റെ വീട്ടുകാരേക്കാളും ഏറെ സന്തോഷിച്ചത് അവൾ ആയിരുന്നു.

എൻ്റെ സ്വന്തമെന്ന് അവൾ പറഞ്ഞു നടന്ന ഈ ഞാൻ ഏറെ അഭിമാനം കൊണ്ട നിമിഷങ്ങളായിരുന്നു അത്…മാസങ്ങൾ വർഷങ്ങളിലേക്ക് കാലെടുത്തു വച്ചപ്പോഴും ഞങ്ങളുടെ പ്രണയത്തിന് ഒരു കോട്ടവും സംഭവിച്ചിരുന്നില്ല. പഴയതിനേക്കാളും ശോഭയായി അതു ജ്വലിച്ചുകൊണ്ടിരുന്നു.

വിഷു കഴിഞ്ഞുള്ള ഒരു രാത്രിയിലാണ് അവളക്കാര്യം തന്നോട് ആവശ്യപ്പെട്ടത്. അവൾ പറഞ്ഞിൽ ഒട്ടും തന്നെ അസ്വഭാവികത തോന്നിയിരുന്നില്ല. കാരണം ആത്മാർത്ഥമായി പ്രണയിക്കുന്ന എല്ലാ പെൺകുട്ടികളുടേയും ഒരു അവകാശമാണ് താൻ പ്രണയിക്കുന്ന പുരുഷൻ ജീവിതകാലം മുഴുവൻ തനിക്കു മാത്രമായിരിക്കണമെന്നുള്ള ഒരാഗ്രഹം.

അതിനടയാളമായുള്ള താലിച്ചിരട് തൻ്റെ കഴുത്തിൽ അണിയിക്കുന്ന ആ മുഹൂർത്തം. കൂടെയിറങ്ങിവരാൻ അവൾ ഒരുക്കമായിരുന്നപ്പോഴും എവിടെയോ താനെൻ്റെ മാതാപിതാക്കളെ ഓർത്തു പോയി.

അവർ സമ്മതിക്കില്ല എന്നറിയാം. എന്നിരുന്നാലും അവരോടു കൂടി ഒന്നാലോചിട്ട്…എന്തു തന്നെയായാലും തന്നെ വളർത്തി വലുതാക്കി ഇത്രയും വരെ എത്തിച്ചവരല്ലേ…

അവൾക്ക് ഉറപ്പു നൽകി അന്നു ശുഭരാത്രി പറഞ്ഞവസാനിച്ചപ്പോൾ അതു തൻ്റെ അവസാന വാക്കുകളായിരുന്നുവെന്നവൾ അറിഞ്ഞിരുന്നില്ല.

അപ്പച്ചനും അമ്മച്ചിയും ഈയൊരു കാര്യത്തിൽ ഒരുമിച്ചെടുത്ത തീരുമാനം ഉൾക്കൊള്ളാൻ തനിക്ക് ദിവസങ്ങൾ തന്നെ വേണ്ടി വന്നു. അപ്പച്ചൻ്റെ കൂട്ടുകാരൻ്റെ മകൾ ലിസിയുമായുള്ള തൻ്റെ വിവാഹ നിശ്ചയം അവർ തന്നോടാലോചിക്കാതെ തന്നെ ഉറപ്പിച്ചിരുന്നു.

ലിസി അമേരിക്കയിൽ നിന്ന് വന്നാലുടൻ കല്യാണം. അവർക്ക് ഒരേ ഒരു കണ്ടിഷൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ…തിരിച്ചു പോകുമ്പോൾ, ലിസിയോടൊപ്പം താനും ഉണ്ടാകണമെന്ന്…

ചിന്തകൾ തനിക്കു സമ്മാനിച്ച സുഖ സൗകര്യങ്ങളിൽ ശിഖയുടെ മുഖം പതിയെ അപ്രത്യക്ഷമായിരുന്നു. വലിയ വീട്, ഇട്ടു മൂടാനത്രയും സ്വത്ത്, ഒറ്റ മകൾ, അമേരിക്കയിൽ ഡോക്ടർ, സാധാരണ ഒരു എം.ബി.ബി.എസുകാരനു ചിന്തിക്കാനുള്ളതിനുപ്പറത്തായിരുന്നു…

പിന്നീടങ്ങോട്ട് ശിഖ ഒരു ചോദ്യചിഹ്നമായി മനസ്സിൽ അവശേഷിച്ചിരുന്നു. അതിനു അപ്പച്ചനും അമ്മച്ചിയും കണ്ടു പിടിച്ച മാർഗ്ഗം എന്തുകൊണ്ടോ തനിക്കും തൃപ്തിയായി. ആ നാടകത്തിൽ അവർ എനിക്കും മോശമില്ലാത്ത വേഷം നൽകി.

അവധി കഴിഞ്ഞ് അശുപത്രിയിലേക്ക് വരുന്നേരം തൻ്റെ കൂടെ അപ്പച്ചനും അമ്മച്ചിയും ഉണ്ടായിരുന്നു. അപ്പച്ചേനേയും അമ്മച്ചിയേയും കണ്ടപ്പോൾ അവളുടെ മുഖത്ത് വന്ന പ്രസാദം തന്നെ തളർത്തിക്കളഞ്ഞിരുന്നു. ഒരു നിമിഷം ഈ നാടകം പൊലിഞ്ഞു പോകുമോ എന്നു പോലും താൻ ഭയന്നു പോയിരുന്നു.തന്നെയും അവളേയും കൂട്ടി ഒരാളൊഴിഞ്ഞ മുറിയിലേക്ക് കൂട്ടികൊണ്ടു പോയപ്പോൾ, അവൾ തൻ്റെ കൈകളിൽ നുള്ളിയ വേദന ഇന്നും നെഞ്ചിനെ തൊട്ടുണർത്തുന്നു. തൻ്റെ മുന്നിൽ വെച്ച് അപ്പച്ചൻ അവളോട് ചോദിച്ചപ്പോൾ ഒരു നിമിഷം ഞാൻ സത്യം വിളിച്ചു പറയുമോ എന്നൊരു ഉത്കണ്ഠ തനിക്കു തോന്നാതിരുന്നില്ല.

മോളെ നിനക്കിവനെ ഇഷ്ടമാണോ…? വിവാഹം കഴിക്കാൻ തയ്യാറാണോ…?

ചിരിച്ചു കൊണ്ടവൾ തല കുലുക്കി സമ്മതിച്ചപ്പോൾ തൻ്റെ ശരീരം കത്തിയെരിയുകയായിരുന്നു. അവളുടെ മറുപടി കേട്ടു കഴിയുന്നതിനു മുൻപായി അപ്പച്ചൻ്റെ കണ്ണുകൾ തനിക്ക് നേരെ തിരിഞ്ഞപ്പോൾ ഇനിയെന്തായിരിക്കും സംഭവിക്കാൻ പോകുന്നതെന്ന് ഓർത്തെടുക്കുകയായിരുന്നു താന്നപ്പോൾ…

നിനക്കിവളെ ഇഷ്ടമാണോ എന്നു ചോദിച്ചപ്പോൾ, ഒരു നിമിഷം…പറയാനായി കരുതിയിരുന്ന വാക്കുകൾ ഞാനപ്പോൾ മറന്നു പോയിരുന്നു. ചോദിച്ചതു കേട്ടില്ലേ…നിനിക്കിവളെ വിവാഹം കഴിക്കാൻ സമ്മതമാണോന്ന്…?

അപേക്ഷയായിയിരുന്നില്ല മറിച്ച് ആജ്ഞയായിരുന്നു അപ്പച്ചൻ്റെ ഭാഗത്തു നിന്നുണ്ടായിരുന്നത്.

അല്ല…ഞങ്ങൾ നല്ലൊരു ഫ്രണ്ട് മാത്രമാണ്. അവളുടെ മുഖത്ത് നോക്കാതെ ഞാനക്കാര്യം പറഞ്ഞു കഴിഞ്ഞപ്പോൾ അവളുടെ കണ്ണുനീർ നിലംപതിച്ചിരുന്നു.

കരഞ്ഞുകൊണ്ടവൾ ആ മുറി വിട്ടിറങ്ങി പോയപ്പോൾ അപ്പച്ചൻറയും അമ്മച്ചിയുടേയും മുഖത്ത് സന്തോഷം അലതല്ലുകയായിരുന്നു. മോനെ നീ അപ്പൻ്റെ മോൻ തന്നെയാ…

അപ്പച്ചൻ തന്നെ കെട്ടിപ്പിടിച്ചു പറഞ്ഞത് അപ്പന്റെ വത്സല്യമായിരുന്നില്ല, ഒരപ്പൻ്റെ കരുതലായിരുന്നില്ല, മറിച്ച് എല്ലാം വെട്ടിപ്പിടിച്ച ഒരു ചൂതാട്ടക്കാരൻ്റെ കാപട്യത്തിൻ്റെ മുഖമായിരുന്നു.

കണ്ണുനീർ തുള്ളികൾ കവിളിലൂടെ ഒലിച്ചിറങ്ങിയപ്പോഴാണ് അവൻ ചിന്തയിൽ നിന്നുണർന്നത്.

വേഗം എഴുന്നേറ്റ് മുഖം കഴുകി റിസപ്ക്ഷനിലേക്ക് നടക്കുമ്പോൾ അവളെ കണ്ടു മാപ്പു പറയണം എന്ന ചിന്ത മാത്രമായിരുന്നു. മനസ്സു മുഴുവൻ…

അവിടെ മുഴുവൻ അവളെ തിരഞ്ഞെങ്കിലും നിരാശയായിരുന്നു മിച്ചം. അവൾക്കു പകരം റിസപ്ക്ഷനിൽ പുതിയ ഒരു കുട്ടി. വിറച്ചുകൊണ്ട് ആ കുട്ടിയോടു തിരക്കി, ശീഖ…

ആ കുട്ടി റിസൈയിൻ ചെയ്തു ഡോക്ടർ. ഇന്ന് ലാസ്റ്റ് ഡ്യൂട്ടിയായിരുന്നു. ഡോക്ടറിനു തരാൻ ഒരു കവർ തന്നേല്പിച്ചിട്ടുണ്ട്. വിറയാർന്ന കൈകൾ കൊണ്ട് അവനതു ഏറ്റുവാങ്ങി. ആകാംഷയിൽ അവിടെ വെച്ചു തന്നെ തുറന്നു നോക്കി. അതു ഒരു വിവാഹക്ഷണക്കത്തായിരുന്നു.

ഒരോ വരികൾ വായിച്ചു തീരുമ്പോൾ അവൻ കണ്ടു…വധുവിൻ്റെ സ്ഥാനത്ത് ശിഖ വേണുഗോപാൽ. വരൻ്റെ സ്ഥാനത്ത് ഡോക്ടർ വൈശാഖ്…(എം.ബി.ബി.എസ്, എംഡി, അമൃത ഹോസ്പിറ്റൽ).

നിറകണ്ണുകളോടു കൂടിയാണ് അവനത് വായിച്ചു പൂർത്തീകരിച്ചത്. മനസ്സുകൊണ്ട് അവൾക്ക് വിവാഹമംഗളാശംസകൾ നൽകി കൊണ്ടവൻ തൻ്റെ മുറിയിലേക്ക് നടന്നു…

Leave a Reply

Your email address will not be published. Required fields are marked *