ലക്ഷ്മിയേടത്തി
രചന : പ്രീത അമ്മു
———————-
ലക്ഷ്മിയേടത്തി…
അങ്ങനെയാണ് അവരെ എല്ലാവരും വിളിച്ചു കേട്ടിട്ടുള്ളത്. ഓർമ്മവച്ച കാലം മുതൽ അച്ഛന്റെ തറവാട്ടു വീട്ടിന്റെ വടക്കേതിൽ സാവിത്രിയമ്മേടെ വീട്ടിലെ മാവിന്റെ ചുവട്ടിൽ ഒരു വടിയും പിടിച്ചു ഇരിക്കുന്നത് കാണാറുണ്ട്.
പൂക്കളും ഇലകളും ഉള്ള സിൽക്ക് മുണ്ടും പ്ലെയിൻ കളർ ബ്ലൗസും അടുത്താണ് മിക്കവാറും ലക്ഷ്മിയേടത്തിയെ കണ്ടിട്ടുള്ളത്. മാവിന്റെ അരികിലൂടെ കെട്ടിയ ഓല വേലിക്കപ്പുറം നടവഴിയാണ്.
അതുവഴി പോകുന്ന ആരും മാവിൽ നിന്നും മാങ്ങ കേട്ടുകൊണ്ട് പോവാതിരിക്കാനാണോ ലക്ഷ്മിയേടത്തി വടിയും കൊണ്ട് രാവിലെ തന്നെ അതിന്റെ ചുവട്ടിൽ സ്ഥാനം പിടിക്കുന്നതെന്നു ഞാൻ ആലോചിക്കാറുണ്ട്.
പിള്ളാര് മരത്തിൽ കയറാൻ തുടങ്ങുമ്പോ മുതൽ ലക്ഷ്മിയേടത്തി വടി കൊണ്ട് താഴെ മണ്ണിൽ അടിച്ചു പിള്ളേരെ ചീത്ത വിളിക്കുന്നത് കേട്ടിട്ടുണ്ട്. പക്ഷെ ഒരിക്കൽ പോലും ലക്ഷ്മിയേടത്തി അവരെ അടിക്കാൻ ഓടുന്നതോ ഉപദ്രവിക്കുന്നതോ കണ്ടിട്ടില്ല.
സ്കൂളിൽ പോകുന്ന കുരുത്തം കേട്ട പിള്ളാർക്ക് പക്ഷെ ലക്ഷ്മിയേടത്തീടെ വടിയെയും ചീത്തവിളിയെയും പേടിയില്ലെന്നു തോന്നുന്നു. മാങ്ങ മൂപ്പെത്തുന്നതിനു മുന്പേ അവൻമാരത് കല്ലെറിഞ്ഞു വീഴ്ത്തിയോ മാവിൽ വലിഞ്ഞു കയറിയോ കട്ടോണ്ടു പോകും.
നിലത്തു വടികൊണ്ടടിച്ചു ബഹളം വെച്ച് മരത്തിന്റെ ചുവട്ടിൽ തന്നെ ഇരിക്കുന്ന ലക്ഷ്മിയേടത്തിയെ നോക്കി കളിയാക്കി ചിരിച്ചു അവർ ഉറക്കെ വിളിച്ചു കൂവി പോകുന്നത് കേൾക്കാം…”ഭ്രാന്തിത്തള്ള”…
അച്ഛന്റെ തറവാട്ടു വീട്ടിൽ പോകുമ്പോഴെല്ലാം ആദ്യം നോക്കുന്നത് വടക്കേതിലെ മാവിന്റെ ചുവട്ടിലായിരിക്കും. ഇത്തവണ ചെന്നപ്പോ അതു ശൂന്യമായിരുന്നു. വല്യമ്മായി വിളിച്ചു പറഞ്ഞിരുന്നു ഭ്രാന്തി ലക്ഷ്മിയേടത്തി മരിച്ച കാര്യം. ഉച്ചക്ക് സാവിത്രിയേടത്തി ചോറ് കൊടുക്കാനായി ചെന്നപ്പോ മാവിന്റെ ചുവട്ടിൽ മരിച്ചു കിടക്കുകയായിരുന്നുപോലും.
ആയമ്മയെ പറ്റി ചോദിക്കുമ്പോൾ അച്ഛമ്മക്ക് പറയാൻ ഒരുപാട് കഥകൾ ഉണ്ടായിരുന്നു. നാട്ടിലെ ചെക്കന്മാരുടെ എല്ലാം സൗന്ദര്യ റാണിയായിരുന്നുത്രേ ലക്ഷ്മിയേടത്തി…
പൊതുവെ ഇരുനിറക്കാരായിരുന്ന ആ നാട്ടിലെ ആളുകൾക്കിടയിൽ വെളുത്തു കൊലുന്നനെയുള്ള ലക്ഷ്മിയേടത്തിയെ ആഗ്രഹിക്കാത്ത ചെറുപ്പക്കാർ ഇല്ലായിരുന്നു പോലും…
എന്നും രാവിലെ മുടങ്ങാതെ കുളിച്ചു മാൻപേട കണ്ണിൽ കരിയെഴുതി നെറ്റിയിൽ കുങ്കുമപൊട്ടു തൊട്ടു പാവാടയും ഉടുപ്പും ഉടുത്തു ഈറനണിഞ്ഞ മുട്ടറ്റം ഉള്ള മുടിയിൽ അടിയിലായി വട്ടത്തിൽ കെട്ടി അതിൽ തുളസിക്കതിർ ചൂടി അമ്പലത്തിൽ പോകുന്ന ലക്ഷ്മിയേടത്തിയെക്കാണാൻ അന്നാട്ടിലെ ചെക്കന്മാരെല്ലാം ആൽമരത്തറയിൽ സ്ഥാനം പിടിച്ചിട്ടുണ്ടാകാറുണ്ടത്രെ…
അത്രേം സൗന്ദര്യം ആ നാട്ടിൽ പിന്നെ ആർക്കും ഉണ്ടായിട്ടില്ല എന്നാണ് അച്ഛമ്മ പറഞ്ഞത്. ശരിയാ…എനിക്കും അതു തോന്നാറുണ്ട്. കണ്ണെഴുതാതെ പൊട്ടുതൊടാതെ കാറ്റത്തു പാറിപ്പറക്കുന്ന മുടി ഇടക്കൊന്നു മാടി ഒതുക്കി ഇരിക്കുന്ന ലക്ഷ്മിയേടത്തിയുടെ മുഖത്തു ഇപ്പോഴും അച്ഛമ്മ പറഞ്ഞ സൗന്ദര്യവും ഐശ്വര്യവും ഉണ്ട്.
വയസ്സറിയിച്ച കാലം മുതൽ കെട്ടാൻ ആഗ്രഹിച്ചു പെണ്ണ് കാണാൻ വരുന്നവരുടെ ബഹളം ആയിരുന്നത്രേ ലക്ഷ്മിയേടത്തിയുടെ വീട്ടിൽ. പക്ഷെ ലക്ഷ്മിയേടത്തിയുടെ അച്ഛൻ ആർക്കും അവരെ കെട്ടിച്ചു കൊടുത്തില്ലത്രെ. ഇനിയും നല്ല ആലോചന എന്റെ മകൾക്ക് വരും എന്നു ആ അച്ഛൻ കരുതിക്കാണും.
രാത്രിയിൽ അടുക്കളക്ക് പുറത്ത് എച്ചിൽ വലിച്ചെറിയാനായി ഇറങ്ങിയ ലക്ഷ്മിയേടത്തി മാവിൻചുവട്ടിൽ നിന്നിരുന്ന ഓടിയനെക്കണ്ടു പേടിച്ചു ഭ്രാന്തിയായിപ്പോയതാണെന്നാണ് എല്ലാവരും പറയുന്നത്.
ലക്ഷ്മിയേടത്തിയെ ആഗ്രഹിച്ചു വന്ന ആൾക്ക് മുന്നിൽ വാതിൽ കൊട്ടിയടച്ചതിനുള്ള ആരുടെയോ പ്രതികാരം. മകൾക്ക് നല്ലൊരു ജീവിതം കാത്തിരുന്ന ആ അച്ഛൻ സ്വന്തം മകളുടെ മനസ്സ് താളം തെറ്റിയത് കണ്ടു താനെടുത്ത തീരുമാനങ്ങളെ പഴിച്ചു നെഞ്ചുപൊട്ടിയാകും മരിച്ചിട്ടുണ്ടാകുക.
പാവം ലക്ഷ്മിയേടത്തി… തന്റെ ജീവിതം നശിപ്പിച്ച ഒടിയനെ തല്ലിയും ചീത്ത പറഞ്ഞും ഇരിക്കുന്നതായിരിക്കുമോ ആ മാവിൻ ചുവട്ടിൽ? ശൂന്യമായ മാവിൻ ചുവട്ടിലേക്ക് നോക്കുമ്പോൾ മനസ്സിലൂടെ ഓടിവരുന്ന ഓർമയായി മാറി ലക്ഷ്മിയേടത്തി.
എന്നെപ്പോലെ ചിലരെങ്കിലും ഓർക്കുന്ന വെറും ഒരു…”ഭ്രാ ന്തി ത്ത ള്ള”