എഴുത്ത്: ശ്രീജിത്ത് ഇരവിൽ
എനിക്ക് പൗരുഷമില്ലെന്ന് പറഞ്ഞാണ് പ്രേമിച്ച പെണ്ണ് കയ്യൊഴിഞ്ഞത്. കൊല്ലമൊന്ന് കഴിഞ്ഞു. ശരിയാണ്! ക* ള്ളുകുടിക്കില്ല. പു* കവലിയില്ല. ആരോടും കയർത്ത് സംസാരിക്കില്ല. അവൾ എത്ര പ്രകോപിപ്പിച്ചാലും ഒരക്ഷരം മിണ്ടില്ല. ഞാനൊരു പാഴാണെന്ന് എനിക്ക് തന്നെ തോന്നിത്തുടങ്ങിയിരിക്കുന്നു..
ഒരിക്കൽ അവളുമായി തിയേറ്ററിൽ നിന്ന് സിനിമ കാണുകയായിരുന്നു. ഒരു മുന്നറിയിപ്പുമില്ലാതെ അവൾ എന്നെയന്ന് അമർത്തി ചുംബിച്ചു. ഞെട്ടലിന്റെ കണ്ണുതള്ളലിൽ എന്റെ കണ്ണട വരെ താഴെ വീണുപോയി.
ആരെങ്കിലും കണ്ടോയെന്ന് പരിശോധിക്കാൻ ഞാൻ അത് പെറുക്കിയെടുത്ത് ധൃതിയിൽ കണ്ണിൽ വെച്ചു. ഭാഗ്യം! ആരും കണ്ടിട്ടില്ല. തുടർന്ന് എല്ലാ ധൈര്യവും സംഭരിച്ചുകൊണ്ട് തിരിച്ച് ചുംബിക്കാൻ ഒരുങ്ങിയപ്പോഴേക്കും അവൾ മുഷിഞ്ഞ് മാറിയിരുന്നിരുന്നു.
അന്ന് രാത്രിയിൽ അവൾ അയച്ച നീളൻ വാട്സാപ്പ് സന്ദേശത്തിൽ നിന്ന് നീയൊക്കെ ആണാണോയെന്ന വരി മാത്രമേ എന്നിൽ അവശേഷിച്ചുള്ളൂ…
പൊതുവിൽ ചുംബിക്കുന്നതാണോ ആണത്തമെന്ന് അന്ന് ഞാൻ വെറുതേയൊർത്തൂ….!
അതിൽ പിന്നെ ഞാൻ അവളെ കണ്ടിട്ടില്ല. തന്റെ സങ്കൽപ്പത്തിന് ചേർന്ന ആളല്ലെങ്കിൽ അവൾക്ക് അത് പറഞ്ഞാൽ മതിയായിരുന്നു. ബന്ധം വിട്ടുപോകുമ്പോൾ എന്തിനാണ് മനുഷ്യർ ഒരിക്കൽ സ്നേഹിച്ചിരുന്ന മറ്റു മനുഷ്യരെ ഇത്രയും ആക്ഷേപിക്കുന്നത്. അതിന്റെ കനത്തിൽ എത്രയെത്ര നാളുകളാണ് നനവോടെ അലയാൻ പോകുന്നത്!
ഒരു ചായക്കപ്പിൽ നിറയുന്ന അത്രയും കണ്ണീര് എന്റെ തലയിണ പിഴിഞ്ഞാൽ അന്ന് കിട്ടുമായിരുന്നു. സ്കൂളിൽ നിക്കറിട്ട് പോയ കാലം തൊട്ടേ എനിക്ക് അവളെ അറിയാം. ഒരു മഷിത്തണ്ടിൽ തുടങ്ങിയ ബന്ധമാണ് ഞങ്ങളുടേത്. ആ അവൾക്ക് എന്നെ വേണ്ടാതായിരിക്കുന്നുവെന്ന് വിശ്വസിക്കാൻ എനിക്ക് സാധിക്കുന്നില്ല. ശബ്ദമില്ലാതെ ഏറെനേരം ഞാൻ കരഞ്ഞു. ആരോ വന്ന് തൊട്ടപ്പോൾ ചുരുണ്ടയൊരു തേരട്ടയെ പോലെ മുറിക്കകത്ത് എപ്പോഴോ ബോധമറ്റ് മയങ്ങുകയും ചെയ്തു.
അറിയാത്തയൊരു പെണ്ണിന്റെ മുഖത്ത് നോക്കുമ്പോൾ കൂട്ടിയിടിക്കുന്ന മുട്ടുകളാണ് എനിക്ക്. അടുത്ത സുഹൃത്തുക്കളെന്ന് പറയാൻ ഒരീച്ച പോലുമില്ല. കരഞ്ഞ് തീർക്കാനാണ് രാത്രികളെന്ന് അവൾ പോയപ്പോൾ തൊട്ട് ജീവിതമെന്നോട് പറയാൻ തുടങ്ങി. ഞാൻ അത് അക്ഷരം പ്രതിയനുസരിച്ചു.
നാളുകൾ മറിഞ്ഞുവീണു. എന്തിനാണ് നിനക്ക് ജീവനെന്ന് കരഞ്ഞ് മുഷിഞ്ഞയൊരു രാത്രിയിൽ ജീവിതം എന്നോട് ചോദിച്ചു. അതെന്റെ ബോധത്തെ നിക്ഷ്പ്രയാസ്സമൊരു ആത്മഹത്യാ മുനമ്പിൽ കൊണ്ടെത്തിക്കുകയായിരുന്നു. അവളുടെ ഓർമ്മകൾ കെട്ടിപ്പിടിച്ച് കെട്ടിത്തൂങ്ങാൻ ഞാൻ ആ നാൾ തീരുമാനിച്ചത് വളരേ പെട്ടന്നായിരുന്നു.
ഉത്തരത്തിൽ രണ്ട് കള്ളിലുങ്കി പിരിച്ച് കൂട്ടിക്കെട്ടി ഞാൻ എന്റെ കഴുത്തിനുള്ള കുരുക്കൊരുക്കി. പക്ഷേ, ഒരു ഭീരുവിന്റെ ധൈര്യം പോലും എനിക്കില്ലെന്ന് ജീവിതം എന്നോട് പറയുകയായിരുന്നു.
വളരെ പാടുപെട്ട് പതിയേ എന്റെ ദിനചര്യകളെയെല്ലാം ഞാൻ എത്തിപ്പിടിച്ചു. തമിഴ്നാട്ടിലെയൊരു പഞ്ചസാര ഫാക്റ്ററിയിൽ ജോലി കിട്ടിയപ്പോൾ വാശിപോലെ ഞാൻ പോകുകയും ചെയ്യും. അവിടുത്തെ സൂപ്പർവൈസിംഗ് ജോലി കഴിഞ്ഞാൽ നേരെ കമ്പിനിയുടെ മുറിയിലേക്ക്. അവിടെ ഞാൻ തനിച്ചാണ് താമസിക്കുന്നത്. കുളി കഴിഞ്ഞാൽ ഇത്തിരി നേരം ടീവി കാണും. ഭക്ഷണം സ്വയം പാചകം ചെയ്ത് കഴിക്കാറാണ് പതിവ്. ഉറക്കം കഴിഞ്ഞ് രാവിലെ എഴുന്നേറ്റാൽ പിന്നേയും പഞ്ചസാര ഫാക്റ്ററി…
അങ്ങനെയൊരു വൈകുന്നേരം ഫാക്റ്ററിയിലേക്ക് കരിമ്പ് കൊണ്ടുവരുന്ന ലോറിക്കാർ വിശ്രമിക്കുന്ന ഷെഡിന്റെ അരികിലൂടെ ജോലി കഴിഞ്ഞ് ഞാൻ സ്കൂട്ടറിൽ പോകുകയായിരുന്നു.
ഒരിക്കലും കാണാൻ പാടില്ലാത്ത തരത്തിലൊരു കാഴ്ച്ച! കണ്ടപ്പോൾ മൂക്കിലേക്കൂർന്ന് വീണ കണ്ണട ഞാൻ കണ്ണുകളിലേക്ക് അമർത്തി വെച്ചു. മൂന്നുപേർ ചേർന്നൊരു യുവതിയെ ബ- ലാൽക്കരമായി ഷെഡിനകത്തേക്ക് കൊണ്ടുപോകാൻ ശ്രമിക്കുന്നു.
എന്റെ ഞരമ്പുകൾ പതർച്ചയിൽ വലിഞ്ഞുമുറുകി. ഫാക്റ്ററിയിലെ തൊഴിലാളി തന്നെയായിരിക്കണമത്. മറ്റൊരു ആവശ്യത്തിനും ഇവിടേക്ക് വരാൻ യാതൊരു നിർമ്മിതിയും കമ്പനിയുടെ പരിസരത്തില്ലായിരുന്നു.
സകല ധൈര്യവും സംഭരിച്ച് സ്കൂട്ടർ നിർത്തി ഞാൻ ആ ഷെഡിലേക്കോടി. ഓടുന്നതിനിടയിൽ മൊബൈൽ ഫോണെടുത്ത് ക്യാമറയും ഓൺ ചെയ്തു. വിടെടാ അവളെയെന്ന് ആർത്ത് കാറിക്കൊണ്ടാണ് അവിടത്തേക്ക് ഞാൻ പാഞ്ഞത്. എന്നെ കണ്ടപാടെ മുഖം മുഖം മറച്ചുകൊണ്ട് അവരും ചന്നാപിന്നമായി. അതിൽ ഉടുമുണ്ടഴിച്ച് തലയിലിട്ടുകൊണ്ട് ഓടുന്ന ഒരാൾ ഓട്ടത്തിലുമെന്നെ അറക്കുന്ന തെറികൾ വിളിക്കുന്നുണ്ടായിരുന്നു.
വീണയിടത്ത് നിന്ന് പിടഞ്ഞെഴുന്നേറ്റ് ആ പെണ്ണ് എന്റെ അടുത്തേക്കോടി വന്നു. കൈകളിൽ നഖം കൊണ്ടും കല്ലുകൊണ്ടും ചില പോറലുകൾ ഏറ്റിട്ടുണ്ടെന്നൊഴിച്ചാൽ മറ്റ് പുറം പരിക്കുകളൊന്നുമില്ല. സംശയിച്ചത് പോലെ തന്നെ അവളെന്റെ ജോലിക്കാരി തന്നെയായിരുന്നു. എല്ലുമുറിയെ പണിയെടുക്കുന്നയൊരു പാവം തമിഴ് യുവതി.
നിന്ന നിൽപ്പിൽ തൊഴുത് കുമ്പിട്ട് അവൾ എന്റെ കാലിലേക്ക് വീണു. ഞാനങ്ങ് വല്ലാണ്ടായിപ്പോയി. എഴുന്നേൽക്കൂവെന്ന് പറയാൻ എന്റെ നാവ് പൊന്തിയില്ല. അവളോളം ഹൃദയമിടിപ്പ് ഞാനും അനുഭവിക്കുകയായിരുന്നു. വിറയലോടെ തന്നെ കരയാതെയെന്നും, എഴുന്നേൽക്കൂവെന്നും ഞാൻ അവളോട് പറഞ്ഞു. എങ്ങുനിന്നോ രക്ഷപ്പെട്ടോടി വന്നയൊരു സാധു അറവുമൃഗത്തിന്റെ ഭാവമായിരുന്നു ആ പെൺമുഖത്ത്.
ഞാൻ അവളെ സ്കൂട്ടറിൽ ഇരുത്തി വീട്ടിലേക്കെത്തിച്ചു. പരാതി കൊടുക്കണമെന്ന് പറഞ്ഞപ്പോൾ ആദ്യം അവളും കുടുംബവും ഭയന്നെങ്കിലും ഞാൻ സമ്മതിപ്പിച്ചു. കമ്പനിയുടെ എല്ലാ സഹായങ്ങളും അതിനുവേണ്ടി ഉണ്ടാകുമെന്നും ഉറപ്പുവരുത്തി. പോലീസ് സ്റ്റേഷനിലേക്ക് പോയ ഓട്ടോയിൽ അവരുടെ കൂടെ ഞാനും ഉണ്ടായിരുന്നു.
അന്ന് പിരിയാൻ നേരം സാറിനെ പോലെയൊരു ആണിനെ താൻ തന്റെ ജീവിതത്തിൽ കണ്ടിട്ടില്ലെന്ന് അവൾ എന്നോട് പറഞ്ഞു. ആ തമിഴ് ശബ്ദത്തിന്റെ കണ്ണുകൾ കുതിർന്നിരുന്നു. പൗരുഷമില്ലായെന്ന് പറഞ്ഞ് പ്രേമിച്ച പെണ്ണ് കയ്യൊഴിഞ്ഞയൊരു ചരിത്രം എന്റെ ചിറിയിൽ ചിരിക്കാനാകാതെ നിൽക്കുന്നുണ്ടെന്നത് അവൾക്ക് അറിയില്ലല്ലോ.. അതേതായാലും നന്നായി.
എന്നാലും അവളത് പറഞ്ഞതിൽ പിന്നെ എനിക്കൊരു ഉണർവ്വ് വന്നിട്ടുണ്ട്. കുറച്ചുപേരുടെ വിധിയെഴുത്തിൽ തലകുനിക്കാനുള്ളതല്ല നമ്മുടെ ജീവനെന്നത് ജീവിതമിപ്പൊൾ വളരെ സ്നേഹത്തോടെ എന്നോട് പറയാറുണ്ട്. എവിടേയും ഒരാണിന്റെ തലയുയർത്തി ഞാൻ അത് അക്ഷരം പ്രതിയനുസരിക്കുന്നു…!!!
ശ്രീജിത്ത് ഇരവിൽ