ഇനിയുമേറെ…
രചന: Unni K Parthan
പതിവ് പോലെ പാസഞ്ചർ പിടിക്കാനുള്ള ഓട്ടത്തിൽ ആയിരുന്നു ഗീതു. ഓഫിസിൽ നിന്നും ഇറങ്ങാൻ ലേറ്റ് ആയി.
ന്റെ കൃഷ്ണാ…ഇന്നു ട്രെയിൻ ലേറ്റ് ആയി വരണേ…ഗീതു ഉള്ളിൽ പറഞ്ഞു. എത്ര നേരത്തെ ഇറങ്ങാമെന്നു വെച്ചാലും ആ കിളവന് ഞാൻ ഇറങ്ങാൻ നേരം മാത്രം ഒരു ഇളക്കം ആണ്. മേനേജറായി പോയില്ലേ…ഒന്നും പറയാൻ നിക്കാറില്ല അതുകൊണ്ട്…
എല്ലാരും ഇറങ്ങാൻ തുടങ്ങുന്ന നേരം അയ്യാളുടെ ഒരു നീട്ടി വിളിയുണ്ട്..ഗീതുവേ…ദേ ഈ പേപ്പർ കൂടി ഒന്നു ഫയലിൽ വെച്ചേക്കണേ ന്ന്…പിന്നെ ഓടി ചെന്നു അത് വാങ്ങും നേരം ഒരു നോട്ടമുണ്ട് അയ്യാളുടെ…ഹോ..ശരീരത്തിൽ തുണി ഇല്ല എന്ന് എനിക്ക് തന്നെ സ്വയം തോന്നി പോകുന്ന പോലെ തൊലി ഉരിഞ്ഞു പോകുന്ന നോട്ടം.
തിരിഞ്ഞു നടന്നു അലമാരയിൽ വെക്കാൻ തുടങ്ങുന്ന നേരം പുറത്തേക്ക് ഇറങ്ങാൻ എന്ന വ്യാജേനെ നടന്നു വരുമ്പോൾ അയ്യാളുടെ ശരീരം ന്റെ പുറകിൽ പതിയെ ഉരസി കൊണ്ട് ഒരു പോക്കാണ്..എന്നിട്ട് തിരിഞ്ഞു ഒരു നോട്ടവും..ഒരു വൃത്തി കെട്ട ചിരിയും…
ഫയൽ വെച്ച് പുറത്ത് വരുമ്പോൾ എല്ലാരും പോയി കാണും. പഞ്ച് ചെയ്തു പുറത്തേക്ക് ഇറങ്ങും നേരം ലിഫ്റ്റിന് തൊട്ടു മുന്നിൽ എന്നെയും കാത്തു നിൽപ്പുണ്ടാവും. അയ്യാളെ കാണുമ്പോൾ ലിഫ്റ്റിൽ കയറാതെ സ്റ്റെപ്പിലൂടെ താഴേക്ക് ഇറങ്ങലാണ് പതിവ്. അത് കാത്തിരുന്നത് പോലെ അയ്യാളും കൂടെ കൂടും.
പിന്നെ ചോദ്യങ്ങൾ ആണ് മുനവെച്ചു ഉള്ളത്…അല്ലെ…ഭർത്താവ് ഇനി എന്നാ വരിക, ദുബായിൽ നിന്നു…ഇങ്ങനെ ഒക്കെ നടന്നാൽ മതിയോ…ആളോട് ഇവിടെ വന്നു ജീവിക്കാൻ പറ…ഈ നല്ല പ്രായം ന്തിനാ ഇങ്ങനെ പാഴാക്കി കളയുന്നത്. ശരീരം മൊത്തം ചൊറിഞ്ഞു വരുമെങ്കിലും ഒന്നും മിണ്ടാതെ പോവലായിയുന്നു ഇതുവരെ…
പക്ഷെ ഇന്ന്…
പതിവുള്ള ചോദ്യങ്ങൾ ചോദിച്ചു കഴിഞ്ഞിട്ട് അയ്യാൾ ന്റെ മുന്നിലേക്ക് അങ്ങ് കേറി വട്ടം നിന്നു. അതേ…ഗീതു എനിക്ക് ഒരു കാര്യം പറയാൻ ണ്ട്. അയ്യാൾ പറഞ്ഞത് കേട്ടു ഞാൻ നീരസം നിറഞ്ഞ മുഖം കൊണ്ട് അയ്യാളെ നോക്കി.
ഇപ്പൊ ഇവിടെ ആരുമില്ല…ഞാൻ ഇയ്യാളുടെ ഈ വയറിൽ ഒന്ന് തൊട്ടോട്ടെ…അതും പറഞ്ഞു അയ്യാൾ കൈ അടുത്തേക്ക് കൊണ്ട് വന്നതേ അയാൾക്ക് ഓർമ്മയുള്ളു…ഞാൻ പഴയ ബ്ലാക്ക് ബെൽറ്റ് ആണെന് ആ കിളവന് അറിയാതെ പോയി.
അടി നാ ഭി നോക്കി ഒറ്റ ചവിട്ടി കൊടുത്തു. പിന്നെ കാലുയർത്തി താഴെ മർമത്തിൽ ഒരു ചവിട്ടും…അമ്മേ…എന്ന ശബ്ദം പുറത്തേക്ക് വിടാതെ അയ്യാൾ ഉള്ളിൽ ഒതുക്കി. ദേ കിളവാ…ഇനി കളിച്ചാൽ തന്റെ ചുക്കാമണി പൊട്ടിച്ചു ഞാൻ പിള്ളേർക്ക് ഗോലി കളിക്കാൻ കൊടുക്കും…തനിക്കു എന്നേ ശരിക്കും അറിയില്ല…ഗീതു അയ്യാളെ നോക്കി കട്ട കലിപ്പിൽ പറഞ്ഞു.
ഇവളുടെ കയ്യിൽ ഇങ്ങനെ ഒരു ഐറ്റം ഉണ്ടായിരുന്നോ…കണ്ടാൽ പഞ്ച പാവമാണ് ലോ…അയ്യാൾ ഉള്ളിൽ പറഞ്ഞു.
അപ്പൊ…ഇനി മേലിൽ…കൈ ചൂണ്ടി കൊണ്ട് ഗീതു അതും പറഞ്ഞു ട്രെയിൻ പിടിക്കാൻ ഉള്ള ഓട്ടത്തിൽ ആണ്.
ന്റെ കൃഷ്ണാ…നിനക്ക് ഇത് എന്തിന്റെ കേടാ…പാവം എന്നേ കൊണ്ട് തന്നെ ഇതൊക്കെ ചെയ്യിച്ചേ അടങ്ങു അല്ലേ…അതും പറഞ്ഞു ഗീതു മുന്നോട്ടോടി സ്റ്റേഷനിൽ എത്തിയതും ട്രെയിൻ വന്നു.
കിട്ടിയ കമ്പാർട്മെന്റിൽ ചാടി കയറി തൂങ്ങി പിടിച്ചു നിന്നു. ട്രെയിൻ മുന്നോട്ടു നീങ്ങി തുടങ്ങിയതും പുറകിൽ മുട്ടൽ തുടങ്ങി. തിരിഞ്ഞു നോക്കിയതും മുട്ടിയവൻ പതിയെ പുറകോട്ട് മാറി. കുറച്ചു കഴിഞ്ഞു പല്ലവി തുടർന്നു…
ന്റെ കൃഷ്ണാ…ഇവനൊന്നും വീട്ടിൽ അമ്മയും പെങ്ങളും ഇല്ലേ…എത്ര കഷ്ടപ്പെട്ട് ജോലി കഴിഞ്ഞു വരുന്നതാ…എന്നിട്ടും…ഗീതു ഉള്ളിൽ പറഞ്ഞു. അപ്പോളേക്കും മുട്ടലിന്റെ ശക്തി കൂടി കൂടി വന്നു.
മ്മടെ നാട് നന്നാവില്ല…കൈ മുട്ട് മടക്കി പുറകിലേക്ക് ആഞ്ഞു ഇടിച്ചു കൊണ്ട് ഗീതു ഉള്ളിൽ പറയുമ്പോൾ പുറകിലുള്ളവൻ താഴേക്ക് ഇരുന്നിരുന്നു.