എന്റെ തമ്പുരാനെ ഇതിയാനോട് എങ്ങനെ പറഞ്ഞു മനസ്സിലാക്കാനാ! ഒരു കാര്യം ചെയ്യ് അന്തിയാവാൻ കാത്തുനിക്കണ്ട

രചന: ദിവ്യ അനു അന്തിക്കാട്‌

———————————-

“എന്നാത്തിനാ അമ്മച്ചി നിങ്ങളിങ്ങനെ അടീം കു-ത്തും കൊണ്ട് നിക്കുന്നെ? നമ്മക്കങ്ങു അമ്മച്ചീടെ വീട്ടിലോട്ട് പൊയ്ക്കൂടായോ?”

“എടീ കൊച്ചേ എനിക്ക് പോകാൻ എന്റപ്പന്റേം അമ്മേടേം വീടുണ്ട്. പക്ഷെ നിങ്ങക്ക് പോകാൻ എവിടാ സ്ഥലമിരിക്കുന്നെ? അമ്മേടെ വീട്ടിലല്ല കൊച്ചേ വളരേണ്ടത്‌. അമ്മച്ചിയും അപ്പച്ചനും നിക്കുന്നിടത്താ പുള്ളേർ വളരേണ്ടത്, പോ-ത്ത് പോലെ വളർന്നിട്ടും നിനക്കിതൊന്നും അറിയാൻ മേലായോ !”

“എന്നാ ഒക്കെ പറഞ്ഞാലും ഈ അമ്പതാം വയസ്സിലും അമ്മച്ചീനെ അപ്പൻ ത-ല്ലുന്നത് അത്ര പുണ്യ പ്രവൃത്തി ഒന്നുമല്ലെന്നറിയാം…തല്ലുന്നത് നിങ്ങളെ ആണേലും നോവുന്നതു ഞങ്ങൾ മക്കൾക്കാ…അതോർത്താൽ കൊള്ളാം”

“എടീ ത്രേസ്യേ….നീ അവിടെ ആരെ നോക്കികൊണ്ട് നിൽക്കുവാടി, ഒരു മൊന്തേൽ ഇച്ചിരി വെള്ളമിങ്ങോട്ടെടുക്കടി. നിന്റെ കാലേൽ അമ്മിയിരിക്കുന്നോ? എടീ ത്രേസ്യേ….”

“ദാണ്ടെ വരുന്നു മനുഷ്യ…എനിക്ക് വയസ്സ് പതിനെട്ടല്ല…”

“അയ്യോടി നിനക്ക് പതിനെട്ടാന്നു ഞാൻ പറഞ്ഞോ? പതിനെട്ടേലും മുപ്പത് തോന്നിച്ചവളാ ഈ നിക്കുന്നെ…ഒന്ന് പോയിനേടി”

“അല്ല മനുഷ്യ നിങ്ങളീ അന്തിയാവുമ്പോ ഉള്ള ക-ള്ളും മോന്തിയേച്ചു വന്ന് എന്നാത്തിനാ ഇവിടെ കിടന്നു പാട്ട്കുർബാന നടത്തുന്നെ? മക്കളെ കെട്ടിക്കാറായി. ഒന്നല്ല നാല് പെണ്മക്കളാ. നിങ്ങടെ ഈ സ്വഭാവത്തിന് എവിടുന്നു ആലോചന വരാനാ. എന്നേം പുള്ളേരേം നോക്കുന്നുണ്ടെന്നുള്ളത് നേരാ. പക്ഷെ ഇന്ന് കത്രീന കൊച്ചു ചോദിക്കുവാ…അമ്മച്ചിയിങ്ങനെ അടിവാങ്ങാതെ നമ്മക്ക് അമ്മച്ചീടെ വീട്ടിലോട്ട് പോവാമെന്ന്. നിങ്ങ പറയ് മക്കൾ വലുതായില്ലേ? ക-ള്ളുകുടിക്കണ്ടെന്നു പറയുന്നില്ല, പക്ഷെ ഈ തെറിവിളീം തല്ലും ഒന്ന് നിർത്തിക്കൂടെ?”

“പ്ഫ…എവിടെടി നിന്റെ മോൾ ഇങ്ങോട്ട് വിളിക്ക്…എന്നേലും പൊക്കം വച്ചപ്പോ അപ്പനെ പിടിക്കാണ്ടായോ എന്ന് എനിക്കൊന്നറിയണം. വിളിയെടി നിന്റെ മോളെ…”

“എന്റെ തമ്പുരാനെ ഇതിയാനോട് എങ്ങനെ പറഞ്ഞു മനസ്സിലാക്കാനാ! ഒരു കാര്യം ചെയ്യ് അന്തിയാവാൻ കാത്തുനിക്കണ്ട. ഇപ്പൊ തന്നെ വന്ന് എന്നെ രണ്ട് തല്ല് തല്ലിക്കൊ…” ഇതും പറഞ്ഞേച്ചു ചട്ടേടെ തലപ്പൊണ്ടു മൂക്കും പിഴിഞ്ഞ് അകത്തോട്ടു പോയി. കുറച്ചു കഴിഞ്ഞു പൗലോസ് പുറത്തോട്ടും പോയി…

“എടീ കതക് തുറക്കെടി എടീ ത്രേസ്യേ കതക് തുറക്കാൻ…”

“അപ്പനിങ്ങോട്ട് വന്നേ ദാണ്ടെ ചോറ് വിളമ്പി വച്ചിട്ടുണ്ട് വന്ന് കഴിച്ചേച്ചും കിടക്കാൻ നോക്ക്”

“നിന്റമ്മച്ചി എന്തിയെടി?”

“അമ്മച്ചി കിടന്നു. തല വേദനിക്കുന്നുന്ന് പറഞ്ഞു”

“ത്രേസ്യേ നിനക്കെന്ന പറ്റി? നീ വല്ലോം കഴിച്ചാരുന്നോ? എണീറ്റെ വന്ന് രണ്ട് വറ്റു തിന്നേച്ചും കിടക്ക്…”

ത്രേസ്യ പതിയെ എണീറ്റ് ലേശം കഞ്ഞി കുടിച്ചെന്നും വരുത്തി ചെന്ന് കിടന്നു. അന്ന് പൗലോസ് അത്താഴപട്ടിണി കിടന്നു. കത്രീനക്കൊച്ചു ഇതൊക്കെ കണ്ടു അന്തം വിട്ട് നിന്നു.

ഓർമ്മ വച്ചനാൾ മുതൽ ഒന്നിനും ഒരു കുറവ് അപ്പൻ വരുത്തീട്ടില്ല. അമ്മച്ചീനെ രാത്രി കുടിച്ചേച്ചും വന്ന് തല്ലുന്നത് മാത്ര ഒരു കുറവ്. പക്ഷെ അതത്ര നിസ്സാരകാര്യോം അല്ല.

പിറ്റേന്ന് രാവിലെ ത്രേസ്യ പതിവുപോലെ പുള്ളേർക്കുള്ള ഭക്ഷണം എല്ലാം ഉണ്ടാക്കി കൊടുത്തുവിട്ടു .പൗലോസാണേൽ റബ്ബർ പാലെടുക്കാനും പോയി. കത്രീനേം ത്രേസ്യയും മാത്രമായി…

പെട്ടെന്ന് അടുക്കളയിൽ എന്തോ വീഴുന്ന ശബ്ദം. കത്രീന ഓടി വന്ന് നോക്കിയപ്പോ അമ്മച്ചി അടുക്കളയിൽ വീണു കിടക്കുന്നു. ഓട്ടോ വിളിച്ച് ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും എല്ലാം തീർന്നിരുന്നു. അറ്റാക്കായിരുന്നു.

അടക്കും കഴിഞ്ഞെല്ലാവരും പോയിട്ടും പൗലോസ് ഇരുന്നിടത്തുനിന്നും അനങ്ങിയില്ല. അയാൾക്ക് ത്രേസ്യ ഇല്ലാത്തൊരു ജീവിതം ആലോചിക്കാൻ പോലും വയ്യ.

“അപ്പാ അപ്പൻ വല്ലോം വന്ന് കഴിക്ക്. അമ്മച്ചി പോയി. ഇനി അപ്പനും കൂടെ വല്ലോം വരുത്തി വച്ചാൽ ഞങ്ങൾക്കാരാ ഉള്ളത്?”

“മക്കൾ ചോറ് കഴിച്ച് കിടന്നോ. അപ്പനിവിടെ ഇരിക്കട്ടെ കുറച്ചുനേരം…” കത്രീന കണ്ണുതുടച്ചു കേറി കിടന്നു. കഴിക്കാൻ പോയിട്ട് ഒരു ഗ്ലാസ് വെള്ളം പോലും ഇറങ്ങുന്നുണ്ടായിരുന്നില്ല…

പിറ്റേന്ന് പതിവുപോലെ പൗലോസ് ത്രേസ്യേ എന്നും വിളിച്ചു. ചായ കിട്ടാനുള്ള വിളിയായിരുന്നു…ഒരു നിമിഷം അയാൾക്ക് സ്ഥലകാല ബോധം വന്നു. തന്റെ ത്രേസ്യകൊച്ചിനിയില്ല. ഇരുപത്തിരണ്ടാം വയസ്സിൽ എന്റെ കൈ പിടിച്ചേച്ചും വന്നതാ. എന്തുമാത്രം ഉപദ്രവിച്ചു. ഒരു കാരണോം ഇല്ലാതെ.!! ഇനി ഒന്നും പറഞ്ഞിട്ട് കാര്യമില്ല. അവള് പോയി…

അങ്ങനെ ത്രേസ്യ ഇല്ലാത്ത ആറു മാസങ്ങൾ. കത്രീനയ്ക്ക് ഒരാലോചന…മുണ്ടക്കയത്തുള്ളൊരാ…ചെറുക്കൻ അങ്ങ് അമേരിക്കേല…കെട്ടു കഴിഞ്ഞാൽ കത്രീനയെക്കൂടി കൊണ്ടോവുംന്നു.

ആഡംബരം ലേശം കുറച്ചു. ത്രേസ്യ പോയിട്ട് ഇത്രയല്ലേ ആയുള്ളൂ. കെട്ടു കഴിഞ്ഞു നാല് ദിവസം ഇവിടെ നിർത്തി പെണ്ണിനേം ചെറുക്കനേം…പോയാലിനി എന്ന് വരാനാ…? അങ്ങനെ അവർക്ക് പോകേണ്ട ദിവസമിങ്ങെത്തി.

പെട്ടി ഒതുക്കുന്നതിനിടെൽ അപ്രതീക്ഷിതമായിട്ടാണ് കത്രീന പറയുന്നത് കേട്ടത്. “എനിക്കൊരു കണ്ടീഷൻ ഉണ്ട്…”

“എന്നാ താൻ പറഞ്ഞോടോ”

“ഭൂമി കുലുങ്ങിയാലും എന്റെ നേരെ കയ്യോങ്ങരുത്. വഴക്കാവാം, തെറ്റ് ചെയ്താൽ തിരുത്താം, പക്ഷെ അടിക്കരുത്…എന്റമ്മച്ചി വർഷങ്ങളോളം അപ്പന്റെ അടി കൊണ്ടതോണ്ട പാവം ആയുസ്സെത്താതെ തീർന്നത്…”

“പിന്നെ എങ്ങാനും എന്നെ തല്ലിയാൽ പ്രത്യേകിച്ചൊന്നും ഉണ്ടാവാൻ പോണില്ല. ഇത്രേം കാണിച്ച അപ്പന്റടുക്കെ വന്ന് പരാതി പറയാൻ പറ്റുകേലല്ലോ…”

ഇത്രേം കേട്ടപ്പോ തന്നെ പൗലോസിന്റെ കണ്ണ് നിറഞ്ഞൊഴുകാൻ തുടങ്ങി. ഒരു സത്യം തന്നെ ആണത്, എന്റെ ത്രേസ്യ പോയത് ഞാൻ കാരണം തന്നെയാണ്…കത്രീന പറഞ്ഞേൽ എന്താണ് തെറ്റ്? അപ്പൻ അമ്മേനെ തല്ലുന്ന കണ്ട് വളരുന്ന മക്കൾ എങ്ങനെ അവർക്കൊരു ദെണ്ണം വരുമ്പോ അപ്പന്റടുക്കെ വന്ന് പരാതി പറയും?

യീശോയെ എന്റെ ത്രേസ്യകൊച്ചിനോട് ഞാൻ ചെയ്ത പാപത്തിനൊരു പരിഹാരോം ഇല്ലല്ലോ…

NB: കുട്ടികൾ നമ്മളെ കണ്ടു പഠിക്കട്ടെ.. സങ്കടം വന്നാൽ ഓടി നമ്മുടെ അടുത്തോട്ടു വരാൻ തോന്നിപ്പിക്കുന്ന വിധം നമുക്ക് ജീവിച്ചു കാണിക്കാം.

Leave a Reply

Your email address will not be published. Required fields are marked *