രചന: ശ്രീജിത്ത് ആനന്ദ് തൃശ്ശിവപേരൂർ
——————–
പോക്കറ്റിൽ കിടന്നു ഫോൺ റിംഗ് ചെയ്തപ്പോൾ ഞാൻ ബുള്ളറ്റ് അടുത്തുള്ള മരത്തണലിലേക്കു ഒതുക്കി നിർത്തി. പരിചയമില്ലാത്ത നമ്പർ. ആരാവും എന്നു ചിന്തിച്ചു കാൾ എടുത്തു.
ഹലോ ശ്രീയേട്ടാ…ഇതു ഞാനാണ് അരുന്ധതി. അരുന്ധതി വാസുദേവ് മറന്നോ…?
മറക്കാൻ പറ്റുമോ…?
ഞാൻ വിളിച്ചത് എന്റെ ജീവിതത്തിലെ ഒരു സന്തോഷവാർത്ത പറയാനാണ്. ഈ വരുന്ന ഞായറാഴ്ച്ച എന്റെ അരങ്ങേറ്റമാണ് ഗുരുവായൂർ വെച്ചു ഏട്ടൻ വരണം. എനിക്കു വിളിക്കാൻവേറാരുമില്ല, എന്തായാലും വരണം.
എന്തായാലും വരും…
കാൾ കട്ടായി. മുഖപുസ്തകത്തിലെ സാഹിത്യ ഗ്രൂപ്പിലെ എന്റെ കുത്തികുറിക്കലുകളുടെ വായനക്കാരിയായിരുന്നു അരുന്ധതി. അതുപിന്നെ സൗഹൃദമായി. ഒരൂസം ഏട്ടൻ എന്നെപ്പറ്റി എഴുതോ എന്നു ചോദിച്ചിരുന്നു. നിന്നെപ്പറ്റി ഞാനെന്തെഴുതാനാണ് കുട്ടി…ന്നാലും ശ്രമിക്കാം എന്നു ഞാനും പറഞ്ഞു.
മുഖപുസ്തകത്തിൽ ഒരുപാട് സൗഹൃദങ്ങൾ ഉണ്ടായിണ്ടെങ്കിലും ഇത്ര അടുപ്പം ആരോടും തോന്നിയിട്ടില്ല. കാണാതെ കേൾക്കാതെ അക്ഷരങ്ങളിലൂടെ അത്രയ്ക്ക് അടുത്തിരുന്നു. ചിലപ്പോൾ ആ കുട്ടിയുടെ അവസ്ഥകളാകാം. അതുമല്ലെങ്കിൽ പെരുമാറ്റം കൊണ്ടാവാം, എന്തോ ഇഷ്ടമായിരുന്നു അവളെ. അതുകൊണ്ടുതന്നെ അവൾടെ കുഞ്ഞു ആഗ്രഹം നിറവേറ്റി കൊടുക്കണം.
ഞാൻ എഴുതി തുടങ്ങി…മുഖപുസ്തകത്തിലെ ഒരു കൂട്ടുകാരിയുടെ വാക്കുകൾ…ഞാനൊരു ഓർഫൻ ആണെടോ. അച്ഛനും അമ്മയും എനിക്ക് നാലു വയസ്സുള്ളപ്പോൾ എന്നെ തനിച്ചാക്കിപോയി. അച്ഛന്റെ ബ്രദർ ആണ് നോക്കുന്നത്. ഇപ്പോ കലാക്ഷേത്രയിൽ മോഹിനിയാട്ടവും കഥകളി സംഗീതവും പഠിക്കുന്നു. പലപ്പോഴും സ്മയിലിയിൽ മാത്രം മറുപടി ഒതുക്കുന്നവൾ എപ്പോഴോ എന്റെ ചോദ്യങ്ങൾക്ക് മുന്നിൽ മനസു തുറന്നതാണ്.
ചോദിക്കണ്ടായിരുന്നു എന്ന് തോന്നി മറുപടിക്ക് വേണ്ടി വിരൽ കീബോർഡിൽ ചലിക്കാൻ ഒന്ന് ബുദ്ധിമുട്ടി. എല്ലാം മറക്കാൻ നൃത്തവും സംഗീതവും നല്ലതാണു…അതിൽ ലഹരി കണ്ടെത്തൂ…എന്റെ മറുപടിക്ക് ഒരു…ഉം…മറുപടിയായി കിട്ടി.
പിന്നെ ഒന്നും ഞാൻ ചോദിച്ചില്ല. ഇനിയും ആ മനസ് കുത്തിനോവിക്കാൻ എന്റെ മനസാക്ഷി അനുവദിച്ചില്ല. എപ്പോഴെങ്കിലും സ്വയം പറയാൻ തോന്നുവാണെങ്കിൽ കേൾക്കണം മുഴുവൻ…ആശ്വാസ വാക്കുകൾ ഒന്നിനും പകരമാവില്ല. എന്നാലും അത് ആഗ്രഹിച്ചു പോവുന്നു.
നഷ്ടം അവൾക്കു മാത്രം. അമ്മയില്ലാത്ത ബാല്യം നരക തുല്യമാണ്. അതാർക്കും വരുത്തല്ലേ എന്ന് പ്രാർത്ഥിച്ചുപോവുന്നു. മനസ് നിറയെ സങ്കടകടലാണെങ്കിലും അതിനു മീതെ കല എന്നൊരു തോണി ഈശ്വരൻ നൽകിയിട്ടുണ്ട്. അർപ്പണബോധത്തോടു കൂടി ആ തോണി തുഴഞ്ഞു ജീവിതം കരക്കടുപ്പിക്കാൻ അവൾക്കു കഴിയട്ടെ…
വഴികാട്ടി ആകാശത്തെ നക്ഷത്രങ്ങളായി ആ അച്ഛനും അമ്മയും കൂടെയുണ്ടാവും ജീവിത യാത്രയിൽ…ആ ചിലങ്കയിട്ട കാലുകൾ പതറാതിരിക്കട്ടെ എന്ന പ്രാർത്ഥനയോടുകൂടെ…സ്നേഹപൂർവ്വം, ശ്രീ.
ഒന്നുടെ വായിച്ചതിനു ശേഷം ഞാൻ അയച്ചുകൊടുത്തു. എന്നത്തേയും പോലെ സഫലമാകാത്ത ആഗ്രഹങ്ങളെ ഓർത്തു നിദ്രയിലേക്ക് വീണു.
രാവിലെ ഉണർന്നു ഫോൺ എടുത്തു നോക്കിയപ്പോൾ അവളുടെ മെസ്സേജ് കൊണ്ട് ഇൻബൊക്സ് നിറഞ്ഞിരുന്നു. ഒരുപാട് താങ്ക്സ് പറഞ്ഞുകൊണ്ട്. താങ്ക്സ് ഒന്നും വേണ്ട കുട്ടി. നീ പലപ്പോഴായി പറഞ്ഞ നിന്റെ ജീവിതം ഞാൻ അക്ഷരങ്ങൾ കൊണ്ട് കൂട്ടിച്ചേർത്തു.
ഏട്ടാ…ഞാൻ ഒരു കഥയായി മാറിയില്ലേ…ഏട്ടനും..? ആ ചോദ്യം ഒന്നു നൊമ്പരപെടുത്തി. പലപ്പോഴും അവളുടെ ചോദ്യങ്ങൾക്കു മുൻപിൽ ഉത്തരങ്ങൾക്കു വേണ്ടി സമയമെടുക്കാറുണ്ട്. മറ്റൊന്നും ചിന്തിക്കണ്ട നന്നായി പഠിക്കൂ…ഒരു മാറ്റം ഉണ്ടാവും തീർച്ച. എന്തു ആവശ്യമുണ്ടെങ്കിലും വിളിക്കാം. ആരുമില്ലെന്നുമുള്ള തോന്നൽ വേണ്ട ഇനിയങ്ങോട്ട്. ഞാനുണ്ടാകും.
ബന്ധങ്ങൾ വളരുകയായിരുന്നു സൗഹൃദത്തിന് അപ്പുറത്തേക്കെന്നു എനിക്കും അറിയില്ലായിരുന്നു. പിന്നെയും ഒരുപാട് ദിവസങ്ങൾ പിണങ്ങിയും ഇണങ്ങിയും. സ്വന്തം മകളല്ലാത്തതിന്റെ പ്രശ്നങ്ങൾ അവളെ ആ വീട്ടിൽ ഒരുപാട് വീർപ്പു മുട്ടിച്ചിരുന്നു.
ഒരുദിവസം വിളിച്ചപ്പോൾ കേട്ടത് വിശ്വസിക്കാൻ കഴിയാത്ത വാക്കുകളായിരുന്നു. ഇനി നമ്മളൊരിക്കലും കാണില്ല ഏട്ടാ. ആരുടെ ജീവിതത്തിലും ഒരു ബാധ്യതയാവാൻ ഞാൻ ആഗ്രഹിക്കുന്നില്ല. എന്നോടുള്ള സ്നേഹം സത്യമാണെങ്കിൽ ദയവായി എന്നെ അനേഷിച്ചു വരരുത്. ഏട്ടൻ മറക്കണം…
മറക്കണം എന്നൊരു വാക്കുകൊണ്ട് തകർന്നു വീണത് ആകാശത്തോളം ഉയരത്തിൽ കണ്ട സ്വപ്‌നങ്ങളായിരുന്നു. ഉറക്കമില്ലാത്ത രാത്രികൾ ആയിരുന്നു. പിന്നീടങ്ങോട്ട് തിരിച്ചു കിട്ടില്ല എന്നറിഞ്ഞിട്ടും നഷ്ടപ്പെട്ടതിനെ തിരഞ്ഞായിരുന്നു മുന്നോട്ടുള്ള യാത്ര.
തിരക്കി വരരുത് എന്നു പറഞ്ഞാലും എനിക്കു അന്വേഷിക്കാതിരിക്കാൻ കഴിഞ്ഞില്ല. ആ അന്വേഷണം എത്തിപ്പെട്ടത് നീലേശ്വരത്തായിരുന്നു. ദേവകി ടീച്ചർ. ഒരുപാവം നൃത്ത അദ്ധ്യാപിക. ടീച്ചറുടെ കൂടെ ഉണ്ട് അരുന്ധതി. വീട്ടിലെ പ്രശ്നങ്ങളിൽ ജീവിതം മടുത്തപ്പോൾ ജീവിതം അവസാനിപ്പിക്കാനുള്ള ശ്രമത്തിൽ പരാജയപെട്ടപ്പോൾ, ടീച്ചർ മകളായി കൂടെ കൂട്ടുകയായിരുന്നു അരുന്ധതിയെ.
ഞാൻ വന്നതും കണ്ടതുമൊന്നും അവളറിയണ്ട. എന്നെങ്കിലും എന്നെ ഓർക്കുകയാണെങ്കിൽ വിളിക്കട്ടെ. അല്ലെങ്കിൽ മറക്കട്ടെ എന്നു പറഞ്ഞു ഞാൻ തിരിച്ചുപോന്നു. പിന്നീട് അവളുടെ ഓരോ വളർച്ചയും ടീച്ചറിലൂടെ ഞാൻ അറിയുകയായിരുന്നു. കാണാൻ കൊതി തോന്നുമ്പോൾ ഞാനും എന്റെ 96 മോഡൽ ബുള്ളറ്റും തൃശ്ശൂരിൽ നിന്നു നീലേശ്വരത്തേക്കു പായും. അവളറിയാതെ ഒരു നോക്കു കണ്ടു മടങ്ങും.
നാളെ അവൾ ഗുരുവായൂരപ്പന്റെ മുന്നിൽ ചിലങ്ക കെട്ടുകയാണ്. അവൾ ഇന്ന് എന്നെ വിളിച്ചില്ലെങ്കിലും അവളുടെ സ്വപ്നം സത്യമാകുന്ന മുഹൂർത്തത്തിൽ ഞാനും ഉണ്ടാകുമായിരുന്നു. കാരണം ദേവകി ടീച്ചർ എന്നെ വിളിച്ചറിയിച്ചിരുന്നു.
ആത്മാർത്ഥയോട് കൂടെ ഹൃദയത്തിൽ എഴുതി ചേർത്തത് ഒരു കാലത്തിനും മായ്ക്കാൻ കഴിയില്ലായിരിക്കാം അല്ലേ…അതായിരിക്കാം നാലു വർഷങ്ങൾക്കു ശേഷവും എന്നെ തേടി അവളുടെ വിളിയെത്തിയത്.
രാവിലെ തന്നെ എഴുന്നേറ്റു കുളിച്ചു റെഡിയായി. അവൾക്കു സമ്മാനമായി വാങ്ങിയ ചിലങ്ക ഒന്നുടെ എടുത്തു നോക്കി, യാത്ര തിരിച്ചു. മനസ്സിൽ നാലു വർഷത്തെ കാത്തിരിപ്പിന്റെ, ഓർമ്മകൾ വേലിയേറ്റം സൃഷ്ടിക്കുന്നു. ഗുരുവായൂർ എത്തിയതേ അറിഞ്ഞില്ല…
കണ്ണനെ കാണാൻ എത്തുന്നവരുടെ തിരക്ക് ഓരോ പ്രാവശ്യം വരുമ്പോഴും കൂടി കൂടി വരുന്ന പോലെയാണ് എനിക്കു തോന്നുന്നത്. കണ്ണുകൾ അവളെ തിരഞ്ഞുകൊണ്ടിരുന്നു…ഫോൺ പിന്നേയും റിംഗ് ചെയ്തു.
അരുന്ധതിയാണ്…ശ്രീയേട്ടൻ എവിടാണ് പ്രോഗ്രാം തുടങ്ങാറായി വരുന്നില്ലേ…?ഞാൻ ഇവിടുണ്ട് കയറിക്കോളൂ…ഞാൻ സദസ്സിൽ ഉണ്ടാവും പ്രാർത്ഥനയോടെ…കഴിഞ്ഞു കാണാം. കർട്ടൺ ഉയർന്നു. സ്റ്റേജിൽ ചിലങ്ക കെട്ടിയ കാലുകൾ ചുവടു വെച്ചു തുടങ്ങി. മനസ്സിൽ എന്തോ മഴവില്ല് വിരിയുന്ന അനുഭൂതി സന്തോഷം കൊണ്ട് കണ്ണുകൾ നിറഞ്ഞു കാഴ്ച്ച മറക്കാൻ ശ്രമിക്കുന്നു. കർട്ടൻ താന്നു, സദസ്സിൽ നിറഞ്ഞ കയ്യടി.
മനോഹരമായിരിക്കുന്നു…ഒരിക്കലും പാഴായില്ല, നൃത്തത്തിന് വേണ്ടി മാറ്റി വെച്ച വർഷങ്ങൾ. ഞാൻ എണീറ്റു പുറകിലേക്ക് ചെന്നു. അവളും ദേവിക ടീച്ചറും ഉണ്ടായിരുന്നു അവിടെ.
എനിക്കറിയായിരുന്നു വരുമെന്ന്. കാണാതായപ്പോൾ ടെൻഷൻ ആയി. വരാതിരിക്കാൻ പറ്റുമോ. കയ്യിൽ ഉണ്ടായിരുന്ന ചിലങ്ക അവൾക്കു സമ്മാനിച്ചു ഞാൻ പറഞ്ഞു…ഒരുപാടു ഒരുപാടു നന്നായി. ഇനിയും ഉയരങ്ങളിൽ എത്തണം. വാശിയോടെ…തോല്പിച്ചവർക്കു മുന്നിൽ ജയിച്ചു കാണിക്കണം.
ടീച്ചർ ഒരുപാട് നന്ദി. അമ്മയില്ലാത്ത ഇവൾക്ക് അമ്മയായതിന്. മനസെന്തോ പറയാൻ ശ്രമിക്കുന്നുണ്ടായിരുന്നു അപ്പോഴും. വാക്കുകൾ പുറത്തേക്കു വന്നില്ല. വരണ്ട…അതു തന്നെയാണ് നല്ലത്. എന്തോ എന്നിൽ നിന്നു കേൾക്കാൻ ആഗ്രഹിച്ചപോലെ അവളും.
മൗനം…
മൗനം മുറിച്ചു കൊണ്ടു ഞാൻ പറഞ്ഞു ഇന്ന് അമ്മേടെ പിറന്നാൾ ആണ്. ഉച്ചക്ക് മുൻപ് അവിടെത്തണം എന്നിട്ടേ അമ്മ കഴിക്കൂ. ഞാൻ പോട്ടെ എന്നാൽ…?
എന്നു പറഞ്ഞു ബുള്ളറ്റ് സ്റ്റാർട്ട് ചെയ്തു. അവളാ ചാവി ഓഫ് ചെയ്തിട്ട് ചോദിച്ചു. ഈ നാലു വർഷം എന്റെ നിഴലുപോലെ കൂടെ ഉണ്ടായിട്ടു ഞാൻ അറിഞ്ഞില്ലല്ലോ…? എന്നിട്ട് ഇപ്പോഴും ഒരു വാക്കുപോലും പറയാതെ എവിടെ പോവാ…? പൊയ്ക്കോ…
ടീച്ചറെ നോക്കിയപ്പോൾ, ഞാൻ എല്ലാം പറഞ്ഞു ശ്രീ…എന്തോ ഇപ്പോ അതിനു സമയമായി എന്നു തോന്നി, പറഞ്ഞു. അവളുടെ ആഗ്രഹങ്ങൾക്ക് ഒരിക്കലും വിലങ്ങുതടിയാവാത്ത വേറൊരാളെ ഞാൻ എവിടെ പോയെടാ കണ്ടുപിടിക്കാ…? നീ കൊണ്ടുപോയ്ക്കോ എന്റെ മകളെ…അമ്മക്കുള്ള പിറന്നാൾ സമ്മാനമായി…
ടീച്ചറെ യാത്രയാക്കി, അവളെയും കൊണ്ടു എന്റെ ബുള്ളറ്റ് വീട്ടിലേക്കു നീങ്ങുമ്പോൾ അച്ചനും അമ്മയും എന്തു പറയും എന്നതിനെ കുറിച്ചു എനിക്കൊരു ടെൻഷനും ഉണ്ടായിരുന്നില്ല. കാരണം പഠിച്ചു ഇറങ്ങിയ സമയത്തു ഗൾഫിൽ നല്ലൊരു ജോബ് കിട്ടിയപ്പോൾ, എന്തിനാടാ അന്യനാട്ടിൽ പോണേ നമുക്കു ജീവിക്കാൻ ഇവിടുള്ളതൊക്കെ പോരെ എന്നു ചോദിച്ച അച്ഛനും, രാവിലെ പത്രം കിട്ടിയാൽ സ്വർണത്തിന്റെ വില നോക്കാത്ത അമ്മയേയും എനിക്കു തന്നതുകൊണ്ടു മാത്രം.
പിന്നേ…ഒരു കാര്യം കൂടി…ഇനിയും ആ ചിലങ്കകൾ…കിലുങ്ങും…കാണാൻ എല്ലാവരും ഉണ്ടാകണം കേട്ടോ…