എനിക്കുറപ്പുണ്ട് ജോർജ്, ഇത് അവർ സ്വയം റിക്കോർഡ് ചെയ്‌ത ദൃശ്യങ്ങളല്ല. ഇതിന് പിന്നിൽ നമുക്കറിയാത്ത മറ്റെന്തോ കൂടിയുണ്ട്. അതാണ് നമ്മൾ കണ്ടെത്തേണ്ടത്……

The Third Eye

Story written by Unni Atl

സ്വ ലേ : ഓൺലൈൻ ചാറ്റിങ്ങിലൂടെ കാമുകന് അയച്ചു കൊടുത്ത ദൃശ്യങ്ങൾ പുറത്തായതിൽ മനംനൊന്ത് വീട്ടമ്മ ആത്മഹiത്യ ചെയ്തു. വിദേശത്ത് നിന്നും ഈ മാസം നാട്ടിലെത്തിയ ഭർത്താവ് ക്വാറന്റൈൻ കാലാവധി കഴിഞ്ഞെത്താൻ ദിവസങ്ങൾ മാത്രം ബാക്കിയിരിക്കെയാണ് യുവതിയുടെ ആത്മഹiത്യ. സൗത്ത് പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

“എന്നാലും ഇവളുടെയൊക്കെ ഒരു ധൈര്യമേ.. കുഞ്ഞ് മുന്നില് നിൽക്കുന്നത് പോലും ഇവൾക്കൊന്നുമൊരു പ്രശ്നമേ അല്ല. ത്ഫൂ……”

“പാവം ഭർത്താവ് കുടുംബത്തിന് വേണ്ടി മണലാരണ്യത്തിൽക്കിടന്ന് കഷ്ടപ്പെടുന്നു. ഇവളൊക്കെ ആ കാശും വാങ്ങി തോന്നിയ പോലെ ജീവിക്കുന്നു….”

പൊടിപ്പും തൊങ്ങലും ചേർത്ത മസാലക്കഥകളും, ഊഹാപോഹങ്ങളും, അന്വേഷണച്ചുമതല സ്വയം ഏറ്റെടുത്ത ഓണ്ലൈൻ സി ബി ഐ സംഘങ്ങളുടെ അന്വേഷണറിപ്പോർട്ടും കൊണ്ട് ചാനലുകളുടെ കമന്റ് ബോക്‌സ് നിറഞ്ഞു.

കുറച്ചു ദിവസങ്ങൾക്ക് ശേഷം……

സൗത്ത് പോലീസ് സ്റ്റേഷൻ…

“സർ എന്റെ പേര് അരുൺ. സ്റ്റേഷനിൽ വന്ന് കാണണമെന്ന് എസ് ഐ സാറ് അറിയിച്ചിരുന്നു.”

“മ്, ചെല്ല് ചെല്ല്, മാഡം അകത്തുണ്ട്.”

“മാഡം, എന്റെ പേര് അരുൺ. സുമയുടെ ഭർത്താവാണ്. വീട്ടിലെത്തുമ്പോ ഇവിടെ വന്ന് കാണാൻ പറഞ്ഞിരുന്നു.”

“മ്, അരുൺ ഇരിക്ക്. സുമയുടെ മരണവുമായി ബന്ധപ്പെട്ട ചില കാര്യങ്ങൾ ചോദിച്ചറിയാനാണ് നിങ്ങളോട് വരാൻ പറഞ്ഞത്. പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ സുമയുടെ മരണം ആത്മഹiത്യ തന്നെയാണെന്ന് തെളിഞ്ഞിട്ടുണ്ട്. സഹചര്യത്തെളിവുകളും അത് തന്നെയാണ് ശരി വയ്ക്കുന്നത്. കഴിഞ്ഞ രണ്ട് വർഷമായി അരുൺ നാട്ടിലില്ലെന്നറിയാം എന്നാലും ഈ മരണവുമായി ബന്ധപ്പെട്ട് അരുണിന് ആരെയെങ്കിലും സംശയമുണ്ടോ? സുമയ്ക്ക് ആരോടെങ്കിലും മറ്റ് ബന്ധങ്ങൾ ഉണ്ടായിരുന്നതായോ മറ്റോ ആരെങ്കിലും പറയുകയോ? അങ്ങനെ എന്തെങ്കിലും…”

“ഇല്ല മാഡം, അവളൊരിക്കലും അങ്ങനെയൊന്നും ചെയ്യില്ല. അവൾക്കാരുമായും ബന്ധവുമില്ല. അതെല്ലാം നാട്ടുകാരും മീഡിയയും കൂടി മെനഞ്ഞെടുത്ത കഥകളാണ് മാഡം. എട്ട് വർഷമായി ഞങ്ങടെ വിവാഹം കഴിഞ്ഞിട്ട്. എനിക്കറിയാം എന്റെ ഭാര്യയെ.. വാട്സപ്പോ ഫെയ്‌സ്ബുക്കോ ഒന്നും അവളുപയോഗിക്കാറില്ല. എന്തിന് ഫോണിലൊരു മെസ്സേജ് വന്നാൽ അതൊന്ന് നോക്കാൻ പോലും അവൾക്കറിയില്ല. ആരൊക്കെയോ ചേർന്ന് അവളെ ചതിച്ചതാണ് മാഡം. ദയവായി മാഡം ഇത് അന്വേഷിക്കണം. യഥാർത്ഥ കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരണം. മറ്റാരെയും വിശ്വസിപ്പിക്കാൻ കഴിഞ്ഞില്ലെങ്കിലും എനിക്കെന്റെ മക്കളുടെ മുന്നിലെങ്കിലും അവൾ നിരപരാധിയാണെന്ന് തെളിയിക്കണം…”

“റിലാക്സ് അരുൺ റിലാക്സ് … സീ, നിങ്ങളുടെ അവസ്‌ഥയെനിക്ക് മനസ്സിലാക്കാൻ സാധിക്കും. ഇപ്പോഴത്തെ സാഹചര്യത്തിൽ ഇത്തരം ചോദ്യങ്ങൾ ചോദിക്കുന്നത് ശരിയല്ലെന്നുമറിയാം. പക്ഷേ ഇത് ഞങ്ങളുടെ ഡ്യൂട്ടിയല്ലേ അരുൺ?”

“ക്ഷമിക്കണം മാഡം, എനിക്ക് മനസ്സിലാവും. പെട്ടെന്ന് ഇതൊക്കെ കേട്ടപ്പോ ഞാൻ…..”

“ഓക്കെ അരുൺ ലീവ് ഇറ്റ്, അരുണിപ്പോൾ പറഞ്ഞല്ലോ ഭാര്യക്കൊരു മെസ്സേജ് നോക്കാൻ പോലുമറിയില്ല, സോഷ്യൽ മീഡിയ ഉപയോഗിക്കല്ല എന്നൊക്കെ. ഇന്നത്തെക്കാലത്തും ഇതൊക്കെ അറിയാത്തവരുണ്ടെന്ന് പറഞ്ഞാൽ…”

“ഞാൻ പറഞ്ഞത് സത്യമാണ്, അവൾക്കെന്തോ അതിനോടൊന്നും വല്യ താൽപര്യമില്ലായിരുന്നു. പാട്ടുകളും സിനിമയുമൊക്കെ ആയിരുന്നു അവളുടെ ലോകം. എന്നെ വിളിക്കുന്നതൊഴിച്ചാൽ അതിനൊക്കെ വേണ്ടി മാത്രമാണ് അവൾ ഫോൺ ഉപയോഗിക്കുന്നതെന്ന് പോലും എനിക്ക് തോന്നിയിട്ടുണ്ട്. മക്കൾക്ക് ഓണ്ലൈൻ ക്‌ളാസ് തുടങ്ങിയപ്പോഴും അവർക്ക് ട്യൂഷനെടുക്കുന്ന കുട്ടിയാണ് ക്ലാസ് അറ്റൻഡ് ചെയ്യുന്നതും മറ്റും അവൾക്ക് പറഞ്ഞു കൊടുത്തത് തന്നെ. ക്ലാസ് തുടങ്ങിയ ശേഷം അവളുടെ ഫോൺ കൂടുതൽ സമയവും കുട്ടികളുടെ കൈയ്യിലായിരുന്നു. അത് കൊണ്ട് കഴിഞ്ഞ മാസം എന്റെ ഒരു സുഹൃത്ത് നാട്ടിൽ വന്നപ്പോൾ ഞാനവൾക്ക് പുതിയയൊരു ഫോൺ കൊടുത്തയച്ചിരുന്നു. അതിന്റെ ഫങ്ങ്ഷൻസ് പോലും എത്രയോ വട്ടം ആവർത്തിച്ചു പറഞ്ഞു കൊടുത്തിട്ടാണ് അവൾക്ക് കുറച്ചെങ്കിലും മനസ്സിലായത് തന്നെ..”

“ഓക്കെ അരുൺ, നിങ്ങളിപ്പോൾ പൊയ്ക്കോളൂ. ഞങ്ങളൊന്ന് അന്വേഷിക്കട്ടെ. എന്തെങ്കിലും ആവശ്യം വരികയാണെങ്കിൽ ഞാൻ അറിയിക്കാം. പിന്നെ ഞങ്ങൾക്ക് ചില സംശയങ്ങളുണ്ടെന്ന് പറഞ്ഞല്ലോ. അതുകൊണ്ട് സുമയുടെ ഫോൺ ഞങ്ങൾക്ക് ആവശ്യമുണ്ട്. ജോർജ് കൂടെ വരും ഫോൺ അദ്ദേഹത്തിനെ ഏൽപ്പിച്ചാൽ മതി.”

“ശരി മാഡം..”

അല്പസമയത്തിന് ശേഷം.

ജോർജ്……..

യെസ് മാഡം.

“സുമയുടെ മരണവുമായി ബന്ധപ്പെട്ട വീഡിയോ ക്ലിപ്പുകളെല്ലാം ജോർജ് കണ്ടിരുന്നില്ലേ? അതിനെ ക്കുറിച്ച് എന്താണ് അഭിപ്രായം? അവർ സ്വയമെടുത്തതായി തോന്നിയോ അതോ മറ്റാരെങ്കിലും ഇനി രഹസ്യമായി….”

“അതിനുള്ള സാധ്യത വളരെക്കുറവാണ് മാഡം, ടോട്ടൽ മൂന്ന് വീഡിയോകളാണ് ലീക്കായിട്ടുള്ളത്, അതിലൊരെണ്ണം ബാത്റൂമിനുള്ളിൽ നിന്നുള്ളത്, ബാക്കി രണ്ടെണ്ണം ബെഡ്റൂമിൽ വiസ്ത്രം മാiറുന്നതും മറ്റും. ബാത്‌റൂമിൽ ആകെയുള്ളത് ഒരു വെന്റ്‌ലേറ്റർ മാത്രമാണ്. ലഭിച്ചിട്ടുള്ള ക്ലിപ്പിൽ വെന്റ്‌ലേറ്ററിന് ഓപ്പോസിറ്റുള്ള വാഷിംഗ്ഗ് മെഷീന് മുകളിലായാണ് ഫോൺ വച്ചിട്ടുള്ളതെന്ന് തോന്നുന്നു. കാരണം വീഡിയോയിൽ വ്യക്തമായി വെന്റ്‌ലേറ്റർ കാണാൻ കഴിയുന്നുണ്ട്. ബെഡ്റൂമിൽ നിന്നുള്ള ക്ലിപ്പുകളിൽ കാണുന്ന ജനലുകളെല്ലാം അടഞ്ഞാണ് കിടക്കുന്നത്. ഇടയ്ക്ക് ഇളയ കുഞ്ഞ് അവരുടെ മുന്നിലൂടെ നടക്കുന്നതും അവർ കുഞ്ഞിനോട് സംസാരിക്കുന്നതും മറ്റും ദൃശ്യങ്ങളിൽ വളരെ വ്യക്തമാണ്. അതുകൊണ്ട് തന്നെ പുറത്ത് നിന്നൊരാൾ രഹസ്യമായി എടുത്തതാണെന്ന് തോന്നുന്നില്ല.”

“ഓക്കെ ജോർജ്, എനിക്കതിൽ ചില സംശയങ്ങളുണ്ട്. സുമ ആത്മഹiത്യ ചെയ്തത് തന്നെയാണെന്നുള്ള കാര്യത്തിൽ നമുക്ക് സംശയമില്ല. കാരണവും വ്യക്തമാണ്. ഇനി നമുക്ക് അറിയേണ്ടത് മീഡിയ പറയുന്നത് പോലെ മറ്റാർക്കെങ്കിലും ഈ മരണത്തിൽ പങ്കുണ്ടോയെന്ന് മാത്രമാണ്.”

“ഓക്കെ മാഡം, പക്ഷേ എന്തോ സംശയമുണ്ടെന്ന് പറഞ്ഞത് ?”

“യെസ് ജോർജ്, ഞാൻ അതിലേക്കാണ് വരുന്നത്. ജോർജ് അതിലെ ആദ്യത്തെ വീഡിയോ ശ്രദ്ധിച്ചോ? കൈയ്യിൽ മൊബൈലുമായി അവർ ബാത്റൂമിലേക്ക് വരുന്നു, തുണികൾ കഴുകാനായി വാഷിംഗ്ഗ് മെഷീനിലേക്ക് ഇടുന്നു. അതിന് ശേഷം മൊബൈൽ എവിടെയോ വച്ചതിനു ശേഷം കുളിക്കാനായി പോകുന്നു. പക്ഷേ അവർ റൂമിൽ നിന്ന് വരുന്നത് മുതൽ അവരുടെ ഫോണിൽ വീഡിയോ റിക്കോർഡിങ്ങ് വർക്കിങ്ങായാണ് കാണുന്നത്. അതുപോലെ തന്നെ ബെഡ്റൂമിൽ നിന്നുള്ള ദൃശ്യങ്ങളും. ഇനി മറ്റൊരാളുടെ ആവശ്യപ്രകാരം അയാൾക്ക് അയച്ചുകൊടുക്കാനൊ അതല്ല ഇനി സ്വന്തം ശരീരാസ്വദനത്തിന് വേണ്ടി അവർ തന്നെ എടുത്തതാണെങ്കിലും സ്വന്തം കുഞ്ഞുങ്ങളുടെ മുന്നിൽ വച്ച് ആരെങ്കിലും അങ്ങനെ ചെയ്യുമോ? അതുപോലെ ജോർജ് മറ്റൊരു കാര്യം ശ്രദ്ധിച്ചില്ലേ? അവർ എവിടെപ്പോയാലും ഫോണ് കൂടെ കൊണ്ട് നടക്കുന്നതായി നമുക്ക് ലഭിച്ച ദൃശ്യങ്ങളിൽ നിന്നും മനസ്സിലാക്കാൻ സാധിക്കുന്നുണ്ട് പക്ഷേ ഈ രംഗങ്ങളിൽ ഒന്നിൽപ്പോലും അവർ ഫോണിന്റെ ക്യാമറയിലേക്ക് ശ്രദ്ധിക്കുന്നതേയില്ല. ബെഡ്റൂമിൽ നിന്നുള്ള ദൃശ്യങ്ങളും ഏകദേശം അതേപോലെ തന്നെ.. പല ആംഗിളുകളിൽ നിന്നായി വ്യക്തമായും അവ്യക്തമായുമുള്ള ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട് പക്ഷെ അവിടെയും ഒരിക്കൽപ്പോലും അവർ ഫോണിലേക്ക് നോക്കുകയോ റിക്കോർഡിങ്ങ് ഓഫ് ചെയ്യുന്നതോ ഒന്നും കാണുന്നില്ല. അതിനർത്ഥം………”

“മാഡം എന്താണ് ഉദേശിക്കുന്നത്?”

“എനിക്കുറപ്പുണ്ട് ജോർജ്, ഇത് അവർ സ്വയം റിക്കോർഡ് ചെയ്‌ത ദൃശ്യങ്ങളല്ല. ഇതിന് പിന്നിൽ നമുക്കറിയാത്ത മറ്റെന്തോ കൂടിയുണ്ട്. അതാണ് നമ്മൾ കണ്ടെത്തേണ്ടത്. അതിനൊരു എക്സ്പർട്ടിന്റെ സഹായം നമുക്കാവശ്യമുണ്ട്.”

“ഓക്കെ മാഡം, എനിക്ക് വളരെ അടുത്തറിയുന്ന ഒരാളുണ്ട് അശ്വിൻ. ഞാനിപ്പോൾതന്നെ അതിനുള്ള ഏർപ്പാടുകൾ ചെയ്യാം.”

രണ്ട് ദിവസങ്ങൾക്ക് ശേഷം…

“മാഡം, കാര്യങ്ങൾ നമ്മൾ വിചാരിച്ചത് പോലെ തന്നെ. പ്രതി കുറ്റം സമ്മതിച്ചിട്ടുണ്ട്.”

“ഓക്കെ, ഞാനിതാ വരുന്നു. ജോർജ് ഒരു കാര്യം ചെയ്യൂ. സുമയുടെ ഭർത്താവിനെ വിളിച്ചിട്ട് സ്റ്റേഷനിലേക്ക് വരാൻ പറയൂ. നാട്ടുകാരുടെ മുഴുവനും തെറ്റിദ്ധാരണ മാറ്റാനൊന്നും നമുക്കാവില്ല. പക്ഷേ സ്വന്തം ഭാര്യയുടെ നിരപരാധിത്വം അയാൾ അറിഞ്ഞിരിക്കട്ടെ.”

പ്രതിയുടെ കുറ്റസമ്മതത്തിലൂടെ ഒരു ഫ്ലാഷ്ബാക്ക്…..

“ഗീതേച്ചീ…. ഗീതേച്ചീ………..”

” അല്ല, ഇതാര് സുമയോ, കേറി വാ സുമേ.. കുറെ നാളയാല്ലോ ഇങ്ങോട്ടൊക്കെ കണ്ടിട്ട്..”

“ഒന്നും പറയണ്ട ചേച്ചീ, അവിടെ പിടിപ്പത് പണിയാ. കാലത്തേയ്ക്കുള്ളത് വച്ചുണ്ടാക്കി കഴിയുമ്പോഴേക്കും പിള്ളേർക്ക് ഓണ്ലൈൻ ക്‌ളാസ് തുടങ്ങും. പിന്നെ അതുങ്ങളെ കൂടെ ഗുസ്തി പിടിച്ചു വേണം അതിന്റെ മുമ്പിലിരുത്താൻ. എന്റെ കണ്ണ് തെറ്റിയാൽ അപ്പൊ തുടങ്ങും രണ്ടും കൂടെ മൊബൈലിന് വേണ്ടി അടി. വല്ല വിധേനേം അത് കഴിയുമ്പോഴേക്കും ഉച്ചയ്ക്കുള്ളത് ആക്കാനുള്ള സമയമാവും. വൈകുന്നേരം പിള്ളേർക്ക് ഓണ്ലൈൻ ട്യൂഷൻ. പിന്നെങ്ങോട്ട് ഇറങ്ങാനാ ചേച്ചീ സമയം..”

“എല്ലാടത്തും അവസ്‌ഥ ഇതൊക്കെ തന്നാ സുമേ.. ദേ ഇവിടെയും ഉണ്ടല്ലോ ഒരെണ്ണം. എന്നെക്കൊണ്ട് അവന്റെ അച്ഛന്റെ കൈയ്യും കാലും പിടിപ്പിച്ചൊരു കമ്പ്യൂട്ടർ വാങ്ങിപ്പിച്ചു. ഇപ്പോ ദേ ഊണിന് പോലും പുറത്തിറങ്ങില്ല. എപ്പോ നോക്കിയാലും അതിന്റെ മുമ്പെ തന്നെ. കോളേജില് ക്ലാസ് ഇല്ലാത്തത് കൊണ്ട് അത് നോക്കി പഠിക്കുന്നെന്നൊക്കെയാ പറച്ചില്. ഇവനിവിടെ ഉള്ളത് കൊണ്ട് ഞാനും ഇപ്പോ എങ്ങോട്ടും പോവാറില്ല.”

“അയ്യോ, അത് പറഞ്ഞപ്പോഴാ, വന്ന കാര്യം മറന്നു. അനന്തു എവിടേ ചേച്ചീ?”

“അവനാ മുറിയിലുണ്ട്, എന്താ സുമേ..”

“തൊടിയിലെ ശാരദേച്ചിയുടെ മകനില്ലേ? ഏട്ടന്റെ കൂടെ ജോലി ചെയ്യുന്ന… അവൻ വന്നിട്ടുണ്ട്. ഏട്ടൻ അവന്റെ കൈയിലൊരു ഫോൺ കൊടുത്തു വിട്ടിരുന്നു. പിള്ളേർക്ക് ക്ലാസൊക്കെ മൊബൈലിക്കൂടെ ആക്കിയ ശേഷം എന്റെ ഫോണെപ്പോഴും പിള്ളാരുടെ കൈയ്യിലാ. ഏട്ടന് സ്വസ്ഥമായിട്ടൊന്ന് സംസാരിക്കാൻ പോലും പറ്റുന്നില്ലെന്നും പറഞ്ഞ് കൊടുത്തു വിട്ടതാ. പുതിയ ഫോണായത് കൊണ്ട് അതില് ഏതാണ്ടൊക്കെ ചെയ്താലേ ഏട്ടൻ വിളിക്കുമ്പോ കണ്ട് സംസാരിക്കാൻ പറ്റൂന്നാ പറയുന്നത്. എനിക്കിതിന്റെ കിടുപിടിയൊന്നും അറിയത്തില്ല ചേച്ചീയേ. പഴയ ഫോണില് ഏട്ടനുള്ളപ്പോ ചെയ്ത് വച്ചതാ എല്ലാം.”

“എന്റെ സുമേ, ഇവിടെയും ഇത് തന്നെ അവസ്ഥ. എനിക്കും ഇതൊന്നും അറിഞ്ഞൂടാന്നെ. അനന്തുന്റെ കൂടെയൊന്ന് നോക്കാൻ പറഞ്ഞാൽ അമ്മയെന്താ ഇതൊക്കെ പഠിക്കാത്തതെന്നും പറഞ്ഞ് ചെറുക്കനപ്പോ ഒച്ചയെടുക്കാൻ തുടങ്ങും. എന്തായാലും നീ ഇരിക്ക്, ഞാനവനെ വിളിക്കാം.”

“ടാ അനന്തു, മോനേ നിന്നെ ദേ സുമ തിരക്കുന്നു. ടാ നീയവിടെ എന്തെടുക്കുവാ. വാതിലൊന്ന് തുറന്നേ..”

“എന്താ സുമേച്ചീ…..”

“ടാ മോനേ, സുമയ്ക്ക് അരുൺ കൊടുത്തു വിട്ട പുതിയ ഫോണാ. അവൾക്ക് അവനെ കണ്ട് സംസാരിക്കാൻ അതില് ഏതാണ്ടൊക്കെ ചെയ്യണമെന്നാ പറയുന്നത്. നിനക്ക് അറിയാമെങ്കിൽ അതൊന്ന് ചെയ്ത് കൊടുത്തേ…”

“അതിനെന്താ സുമേച്ചീ, ചേച്ചി ഇരിക്ക് ഞാനിപ്പോ റെഡിയാക്കിത്തരാം.”

“നീ ചെയ്ത് വച്ചിരുന്നാൽ മതി മോനേ, ഞാനൊന്ന് വീട്ടിലോട്ട് ചെല്ലട്ടെ. ഇല്ലേൽ പിള്ളേര് രണ്ടും കൂടി ഇപ്പോ അങ്കം തുടങ്ങും.”

“ഹ ഹ പിള്ളേരെക്കൊണ്ട് വല്യ കഷ്ടപ്പാട് തന്നല്ലേ ചേച്ചീ.. അരുണേട്ടൻ വരുന്നുണ്ടോ ഇപ്പോഴേങ്ങാനും?”

“അവിടെയിപ്പോ ജോലിയൊക്കെ ബുദ്ധിമുട്ടാണെന്നാ വിളിച്ചപ്പോ പറഞ്ഞത്. മിക്ക കമ്പനികളിൽ നിന്നും ജോലിക്കാരെ പിരിച്ചുവിടുന്നുണ്ട്. ചിലപ്പോ ഒന്ന് രണ്ട് മാസത്തിനകം വരും.”

“മ്, ശരി ചേച്ചീ, ദേ ഇത് കഴിഞ്ഞു. ഫോൺ കൂടി കൊണ്ട് പൊയ്ക്കോ..”

“ആഹാ, ഇത്രയേ ഉള്ളായിരുന്നോ? ചുമ്മാതല്ല ഏട്ടനെന്നെ മണ്ടീന്ന് വിളിക്കുന്നത്. എന്നാൽ ശരി ഗീതേച്ചീ ഞാനങ്ങോട്ട് ചെല്ലട്ടെ..”

അൽപ സമയത്തിന് ശേഷം…..

കോളിംഗ്ഗ് ബെല്ലിന്റെ ശബ്ദം കേട്ട് സുമ വാതിൽ തുറന്നു..

” ഇതാര്, അനന്തുവോ, എന്താ മോനേ?”

“ഫോൺ എന്തിയേ ചേച്ചീ? പുതിയ കുറച്ചു സോങ്ങ്സും ഫിലിമുമൊക്കെ കിട്ടീട്ടുണ്ട്. ചേച്ചി പോയിക്കഴിഞ്ഞാ ഞാനതോർത്തത്.”

“എന്റെ മോനേ, നിന്നോട് ഞാനതങ്ങോട്ട് ചോദിക്കണമെന്ന് വിചാരിച്ചതാ. പിന്നെ നീ പഠിക്കുന്നെന്ന് ഗീതേച്ചി പറഞ്ഞതുകൊണ്ടാ..”

“അതല്ലേ ഞാനിങ്ങോട്ട് വന്നത്. ചേച്ചി വേഗം ഫോൺ എടുത്തിട്ട് വാ. ഞാനെല്ലാം സെന്റ് ചെയ്ത് തരാം.”

“എന്നാ മോൻ ഇരിക്ക്. ചേച്ചി പോയി ഫോണെടുത്തിട്ട് വരാം..”

“പിള്ളേര് എന്തിയേ ചേച്ചീ..”

“അവര് പഠിക്കുവാ, ഓണ്ലൈൻ ട്യൂഷൻ. മോൻ ഇത് റെഡിയാക്ക്. അപ്പോഴേക്കും ചേച്ചി കുടിക്കാനെന്തേലുമെടുക്കാം.”

“ഫോൺ എന്നെ ഏല്പിച്ചിട്ട് ചേച്ചി വീണ്ടും അടുക്കളയിലേക്ക് പോയി.”

“അപ്പോഴേക്കും നിനക്ക് ചെയ്യാനുള്ളതൊക്കെ നീ അതിൽ ചെയ്ത് വച്ചല്ലേടാ….”ജോർജ് ദേഷ്യത്തോടെ ചാടിയെഴുന്നേറ്റ് അനന്തുവിന്റെ നേരെ കൈയ്യോങ്ങി…

“ഏയ് വേണ്ട ജോർജ്……”

“അല്ല മാഡം, ഇവനൊക്കെ കാരണം ഒന്നുമറിയാത്ത ഒരു പാവം പെണ്ണ്…”

“റിലാക്സ് ജോർജ്, അതിനൊക്കെ നമുക്കൊരുപാട് സമയമുണ്ട്. ഇനിയുള്ള സംഭവങ്ങളുടെ ബാക്കി ഞാൻ പറയാം. ഫോൺ നൽകി സുമ അടുക്കളയിലേക്ക് പോയ ശേഷം വീഡിയോസും സോങ്ങ്സുമൊക്കെ സെന്റ് ചെയ്യുന്നതിനായി ഒരാപ്പ്ളിക്കേഷൻ അനന്തു സുമയുടെ ഫോണിൽ ഇൻസ്റ്റാൾ ചെയ്യുന്നു. പക്ഷെ വീഡിയോ ട്രാൻസ്‌ഫെർ ചെയ്യാനെന്ന് സുമയെ തെറ്റിദ്ധരിപ്പിച്ച് അനന്തു ഇൻസ്റ്റാൾ ചെയ്ത ആപ്പ്ളിക്കേഷന് മറ്റൊരു പ്രത്യേകത കൂടിയുണ്ടായിരുന്നു. ഇൻസ്റ്റാൾ ചെയ്ത ശേഷം ഫോണിന്റെ പെർമിഷൻസ് കൂടി നൽകിക്കഴിഞ്ഞാൽ ഇതേ ആപ്പ് തന്നെ മറ്റൊരു ഫോണിലോ അല്ലെങ്കിൽ കംപ്യുട്ടറിലോ ഉപയോഗിച്ചുകൊണ്ട് ആദ്യത്തെ ഫോണിന്റെ സർവതും അക്സസ് ചെയ്യാൻ നമുക്ക് സാധിക്കും. അല്പം കൂടി മനസ്സിലാകുന്ന ഭാഷയിൽ പറഞ്ഞാൽ അനന്തുവിന്റെ ഫോണോ കംപ്യൂട്ടറോ ഉപയോഗിച്ച് സുമയുടെ ഫോണിന്റെ ക്യാമറകൾ പ്രവർത്തിപ്പിക്കാനും അതിലൂടെ കാണുന്നതും കേൾക്കുന്നതുമെല്ലാം റെക്കോർഡ് ചെയ്യാനും സാധിക്കും. അതുപോലെ സുമ ഫോണിൽ എന്തൊക്കെ ചെയ്യുന്നെന്നുള്ളത് സ്‌ക്രീൻ മിററിങ്ങ് എന്ന ഓപ്‌ഷനിലൂടെ അനന്തുവിനും കാണാൻ സാധിക്കും. ഏതെങ്കിലും ഒരു മെയിൽ ഐഡി ഉപയോഗിച്ചാവും ഈ രണ്ട് ഫോണുകളിലേയും ആപ്പുകൾ തമ്മിൽ കണക്റ്റ് ചെയ്തിരിക്കുന്നത്. പക്ഷേ സുമയെപ്പോലെ ഫോണിനെക്കുറിച്ച് വല്യ അറിവൊന്നുമില്ലാത്ത ഒരു സാധാരണക്കാരിക്ക് ഇതൊന്നും പെട്ടെന്ന് മനസ്സിലാക്കാൻ സാധിക്കില്ല.”

“വീഡിയോ കണ്ടപ്പോൾ എനിക്ക് തോന്നിയ ചില സംശയങ്ങൾ ജോർജിന്റെ ഫ്രണ്ട് അശ്വിനോട് അന്ന് തന്നെ ഞങ്ങൾ സംസാരിച്ചിരുന്നു. കാര്യങ്ങൾ കേട്ട് കഴിഞ്ഞപ്പോൾ അദ്ദേഹമാണ് മറ്റൊരാൾക്ക് രഹസ്യമായി നമ്മുടെ ഫോണിൽ ഒളിപ്പിച്ചു വയ്ക്കാൻ കഴിയുന്ന സ്പൈ ആപ്പുകളെക്കുറിച്ചും അതെങ്ങനെയൊക്കെയാണ് നമ്മുടെ ഫോണിൽ പ്രവർത്തിക്കുന്നതുമെന്നുമുള്ള കാര്യങ്ങളും ഞങ്ങൾക്ക് വിശദമാക്കിത്തന്നത്. അദ്ദേഹത്തിന്റെ സഹായത്തോടെയാണ് സുമയുടെ ഫോൺ ഒരിക്കൽക്കൂടി ഞങ്ങൾ പരിശോധിക്കുകയും അതിലിവൻ ഫയൽസ് ട്രാൻസ്ഫർ ചെയ്യാനെന്ന പേരിൽ ഇൻസ്റ്റാൾ ചെയ്തിരുന്ന സ്പൈ ആപ്പ്ളിക്കേഷൻ കണ്ടെത്തുകയും ചെയ്തത്. വീഡിയോ ലീക്കായതോടെ കാര്യങ്ങൾ കൈവിട്ട് പോയ വെപ്രാളത്തിൽ അനന്തു സ്വന്തം ഫോണിൽ നിന്ന് ആപ്പ്ളിക്കേഷനും മറ്റും ഡിലീറ്റ് ചെയ്‌തെങ്കിലും ഫോണുകൾ തമ്മിൽ കണക്റ്റ് ചെയ്യാനുപയോഗിച്ചിരുന്ന അനന്തുവിന്റെ മെയിൽ ഐഡി സുമയുടെ ഫോണിൽ നിന്ന് അശ്വിൻ കണ്ടെത്തിയിരുന്നു. അതാണ് ഈ കേസിന് വഴിത്തിരിവായതും എത്രയും പെട്ടെന്ന് തന്നെ പ്രതിയെ പിടികൂടാൻ ഞങ്ങളെ സഹായിച്ചതും….”

“ഇപ്പൊ സംഭവിച്ച കാര്യങ്ങളുടെ ഒരേകദേശ രൂപം മനസ്സിലായില്ലേ അരുൺ, നിങ്ങളുടെ സ്വന്തം വീടിനുള്ളിൽ നടന്ന കാര്യങ്ങൾ നിങ്ങളുടെ ഭാര്യ പോലുമറിയാതെ എങ്ങനെയാണ് പുറത്തെത്തിയതെന്നും പിന്നെ അത് മറ്റുള്ളവരിലേക്ക് എത്തിപ്പെട്ടതെന്നും.”

“ഒരുപാട് നന്ദിയുണ്ട് മാഡം, അവൾക്കിവൻ സ്വന്തം മകനെപ്പോലെയായിരുന്നു. എന്നിട്ടും…..”

“ഇനി അതൊന്നും പറഞ്ഞിട്ട് കാര്യമില്ല അരുൺ, ഇന്നത്തെ കാലം അങ്ങനെയാണ്. പിന്നെ ഞങ്ങൾ ചെയ്തത് ഞങ്ങളുടെ ഡ്യൂട്ടിയാണ്. ഇതുകൊണ്ടൊന്നും നിങ്ങൾക്കുണ്ടായ നഷ്ടം നികത്താ നാവില്ലെന്നുമറിയാം. ഒരുപക്ഷേ ഈ കേസ് തെളിയിക്കപ്പെടണമെന്നുള്ളത് ദൈവനിശ്ചയമായിരിക്കാം. റേറ്റിങ്ങ് കൂട്ടാൻ വേണ്ടി ഒരു മരണവാർത്തയെപ്പോലും വളച്ചൊടിച്ച് എന്ത് അiഭാസവും എഴുതിപ്പിടിപ്പിക്കുന്ന ഇന്നത്തെ ചാനലുകളെയും, വാർത്തയുടെ സത്യാവസ്ഥ മനസ്സിലാക്കാൻ ശ്രമിക്കാതെ അഭിപ്രായസ്വാതന്ത്ര്യമെന്ന പേരിൽ കേട്ടാലറയ്ക്കുന്ന ഭാഷയിൽ തെiറിവിളികൾ നടത്തുന്നവരെയും ഇതോന്നും പറഞ്ഞു വിശ്വസിപ്പിക്കാൻ നമുക്ക് സാധിക്കില്ലയിരിക്കും പക്ഷേ സുമയെപ്പോലെ കൈയ്യിൽ കൊണ്ട് നടക്കുന്ന മൊബൈൽ ഫോണിന്റെ ഇത്തരം ദൂഷ്യവശങ്ങൾ ഒന്നും തന്നെയറിയാത്ത ഒരുപാടൊരുപാട് വീട്ടമ്മമാരുള്ള നാടാണ് നമ്മുടേത്. ഒരുപക്ഷേ ഈ കേസ് തെളിയിക്കപ്പെട്ടത് അവർക്ക് വേണ്ടി മാത്രമായിരിക്കും…….”

സ്നേഹപൂർവം

ഉണ്ണി ആറ്റിങ്ങൽ.

Leave a Reply

Your email address will not be published. Required fields are marked *