എഴുത്ത്:-സജി തൈപ്പറമ്പ്, (തൈപ്പറമ്പൻ)
ഇന്നും ഒരു കൂട്ടര് എന്നെ പെണ്ണ് കാണാൻ വന്നിരുന്നു, പതിവ് പോലെ ,ചെക്കനെ ഇഷ്ടമായില്ലെന്നും ‘അത് കൊണ്ട് ഉടനെ ഇനിയൊരു കല്യാണലോചന വേണ്ടെന്നും ഞാൻ തീർത്ത് പറഞ്ഞു,
എന്നാലിനി നിന്നെ കെട്ടാൻ ഗന്ധർവ്വൻമാര് വരുമെടീ, നോക്കിയിരുന്നോ ? ഇപ്പോൾ തന്നെ മൂക്കിൽ പല്ല് മുളച്ചു , ഇനി നീ എപ്പോൾ കല്യാണം കഴിക്കാനാണ് ഉദ്ദേശിക്കുന്നത് ?
21വയസ്സായപ്പോഴേ എനിയ്ക്ക് മൂക്കിൽ പല്ല് മുളച്ചത്രേ?
അടക്കാനാവാത്ത ക്ഷോഭത്തോടെ അമ്മയത് പറയുമ്പോൾ എനിയ്ക്ക് എന്നോട് തന്നെ പുശ്ചമാണ് തോന്നിയത് .
നിങ്ങളോർക്കും , ഏകമകളുടെ ഭാവിയോർത്തുള്ള ആശങ്കയാണ്
എൻ്റെ അമ്മയ്ക്കെന്ന്?
ഒരിക്കലുമല്ല , എനിയ്ക്ക് ഏതാണ്ട്പ തിനാല് വയസ്സുള്ളപ്പോഴാണ് , യാദ്യശ്ചിക മായി ഞാനെൻ്റെ അച്ഛൻ്റെയും അമ്മയുടെയും വഴക്ക് കേൾക്കാൻ ഇടയായത് , ഓർമ്മ വച്ച നാള് മുതൽ അവരുടെ സൗന്ദര്യപിണക്കങ്ങൾ കണ്ട് ശീലിച്ച എനിയ്ക്ക് ,അന്നത്തെ അവരുടെ കലഹം ഒരിക്കലും മറക്കാനാവില്ല.
പണ്ട്, നിസ്സാര കാര്യങ്ങൾക്ക് പിണങ്ങുമായിരുന്ന അവർ, മണിക്കൂറുകൾക്കകം, പിണക്കങ്ങളൊക്കെ മറന്ന്, പഴയതിലും സ്നേഹത്തോടെ, ജീവിക്കുന്നത് കണ്ടിട്ടുട്ടുള്ളത് കൊണ്ട് അന്നൊന്നും അവരുടെ വഴക്ക്എനിയ്ക്ക് വലിയ കാര്യമായി തോന്നിയിരുന്നില്ല
പോക പോകെ , അവരുടെ തർക്കങ്ങൾക്ക് ഗൗരവം കൂടുന്നതും, പിണങ്ങിയിരിക്കുന്നതിൻ്റെ സമയ ദൈർഘ്യം,മണിക്കൂറുകളിൽ നിന്നും ദിവസങ്ങളിലേയ്ക്ക് കടക്കുന്നതും കണ്ടപ്പോൾ എൻ്റെ ആശങ്ക വർദ്ധിച്ചു.
ഞാൻ വളരുന്നതോടൊപ്പം അവരുടെ ദാമ്പത്യബന്ധത്തിൽ വിള്ളലുകൾ വീഴുന്നതും ദിനംപ്രതി അതിൻ്റെ വ്യാപ്തി കൂടുന്നതും എന്നെ ഭയപ്പെടുത്തിക്കൊണ്ടിരുന്നു
അങ്ങനെയിരിക്കെയാണ് , ഒരു ദിവസം പാതിരാത്രിയോടടുത്ത സമയം ,ഉറക്കത്തിലായിരുന്ന ഞാൻ ദാഹിച്ച് തൊണ്ട വരണ്ട് ഉണരുന്നത് , ഹാളിലെ ഫ്രിഡ്ജിൽ നിന്നും ,തണുത്ത വെള്ളമെടുക്കാൻ ചെല്ലുമ്പോഴാണ്, അവരുടെ മുറിയിൽ നിന്നും, അച്ഛൻ്റെ ഉറക്കെയുള്ള ശബ്ദം ഞാൻ കേട്ടത് ‘
എൻ്റെ മോളുടെ വിവാഹം കഴിയുന്നത് വരെ മാത്രമേ, നമ്മുടെ ഈ വഴക്ക് നീളുകയുള്ളൂ സുമേ,, അത് കഴിഞ്ഞാൽ പിന്നെ, ഒരിക്കലും നിനക്ക് , എന്നോട് വഴക്കടിക്കേണ്ടി വരില്ല ,,
അച്ഛൻ്റെ, അക്ഷമയോടെയുള്ള ആ സംഭാഷണം, എൻ്റെ മനസ്സിലൊരു ആന്തലുണ്ടാക്കി.
അതിന് ആർക്കാണ് നിർബന്ധം , ഞാനും കാത്തിരിക്കുന്നത്, ആ ഒരു ദിവസത്തിന് വേണ്ടിയാണ്, മൂന്നാല് വർഷം കൂടി കഴിഞ്ഞിരുന്നേൽ ,കൊച്ചിനെ പിടിച്ച് ഒരുത്തൻ്റെ കൈയ്യിൽ ഏല്പിച്ചിട്ട് ,എനിയ്ക്ക് എൻ്റെ പാട്ടിന് പോകാമായിരുന്നു, നിങ്ങടെ കൂടെ ജീവിച്ച്, എനിയ്ക്കും മതിയായി ,,
അമ്മയുടെ മറുപടി കൂടി കേട്ടപ്പോൾ, ഭൂമിയിലേയ്ക്ക് ഉടലോടെ താഴ്ന്ന് പോയിരുന്നെങ്കിലെന്ന്, ആ പതിനാലാമത്തെ വയസ്സിൽ, ഞാൻ ഒരുപാടാഗ്രഹിച്ചിരുന്നു.
അന്നെനിയ്ക്കൊരു കാര്യം മനസ്സിലായി, എനിയ്ക്ക് പതിനെട്ട് തികയാൽ കാത്തിരിക്കുകയാണവർ , എന്നെ കല്യാണം കഴിച്ചയച്ചിട്ട് , വേണം അവർക്ക് എന്നെന്നേയ്ക്കുമായി പിരിയാൻ ,
കൃത്യം പതിനെട്ട് വയസ്സ് തികഞ്ഞപ്പോൾ മുതൽ എനിയ്ക്കവർ ഓരോരോ ആലോചനകൾ കൊണ്ട് വരാൻ തുടങ്ങി ആദ്യമൊക്കെ ചെക്കന് വിദ്യാഭ്യാസം പോരെന്നും, നല്ലൊരു ജോലി ഇല്ലെന്നും പറഞ്ഞാണ്, ഞാൻ ഓരോ ആലോചനയിൽ നിന്നും ഒഴിവായി കൊണ്ടിരുന്നത് , അവസാനം, വിദ്യാഭ്യാസവും സർക്കാർജോലിയുമുള്ള ചെക്കൻമാരെ കൊണ്ട് വരാൻ തുടങ്ങിയപ്പോൾ, ഞാൻ, ചെക്കന് സൗന്ദര്യമില്ലെന്ന കാരണം പറയാൻ തുടങ്ങി,
അല്ല മോളേ, നിനക്ക് ആരോടെങ്കിലും അടുപ്പമുണ്ടോ? ഉണ്ടെങ്കിൽ തുറന്ന് പറയ്, മതവും ജാതിയും വിദ്യാഭ്യാസവും പണവും ഒന്നും പ്രശ്നമല്ല, അച്ഛൻ ഭംഗിയായിട്ട് നിങ്ങടെ വിവാഹം നടത്തി തരാം,,
ഒടുവിൽ സഹികെട്ട് അച്ഛൻ എന്നോട് അങ്ങനെവരെ ചോദിച്ചു.
അതേ മോളേ,, മോള് പറഞ്ഞോ, നിനക്ക് ആരെയാണ് ഇഷ്ടം?
ആ ഒരു കാര്യത്തിന് മാത്രം ,അമ്മ ,അച്ഛനെ സപ്പോർട്ട് ചെയ്തപ്പോൾ ,എത്രയും വേഗം എന്നെ ആരെയെങ്കിലും ഏല്പിച്ച് പിരിഞ്ഞ് പോകാനുള്ള, അവരുടെ വീർപ്പ് മുട്ടല് എത്രമാത്രമാണെന്ന് ,എനിയ്ക്ക് മനസ്സിലായി
എനിയ്ക്ക് ഒരാളോടും ഇഷ്ടമില്ലെന്നും എനിയ്ക്ക് വിവാഹം കഴിക്കാൻ തോന്നുമ്പോൾ രണ്ട് പേരെയും ഞാൻ അറിയിക്കാമെന്നും പ്രായപൂർത്തിയായ എന്നെ ഇഷ്ടമില്ലാത്ത ബന്ധത്തിന് നിർബന്ധിച്ചാൽ , ഇനി ഞാൻ കോടതിയിൽ പോകുമെന്നും പറഞ്ഞ് ,അവരെ ഭീഷണി പ്പെടുത്തിയിട്ട്, ഞാൻ മുറിയിലേയ്ക്ക് പോകുമ്പോൾ, അവരെൻ്റെ നേർക്ക് , ശാപവാക്കുകൾ എറിയുകയായിരുന്നു,
അവരൊരിക്കലും പിരിയാതിരിക്കാനാണ്, ഞാൻ വിവാഹത്തിന് സമ്മതിക്കാത്തതെന്ന് അവർക്കറിയില്ലല്ലോ ?
ഒരു നുണക്കഥ