ഈശ്വരാ ,, ഈ നന്ദിയില്ലാത്ത രണ്ടെണ്ണത്തിനെയാണല്ലോ ഞാൻ പത്ത് മാസം വീതം ചുമന്നിട്ട് നൊന്ത് പ്രസവിച്ചതും പിന്നെയും പത്തിരുപത് വർഷത്തോളം വെച്ച് വിളമ്പി…..

Story written by Saji Thaiparambu

എൻ്റെ ഭർത്താവും ഞാനും തമ്മിൽ ജീവിച്ചിരിക്കുമ്പോൾ ഒരു ധാരണയുണ്ടായിരുന്നു

ആദ്യം ആര് മരിച്ചാലും മറ്റൊരു വിവാഹം കഴിക്കരുതെന്നും മരണം വരെ ഒറ്റയ്ക്ക് ജീവിക്കണമെന്നും

യാദൃച്ഛികവശാൽ ഞാനാണ് ആദ്യം മരിച്ചത് ,പരലോകത്തെത്തിയ ഞാൻ കുറച്ച് ദിവസങ്ങൾക്ക് ശേഷമാണ് ഒന്ന് ഫ്രീ ആയത്

അന്ന് ഒരു സ്പെഷ്യൽ ഡേ ആയിരുന്നു ,ആത്മാക്കൾക്ക് ഭൂമിയിലേക്ക് പോകാനും പ്രിയപ്പെട്ടവരെ കാണാനുമുള്ള അനുവാദം കിട്ടിയ ദിവസം

എൻ്റെ വേർപാടിൽ ,കരഞ്ഞ് തളർന്ന് കിടക്കുന്ന മക്കളെയും ,കരയാൻ പോലുമാവാതെ ഇനിയെന്ത് എന്ന ചോദ്യഭാവത്തിൽ ദൂരേയ്ക്ക് കണ്ണ് നട്ടിരിക്കുന്ന ഭർത്താവിനെയും പ്രതീക്ഷിച്ചാണ് ഞാനെൻ്റെ വീട്ടിലേയ്ക്ക് ചെന്ന് കയറിയത്

പക്ഷേ ,മുഖത്തെ ഗ്ളൈസിങ്ങ് കൂട്ടാൻ യൂ ട്യൂബ് വീഡിയോ നോക്കി ഫേഷ്യല് ചെയ്യുന്ന മകളെയും മൊബൈലിൽ വീഡിയോ ഗെയിം കളിക്കുന്ന മകനെയുമാണ് എനിക്ക് കാണാൻ കഴിഞ്ഞത്

ഈശ്വരാ ,, ഈ നന്ദിയില്ലാത്ത രണ്ടെണ്ണത്തിനെയാണല്ലോ ഞാൻ പത്ത് മാസം വീതം ചുമന്നിട്ട് നൊന്ത് പ്രസവിച്ചതും പിന്നെയും പത്തിരുപത് വർഷത്തോളം വെച്ച് വിളമ്പി കൊടുത്ത് വളർത്തിയതും

നിരാശയോടെ ഞാനകത്തേയ്ക്ക് നടന്നു ,ഞങ്ങളുടെ കിടപ്പ് മുറിയിൽ എൻ്റെ ഭർത്താവിനെ തിരഞ്ഞെങ്കിലും അദ്ദേഹത്തെ അവിടെയെങ്ങും കണ്ടില്ല

എവിടെ പോയതായിരിക്കും? എങ്ങനെ അറിയും ?

ഞാനാകെ വിഷണ്ണയായി നില്ക്കുമ്പോൾ പുറത്താരോ വന്ന് കോളിങ് ബെല്ലടിച്ചു.

ഡീ,, ആരാന്ന് നോക്കിയേ?

മൊബൈലിൽ നിന്ന് കണ്ണ് പറിക്കാതെ മോൻ, പെങ്ങളോട് വിളിച്ച് പറയുന്നു

നിനക്കെന്താ പോയി നോക്കിയാല്? ഞാനൊരു ജോലി ചെയ്യുന്ന കണ്ടില്ലേ?

രണ്ട് പേരും പഴയത് പോലെ പരസ്പരം പഴിചാരി സ്വന്തം കാര്യം നോക്കി അനങ്ങാതിരിക്കുന്നു.

വീണ്ടും കോളിങ്ങ് ബെല്ല് മുഴങ്ങിയെങ്കിലും എൻ്റെ മക്കൾക്ക് യാതൊരു കൂസലുമില്ലായിരുന്നു

എനിക്ക് കതക് തുറക്കാൻ കഴിയില്ലെങ്കിലും പുറത്ത് കടക്കാൻ എളുപ്പമായിരുന്നു

തുരുതുരെ ബല്ലടിച്ചിട്ടും കതക് തുറക്കാതിരുന്നപ്പോൾ നിരാശയോടെ തിരികെ നടന്ന് പോകുന്നത് അമ്പല കമ്മിറ്റിക്കാരായിരുന്നു എന്ന് പുറത്ത് ചെന്നപ്പോൾ ഞാൻ കണ്ടു

അദ്ദേഹം പുറത്തെവിടെയെങ്കിലും എന്തേലും ആവശ്യത്തിന് പോയതാവും, എന്തായാലും വരുന്നത് വരെ ഇവിടെ കാത്തിരിക്കാം,, പരലോകത്തേക്ക് നേരത്തെ ചെന്നിട്ട് പ്രത്യേകിച്ച് കാര്യമൊന്നുമില്ലല്ലോ?

ഞാൻ വരാന്തയിലെ അരമതിലിൽ കയറിയിരുന്നു

അല്പം കഴിഞ്ഞപ്പോൾ അദ്ദേഹം ഗേറ്റ് കടന്ന് വരുന്നത് കണ്ട് ഞാൻ ചാടിയെഴുന്നേറ്റു

പാവം ,നന്നായി ക്ഷീണിച്ചിട്ടുണ്ട് ,മുഖത്ത് പഴയ പ്രസന്നതയൊന്നുമില്ല ,കണ്ണുകളിൽ ശോകഭാവം ,താടിയിൽ നരച്ച കുറ്റി രോമങ്ങൾ വളർന്ന് നില്ക്കുന്നു

കൈയ്യിലൊരു കിറ്റുണ്ട് പച്ചക്കറിയാണ് ,അതുമായി അദ്ദേഹം മുൻവാതിലിൽ വന്ന് മുട്ടി

ആരും തുറന്നില്ല,

എടാ അഭിലാഷേ ,, എടീ അനിതേ ,,

മക്കളെ രണ്ട് പേരെയും അരിശത്തോടെ വിളിച്ചിട്ട് അക്ഷമയോടെ അദ്ദേഹം കാത്ത് നിന്നു

അപ്പോഴേക്കും രണ്ട് പേരും കൂടി ഓടി വന്ന് കതക് തുറന്ന് കൊടുത്തു

ആങ്ഹാ,, നിങ്ങള് ഞാൻ പറഞ്ഞിട്ട് പോയ ജോലിയൊന്നും ചെയ്തില്ലല്ലേ? അനിതേ നിന്നോട് ഞാൻ വീട് മുഴുവൻ അടിച്ച് വാരിയിടണമെന്ന് പറഞ്ഞതല്ലേ ? അഭീ,, തിന്ന് കഴിഞ്ഞ് പാത്രം കൊണ്ട് പോയി കഴുകി വയ്ക്കണമെന്ന് എത്ര പ്രാവശ്യം പറഞ്ഞിട്ടുള്ളതാണ് ?

അദ്ദേഹം മക്കളോട് കലഹിച്ചു

ഇതൊക്കെ ഞാനെത്ര പ്രാവശ്യം പറഞ്ഞിട്ടുള്ളതാണ് ,അന്നും അവരത് കേട്ട ഭാവം പോലും നടിക്കാറില്ല,

കൊണ്ട് വന്ന പ്ളാസ്റ്റിക് കിറ്റുമായി അടുക്കളയിലേയ്ക്ക് പോയ അദ്ദേഹം ,പച്ചക്കറി കുടഞ്ഞിട്ട് പാചകത്തിനുള്ള തയ്യാറെടുപ്പ് നടത്തുന്നു,അത് കണ്ട് എനിക്ക് അതിശയം തോന്നി

മുൻപ് ഒരു കൈ സഹായത്തിന് പോലും അടുക്കള ഭാഗത്തേയ്ക്ക് ഒന്ന് എത്തി നോക്കാത്ത ആളാണ് ഇപ്പോൾ അടുക്കള ഭരണം ഏറ്റെടുത്തത് , ഓരോരോ ഗതികേടേ,,?

ആ കാഴ്ച സങ്കടമുണ്ടാക്കിയെങ്കിലും എനിയ്ക്ക് ചിരിയും വരുന്നുണ്ടായിരുന്നു

മണിക്കൂറുകളെടുത്ത് ചോറും കറിയും വയ്ക്കാൻ ,അതിനിടെ പല പ്രാവശ്യം മക്കള് ,വിശന്നിട്ട് അടുക്കളയിൽ വന്ന് എത്തി നോക്കുന്നുണ്ടായിരുന്നു.

അച്ഛാ,, അച്ഛനിങ്ങനെ വീട് നോക്കിയിരുന്നാൽ മതിയോ? ജോലിക്കൊന്നും പോകണ്ടേ? ഇനിയും ഓഫീസിൽ പോകാതിരുന്നാൽ അച്ഛനെ ജോലിയിൽ നിന്നും പിരിച്ച് വിടും കെട്ടാ ,,

വെട്ടി വിഴുങ്ങുന്നതിനിടയിലായിരുന്നു അഭിയുടെ ചോദ്യം,

ഞാൻ ജോലിക്ക് പോയാൽ,നിനക്കൊക്കെ വച്ച് വിളമ്പി തരാനും തുണി അലക്കാനും ഇസ്തിരിയിടാനുമൊക്കെ ആള് വേണ്ടേ ?അതൊക്കെ പിന്നെ ആര് ചെയ്യും ?

അതിന് അച്ഛനൊരു പെണ്ണ് കെട്ടിയാൽ പോരെ? സിംപിൾ ,,

എത്ര ലാഘവത്തോടെയാണ് എൻ്റെ മോൻ പറഞ്ഞത് ? എനിക്ക്
ചോറുകലത്തിൽ കിടന്ന ചിരട്ടത്തവി എടുക്കാൻ കഴിഞ്ഞിരുന്നെങ്കിൽ അവൻ്റെ തലമണ്ട നോക്കി ഒന്ന് കൊടുക്കാമായിരുന്നു ,അത്രയ്ക്ക് ദേഷ്യം വരുന്നുണ്ടായിരുന്നു

ഉം നോക്കണം ,,അല്ലാതെ വീട്ടുകാര്യങ്ങളും എൻ്റെ ജോലിയും കൂടെ ഒരുമിച്ച് മുന്നോട്ട് പോകില്ല നാളെ തന്നെ, അതിനുള്ള വഴി കാണണം,,

എൻ്റെ ഭർത്താവിൻ്റെ വായിൽ നിന്ന് വീണത് കേട്ട് ഞാൻ സ്തംഭിച്ച് പോയി ,ഞാനുമായുണ്ടാക്കിയ ധാരണയൊക്കെ ഇയാള് മറന്നോ?ഭാര്യ മരിച്ച് ഒരു മാസം പോലും തികഞ്ഞില്ല ,അതിന് മുമ്പ് അയാൾക്ക് അടുത്ത പെണ്ണ് കെട്ടണം പോലും

അത് വരെ എനിയ്ക്ക് അങ്ങേരോടുണ്ടായിരുന്ന സ്നേഹവും ബഹുമാനവുമൊക്കെ പോയിട്ട് കടുത്ത വെറുപ്പ് തോന്നി.

എന്തായാലും ഇയാള് ആരെയാണ് കെട്ടാൻ പോകുന്നതെന്ന് ഒന്നറിഞ്ഞിട്ട് തിരിച്ച് പോകാം കഴിയുമെങ്കിൽ കളളക്കിഴവൻ്റെ ആദ്യരാത്രി ഒന്ന് കുളമാക്കുകയെങ്കിലും ചെയ്യണം

എൻ്റെയുള്ളിൽ പ്രതികാരം നിറഞ്ഞു

പിറ്റേന്ന് ,രാവിലത്തെ കാപ്പി കുടി കഴിഞ്ഞ് പുറത്ത് പോയ എൻ്റെ ഭർത്താവ് മടങ്ങി വന്നത് ,അങ്ങേരുടെ നേരെ മൂത്ത സഹോദരിയെയും കൊണ്ടായിരുന്നു

വിലാസിനി അപ്പച്ചി ,,,

കുട്ടികൾ രണ്ട് പേരും ഭീതിയോടെ എഴുന്നേറ്റ് നിന്ന് അവരെ സ്വീകരിച്ചു

ഈ ലോകത്ത് എൻ്റെ മക്കൾക്ക് ആകെ പേടിയും ബഹുമാനവുമുള്ള ഒരേ ഒരാളാണ് എൻ്റെ മൂത്ത നാത്തൂൻ

മുമ്പ് ഇടയ്ക്കൊക്കെ ഞങ്ങളോടൊപ്പം വന്ന് നില്ക്കുമ്പോൾ എൻ്റെ മക്കൾക്ക് നല്ല അനുസരണ ശീലമായിരുന്നു വൈകുന്നേരം സ്കൂള് വിട്ട് വന്നാൽ ദേഹം കഴുകിയിട്ടേ രണ്ടാളും സ്നാക്സും ചായയും കഴിക്കു , സന്ധ്യ ആയാൽ നിലവിളക്കിന് മുന്നിലിരുന്ന് നാമം ജപിക്കും ,അതിന് ശേഷം സ്കൂളിലെ ഹോംവർക്കും മറ്റും ചെയ്യും ,അത്താഴം കഴിഞ്ഞ് അനിത എന്നോടൊപ്പം അടുക്കളയിൽ വന്ന് എച്ചില് പാത്രങ്ങൾ കഴുകാൻ സഹായിക്കുമ്പോൾ അഭി,പിറ്റേന്ന് ധരിക്കാനുള്ള രണ്ട് പേരുടെയും സ്കൂൾ യൂണിഫോം ഇസ്തിരിയിട്ട് വയ്ക്കും ,ആ ദിവസങ്ങളിൽ എനിയ്ക്കും അദ്ദേഹത്തിനും വല്ലാത്ത ആശ്വാസമായിരുന്നു

ഭർത്താവ് മരിച്ച് പോയ നാത്തൂൻ ഏകമകളോടൊപ്പമായിരുന്നു താമസം

ങ്ഹാ അഭീ,, അനിതേ ,, ഇനി മുതൽ വിലാസിനി അപ്പച്ചി നമ്മുടെ കൂടെ എന്നുമുണ്ടാവും ,വീട്ടുകാര്യങ്ങളൊക്കെ ഇനി അപ്പച്ചി നോക്കിക്കൊള്ളും പിന്നെ അപ്പച്ചിക്ക് പഴയത് പോലെ ആരോഗ്യമൊന്നുമില്ലെന്നറിയാമല്ലോ അത് കൊണ്ട് ,ഇനി മുതൽ നിങ്ങളുടെ വസ്ത്രങ്ങൾ കഴുകുന്നതും നിങ്ങൾ കഴിച്ച പാത്രം കഴുകേണ്ടതും നിങ്ങൾ തന്നെ ആയിരിക്കണം,

അത് കേട്ട് ,പഞ്ച പുശ്ചമടക്കി നില്ക്കുന്ന എൻ്റെ അനുസരണയില്ലാത്ത മക്കളെ കണ്ടപ്പോൾ എനിയ്ക്ക് സന്തോഷമായി,

ങ്ഹാ അത് മാത്രമല്ല ,വീടും പരിസരവും അടിച്ച് വാരണ്ടതും കടയിൽ പോയി സാധനങ്ങൾ വാങ്ങിച്ച് തരേണ്ടതും നിങ്ങള് തന്നെ ആയിരിക്കും ,കൂടാതെ ഞാൻ പറയുന്ന ജോലികളും ചെയ്യേണ്ടി വരും ,രണ്ട് പേർക്കും ബുദ്ധിമുട്ടൊന്നുമില്ലല്ലോ?

വിലാസിനിയുടെ ഗൗരവത്തോടെയുള്ള ചോദ്യത്തിന് ഇല്ലന്നവർ തലയാട്ടി.

എന്ത് പാവങ്ങളാണ് എൻ്റെ മക്കൾ
അപ്പച്ചിയുടെ മുന്നിൽ മര്യാദക്കാരായി നില്ക്കുന്ന അവരെക്കണ്ട് എനിയ്ക്ക് ചിരി പൊട്ടി

നാളെ മുതൽ ഞാൻ ജോലിക്ക് പോയി തുടങ്ങും ,പിന്നെ നിങ്ങള് പറഞ്ഞല്ലോ ?വിട്ടു കാര്യങ്ങൾ നോക്കാൻ അച്ഛൻ മറ്റൊരു പെണ്ണ് കെട്ടാൻ, അങ്ങനെ പറയാൻ നിങ്ങൾക്ക് എളുപ്പം കഴിയും, കാരണം, നിങ്ങൾക്ക് വിശക്കുമ്പോൾ സമയാസമയങ്ങളിൽ വച്ച് വിളമ്പാൻ ആരെങ്കിലും മതി , പക്ഷേ, അച്ഛന് അങ്ങനല്ല മോനേ ,, നിങ്ങടെ അമ്മയ്ക്ക് പകരം വയ്ക്കാൻ മറ്റൊരു പെണ്ണിനെയും ഈ ലോകത്ത് അച്ഛന് കണ്ടെത്താനാവില്ല

വികാരാർദ്രനായി അദ്ദേഹം പറഞ്ഞത് കേട്ട് അവിശ്വസനീയതയോടെ ഞാൻ നിന്നു.

എൻ്റീശ്വരാ,, അദ്ദേഹത്തിന് ഇത്രയും സ്നേഹമുണ്ടായിരുന്നോ എന്നോട് ?അതനുഭവിക്കാൻ കുറച്ച് ആയുസ്സ് കൂടി നീ എനിയ്ക്ക് തന്നില്ലല്ലോ?

നെഞ്ചിൽ നിറഞ്ഞ ഭാരത്തോടെയും കടുത്ത നിരാശയോടെയുമാണ് ഞാൻ പരലോകത്തേയ്ക്ക് മടങ്ങിയത് .

Leave a Reply

Your email address will not be published. Required fields are marked *