ഇല്ല ആരെന്തൊക്കെ പറഞ്ഞാലും അവൾ എന്റെതാണെന്ന് എനിക്കറിയാം. അവൾക്ക് മറ്റാരും അവകാശികളായി ഉണ്ടാവില്ല….

രചന: അപ്പു

————————-

” നിനക്ക് ഭ്രാന്താണോ എന്ന് ഞാൻ ചോദിക്കുന്നില്ല അത് അങ്ങനെയാണ് എന്ന് പലപ്പോഴും എനിക്ക് മനസ്സിലായിട്ടുണ്ട്. എന്നാലും ഇത്രയും കൂടിയ ഒരു ഭ്രാന്ത് നിന്റെ ഉള്ളിൽ ഉണ്ടെന്ന് ഞാൻ അറിയാതെ പോയി.. “

എന്നെ പുച്ഛിച്ചുകൊണ്ട് കൂട്ടുകാരൻ പറയുന്നത് കേട്ടപ്പോൾ അവനെ അതിലേറെ പുച്ഛിക്കാനാണ് എനിക്ക് തോന്നിയത്..

“എടാ ശരിക്കും നിന്റെ പ്രശ്നം എന്താ..? എവിടെയോ ടൂർ പോയപ്പോൾ അവിടെ എവിടെയോ വച്ച് ഒരു പെണ്ണിനെ കണ്ടൊന്നും പറഞ്ഞു അവളെയും അന്വേഷിച്ച് ഈ പോയ നാട് മുഴുവൻ കറങ്ങി നടക്കാൻ നിനക്ക് എന്തിന്റെ കേടാണ്..? നീ അന്വേഷിച്ചു ചെല്ലുമ്പോൾ അവൾ അവിടെ ഉണ്ടാകും എന്ന് എന്തെങ്കിലും ഒരു ഉറപ്പുണ്ടോ..? “

അവൻ വീണ്ടും ദേഷ്യപ്പെടുമ്പോഴും ചിരി മാത്രമായിരുന്നു തന്റെ മറുപടി.

അതുകൂടി കണ്ടപ്പോൾ അവന് കലിപ്പ് കയറി എന്ന് തന്നെ പറയാം..

” എന്നാലും ഏതവളാടാ പെങ്കൊച്ച്..? നിന്റെ കൂടെ തന്നെയല്ലേ ഞാനും വന്നത്…? എന്നിട്ട് ഞാൻ കണ്ടില്ലല്ലോ അങ്ങനെ ഒരു പെണ്ണിനെയും..? “

അവൻ ഇരുന്ന് ആലോചിക്കുന്നത് കണ്ടപ്പോൾ ദേഷ്യം തോന്നി.

” നിന്റെ കാട്ടുകോഴി സ്വഭാവവും കൊണ്ട് അവളുടെ അടുത്തേക്ക് ചെല്ലരുത്. അത് എന്റെ പെണ്ണാണ്.. അവളെ ഞാൻ കണ്ടാൽ മതി.. ഞാൻ മാത്രം ഇഷ്ടപെട്ടാൽ മതി.. “

ദേഷ്യത്തോടെ ഞാൻ പറയുന്നത് കണ്ടപ്പോൾ അവൻ പൊട്ടി ചിരിച്ചു.

” നിന്റെ പെണ്ണാണ് എന്ന് നീ വലിയ വായിൽ പറയുന്ന ആ പെണ്ണിനെ ഇനി എവിടെയെങ്കിലും വച്ച് നീ കാണും എന്നെങ്കിലും ഉറപ്പുണ്ടോ..? അതുപോട്ടെ അവളുടെ കല്യാണം കഴിഞ്ഞിട്ടുണ്ടെങ്കിലോ..? അവൾക്ക് മറ്റൊരു അഫയർ ഉണ്ടെങ്കിൽ.. “

അവന്റെ ചോദ്യങ്ങൾക്ക് വ്യക്തമായി ഒരു മറുപടി പറയാൻ എന്റെ പക്കൽ ഒന്നും ഉണ്ടായിരുന്നില്ല.

” മറുപടിയില്ല അല്ലേ..? അതുതന്നെയല്ലേ ഞാൻ നിന്നോട് നേരത്തെ പറഞ്ഞത്..? അവൾ നിന്റേതാണ് എന്ന് മനസ്സിൽ ഉറപ്പിച്ചു വച്ചിരിക്കുന്ന ആ തോന്നൽ വേണം ആദ്യം എടുത്തു മാറ്റാൻ. അങ്ങനെയാണെങ്കിൽ നാളെ അവളെ കണ്ടെത്തുമ്പോൾ അവൾക്ക് മറ്റൊരു പ്രണയം ഉണ്ടെന്നറിഞ്ഞാലും നിനക്ക് വേദന തോന്നില്ല.. “

അവൻ പറഞ്ഞത് അംഗീകരിച്ചു കൊടുക്കാൻ മനസ്സിന് ഒരു മടി..

” ഇല്ല ആരെന്തൊക്കെ പറഞ്ഞാലും അവൾ എന്റെതാണെന്ന് എനിക്കറിയാം. അവൾക്ക് മറ്റാരും അവകാശികളായി ഉണ്ടാവില്ല.. എനിക്കുറപ്പാണ്.. “

എന്റെ മുഖത്തു നിന്ന് വായിച്ചെടുത്ത ഉറപ്പു കൊണ്ടായിരിക്കണം അവൻ കൂടുതൽ ഒന്നും പറയാത്തത്.

” എന്തായാലും അവളെ തേടി നീ ഒറ്റയ്ക്ക് പോകണ്ട.. ഞാനുമുണ്ട്.. “

അവൻ പറഞ്ഞപ്പോൾ മനസ്സു നിറഞ്ഞ ഞാൻ പുഞ്ചിരിച്ചു.

അല്ലെങ്കിലും അവൻ പണ്ടു മുതലേ അങ്ങനെയാണ്. എത്രയൊക്കെ ബഹളങ്ങൾ ഉണ്ടാക്കിയാലും അവസാനം എന്നോടൊപ്പം നിൽക്കാൻ അവൻ മാത്രമേ ഉണ്ടാകൂ..!

അവനോടൊപ്പം അവളെയും തേടി യാത്ര തിരിക്കുമ്പോൾ അവളെ ആദ്യമായി കണ്ടതായിരുന്നു മനസ്സിൽ..!

കോളേജ് കഴിഞ്ഞ് എക്സാം ഒക്കെ കഴിഞ്ഞപ്പോൾ കൂടെ പഠിച്ച എല്ലാവരും കൂടി ഒരു ട്രിപ്പ് പോകാം എന്ന് തീരുമാനിച്ചു. ജോലിയും മറ്റു കാര്യങ്ങളും ഒക്കെയായി തിരക്കായി കഴിഞ്ഞാൽ എല്ലാവരെയും പിന്നെ ഒരുപോലെ കിട്ടില്ലല്ലോ..

കൂടെ പഠിച്ച ചുരുക്കം ചില ആൺകുട്ടികൾ മാത്രം ചേർന്നുള്ള ഒരു യാത്ര..!

വയനാട്ടിലേക്കും അതുവഴി കൂർഗ് ബാംഗ്ലൂർ ഒക്കെ കറങ്ങിയാണ് തിരികെ വരുന്നത്. അങ്ങനെയായിരുന്നു പ്ലാനിങ്..

വയനാട്ടിൽ എത്തിയപ്പോഴാണ് അവിടെ ഞങ്ങളെ കൂടാതെ ഏതോ ഒരു സ്കൂളിൽ നിന്ന് ടൂർ വന്ന കുട്ടികൾ കൂടിയുണ്ട് എന്ന് അറിയുന്നത്.. അതിനിടയിൽ ഞാൻ കണ്ട എന്നെ ആകർഷിച്ച ഒരു മുഖം..!അതായിരുന്നു അവൾ..

പേരോ നാടോ ഒന്നുമറിയില്ല. അന്ന് അവളുടെ കണ്ണിൽ എന്നോടുള്ള ഇഷ്ടം കണ്ടു എന്ന് മാത്രമാണ് എനിക്ക് അറിയുന്നത്.

അന്ന് അവിടെ നിന്നും മടങ്ങിവരുന്നത് വരെയും അവളുടെ കണ്ണുകൾ എന്നെ ചുറ്റിപ്പറ്റി ആയിരുന്നു എന്നൊരു തോന്നൽ. ഞാൻ അവളെ നോക്കിയതു കൊണ്ടാണ് അവൾ എന്നെ നോക്കിയത് കണ്ടത് എന്ന് വ്യക്തം.

അവളെ ഒന്ന് പരിചയപ്പെടണമെന്നും ഇവിടെയുള്ളതാണ് എന്ന് അന്വേഷിക്കണം എന്നൊക്കെ ഉണ്ടായിരുന്നു എങ്കിലും, കൂടെയുള്ള സുഹൃത്തുക്കളുടെ റിയാക്ഷൻ എങ്ങനെയായിരിക്കും എന്ന് ഓർത്തപ്പോൾ അത് വേണ്ടെന്നു വച്ചു.

അവിടെ നിന്ന് ഞങ്ങൾ രണ്ടാളും രണ്ടു വഴിക്ക് പിരിഞ്ഞുവെങ്കിലും അവളുടെ കണ്ണുകൾ എന്റെ ഉറക്കം കെടുത്താൻ തുടങ്ങി. എങ്ങോട്ട് തിരിഞ്ഞാലും അവളെ മാത്രമേ കാണുന്നുള്ളൂ എന്നൊരു അവസ്ഥ.

അവളെ തേടി ഇൻസ്റ്റഗ്രാമും ഫേസ്ബുക്കും ഒക്കെ തപ്പിയെങ്കിലും അവളെ കണ്ടുപിടിക്കാൻ കഴിഞ്ഞില്ല. അല്ലെങ്കിൽ തന്നെ കണ്ണു മാത്രം ഓർമ്മയുള്ള ഒരു പെൺകുട്ടിയെ എങ്ങനെ കണ്ടുപിടിക്കാനാണ്.. പേരു പോലും അറിയില്ല..!

എന്റെ മനസ്സിലുള്ള ആഗ്രഹം ഞാൻ ആദ്യമായി തുറന്നു പറഞ്ഞത് എന്റെ ഏറ്റവും അടുത്ത സുഹൃത്തായ നിഷാദിനോട് ആയിരുന്നു. അവൻ അന്ന് എന്നെ ഒരുപാട് ചീത്ത പറഞ്ഞു.

ആരാണെന്ന് പോലും അറിയാത്ത ഒരു പെൺകുട്ടിക്ക് വേണ്ടി എന്തിന് ഇങ്ങനെ സമയം കളയുന്നു എന്ന് അവൻ ചോദിച്ചു. അതിനൊരു മറുപടി കൊടുക്കാൻ എന്റെ പക്കൽ ഉണ്ടായിരുന്നില്ല.

പക്ഷേ ഒന്നറിയാം.. അവൾ എന്റെ പ്രാണനാണെന്ന്..!!

വലിയ കാര്യമായി യാതൊരു തിരിച്ചുവെങ്കിലും എവിടെയാണ് അവളുടെ സ്ഥലം എന്ന് അറിയില്ല. ആകെ അറിയുന്നത് ഞങ്ങൾ രണ്ടാളും തമ്മിൽ കണ്ടുമുട്ടിയ ആ സ്ഥലമാണ്. അവിടേക്ക് തന്നെയാണ് അവനെയും കൊണ്ട് പോയത്.

അവളെ അവിടെ എവിടെയെങ്കിലും വച്ച് കാണാൻ കഴിയും എന്നൊരു പ്രതീക്ഷ..!

” എടാ നിന്റെ ഭ്രാന്തിന് ഞാൻ കൂട്ടു നിന്നു എന്നുള്ളത് ശരിയാണ്. എന്ന് കരുതി ആ പെൺകൊച്ചിനെ കണ്ടിട്ടില്ല എന്നുണ്ടെങ്കിൽ ഇന്നു തന്നെ ഇവിടെ നിന്നും മടങ്ങി പോകണം. നീ ദേവദാസ് കളിക്കാതെ മറ്റൊരു ജീവിതത്തിന് തയ്യാറാവുകയും വേണം.. “

ഒരു ഉപദേശം പോലെ അവൻ പറഞ്ഞ വാചകത്തിന്, ഒത്തിരി സങ്കടത്തോടെ ആണെങ്കിലും തലയാട്ടി സമ്മതം അറിയിച്ചു.

അപ്പോഴും എന്റെ ഉള്ളിലെ പ്രാർത്ഥന അവളെ എവിടെയെങ്കിലും കണ്ടെത്താൻ സാധിക്കണേ എന്ന് മാത്രമായിരുന്നു..! എത്രയൊക്കെ തിരഞ്ഞിട്ടും അവളെ കണ്ടെത്താൻ ആവാതെ ഒരു പാറപ്പുറത്ത് വെറുതെ ഞാൻ ഇരുന്നു..

അവളെ കണ്ടെത്താനാവും എന്നൊരു പ്രതീക്ഷ എന്നിൽ നിന്ന് അകന്നു പോയതു പോലെ..! അപ്പോഴാണ് ആരോ സംസാരിക്കുന്ന ഒരു ശബ്ദം ഞാൻ കേട്ടത്.. എന്നെപ്പോലെ തന്നെ നിഷാദും അത് കേട്ടിട്ടുണ്ട് എന്ന് അവന്റെ മുഖത്ത് നിന്ന് എനിക്ക് വ്യക്തമായി.

” എടീ.. ഇന്നും ആളിനെ കണ്ടില്ല.. “

സങ്കടത്തോടെ ഒരു പെൺകുട്ടി പറയുന്നുണ്ട്.

” നിനക്ക് ഭ്രാന്താണ് എന്ന് കരുതി ഈ കാണുന്ന ആളുകൾക്ക് എല്ലാവർക്കും അങ്ങനെയാവണമെന്നില്ലല്ലോ.. എപ്പോഴോ ഒരിക്കൽ ഒരാളിനെ തേടി ആഴ്ചയോട് ആഴ്ച ഇവിടെ വരുന്നത് നിനക്ക് ഭ്രാന്ത് അല്ലാതെ പിന്നെ എന്തുകൊണ്ടാണ്..? “

കൂടെയുള്ള പെൺകുട്ടി അവളെ ശകാരിക്കുന്നുണ്ട് .

” ഇത് അങ്ങനെ ഒരു ഭ്രാന്ത് ഒന്നുമല്ല. അയാൾ എന്റെ ജീവനാണ് എന്നൊരു തോന്നൽ.. അയാൾ എന്റേത് തന്നെയാണ് എന്ന് എനിക്ക് ഉറപ്പുണ്ട്.. അങ്ങനെയാണെങ്കിൽ അയാളെ ഞാൻ എവിടെയെങ്കിലും വച്ച് കണ്ടുമുട്ടും.. “

അവൾ ഉറപ്പോടെ പറയുന്നത് കേട്ടപ്പോൾ എന്റെ ഹൃദയം അതിവേഗം മിടിക്കാൻ തുടങ്ങി.. ഇനി ഒരുപക്ഷേ ഞാൻ തേടി നടക്കുന്നവൾ അവളാണെങ്കിലോ..?

പെട്ടെന്ന് തന്നെ ആ പെൺകുട്ടികൾ ഇരിക്കുന്ന സ്ഥലം ലക്ഷ്യമാക്കി ഞാൻ നടന്നു. എനിക്ക് പിന്നാലെ അവനും..

അവിടെ ചെന്ന് ആ പെൺകുട്ടികളെ കണ്ടപ്പോൾ ഒരു നിമിഷം ഷോക്കേറ്റത് പോലെ ആയിരുന്നു എന്റെ അവസ്ഥ. എന്നെ കണ്ട അവളുടെ അവസ്ഥയും വ്യത്യസ്തമായിരുന്നില്ല..!

മൗനമായി കടന്നു പോയ കുറെയേറെ നിമിഷത്തിനു ശേഷം അവൾ എന്നെ നോക്കി പുഞ്ചിരിച്ചു.

പിന്നെ തിരിഞ്ഞു കൂട്ടുകാരിയെ നോക്കി..

” നീയല്ലേ പറഞ്ഞത് ഞാൻ ഒരിക്കലും ഇയാളെ കണ്ടെത്താൻ പോകുന്നില്ല എന്ന്.. എന്നിട്ട് കണ്ടില്ലേ എന്റെ മുന്നിൽ പ്രത്യക്ഷപ്പെട്ടത്..? “

അവൾ കൂട്ടുകാരിയോട് ചോദിച്ചപ്പോൾ ആ പെൺകുട്ടി അത്ഭുതത്തോടെ എന്നെ നോക്കുന്നുണ്ടായിരുന്നു. എന്റെ കൂട്ടുകാരനും അത്ഭുതം തന്നെയായിരുന്നു.

എനിക്കും അവൾക്കും മാത്രമായി കുറച്ച് സമയം അനുവദിച്ചു തന്നുകൊണ്ട് അവർ രണ്ടാളും മാറി നിന്നപ്പോൾ ഞങ്ങൾക്ക് രണ്ടാൾക്കും പറയാനുണ്ടായിരുന്നത് കാത്തിരിപ്പിന്റെ കഥയായിരുന്നു.

” ഞാൻ നിന്നെ തേടി വരുമെന്ന് എന്തായിരുന്നു നിനക്ക് ഇത്ര ഉറപ്പ്..?”

അവസാനം ഞാൻ അവളോട് ചോദിച്ചു.

” ഏതോ ഒരു സിനിമയിലേ ഡയലോഗ് പോലെ എന്റെ പ്രണയത്തിൽ ആയിരുന്നു എന്റെ വിശ്വാസം…!!”

അത് കേട്ടപ്പോൾ മറുത്തൊന്നും പറയാതെ അവളെ ഞാൻ ചേർത്തു പിടിച്ചു. അപ്പോഴേക്കും ഉള്ളിൽ ഒരു കല്യാണ മേളം മുഴങ്ങുന്നുണ്ടായിരുന്നു…

Leave a Reply

Your email address will not be published. Required fields are marked *