ഇനിയും അധികനാൾ അവളെ കബളിപ്പിച്ച് മുന്നോട്ട് പോകാനാവില്ലെന്ന് മനസ്സിലായ ജയപാലും പ്രിയംവദയും ,വരദയറിയാതെ വിവാഹിതരാകാൻ തീരുമാനിച്ചു…….

_upscale

Story written by Saji Thaiparambu

മഹേഷിൻ്റെ ഭാര്യ ഒരു പെൺകുഞ്ഞിനെ പ്രസവിച്ച ദിവസമാണ് അയാളെ കാണാതാകുന്നത്

പ്രണയിച്ച് നാട് വിട്ട മഹേഷും പ്രിയംവദയും, ഒളിച്ച് താമസിച്ചത് അനാഥനും അവിവാഹിതനുമായ ജയപാലിൻ്റെ വീട്ടിലായിരുന്നു

തൻ്റെ വീട്ടിലെ വാടകക്കാരാണെങ്കിലും ജയപാൽ തന്നെ കൊണ്ട് കഴിയുന്ന സഹായങ്ങളൊക്കെ മഹേഷിനും ഭാര്യയ്ക്കും ചെയ്ത് കൊടുക്കുമായിരുന്നു

നാട്ടിൽ തന്നെയുള്ള ഒരു വയറ്റാട്ടിയാണ് പ്രിയംവദയുടെ പ്രസവ മെടുത്തത്

മഹേഷിൻ്റെ അഭാവത്തിൽ ജയപാലാണ് ,പ്രിയംവദയ്ക്ക് പ്രസവാനന്തരമുള്ള ശുശ്രൂഷകൾക്കായി ആ നാട്ടിലെ തന്നെ മറ്റൊരു സ്ത്രീയെ ഏർപ്പാടാക്കിയത്

ഇതിനിടയിൽ മഹേഷിനെ കുറിച്ചുള്ള അന്വേഷണങ്ങളും നടക്കുന്നുണ്ടായിരുന്നു

പക്ഷേ ആർക്കും അയാളെക്കുറിച്ച് യാതൊരു അറിവും ഇല്ലായിരുന്നു

ദിവസങ്ങൾ കടന്ന് പോയി ,താൻ പ്രസവിച്ച പെൺകുട്ടിക്ക് പേരിടാൻ പ്രിയംവദ ജയപാലിനോട് പറഞ്ഞു

“വരദ “

അതായിരുന്നു അയാൾ നിർദേശിച്ച പേര്

മാസങ്ങൾ കടന്ന് പോയി ,പ്രിയംവദയും കുഞ്ഞും വാടക വീട്ടിലും അതേ പറമ്പിലെ മറ്റൊരു വീട്ടിൽ ജയപാലും താമസം തുടർന്നു

പകല് മുഴുവൻ വരദമോൾ ജയപാലിനോടൊപ്പമായിരുന്നു അവൾ ,അവ്യക്തമായി സംസാരിച്ച് തുടങ്ങിയപ്പോൾ ,ജയപാലിനെ പപ്പയെന്ന് വിളിച്ചാണ് പ്രിയംവദ പഠിപ്പിച്ചത്

എങ്കിലും ഹൗസ് ഓണറും വാടകക്കാരിയും എന്ന അകലം അവർ പാലിച്ചിരുന്നു

വർഷങ്ങൾ കടന്ന് പോയെങ്കിലും മഹേഷിനെക്കുറിച്ചുള്ള വിവരങ്ങളൊന്നും കിട്ടിയിരുന്നില്ല കാത്തിരുന്ന് കാത്തിരുന്ന് ഒടുവിൽ പ്രിയംവദ മഹേഷിനെ സാവധാനം മറന്ന് തുടങ്ങി

വരദമോൾ വലുതാകുംതോറും അവളുടെ സംശയം പപ്പയും മമ്മയും എന്താ രണ്ട് വീട്ടിൽ താമസിക്കുന്നത് എന്നായിരുന്നു

ജാതക പ്രകാരം കുറച്ച് വർഷങ്ങൾ അകന്ന് താമസിക്കണമെന്നാണ് ജോത്സ്യൻ പറഞ്ഞിരിക്കുന്നതെന്നും ഒന്നിച്ച് താമസിച്ചാൽ ഒരാൾക്ക് മൃത്യു സംഭവിക്കുiമെന്നും അത് കൊണ്ടാണ് തങ്ങൾ രണ്ട് വീട്ടിൽ കഴിയുന്നതെന്നും പറഞ്ഞ് തത്കാലം വരദമോളെ, അവർ വിശ്വസിപ്പിച്ചു

മഹേഷിനെ കുറിച്ചോ അയാളുടെ തിരോധാനത്തെ കുറിച്ചോ ഇത് വരെ വരദ മോളോട് ആരും ഒന്നും പറഞ്ഞിട്ടില്ല

ജയപാലും ,പ്രിയംവദയുമാണ് തൻ്റെ അച്ഛനും അമ്മയുമെന്നായിരുന്നു അവളുടെ വിശ്വാസം

അങ്ങനെയിരിക്കെ വരദമോൾ വയസ്സറിയിച്ചു,

ഇനിയും അധികനാൾ അവളെ കബളിപ്പിച്ച് മുന്നോട്ട് പോകാനാവില്ലെന്ന് മനസ്സിലായ ജയപാലും പ്രിയംവദയും ,വരദയറിയാതെ വിവാഹിതരാകാൻ തീരുമാനിച്ചു.

അന്ന് രാത്രിയിൽ, മരിച്ചെന്ന് കരുതി, മറവിയിൽ കുഴിച്ച് മൂടിയ മഹേഷ് ,ജീവനോടെ പ്രിയംവദയുടെ വീടിൻ്റെ മുൻവാതിലിൽ മുട്ടി

മഹേഷ് തിരിച്ചെത്തിയതറിഞ്ഞ ജയപാലും അങ്ങോട്ടേയ്ക്ക് വന്നു.

എവിടായിരുന്നടോ താനിത് വരെ ?

ആകാംക്ഷയോടെ ജയപാൽ ചോദിച്ചു.

ഞാനന്ന് ഒറ്റയ്ക്ക് തോണിയിൽ കയറി പുറം കടലിൽ പോയതാണ്, പെട്ടെന്ന് വന്ന കാറ്റും മഴയും കണ്ട് പേടിച്ച് ,ഞാൻ കരയിലേയ്ക്ക് തോണി ഓടിച്ചതാണ്, പക്ഷേ ലക്ഷ്യം തെറ്റി ശ്രീലങ്കൻ അതിർത്തി കടന്നു, അവരുടെ കോസ്റ്റ് ഗാർഡ് എന്നെ പിടിച്ച് ജയിലിലിട്ടു , ഇപ്പോഴാണ് ശിക്ഷ തീർന്ന് പുറത്ത് വന്നത് ,

മഹേഷിൻ്റെ വിവരണം വിശ്വസിക്കാനാവാതെ ജയപാൽ പ്രിയംവദയെ നോക്കി ,പക്ഷേ അവൾ മുഖം കുനിച്ച് കളഞ്ഞു

ഞാനെൻ്റെ ഭാര്യയെയും മകളെയും നാട്ടിലേയ്ക്ക് കൂട്ടികൊണ്ട് പോകാൻ വന്നതാണ് അവിടുത്തെ പ്രശ്നങ്ങളൊക്കെ ഇപ്പോൾ ഒതുങ്ങിയിട്ടുണ്ട്, എൻ്റെ തറവാടിപ്പോൾ വെറുതെ കിടക്കുവാണ്, ഇനി മുതൽ അവിടെ ചെന്ന് താമസിക്കാൻ അമ്മ പറഞ്ഞു

പ്രിയംവദ എന്താ ഒന്നും പറയാത്തത്? മഹേഷിനോടൊപ്പം നീ പോകുന്നുണ്ടോ?

നെഞ്ചിലൊരു ഭാരത്തോടെ ജയപാൽ ചോദിച്ചു

ഞാൻ പോകുവാ ജയേട്ടാ,, ഒന്നുമില്ലേലും എൻ്റെ മോളുടെ അച്ഛനല്ലേ ?എനിക്ക് പോകാതിരിക്കാൻ കഴിയില്ലല്ലോ?

അത് കേട്ട് ഒന്നും മനസ്സിലാവാതെ വരദമോൾ ജയപാലിൻ്റെ ദേഹത്തേക്ക് കൂടുതൽ അള്ളിപ്പിടിച്ച് നിന്നു.

മോളേ വരദേ,, ഈ നില്ക്കുന്നതാണ് നിൻ്റെ അച്ഛൻ, അദ്ദേഹം പറഞ്ഞതെല്ലാം നീ കേട്ടല്ലോ ? വേഗം റെഡിയാവ് , നമുക്ക് അച്ഛൻ്റെ തറവാട്ടിലേയ്ക്ക് പോകാം,,

പ്രിയംവദ ,വരദയുടെ കൈയ്യിൽ പിടിച്ച് കൊണ്ട് പറഞ്ഞു

ഇല്ലാ ,, ഞാൻ വരില്ല ,, അയാളല്ല ഈ നില്ക്കുന്ന ജയപാലാണ് എൻ്റെ അച്ഛൻ ,, എനിക്കാദ്യമായി അമ്മ ചൂണ്ടിക്കാണിച്ചു തന്നത് ഇതാണ് നിൻ്റെ

അച്ഛനെന്നാണ് ,അന്ന് മുതൽ എൻ്റെ ഹൃദയത്തിൽ പതിഞ്ഞ് പോയ ഇദ്ദേഹത്തെ പറിച്ചെറിഞ്ഞിട്ട് മറ്റൊരാളെ അവിടെ പ്രതിഷ്ഠിക്കാൻ എനിക്ക് കഴിയില്ല ,അച്ഛനെന്നത് വിശ്വാസമാണ് ,അതൊരിക്കലും മാറ്റാൻ കഴിയില്ല ,അമ്മ വേണമെങ്കിൽ അയാളോടൊപ്പം പൊയ്ക്കോളു ,പക്ഷേ എൻ്റെ അച്ഛനെ വിട്ട് ഞാനെങ്ങോട്ടും വരില്ല

വരദ മോൾ ജയപാലിൻ്റെ രോമം നിറഞ്ഞ നെഞ്ചിൽ മുഖം പൂഴ്ത്തി അയാളെ വരിഞ്ഞ് മുറുക്കി നിന്നു

Leave a Reply

Your email address will not be published. Required fields are marked *