ഇതിനിടയിൽ എൻ്റെ വീട്ടീന്നും ഭാര്യയുടെ വീട്ടീന്നും എന്നെ കൊണ്ട് മറ്റൊരു വിവാഹം കഴിപ്പിക്കാൻ വല്ലാത്ത പ്രഷറുണ്ടായി, പക്ഷേ ഞാൻ സമ്മതിച്ചില്ല….

Story written by Saji Thaiparambu

അവളുടെ മരണവും മരണാനന്തര ചടങ്ങുകളുമെല്ലാം കഴിഞ്ഞ് അവസാനമായി വീട്ടിൽ നിന്ന് പോയത് അവളുടെ ഉമ്മയായിരുന്നു

പോകാൻ നേരം എൻ്റെ പത്തും പന്ത്രണ്ടും വയസ്സ് വീതമുള്ള രണ്ട് പെൺമക്കളെ കൊണ്ട് പൊയ്ക്കോട്ടേന്ന് അമ്മായി അമ്മ എന്നോട് ചോദിച്ചു

അവർ വരികയാണെങ്കിൽ കൊണ്ട് പൊയ്ക്കോളു

അല്പനേരത്തെ ആലോചനയ്ക്ക് ശേഷം ഞാൻ പറഞ്ഞു

പക്ഷേ, അവർക്ക് എന്നെ വിട്ട് പോകാൻ താല്പര്യമില്ലായിരുന്നു മക്കളുടെ തീരുമാനം തളർന്ന് കിടന്ന എൻ്റെ മനസ്സിന് ഉണർവ്വ് പകർന്നു

എല്ലാം ഒന്നേന്ന് തുടങ്ങണം , പഴയത് പോലെ കിടന്നുറങ്ങിയാൽ വിളിച്ചുണർത്താൻ അവളിനിയില്ല എന്ന സത്യം മനസ്സിലാക്കിയത് കൊണ്ടാവാം അഞ്ച് മണിക്കേ ഞാൻ ഉറക്കമെഴുന്നേറ്റു

നാലഞ്ച് കൊല്ലം ഗൾഫിൽ ജീവിച്ചത് കൊണ്ട് പാചകവും, വീട്ടുജോലിയുമൊന്നും എനിക്ക് വലിയ ടാസ്ക്കായി തോന്നിയില്ല

കുട്ടികൾ അവരുടെ ദിനചര്യകളൊക്കെ കൃത്യമായി ചെയ്ത് വന്നപ്പോൾ സ്കൂളിലേക്കുള്ള ലഞ്ച് ബോക്സ് ഞാൻ റെഡിയാക്കി കയ്യിൽ കൊടുത്തു

സ്കൂൾ ബസ്സ് കൃത്യ സമയത്ത്ത ന്നെ വന്നു ,അവരെ സ്കൂളിലേക്കയച്ചതിന് ശേഷമാണ് എച്ചില് പാത്രങ്ങൾ കഴുകിയതും തുണികൾ വാഷ് ചെയ്തതും വീട് അടിച്ച് വാരിയതുമൊക്കെ

അപ്പോഴേക്കും മണി ഒന്ന് കഴിഞ്ഞു ശീലമില്ലാത്ത വീട്ടുജോലികൾ ചെയ്തത് കൊണ്ടാവാം ,ശരീരത്തിന് നല്ല ക്ഷീണം തോന്നി, വെറുതെയൊന്ന് നടു നിവർക്കാനായി കട്ടിലിൽ കിടന്നതേയുള്ളു, മക്കളുടെ വിളി കേട്ട് ഉണരുമ്പോഴാണ്അ ത് വരെ ഞാൻ ബോധംകെട്ടുറങ്ങുകയായിരുന്നെന്ന് മനസ്സിലായത്

അന്ന് രാത്രി കുട്ടികൾ ഉറങ്ങിയതിന് ശേഷം ഉറക്കം വരാതെ കിടക്കുമ്പോഴാണ് ,ഞാൻ മറ്റൊരു കാര്യം ചിന്തിക്കുന്നത് ,ഞാനിങ്ങനെ ഭക്ഷണമുണ്ടാക്കി കുട്ടികളുടെ കാര്യവും നോക്കി വീട്ടിലിരുന്നാൽ മതിയോ ?ജോലിക്ക് പോകണ്ടെ? വരുമാനമില്ലാതെ എങ്ങനെ ജീവിക്കും,

നാളെ കുറച്ച് കൂടെ നേരത്തെ ഉറക്കമെഴുന്നേല്ക്കണം, എട്ട് മണിക്ക് മുമ്പ്, വീട്ടുജോലികളൊക്കെ ഒതുക്കി കുട്ടികളെ തയ്യാറാക്കി നിർത്തിയിട്ട് ജോലിക്ക് പോകണം

അങ്ങനെ ചിന്തിച്ച് കിടന്ന് എപ്പോഴൊ ഒന്നുറങ്ങി, നാല് മണിക്ക് അലാറം കേട്ട് എഴുന്നേറ്റപ്പോൾ തൊട്ടപ്പുറത്തെ കുട്ടികളുടെ മുറിയിൽ ലൈറ്റ് കിടക്കുന്നത് കണ്ട് ഉത്ക്കണ്ഠയോടെ ചെന്ന് തട്ടി വിളിച്ചു

എന്താ മോളേ നീയുറങ്ങിയില്ലേ?

കതക് തുറന്ന മൂത്ത മകളോട് ഞാൻ ചോദിച്ചു

ഇല്ല ഉപ്പാ,, എനിക്ക് സുഖമില്ലായിരുന്നു

എന്ത് പറ്റീ,, പനിയുണ്ടോ ?

ഞാൻ നെറ്റിയിൽ കൈവച്ച് നോക്കി

അതല്ലുപ്പാ ,എനിക്ക് വയറ് വേദന കൊണ്ട് വയ്യ,,

ങ്ഹേ, മോളേ നിനക്കിത് എല്ലാ മാസവും ഉണ്ടാകുന്ന വയറ് വേദനയാണോ ?

അതേ ഉപ്പാ ,,

അയ്യോ ഇപ്പോൾ ഞാനെന്താ ചെയ്യുക? ഗുളിക വല്ലതും ഇരിപ്പുണ്ടോ മോളേ?

ഗുളിക ഇല്ലുപ്പാ,, ഇങ്ങനെയുണ്ടാകുമ്പോൾ ഉമ്മ ചൂട് പിടിച്ച് തരുമായിരുന്നു ,ഇനിയിപ്പോ അങ്ങനെ ചെയ്യാൻ എൻ്റെ ഉമ്മയില്ലല്ലോ ?

അത് മുഴുമിപ്പിക്കുന്നതിന് മുമ്പ് തന്നെ അവൾ തേങ്ങിക്കരഞ്ഞു പോയി ,അവളോടൊപ്പം ഞാനും ഒന്ന് വിതുമ്പി

മോള് വിഷമിക്കണ്ടാ ഉമ്മ ഇല്ലെങ്കിലും നിങ്ങൾക്ക് ഈ ഉപ്പയില്ലേ? മോള് കിടക്ക് ഉപ്പ പോയി വെള്ളം ചൂടാക്കിയിട്ട് വരാം

ഒരു കലത്തിൽ വെളളം ചൂടാക്കാൻ വച്ചതിനൊപ്പം സോസ് പാനിൽ കാപ്പിയ്ക്കുള്ള പാലും ഒഴിച്ച് വച്ചു

വയറ്റിൽ ചൂട് പിടിച്ചതിന് ശേഷം ചൂട് കാപ്പിയും കൂടെ കുടിപ്പിച്ചപ്പോൾ അവളൊന്ന് ഉഷാറായി

ഉപ്പാ എനിക്കൊരു നൂറ് രൂപ തരുമോ ?

യൂണിഫോം ധരിച്ച് വന്ന മൂത്തമകള് എന്നോട് ചോദിച്ചു.

അതെന്തിനാ മോളെ?

അത് പിന്നെ ,വിiസ്പ്പറ് തീർന്നിരിക്കുവാ, സ്കൂളിലെ സ്റ്റോറിലുണ്ട്, സ്കൂള് വിട്ട് വരുമ്പോൾ വാങ്ങിക്കൊണ്ട് വരാനാണ്

അങ്ങനെ നൂറ് രൂപയും കൊടുത്ത് രണ്ട് പേരെയും സ്കൂൾ ബസ്സിൽ കയറ്റി വിട്ടിട്ടാണ്, ഞാനന്ന് ജോലിക്ക് പോയത്

ദിവസങ്ങളും മാസങ്ങളും കടന്ന് പോയപ്പോൾ ഇളയ മോളും വയസ്സറിയിച്ചു

അമ്മായി അമ്മയും അളിയൻ്റെ ഭാര്യയുമൊക്കെ വന്ന് അവളുടെ കാര്യങ്ങളൊക്കെ ഭംഗിയായിട്ട് നോക്കി

അങ്ങനെ മക്കൾ രണ്ട് പേരും വളർന്ന് കൊണ്ടിരുന്നു

രണ്ട് വയസ്സിൻ്റെ വ്യത്യാസമുണ്ടെങ്കിലും കാഴ്ചയിൽ രണ്ട് മക്കൾക്കും ഒരേ വളർച്ചയായിരുന്നു

ഇതിനിടയിൽ എൻ്റെ വീട്ടീന്നും ഭാര്യയുടെ വീട്ടീന്നും എന്നെ കൊണ്ട് മറ്റൊരു വിവാഹം കഴിപ്പിക്കാൻ വല്ലാത്ത പ്രഷറുണ്ടായി, പക്ഷേ ഞാൻ സമ്മതിച്ചില്ല

നിനക്കൊരു കൂട്ട് വേണ്ടേ? എത്ര നാള് നീയിങ്ങനെ ഒറ്റയ്ക്ക് കഴിയും ?

എനിക്കിപ്പോൾ എൻ്റെ മക്കള് കൂട്ടിനുണ്ട്, ആദ്യം അവരുടെ വിവാഹമൊക്കെ ഒന്ന് കഴിയട്ടെ അതിന് ശേഷം വേണമെങ്കിൽ ആലോചിക്കാം

അങ്ങനെ തത്ക്കാലം അവരിൽ നിന്ന് ഞാൻ ഒഴിഞ്ഞ് മാറി

കണ്ണടച്ച് തുറക്കുന്നതിന് മുമ്പേ കുട്ടികളുടെ രണ്ട് പേരുടെയും വിവാഹം കഴിഞ്ഞു ,അവർ അവരുടെ ജീവിത തിരക്കുകളിലേക്ക് കടന്നു, അപ്പോഴാണ് ആ വീട്ടിൽ ഇനി മുതൽ ഞാൻ തനിച്ചേ ഉള്ളുവെന്ന ബോധ്യം എനിക്കുണ്ടായത്

പകൽ സമയങ്ങളിൽ ജോലിയും കൂട്ടുകാരുമൊക്കെയായി കഴിച്ച് കൂട്ടുമെങ്കിലും രാത്രിയിൽ ഒറ്റയ്ക്കാവുമ്പോൾ ,ഒരു വല്ലാത്ത ഭീതി എന്നെ ഗ്രസിക്കാറുണ്ട്

ചില സമയങ്ങളിൽ ഗ്യാസിൻ്റെ പ്രോബ്ളമുണ്ടാകുമ്പോഴും നെഞ്ചിൽ കൊളുത്തി പിടുത്തമുണ്ടാകുമ്പോഴുമൊക്കെ ആരെങ്കിലും അടുത്തുണ്ടായിരുന്നെങ്കിലെന്ന് ഞാൻ അതിയായി ആഗ്രഹിച്ച് പോയി

പണ്ട് ബന്ധുക്കളൊക്കെ മറ്റൊരു വിവാഹത്തിന് നിർബന്ധിച്ചപ്പോഴൊക്കെ എൻ്റെ ധൈര്യവും അഹങ്കാരവും എൻ്റെ രണ്ട് പെൺമക്കളായിരുന്നു വിവാഹം കഴിഞ്ഞാലും അവരിൽ ഒരാളെങ്കിലും എന്നോടൊപ്പം ഉണ്ടാവുമെന്നായിരുന്നു ഞാൻ വിശ്വസിച്ചിരുന്നത്

പക്ഷേ അവർക്ക് രണ്ട് പേർക്കും അവരുടെ ജീവിതമായിരുന്നു വലുത് ആദ്യമൊക്കെ വല്ലപ്പോഴും കൂടി അവരെന്നെ ഫോണിൽ വിളിക്കാറുണ്ടായിരുന്നു പിന്നീട് അത് കുറഞ്ഞപ്പോൾ ഞാൻ അങ്ങോട്ട് വിളിച്ച് തുടങ്ങി ,ഇപ്പോൾ ഞാൻ വിളിച്ചാലും അവർക്ക് എപ്പോഴും എന്തെങ്കിലുമൊക്കെ തിരക്കായിരിക്കും

സത്യത്തിൽ ഭാര്യ മരിച്ചപ്പോഴല്ല എൻ്റെ മക്കള് എന്നെ മറന്നപ്പോഴാണ് ഞാൻ ശരിക്കും അനാഥനായത് ഈ ഭൂമിയിൽ എൻ്റെ ദൗത്യം പൂർത്തിയായി ഇനി ഇവിടെ എനിക്കൊന്നും ചെയ്യാൻ ബാക്കിയില്ല

ഞാനെൻ്റെ ഭാര്യയെ കുറിച്ചോർത്ത് കണ്ണടച്ച് കിടന്നു, എപ്പോഴോ ഞാനുറങ്ങി ഇനി ഉണരുമോ എന്നറിയാത്ത ഉറക്കം

Leave a Reply

Your email address will not be published. Required fields are marked *