ഐറിൻ
എഴുത്ത്:-സൂര്യകാന്തി (ജിഷ രഹീഷ് )
ജോലിയ്ക്ക് കയറിയ അന്ന് മുതൽ കേൾക്കുന്നതാണ് ‘ഐറിൻ’എന്ന പേര്..
ആളെ കണ്ടിട്ടില്ല ഇത് വരെ.. രണ്ടാഴ്ചത്തെ ലീവിലാണെന്ന് കേട്ടിരുന്നു.. ആൾക്ക് എന്തോ ചെറിയൊരു ആക്സിഡന്റ്…
‘മോസ്റ്റ് എഫിഷ്യന്റ് ആൻഡ് ഡൈനാമിക്ക് പേർസൺ’എന്നൊക്കെ എല്ലാവരും പറയുന്നത് കേട്ടത് കൊണ്ടാവാം മനസ്സിൽ ഐറിനെ പറ്റി ഒരു രൂപമുണ്ടായിരുന്നു..
സുന്ദരിയായൊരു പെൺകുട്ടി..
എം ഡി യുടെ അസിസ്റ്റന്റ് ആണെങ്കിലും ആ ഓഫീസിനെ മൊത്തത്തിൽ കണ്ട്രോൾ ചെയ്യാനുള്ള പവർ കൂടെ ഐറിനുണ്ടെന്നു കേട്ടതോടെ ആളെ പറ്റി ഏതാണ്ടൊക്കെ പിടികിട്ടിയിരുന്നു..ഹൈലി ക്വാളിഫൈഡും ആണ്… പല പ്രൊജക്റ്റുകളും പുള്ളിക്കാരി ഒറ്റയ്ക്കാണ് ഹാൻഡിൽ ചെയ്യുന്നതത്രേ…
എനിയ്ക്ക് കിട്ടിയിരുന്ന പ്രോജെക്റ്റിൽ ഐറിന്റെ സഹായങ്ങൾ ആവശ്യമുള്ളത് കൊണ്ട് എനിയ്ക്ക് പലപ്പോഴും അവരെ വിളിയ്ക്കേണ്ടി വന്നിരുന്നു..
ശ്രുതിമധുരമായ ശബ്ദത്തിലുപരി, എന്തെങ്കിലും ഒരു കാര്യം ചോദിക്കുകയോ, പറയുകയോ ചെയ്യുമ്പോൾ,പുതിയൊരാൾ എന്ന നിലയിൽ അല്ലാതെ, ശ്രെദ്ധയോടെ എല്ലാം കേൾക്കും.. കൃത്യമായ മറുപടികളും..
ആളെ കാണാനുള്ള ആഗ്രഹം കൊണ്ടാണ് വാട്സ്ആപ്പ് ഡിപി നോക്കിയത്.. മലമുകളിൽ നിന്നും കൈകളുയർത്തി നിൽക്കുന്ന ഒരു പെൺകുട്ടി.. മുഖം വ്യക്തമല്ലെങ്കിലും മനസ്സിൽ ഒരു രൂപം വരച്ചിട്ട് കഴിഞ്ഞിരുന്നു…
അന്ന് രാവിലെ അമ്മയെ ചെക്കപ്പിന് കൊണ്ട് പോവാൻ ഉണ്ടായിരുന്നത് കൊണ്ട് കുറച്ചു ലേറ്റ് ആയിട്ടാണ് ഓഫീസിൽ എത്തിയത്..
പഞ്ചു ചെയ്തു ഉള്ളിലേയ്ക്ക് കയറുമ്പോൾ അക്കൗണ്ട്സിലെ വരുൺ എതിരെ വരുന്നുണ്ടായിരുന്നു..
“സിദ്ധാർഥ്, നീ ലേറ്റ് ആയോ.? ഐറിൻ മാം നിന്നെ അന്വേഷിച്ചായിരുന്നു..”
“ഐ.. ഐറിൻ മാം വന്നോ.. ഞാൻ സാറിനെ ഇൻഫോം ചെയ്തിരുന്നു..”
“ഹേയ്, ചുമ്മാ ചോദിച്ചതാടോ, പുതിയ ആളെവിടേന്ന് ചോദിച്ചു..”
എന്റെ മുഖത്തെ ആകാംക്ഷ കണ്ടാവും വരുൺ പറഞ്ഞു..
“മാം സാറിന്റെ അടുത്തേയ്ക്ക് പോയതാണ്..”
വരുണിനോട് ഒന്ന് തലയാട്ടി ഞാൻ ധൃതിയിൽ എന്റെ ക്യൂബിക്കിളിലേയ്ക്ക് നടന്നു…
ഞാനിരിക്കുന്നതിന്റെ എതിർവശത്തായാണ് എം ഡിയുടേത് ഉൾപ്പെടെയുള്ള ക്യാബിനുകൾ..
ഞാൻ കണ്ടു,സാജൻ സാറിന്റെ ക്യാബിനിലേയ്ക്ക് നടക്കുന്ന ഐറിൻ ജോസഫിനെ..മുഖം കാണാൻ ഒത്തില്ലെങ്കിലും…
ലിനൻ സ്യൂട്ടിൽ ആകാരഭംഗിയുള്ള ശരീരം..സിൽക്ക് പോലുള്ള മുടി ലയർ കട്ട് ചെയ്തു വിടർത്തി ഇട്ടിരിക്കുന്നു.. ആത്മവിശ്വാസത്തോടെയുള്ള നടത്തം.. എന്നാണ് പിറകിൽ നിന്നും കണ്ടപ്പോൾ തോന്നിയത്..
പിന്നെ തിരക്കിട്ട ജോലിയിലായിരുന്നു.. ഇന്ന് പ്രൊജക്റ്റ് റിപ്പോർട്ട് സബ്മിറ്റ് ചെയ്യേണ്ടതുണ്ട്..
“ഹായ്.. സിദ്ധാർഥ്..”
ഏറെ പരിചിതമായി കഴിഞ്ഞിരുന്ന ആ ശബ്ദം കേട്ടാണ് ഞാൻ ലാപ്പിൽ നിന്നും മുഖമുയർത്തിയത്..
നിമിഷാർദ്ധം കൊണ്ടു എന്റെ മുഖം വിളറിപ്പോയിരുന്നു..
എന്റെ മനസ്സിൽ, ഞാൻ വരച്ചിട്ട ഐറിന്റെ രൂപം ഇരുണ്ടു പോവുന്നതു ഞാനറിഞ്ഞു..
ഉരുകിയ ചോക്ലേറ്റിന്റെ നിറമായിരുന്നു അവൾക്ക്.. ഐറിൻ…
കാണാൻ തെറ്റില്ലാത്ത മുഖത്ത്,ഭംഗിയായി ഹൈലൈറ്റ് ചെയ്തിരിക്കുന്ന വിടർന്ന കണ്ണുകളിലേയ്ക്കാണ് നോട്ടം പോയത്..
എന്റെ ശ്വാസം മുട്ടൽ ഐറിന് മനസ്സിലായി കാണണം… കാരണം ഞാൻ ഒന്നും മിണ്ടാനാവാതെ നിന്നു പോയത് ഒന്നോ രണ്ടോ നിമിഷങ്ങളായിരുന്നു..
“സിദ്ധാർഥ്,. ഞാൻ ഐറിൻ..”
മുഖത്തെ ചിരി ഒട്ടും മങ്ങാതെ അവൾ പറഞ്ഞതും ഞാനും പണിപ്പെട്ട് ഒരു ചിരി വരുത്തി..
“ഓ.. ഹായ്..”
“പുതിയ ജോയിനിയെ ഒന്ന് കണ്ടിട്ട് പോവാമെന്നു കരുതി.. ഫോണിൽ കൂടെയല്ലേ സംസാരിച്ചിട്ടുള്ളു..”
ഭാവഭേദം ഒന്നുമില്ലാതെ അവൾ പറഞ്ഞപ്പോൾ ഞാനും ഒന്ന് ചിരിച്ചു…
“എന്നാൽ ഓക്കേ സിദ്ധാർഥ്,ജോലി നടക്കട്ടെ..കാണാം “
കൈ വീശി പറഞ്ഞിട്ട് ഐറിൻ നടന്നു.. പോകുന്ന വഴിയ്ക്കെല്ലാം ആരോടൊക്കെയോ ചിരിച്ചു സംസാരിച്ചു കൊണ്ടാണ് പോവുന്നത്..
ശേ,അവൾക്ക് മനസ്സിലായി കാണും.. ആ ഇരുണ്ട നിറം ഞാനൊട്ടും പ്രതീക്ഷിച്ചില്ല..
ആ ശബ്ദവും,മറ്റുള്ളവരുടെ പറച്ചിലുമൊക്കെ കേട്ടപ്പോൾ,എന്റെ മനസ്സിലും വെളുത്തു സുന്ദരിയായ ഒരു പെൺകുട്ടിയായിരുന്നു.. എത്ര പുരോഗമനം പറഞ്ഞാലും,കാലങ്ങളായി സൗന്ദര്യത്തെ മനുഷ്യരുടെ തൊലിയുടെ നിറവുമായി ബന്ധിപ്പിക്കുന്ന അടിസ്ഥാന സ്വഭാവത്തിൽ നിന്നും ഞാനും മാറിയിട്ടില്ലെന്ന് അന്ന് ഞാൻ തിരിച്ചറിഞ്ഞു…
തെല്ലൊരു ജാള്യത ഉണ്ടായിരുന്നു എനിയ്ക്കെങ്കിലും,ഐറിന്റെ തിരിച്ചുള്ള പെരുമാറ്റത്തിൽ ഒരു വ്യത്യാസവും ഉണ്ടായില്ല…
എപ്പോഴും ഒരു ചിരിയുണ്ടാവും അവളുടെ ചുണ്ടിൽ.. അവളിൽ, ഏറെ ഭംഗി തോന്നിപ്പിക്കുന്ന മിഴികളിൽ ആത്മവിശ്വാസവും.. ലൈറ്റ് ബർഗണ്ടി ഷെയ്ഡ് ഉള്ള തലമുടി എപ്പോഴും വിടർത്തിയിട്ടിട്ടുണ്ടാവും..എല്ലായ്പ്പോഴും പ്രസരിപ്പോടെ..
പിന്നീടുള്ള ദിവസങ്ങളിൽ ഞാൻ ഐറിനെ അറിയുകയായിരുന്നു..
എത്ര വലിയ പ്രശ്നം വന്നാലും ആള് പാനിക്കാവുന്നത് ഞാൻ കണ്ടിട്ടില്ല.. ഒരു മാതിരി ‘പാലം കുലുങ്ങിയാലും കേളൻ കുലുങ്ങൂല ‘ എന്നൊരു ആറ്റിറ്റ്യൂഡ്…
സിപി ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ സ്ഥാപകനായ ഫിലിപ്പ് സാറിന് രണ്ടു മക്കൾ.. മൂത്തയാൾ സണ്ണി ഫിലിപ്പും രണ്ടാമത്തേത് സാജൻ ഫിലിപ്പും..
സണ്ണി സാറിന്റെ ഓഫീസിൽ ആണ് ആദ്യം ഐറിൻ ഇന്റർവ്യൂവിനു പോയതെന്നും അവിടെ അപ്പോയ്ന്റ് ചെയ്യാതെ, ഇവിടെയാണ് കിട്ടിയതെന്നും ആരോ പറഞ്ഞു കേട്ടു..
ഫിലിപ്പ് സാർ സ്ഥാനമൊഴിഞ്ഞു,മക്കളെ ബിസിനസ് ഏൽപ്പിച്ചപ്പോൾ ഈ ഓഫീസും കാര്യങ്ങളും സാജൻ സാറിന്റെ ചുമതലയിൽ വന്നു.. സണ്ണി സാർ അപൂർവമായേ ഇവിടെയ്ക്ക് വരാറുള്ളൂ….
വന്നാൽ തന്നെ,ഐറിനുമായി സംസാരിക്കുന്നതോ,ഐറിൻ സാജൻ സാറിന്റെ കാര്യങ്ങൾ നോക്കുന്നത് പോലെ,സണ്ണി സാറിന്റെ കാര്യങ്ങളിൽ ഒന്നും ഇടപെടുന്നതോ കണ്ടിട്ടില്ല..
ദിവസങ്ങൾ കഴിയവേ ഞാൻ ഐറിനുമായി കൂടുതൽ അടുത്തു… അവളങ്ങനെ ആയിരുന്നു.. പരിചയപ്പെടുന്നവർക്ക് ഇഷ്ടം തോന്നിപ്പോവുന്ന വ്യക്തിത്വവും ..
ഓഫീസിൽ ഒളിഞ്ഞും തെളിഞ്ഞും പരിഹസിക്കുന്ന,ഒരിക്കലും മാറാത്ത ചിന്താഗതികൾ വെച്ചു പുലർത്തുന്ന ചുരുക്കം ചിലരൊഴികെ,മറ്റെല്ലാവരോടും ആരോഗ്യപരമായ സൗഹൃദം പുലർത്തിയിരുന്നു ഐറിൻ..
അവരോടും ദേഷ്യം കാണിയ്ക്കുന്നത് കണ്ടിട്ടില്ല.. പകരം,അവരെ അവഗണിയ്ക്കാറുമില്ല പരിഗണിയ്ക്കാറുമില്ല….ദിവസങ്ങളും മാസങ്ങളും കടന്നു പോകവേ,ഞങ്ങൾക്കിടയിൽ നല്ലൊരു സൗഹൃദം രൂപപ്പെട്ടിരുന്നു..
അമ്മയ്ക്ക് വയ്യാതെ ഹോസ്പിറ്റലിൽ കിടക്കുമ്പോൾ ഐറിൻ കാണാനായി വന്നിരുന്നു..
“നിറം ഇത്തിരി കൊറവാണെങ്കിലെന്താ,നല്ല മനസ്സുള്ളൊരു പെങ്കൊച്ച്…”
ഐറിൻ പൊയ്ക്കഴിഞ്ഞപ്പോൾ അമ്മ പറഞ്ഞു.. ഞാനാലോചിച്ചത് എനിയ്ക്ക് വന്ന നല്ലൊരു വിവാഹലോചന, ‘ആ പെണ്ണ് ഇത്തിരി ഇരുണ്ടിട്ടാണ്,നിനക്ക് ചേരത്തില്ലെടാന്ന് ‘പറഞ്ഞു തള്ളി കളഞ്ഞ അമ്മയെയാണ്..
അന്ന് യാദൃശ്ചികമായാണ് ഞാൻ മാളിൽ വെച്ച് ഐറിനെ കണ്ടത്..
സംസാരത്തിനിടെ, ഒരു കപ്പൂച്ചിനോയ്ക്കായി ഞാൻ ക്ഷണിച്ചപ്പോൾ,രണ്ടാമതൊന്ന് ആലോചിക്കാതെ അവൾ ആ ക്ഷണം സ്വീകരിച്ചു..
പലവട്ടം ചോദിയ്ക്കാൻ ആഞ്ഞിട്ടും,നാവിൻ തുമ്പിൽ ഒട്ടി നിന്ന ആ ചോദ്യം വീണ്ടും എന്നെ വലം വെച്ചു..
“സിദ്ധാർഥ്,തനിയ്ക്ക് എന്നതേലും എന്നോട് ചോദിക്കാനുണ്ടോ..?”
ഞാൻ തെല്ലാശ്ചര്യത്തോടെ അവളെ നോക്കി…. ഐറിൻ ചിരിച്ചു..
“പലപ്പോഴും താനെന്നതോ ,എന്നോട് ചോദിയ്ക്കാനായുന്നതും,പിന്നെ ഒരു സെക്കന്റ് തോട്ടിൽ,അത് വേണ്ടെന്ന് വെയ്ക്കുന്നതും ഞാൻ ശ്രെദ്ധിച്ചിട്ടുണ്ട്..”
ഞാൻ ഒരു ചമ്മിയ ചിരി ചിരിച്ചു..
“ഹാ,എന്നതാണെന്ന് വെച്ചാൽ ചോദിയ്ക്കെടോ ..?”
“അത്.. വേറൊന്നുമല്ല ഐറിൻ.. ഈ ആത്മവിശ്വാസത്തിന്റെ രഹസ്യം….?”
പിന്നെയും പറയാൻ എന്തോ ബാക്കി വെച്ച എന്റെ മുഖം കണ്ടപ്പോൾ ഐറിൻ ചിരിച്ചു..
“ഇത്രയും ഇരുണ്ട നിറമായിട്ടും കാണാൻ അത്രയ്ക്ക് അഴകില്ലാഞ്ഞിട്ടും,എന്ന് കൂടെ കൂട്ടിച്ചേർക്കണ്ടേ സിദ്ധാർഥ്….?”
ചിരി മായാതെ തന്നെ ഐറിൻ ചോദിച്ചപ്പോൾ ഞാനൊന്ന് പതറി..
“ഉത്തരം വളരെ സിമ്പിളാണ് സിദ്ധാർഡ്.. ഐ ലവ് മൈ സെൽഫ് ആൻഡ് ഐ ലവ് മൈ ലൈഫ്..ഞാൻ എന്നെ സ്നേഹിക്കുന്നു… ജീവിതത്തെയും…”
ഞാൻ മനസ്സിലാകാത്തത് പോലെ നോക്കിയപ്പോൾ അവൾ വീണ്ടും ചിരിച്ചു..
“കറുപ്പിന് ഏഴഴകാണെന്നും,ഭംഗി വേണ്ടത് രൂപത്തിലല്ല സ്വഭാവത്തിലാണെന്നും പറയുന്നവരിൽ, ചിലരെങ്കിലും എന്നിൽ ചിരിയുണർത്താറുണ്ട് സിദ്ധാർഥ്…മറ്റുള്ളവരുടെ കാര്യം വരുമ്പോൾ പറയുവാൻ എളുപ്പം കഴിയും…ഉപദേശിക്കാനും..”
ഞാൻ അമ്മയെ ഓർത്തു.. മറ്റു ചിലരെയും.. ചിലപ്പോഴെങ്കിലും ഞാനും അങ്ങനെ ചിന്തിച്ചിട്ടില്ലേ..?
“എന്റെ നിറം ഇരുണ്ടതാണ്.. ഞാനത് അംഗീകരിച്ചു..അത്രേയുള്ളൂ..അതിനർത്ഥം എനിയ്ക്ക് ഭംഗിയില്ല എന്നല്ല കേട്ടോ..”
അവൾ വീണ്ടും ചിരിച്ചു..
“ഒഫ്കോഴ്സ്, ഈ പറയുന്നത്ര എളുപ്പമൊന്നും ആയിരുന്നില്ലെടോ, വർണ്ണ വിവേചനവും ബോഡി ഷൈമിങ്ങും ഒക്കെ ഞാനും അനുഭവിച്ചിട്ടുണ്ട്.. വേണ്ടുവോളം.. “
അവളുടെ ശബ്ദം ഒന്നിടറിയോ.. ഇല്ല തോന്നിയതാണ്…
“പപ്പയും മമ്മയും അനിയത്തിമാരുമൊക്കെ വെളുത്തിട്ടാണ്… പലരും പറയുന്നതൊക്കെ കേട്ടിട്ടുണ്ടെങ്കിലും, എന്റെ വീട്ടിൽ എനിയ്ക്കൊരിക്കലും നിറത്തിന്റെ പേരിൽ പഴി കേൾക്കേണ്ടി വന്നിട്ടില്ല.. ആരും എന്നെ മാറ്റി നിർത്തിയിട്ടുമില്ല.. പക്ഷെ ചെറുതിലേ തന്നെ എന്റെ ഇരുണ്ട നിറം ഒരുപാട് സങ്കടങ്ങൾക്ക് വഴി വെച്ചിരുന്നു.. വഴിയേ പോണവർ പോലും പറയും.. കല്യാണങ്ങൾക്കോ അത് പോലെയുള്ള ഫങ്ക്ഷനുകൾക്കോ, മിക്കപ്പോഴും എന്നെ മുൻപിൽ നിർത്തി കൊണ്ടായിരിക്കും എന്റെ നിറത്തെ പറ്റിയുള്ള ചർച്ച.. പലരും കളിയാക്കുന്ന തിനിടയിൽ,ഉള്ളുരുകിയിട്ടാണെങ്കിലും ഒരു വിഡ്ഢി ചിരി മുഖത്തണിഞ്ഞു നിന്നിട്ടുണ്ട്….”
ഐറിന്റെ മുഖത്ത് അപ്പോഴും ഒരു ചിരി ഉണ്ടായിരുന്നു..
“ചെറുതിലേ തന്നെ,മമ്മയെയും അനിയത്തിമാരെയും പോലെ, വെളുക്കാനുള്ള പല വഴികളും ഞാനും തേടിയിട്ടുണ്ട് സിദ്ധാർഡ്.. എനിയ്ക്ക് ഞാൻ ആവേണ്ടായിരുന്നു.. മറ്റൊരാളുടെ രൂപത്തിന് വേണ്ടി ഞാൻ ആഗ്രഹിച്ചു കൊണ്ടേയിരുന്നു.. അതിനു വേണ്ടി ശ്രെമിച്ചു കൊണ്ടേയിരുന്നു..”
എനിയ്ക്കെന്തോ വല്ലാത്ത സങ്കടം തോന്നി…
“പഠിയ്ക്കുമ്പോൾ സ്കൂളിലെ അദ്ധ്യാപകരിൽ നിന്നു പോലും പരിഹാസം കേൾക്കേണ്ടി വന്നിട്ടുണ്ട്.. ഉള്ളിൽ സങ്കടം കൊണ്ടു നടന്നിരുന്നു എന്റെ മമ്മയും .. പെൺകുട്ടിയല്ലേ..വിവാഹം ആണല്ലോ അൾട്ടിമേറ്റ്..”
ഐറിൻ ഏതോ ഓർമ്മയിൽ എന്നത് പോലെ ഒന്ന് ചിരിച്ചു..
“എന്നെ പോലെ തന്നെ മമ്മയും, എന്നെ വെളുപ്പിക്കാനുള്ള വഴികൾ തേടി കൊണ്ടേയിരുന്നു.. ആ സമയം,ലോകത്തിൽ ഞാനേറ്റവും വെറുത്തിരുന്നത് എന്നെ തന്നെയായിരുന്നു സിദ്ധാർഥ് .. എന്റെ നിറത്തെ..”
അവൾ ഒന്നു നിശ്വസിച്ചു..
“ഒരു പാട് പരിഹാസമേറ്റ് നിൽക്കേണ്ടി വന്നിട്ടുണ്ടെങ്കിലും, ജീവിതത്തിൽ ഒരിക്കലും മറക്കാനാവാത്ത ഒരു അനുഭവം ഉണ്ടാവുന്നത് കോളേജിൽ വെച്ചായിരുന്നു..”
അവൾ എന്നെ നോക്കി ഒന്ന് പുഞ്ചിരിച്ചു….
“കോളേജിൽ,എനിയ്ക്ക് ഒരാളെ ഇഷ്ടമായിരുന്നു..നിറമില്ലെങ്കിലും മറ്റുള്ളവർക്കുള്ള വികാരങ്ങളൊക്കെ എനിയ്ക്കും ഉണ്ടല്ലോ. ആള് ഇരു നിറമാണ്, കാണാൻ സുന്ദരനാണെന്ന് മാത്രമായിരുന്നില്ല,പഠിത്തത്തിലും കലാ രംഗത്തുമൊക്കെ സജീവം.. ഒരുപാട് ആരാധികമാരും ഉണ്ടായിരുന്നു.. എന്റെ ഇഷ്ടം മനസ്സിൽ മാത്രമായിരുന്നു.. എന്നെ പോലൊരുവളെ,അങ്ങേർക്ക് ഒരിക്കലും ഇഷ്ടമാവാൻ സാധ്യതയില്ലെന്ന്,അതുവരെയുള്ള ജീവിതാനുഭവങ്ങൾ കൊണ്ടു ഞാൻ പഠിച്ചിരുന്നു… പക്ഷെ,എപ്പോഴോ കൂട്ടുകാർക്കിടയിൽ അയാളെ എനിയ്ക്ക് ഇഷ്ടമാണെന്ന് ഞാൻ പറഞ്ഞു പോയിരുന്നു….”
ഐറിന്റെ മിഴികൾ കോഫി കപ്പിലായിരുന്നു..
“കൂടെയുള്ളവൾ ചതിയ്ക്കുമെന്ന് കരുതിയില്ല. നായകനും സുഹൃത്തുക്കളും മറ്റു വിദ്യാർത്ഥികളും കൂടി നിൽക്കുന്നതിനിടയിൽ, എനിയ്ക്ക് അയാളെ ഇഷ്ടമാണെന്ന് എന്റെ സുഹൃത്ത് വിളിച്ചു പറഞ്ഞു.. ഒരു മാത്ര അയാളുടെ കണ്ണുകളിലെ അത്ഭുതം ഞാൻ കണ്ടിരുന്നു..”
ഐറിൻ വീണ്ടും ചിരിച്ചു..
“പിന്നെ ഞാൻ ജീവനോടെ ദഹിപ്പിക്കപ്പെടുകയായിരുന്നു സിദ്ധാർഥ്… മനുഷ്യനെ പോലെ,സഹജീവിയെ കുത്തിനോവിച്ചു രസിക്കുന്ന മറ്റൊരു ജീവിയുണ്ടാവില്ലെന്ന് ഞാനന്ന് തിരിച്ചറിഞ്ഞു.. അയാൾ ഒന്നും പറയാതെ അങ്ങ് പോയെങ്കിലും,സുഹൃത്തുക്കളും അവിടെ നിന്നിരുന്ന കുട്ടികളും കൂവിയാർത്തു…..നമ്മളിട്ട ഒരു വസ്ത്രം കൊള്ളില്ലെന്ന് പറയുമ്പോൾ തന്നെ,എത്ര സങ്കടം തോന്നും സിദ്ധാർഥ്… അതിലും നൂറായിരം മടങ്ങ് വേദനയാണ്, ചുറ്റും കൂടി നിന്നവർ,നമ്മുടെ രൂപത്തെ പറ്റി പരിഹസിക്കുമ്പോൾ ഉണ്ടാവുന്നത്.. അത് അനുഭവിച്ചവർക്കേ അറിയൂ.. ‘പൊതുജനമധ്യത്തിൽ തുണിയുരിക്കപ്പെടുക ‘എന്നൊക്കെ പറയുന്നത് പോലെ.. വാക്കിനെക്കാൾ മുറിപ്പെടുത്താൻ പറ്റുന്ന മറ്റൊരായുധമില്ലല്ലോ..
“
എനിയ്ക്ക് എന്ത് പറയണമെന്ന് അറിയില്ലായിരുന്നു …
“ഞാൻ ആകെ തകർന്നു പോയിരുന്നു.. ഇനി പഠിയ്ക്കാൻ പോണില്ലെന്ന് പറഞ്ഞു ഞാനെന്റെ മുറിയിൽ തന്നെ ചടഞ്ഞു കൂടി.. ആര് പറഞ്ഞിട്ടും കേൾക്കാതെ….”
“എന്നിട്ട്..”
എന്റെ ശബ്ദത്തിലെ ആകാംക്ഷ ഐറിനെ ചിരിപ്പിച്ചു….
“അപ്പോഴാണ്,എന്നെ തേടി ഒരാൾ എത്തുന്നത്. നാട്ടിൽ നിന്നും.. കുഞ്ഞന്നാമ്മച്ചി.. പപ്പയുടെ അമ്മച്ചി.. ഗജപോക്കിരിയായിരുന്ന പാലപ്പറമ്പേൽ അവറാച്ചനെ തളച്ച,അങ്ങേരുടെ കെട്ട്യോൾ കറുമ്പി കുഞ്ഞന്നാമ്മച്ചി…”
ഞാൻ ഐറിനെ ഉറ്റു നോക്കിയിരുന്നു .
“ഒത്ത വണ്ണവും പൊക്കവുമൊക്കെയായി,കാണാൻ നല്ല ചേലാണേലും നിറം എന്നെക്കാൾ ഇരുണ്ടതായിരുന്നു….കറുമ്പി കുഞ്ഞന്നാമ്മച്ചി അതായിരുന്നു നാട്ടുകാർക്കിടയിൽ പുള്ളിക്കാരിയുടെ വിളിപ്പേര്..അതൊരു ഒന്നൊന്നര വരവായിരുന്നു..”
ഐറിൻ അവരെ മനസ്സിൽ കാണുന്നുണ്ടെന്ന് എനിയ്ക്ക് തോന്നി..
“പുള്ളിക്കാരി എന്നോട് ആദ്യം തന്നെ പറഞ്ഞത് എന്നതാന്ന് അറിയോ സിദ്ധാർഥ് .?”
ഞാൻ ഇല്ലായെന്ന് അറിയാതെ തന്നെ തലയാട്ടിയിരുന്നു….
“കൊച്ചേ, നീ കറുത്തിട്ടാണ് .. നല്ല കാക്ക കറുപ്പ്..”
ഞാനൊന്ന് നെറ്റി ചുളിച്ചു പോയി.. ഐറിൻ ചിരിച്ചു..
“ആദ്യം അത് അംഗീകരിക്കുകയാണ് വേണ്ടതെന്നായിരുന്നു അന്നമ്മച്ചിയുടെ പോളിസി .. ഞാൻ ഇങ്ങനെയാണ്, എന്നെ ദൈവം സൃഷ്ടിച്ചത് ഇങ്ങനെയാണ്….അത് എന്റെ തെറ്റല്ല..നിറത്തിന്റെ കാര്യത്തിൽ, ഒരു പരിധിയിൽ കൂടുതലായി എനിയ്ക്കൊന്നും ചെയ്യാനുമില്ല….”
ഞാൻ ഒന്നും പറഞ്ഞില്ല
“അമ്മച്ചി പറഞ്ഞത് ശരിയായിരുന്നു സിദ്ധാർഥ്… തിരിച്ചറിവ് വന്നത് മുതൽ ഞാനും വെളുക്കാനുള്ള പരിശ്രമത്തിലായിരുന്നു.. ഉള്ളിന്റെ ഉള്ളിൽ ഞാൻ കറുത്തിട്ടാണെന്നത് എനിയ്ക്ക് അംഗീകരിക്കാൻ കഴിഞ്ഞിട്ടില്ലായിരുന്നു..”
അവളൊന്നു നിർത്തി.. പിന്നെ തുടർന്നു..
“പിന്നെ ഞാൻ എന്നെ സ്നേഹിയ്ക്കാൻ ശ്രെമിച്ചു തുടങ്ങി.. എന്നെ ഇങ്ങനെ സൃഷ്ടിച്ച ദൈവത്തിനോടും, എന്തിന് മമ്മയോടും പപ്പയോടും വരെ എനിയ്ക്ക് ദേഷ്യം തോന്നിയിട്ടുണ്ട്..”
ചിരിയോടെയാണെങ്കിലും അവൾ പറഞ്ഞത് എന്റെ ഉള്ളിൽ തറച്ചു..
“അന്നമ്മച്ചിയുടെ അടുത്ത ഉപദേശം ജീവിതത്തെ ഇഷ്ടപ്പെടാനായിരുന്നു.. തുടങ്ങിയപ്പോൾ തന്നെ ജീവിതം മടുത്തിരുന്ന എനിയ്ക്ക് അതൊട്ടും എളുപ്പമായിരുന്നില്ല… സ്വയം ജീവനൊടുക്കാൻ ശ്രെമിച്ചാൽ പോലും, സമയമായിട്ടില്ലെങ്കിൽ അത് നടക്കില്ലെന്നു ബോധ്യം വന്നത് മുതൽ ഞാൻ ജീവിതത്തെയും സ്നേഹിച്ചു തുടങ്ങി .. ജനിച്ചത് ഇങ്ങനെയാണ്…എന്നതായാലും ജീവിച്ചേ പറ്റൂ.. പിന്നെ എന്നാത്തിനാന്നേ തൂങ്ങി പിടിച്ചു ജീവിക്കുന്നത്..?”
അവൾ ചിരിയോടെ പറഞ്ഞപ്പോൾ എന്റെ ചുണ്ടിലും ഒരു ചിരിയെത്തി..
“ദി ഗ്രേറ്റ് മിസ്സിസ് കുഞ്ഞന്നാമ്മച്ചിയുടെ അടുത്ത ഉപദേശം കേൾക്കണ്ടേ…?”
അവളൊന്നു കണ്ണിറുക്കി.. എപ്പോഴേ കുഞ്ഞന്നാമ്മച്ചിയുടെ ആരാധകനായി കഴിഞ്ഞിരുന്നു ഞാൻ..
‘വെറുതെ ചുറ്റും നിന്നു ചിലയ്ക്കുന്നവരോട്,പോയി പണി നോക്കാൻ പറ കൊച്ചേ.. “
അന്തം വിട്ടിരുന്ന എന്നെ നോക്കി അവൾ പൊട്ടിച്ചിരിച്ചു..
“അതായത് ഉത്തമാ…നമ്മളെ ആത്മാർത്ഥമായി സ്നേഹിക്കുന്നവർക്ക് നമ്മളെ കുത്തി നോവിക്കാനും സങ്കടപ്പെടുത്താനും ഒന്നും തോന്നില്ല…. നമ്മളെ പറ്റിയോ നമ്മുടെ ഫീലിങ്ങിനെ പറ്റിയോ,ഒരു കൺസേണും ഇല്ലാത്തവരുടെ വാക്കുകൾ കേട്ട്, വേദനിച്ചു നമ്മടെ സന്തോഷം നശിപ്പിക്കണോ..?നമ്മൾ ഇങ്ങനെയാണെന്ന് സ്വയം അംഗീകരിച്ചാൽ,നമ്മൾ നമ്മളെ തന്നെ സ്നേഹിക്കാൻ തുടങ്ങിയാൽ പിന്നെ വല്യ പാടൊന്നും ഇല്ലെന്നേ..”
ഞാൻ അപ്പോഴും കണ്ണിമയ്ക്കാതെ അവളെ നോക്കിയിരുന്നു..
“ലാസ്റ്റ് ബട്ട് നോട്ട് ദി ലീസ്റ്റ് “കൊച്ചേ നിനക്ക് കാണാൻ നിറമിച്ചിരി കൊറവാണേലും നിന്റെ കണ്ണും മുടിയുമൊക്കെ നിന്റെ മമ്മേടേതിനേക്കാളും,ഇളയതുങ്ങളെക്കാളും കൊള്ളാം കേട്ടോ, പഠിയ്ക്കാനും മിടുക്കിയല്ല്യോ,പിന്നെ എന്നാത്തിനാ കൊച്ചേ വെറുതെയിങ്ങനെ വല്ലരും വല്ലതും പറയുന്നത് കേട്ട് തൂങ്ങി പിടിച്ചിരിക്കുന്നത്…?”
അവൾ ഭംഗിയായി ഒന്ന് ചിരിച്ചു..
“അത് തന്നെ, ഉള്ള കഴിവുകളെ ഹൈ ലൈറ്റ് ചെയ്യുക.. എല്ലാവർക്കും എന്നതേലുമൊക്കെ ഉണ്ടാവുമെന്നേ.., ഇല്ലെങ്കിൽ ഉണ്ടാക്കുക..”
അവളുടെ ഐ ലൈനറും മസ്ക്കാരയുമിട്ട വിടർന്ന മിഴികളിലും സിൽക്ക് പോലുള്ള മുടിയിലും എന്റെ നോട്ടമെത്തി.. ഓഫീസിൽ ഐറിൻ എന്ന വ്യക്തിയ്ക്കുള്ള സ്ഥാനം .. അതവൾക്ക് വെറുതെ കിട്ടിയതല്ലെന്ന് എനിയ്ക്കെന്നേ ബോധ്യമായതാണ്..
ഐറിന്റെ മൊബൈൽ റിംഗ് ചെയ്തു..ഏതോ ഒരു ഫ്രണ്ടിനെ വെയിറ്റ് ചെയ്യുകയാണെന്ന് നേരത്തെ പറഞ്ഞിരുന്നു അവൾ..ആളെത്തിയിട്ടുണ്ടെന്നും പറഞ്ഞു ഐറിൻ പോയി..
ഐറിൻ എന്റെ മനസ്സിൽ പതിഞ്ഞു തുടങ്ങിയെന്ന ചിന്ത വന്നപ്പോൾ,ദിവസങ്ങൾ കൊഴിയവേ,ഒരു പാട് ആലോചനകൾക്കൊടുവിൽ ഞാൻ അവളെ പ്രോപ്പോസ് ചെയ്തു..
എന്നെ അത്ഭുതപ്പെടുത്തി കൊണ്ടു,ഒരു നിമിഷാർദ്ധം പോലും വൈകാതെ ‘നോ ‘എത്തി.. ഒരു ഷുഗർ കോട്ടിങ്ങും ഇല്ലാതെ, അവളത് വെട്ടി തുറന്നു പറഞ്ഞപ്പോൾ ഞാനൊന്ന് പതറി..
“സിദ്ധാർഥ് , നോ ഹാർഡ് ഫീലിംഗ്സ്, താൻ ഒരു പോസിറ്റീവ് ആറ്റിറ്റ്യുഡ് ഉള്ളയാളാണെന്ന് എനിയ്ക്ക് തോന്നിയിട്ടുണ്ട്.. മറ്റുള്ളവരുടെ ഫീലിംഗ്സ് തിരിച്ചറിയാനും മനസ്സിലാക്കാനും കഴിവുള്ളയാൾ.. നല്ലൊരു സുഹൃത്തിനപ്പുറം മറ്റൊരു റിലേഷൻ നമുക്കിടയിൽ ഉണ്ടാവില്ല..”
“സം വൺ സ്പെഷ്യൽ..?”
ചോദിക്കാതിരിക്കാൻ തോന്നിയില്ല.. ചോദിച്ചത് തെറ്റായോ എന്ന് തോന്നിയ നിമിഷമാണ് മറുപടി വന്നത്…
“യെസ്.. വിവാഹം വൈകാതെ ഉണ്ടാവും..”
ഞാനൊന്നും പറഞ്ഞില്ല.. പക്ഷെ ഒരു കുസൃതി ചിരിയോടെ ഐറിൻ ചോദിച്ചു..
“ആരാണ് ആളെന്ന് അറിയണ്ടേ സിദ്ധാർഥ്..?”
ഞാൻ മുഖമുയർത്തി അവളെ നോക്കി..
“നെല്ലിക്കൽ ചെറിയാൻ ഫിലിപ്പിന്റെ സീമന്ത പുത്രൻ മിസ്റ്റർ സണ്ണി ഫിലിപ്പ്…”
ശബ്ദം പോലുമില്ലാതെ ഞാൻ നിന്നു പോയി..ഒന്ന് രണ്ടു നിമിഷങ്ങൾ..
സണ്ണി സാറിന് ഐറിനെ ഇഷ്ടമല്ലെന്നത് ഓഫീസിൽ പാട്ടാണ്.. വല്ലപ്പോഴും ഓഫീസിൽ വന്നാലും, ജനറൽ മാനേജരുടെ സ്റ്റാഫായ ഷൈനിയാണ് പുള്ളിക്കാരനെ അസിസ്റ്റ് ചെയ്യാറുള്ളത്…. ഐറിനെ അടുപ്പിക്കാറില്ല…
“സണ്ണിച്ചനെയായിരുന്നു ആ പഴയ കോളേജുകാരി പ്രണയിച്ചത്..”
ഞാൻ വീണ്ടും ഞെട്ടി.. ഐറിൻ പൊട്ടിച്ചിരിച്ചു…
“അന്ന് എന്റെ കൂട്ടുകാരി വിളിച്ചു പറഞ്ഞത് കേട്ട്,ആള് ഞെട്ടിയെങ്കിലും സണ്ണിച്ചന്റെ പ്രശ്നം എന്റെ നിറമായിരുന്നില്ല,. എന്റെ നനഞ്ഞ കോഴിയെ പോലുള്ള നിൽപ്പായിരുന്നു..പെൺപിള്ളേരായാൽ ഇത്തിരി വീറും വാശിയും തന്റേടവുമൊക്കെ വേണമത്രെ ..”
ഐറിൻ കണ്ണിറുക്കി ചിരിച്ചു..
“‘അയ്യോ ഞാൻ കറുത്തിട്ടാണ് ‘എന്നുള്ള എന്റെ അപകർഷതാ ബോധം ഞാൻ മാറ്റി വെച്ചത് മുതൽ ആള് എന്നെ ശ്രെദ്ധിക്കാൻ തുടങ്ങിയിരുന്നു എന്നാണ് പറഞ്ഞത്..”
ഐറിൻ എവിടേയ്ക്കോ നോക്കിയാണ് അത് പറഞ്ഞത് . ആ വിടർന്ന കണ്ണുകളിൽ പ്രണയം നിറയുന്നത് ഞാൻ കണ്ടു..
“ആള് പ്രൊപ്പോസ് ചെയ്തപ്പോൾ ഞാൻ ആദ്യമൊന്നും അക്സെപ്റ്റ് ചെയ്തില്ല കേട്ടോ… ഇച്ചിരി വട്ടം കറക്കി..”
ഞാനും ചിരിച്ചു പോയിരുന്നു..
“പിന്നെ ആ ഇഷ്ടം ആത്മാർത്ഥമായി ആണെന്ന് മനസ്സിലായി.. ഇത്തിരി ഇരുണ്ട നിറമാണ് പങ്കാളിയ്ക്കെങ്കിൽ, ഒരു കൊച്ചുണ്ടാവുന്നത് വരെ,കൊച്ചിനും ആ നിറം കിട്ടരുതേയെന്ന അങ്കലാപ്പാവും പലർക്കും.. ആൾക്ക് ആ പ്രശ്നമൊനും ഇല്ല. ‘കർത്താവ് തരുന്നത് വെളുത്തതാണെങ്കിലും കറുത്തതാണേലും നമ്മക്ക് അങ്ങ് വളർത്താടോ, നമ്മടെ കുഞ്ഞന്നാമ്മച്ചിയെ പോലെ..അതാണ് പറയുക..”
അവൾ എന്തോ ഓർത്തത് പോലെ പറഞ്ഞു..
“പറയാൻ വിട്ടു..സണ്ണിച്ചൻ അന്നാമ്മച്ചിടെ കട്ട ഫാനാ..”
“പെർഫെക്ട് മാച്ച്.. നിങ്ങള് മാസാ..ഐറിനും സണ്ണിച്ചനും..പിന്നെ കുഞ്ഞന്നാമ്മച്ചി കൊല മാസ്സും….”
ഐറിൻ ചിരിച്ചു.. അവൾക്കപ്പോൾ വല്ലാത്തൊരു അഴകായിരുന്നു..
“സിദ്ധു, എത്ര നേരമായി ഇങ്ങോട്ട് വന്നിട്ട്.., എന്ത് നോക്കി നിക്കുവാ..?”
ദീപ്തി ചുമലിൽ വന്നു തട്ടിയപ്പോഴാണ് ഞാനും ഓർമ്മകളിൽ നിന്നും ഉണർന്നത്..
മോനൊരു ഉടുപ്പ് വാങ്ങാനാണ് ഇവിടെ കയറിയത്.. അപ്പോഴാണ് ഞാൻ അവരെ കണ്ടത്..
“ദോ..”
അവളും കണ്ടു ഞാൻ ചൂണ്ടികാണിച്ചവരെ…കിഡ്സ് വെയർ സെക്ഷനിൽ നിന്നിരുന്ന ഫാമിലിയെ..
സണ്ണിച്ചന്റെ അടുത്ത് ഇരുനിറത്തിൽ ഒരു കൊച്ചു പെൺകുട്ടി നിന്നിരുന്നു…തെല്ലു ആകാംക്ഷയോടെ സണ്ണിച്ചന്റെ കൈയിൽ ഇരുന്ന കുഞ്ഞിനെ ഞാൻ നോക്കി..
മെൽറ്റഡ് ചോക്ലേറ്റ് കളർ..
സണ്ണിച്ചൻ കുഞ്ഞിനെ ഇറുക്കെ പിടിച്ചു ഉമ്മ വെയ്ക്കുന്നതും,എന്തോ പറഞ്ഞപ്പോൾ ഐറിൻ പൊട്ടിച്ചിരിക്കുന്നതും ഞാൻ കണ്ടു..
അവൾ സന്തോഷവതിയാണ്..
ഷീ ഈസ് ഹാപ്പി വിത്ത് ഹെർ ലൈഫ്, മോർ ദാൻ ദാറ്റ് ഷീ ഈസ് ഹാപ്പി വിത്ത് ഹെർസെൽഫ്….