അമ്മയോട് സ്നേഹം ഭാര്യയോട് പ്രണയം
രചന: സിയാദ് ചിലങ്ക
———————–
ഇത്തവണ നാട്ടിലേക്ക് ഫ്ലൈറ്റ് കയറുമ്പോൾ മനസ്സിൽ സന്തോഷമല്ല മനസ്സ് നീറിപ്പുകയുന്ന വേദനയാണ്. ഷഹനയുമായുള്ള വിവാഹ ഉടമ്പടി എന്റെ ഒരു ഒപ്പിലൂടെ അവസാനിക്കാൻ പോവുകയാണ്.
ആറ് വർഷം കാത്തിരുന്നതിന് ശേഷമാണ് ഷഹനയുടെ കഴുത്തിൽ മഹർ മാല അണിയിച്ചത്, ആ നിമിഷം ലോകം വെട്ടിപ്പിടിച്ച രാജാവിനെ പോലെയായിരുന്നു, ഇന്ന് ഷഹന എന്നിൽ നിന്ന് സ്വതന്ത്ര്യയാവാൻ ഒരു ഒപ്പിന് വേണ്ടി കാത്തിരിക്കുന്നു. അവൾ എന്റെ വീട് ജയിലാണെന്നാണ് പറയാറ്, അസുഖക്കാരിയായ എന്റെ ഉമ്മാനെ നോക്കി നാല് ചുമരുകൾക്കിടയിൽ അവളുടെ ജീവിതം തളച്ചിട്ടതിന് അവൾക്ക് എന്നോട് തോന്നിയ വെറുപ്പ്, ഞങ്ങളുടെ വിവാഹ ജീവിതം അവസാനിക്കുന്നത് വരെ എത്തി.
ഷഹനക്ക് ജോലിക്ക് പോകണം, അവളുടെ മാതാപിതാക്കൾ അവളെ പഠിപ്പിച്ചത് വെറുതെ വീട്ടിൽ ഇരിക്കാനല്ല, അതിന് തടസ്സം ഞാനും എന്റെ ഉമ്മയും, ഈ പ്രശ്നം കൂടുതൽ വഷളാക്കിയത് അവളുടെ വീട്ടുകാർ തന്നെയാണ്. വാപ്പ മരിച്ച് പോയപ്പോൾ എന്റെ ഉമ്മ കൂലിപ്പണി എടുത്ത് ആണ് വളർത്തി വലുതാക്കിയത് പഠിപ്പിച്ചത്. ഉമ്മാടെ സ്നേഹത്തിൽ കുതിർന്ന വിയർപ്പ് തുള്ളികളാണ് ഈ ഞാൻ. എനിക്ക് എന്റെ ഉമ്മയെക്കാൾ വലുതല്ല ഷഹന.
എയർപോർട്ടിൽ നിന്ന് പുറത്തിറങ്ങി വേഗം ഒരു ടാക്സി പിടിച്ചു. കഴിഞ്ഞ തവണ വന്നപ്പോൾ ഷഹന ഉണ്ടായിരുന്നു സ്വീകരിക്കാൻ. എയർപോർട്ടിൽ വെച്ച് തന്നെ അവളെ കെട്ടിപ്പിടിച്ച് കവിളിൽ ചുംബിച്ചു. ആൾക്കൂട്ടത്തിന്റെ നടുവിലാണെന്ന് വരെ ഞങ്ങൾ മറന്ന് പോയിരുന്നു. അന്ന് വീട്ടിൽ ഒന്ന് വേഗം എത്തിയിരുന്നെങ്കിൽ എന്ന് കൊതിച്ച് പോയി. വീട്ടിൽ എത്തി മുറിയിൽ കയറി വാതിലടച്ച് ഷഹനയെ വാരിപ്പുണർന്ന നിമിഷം മറക്കാൻ കഴിയില്ല.
വിവാഹ ശേഷം ഒരു കൊല്ലം പിരിഞ്ഞ് ഒന്ന് ചേർന്നപ്പോൾ ഉണ്ടായ വികാരങ്ങൾ എന്തെല്ലാമാണെന്ന് പറയാൻ കഴിയില്ല. എത്ര ശ്രമിച്ചിട്ടും ഷഷനയുമായുള്ള നിമിഷങ്ങൾ മനസ്സിൽ നിന്ന് പറിച്ച് കളയാൻ കഴിയുന്നില്ല. അവളുടെ വാപ്പ ഡൈവോഴ്സ് പേപ്പറിൽ ഒപ്പിടണം എന്ന് പറഞ്ഞ് വിളിച്ച നിമിഷം തകർന്ന് പോയി.
ഒരിക്കലും പ്രതീക്ഷിച്ചില്ല ഇത് ഇവിടെ വരും എത്തുമെന്ന്. എത്ര പിണക്കവും പരിഭവവും ഉണ്ടെങ്കിലും ഷഹനക്ക് എന്നെ പിരിയാൻ കഴിയില്ല എന്ന വിശ്വാസം ആയിരുന്നു മനസ്സ് നിറയെ.
ഷഹന ” ഇക്കാ…..” എന്ന് നീട്ടി വിളിച്ചാൽ തീരാവുന്ന പ്രശ്നം മാത്രമേ ഉണ്ടായിരുന്നുള്ളു ഞങ്ങൾ തമ്മിൽ വീട്ടുകാർ ഇടപെട്ട് എല്ലാം വഷളാക്കി. ഓരോന്നാലോജിച്ച് വീട്ടിൽ എത്തിയതിറിഞ്ഞില്ല.
ഉമ്മാ….
ഉമ്മ കട്ടിലിൽ ചാരിയിരുന്നു ജനലിലൂടെ പുറത്തേക്ക് നോക്കി ഇരിക്കുകയായിരുന്നു. ഉമ്മാനെ നോക്കാൻ നിൽക്കുന്ന ബന്ധുവായ സ്ത്രീയും ഉണ്ടായിരുന്നു.
എന്റെ മോൻ വന്നോ….
ഉമ്മാനെ കെട്ടിപ്പിച്ച് നെറ്റിയിൽ മുത്തം കൊടുത്തപ്പോൾ ഉമ്മ കരഞ്ഞു. ഉമ്മ പഴയതിലും ക്ഷീണിച്ചിരുന്നു. കണ്ണുകൾ പകുതിയേ ഉമ്മാക്ക് തുറക്കാൻ കഴിയുന്നുണ്ടായുള്ളു.
മോൻ കുളിച്ച് വല്ലതും കഴിച്ച് വേഗം ഷഹനയെ വിളിച്ച് കൊണ്ട് വാ, ഉമ്മാക്ക് ഒരു സമാധാനമില്ല മോനെ. എന്റെ പേരും പറഞ്ഞ് നിങ്ങൾ പിരിയരുത്. ഉമ്മാനോട് സ്നേഹമുണ്ടെങ്കിൽ അവളെ കൂട്ടിക്കൊണ്ട് വാ മോനെ, മോൻ വിളിച്ചാൽ അവൾ വരും, വേഗം പോ അവളോട് പറ ഉമ്മാക്ക് കാണണം എന്ന്.
ഷഹനയുടെ വീട്ടിലേക്ക് ചെന്ന് കയറിയപ്പോൾ, അവൾ മുറ്റത്തെ ചെടികൾ നനച്ച് കൊണ്ട് നിൽക്കുകയായിരുന്നു. അപ്രതീക്ഷിതമായി എന്നെ കണ്ട അവൾ സ്തംഭിച്ചു പോയി.
ഷഹന അവസാനമായി ഒന്ന് നിന്നോട് സംസാരിക്കാൻ വേണ്ടി വന്നതാണ് ഞാൻ, നിന്നെ എന്റെ ജീവിതത്തിലേക്ക് വീണ്ടും ഞാൻ ക്ഷണിക്കുകയാണ്. നിങ്ങൾ വിളിച്ചപ്പോൾ ഒപ്പിടാൻ വേണ്ടി മാത്രമായല്ല ഞാൻ നാട്ടിലേക്ക് വന്നത്. എന്റെ ഷഹനക്ക് എന്നെ പിരിയാൻ കഴിയില്ല എന്ന ഉറപ്പ് ഈ നിമിഷം വരെ എനിക്ക് ഉണ്ട്.
ഇക്കാ……എന്ന ഒരു വിളിയും പൊട്ടിക്കരച്ചിലോടെ അവൾ മാറിലേക്ക് വീണതും ഒരുമിച്ചായിരുന്നു. അവൾ കെട്ടിപ്പിടിച്ച് ഒത്തിരി കരഞ്ഞു. ഞങ്ങൾ കെട്ടിപ്പിടിച്ച് നിൽക്കുന്നത് കണ്ട അവളുടെ വാപ്പയും ആങ്ങളമാരും വീടിനുള്ളിൽ നിന്ന് ആക്രോശത്തോടെ തല്ലാനായി ഓടി വന്നു.
തൊട്ട് പോകരുത്, നിങ്ങൾ കാരണം ആണ് കുറച്ച് നാൾ എങ്കിലും ഞങ്ങൾക്ക് പിരിഞ്ഞിരിക്കേണ്ടി വന്നത്. പരസ്പരം സംസാരിച്ചാൽ തീരാവുന്ന പ്രശ്നങ്ങൾ നിങ്ങൾ ഊതിവീർപ്പിച്ച് ഇവിടം വരെ എത്തിച്ചു. ഞാൻ ഷഹനയെയും കൊണ്ട് എന്റെ വീട്ടിൽ പോകുന്നു. ഇനി പ്രശ്നങ്ങൾ ഉണ്ടാക്കാൻ വേണ്ടി ആരും ഞങ്ങളുടെ ഇടയിലേക്ക് വരണ്ട, അതല്ല ഞങ്ങൾ സന്തോഷമായി ജീവിക്കുന്നത് കാണാനാണെങ്കിൽ നിങ്ങൾക്ക് എന്റെ വീട്ടിലേക്ക് വരാം.
വീട്ടിലേക്ക് ഗേറ്റ് തള്ളി തുറന്നപ്പോൾ നടക്കാൻ വയ്യാത്ത ഉമ്മ പടിവാതിലിൽ ചാരി നിന്ന് ഞങ്ങളെ നോക്കി പുഞ്ചിരിച്ചു കൊണ്ട് നിൽക്കുന്നു. ഉമ്മാടെ മുഖത്ത് അപ്പോൾ പതിനാലാം രാവിലെ പൂർണ്ണചന്ദ്രനേക്കാൾ തിളക്കം ഉണ്ടായിരുന്നു.