ആദ്യരാത്രിയിൽ ,അശോകേട്ടൻ എനിക്ക് ചില മുന്നറിയിപ്പുകളൊക്കെ തന്നത് കൊണ്ട്, ഞാൻ കുറച്ച് പ്രിപ്പേഡ് ആയിട്ടാണ് നിന്നത്…….

എഴുത്ത്:-സജി തൈപ്പറമ്പ്.

ആങ്ങ്ഹ്, ഗീതേ ,, അമ്മയും അച്ഛനുമൊക്കെ പഴയ ആൾക്കാരാണ്, അത് കൊണ്ട് അവരുടെ പെരുമാറ്റത്തിലും സംസാരത്തിലുമൊക്കെ, ചില ന്യൂനതകളൊക്കെയുണ്ടാവും, അതൊക്കെ നീ അഡ്ജസ്റ്റ് ചെയ്ത് വേണം നിക്കാൻ,,

ആദ്യരാത്രിയിൽ ,അശോകേട്ടൻ എനിക്ക് ചില മുന്നറിയിപ്പുകളൊക്കെ തന്നത് കൊണ്ട്, ഞാൻ കുറച്ച് പ്രിപ്പേഡ് ആയിട്ടാണ് നിന്നത്,

സംസാരമൊക്കെ കഴിഞ്ഞപ്പോൾ പാതിരാത്രിയായി,ഉറങ്ങിപ്പോകുമെന്ന ഭയം കൊണ്ട് ,അലാറം വച്ചിട്ടാണ് കിടന്നത്

ആറ് മണിക്ക് തന്നെ അലാറം കേട്ട് ഞാൻ ചാടിയെഴുന്നേറ്റു ,

ഡിസംബറിലെ മഞ്ഞ് ചെയ്യുന്നത് പുറത്താണെങ്കിലും, അതിൻ്റെ കുളിര് മുഴുവനും, ഞങ്ങളുടെ ബെഡ് റൂമിലായിരുന്നത് കൊണ്ട്, തണുപ്പിനെ അതിജീവിക്കാൻ ഞാൻ നന്നേ പാട് പെട്ടു,

അറ്റാച്ച്ഡ് ബാത്റൂമില്ലാതിരുന്നത് കൊണ്ട്, കോമൺബാത്റൂമിൽ വേണം കുളിക്കേണ്ടിയിരുന്നത് , അവിടെ,വാട്ടർഹീറ്ററില്ലാതിരുന്നത് വലിയ വെല്ലുവിളിയായിരുന്നു,

ഹാളിൽ ചെന്ന് വാഷ്ബേസനിലെ ടാപ്പ് തുറന്ന്, കൈക്കുമ്പിളിൽ വെള്ളമെടുത്ത് മുഖം കഴുകുമ്പോൾ, ഐസ് ക്യൂബ് കൊണ്ട് മസ്സാജ് ചെയ്യുന്നത് പോലെയാണ്, എനിക്കപ്പോൾ തോന്നിയത്,

ഇത്രയും തണുത്ത വെള്ളത്തിൽ ഞാനെങ്ങനെയാണ് ഈശ്വരാ കുളിക്കുന്നത്? കുളിക്കാതെ ഒരിക്കലും അടുക്കളയിൽ ചെന്ന് കയറരുതെന്ന്, അശോകേട്ടൻ പ്രത്യേകം പറഞ്ഞിട്ടുള്ളതാണ്,

ഞാനാകെ ധർമ്മസങ്കടത്തിലായി.

മോളേ,, കുളിക്കാനുള്ള വെള്ളം മുറ്റത്ത് കലത്തിൽ, അമ്മ ചൂടാക്കി വച്ചിട്ടുണ്ട്, അമ്മയ്ക്ക് ഒറ്റയ്ക്ക് പിടിച്ചോണ്ട് വരാൻ കഴിയില്ല, മോള് കൂടെ വരാമെങ്കിൽ, നമുക്കൊന്നിച്ച് പിടിച്ച്, കുളിമുറിയിൽ കൊണ്ട് വയ്ക്കാം ,മോളുടെ വീട്ടിലെ പോലെ, വെള്ളം ചൂടാക്കുന്ന മെഷീൻ ഇല്ലാത്തത് കൊണ്ട്, ഈ തണുപ്പത്ത് എങ്ങനെ കുളിക്കുമെന്നോർത്ത് വിഷമിക്കണ്ട കെട്ടാ ,,

അശോകേട്ടൻ്റെ അമ്മയായിരുന്നത്,

എനിക്കത്ഭുതം തോന്നി ,മരുമകളുടെ കാര്യത്തിൽ ഇത്രയും മുൻ കരുതലോ?

കുളി കഴിഞ്ഞ് റൂമിലെത്തിയ ഞാൻ, ഉണർന്ന് കിടക്കുന്ന അശോകേട്ടനോട്, ആശ്ചര്യത്തോടെ ഈ കാര്യം പറഞ്ഞു.

നീയതൊന്നും കാര്യാക്കണ്ട, പുതുക്കമല്ലേ? ഇത്തരം അത്ഭുതങ്ങളൊക്കെ എല്ലാ അമ്മായി അമ്മമാരിൽ നിന്നും പ്രതീക്ഷിക്കാം ,കുറച്ച് ദിവസം കഴിയുമ്പോൾ, നിൻ്റെ അഭിപ്രായമൊക്കെ തനിയെ മാറിക്കൊള്ളും,,

അശോകേട്ടൻ വീണ്ടും എനിക്ക് മുന്നറിയിപ്പ് തന്നു.

ഈറൻ മാറിയിടുത്തിട്ട്, വേഗം തന്നെ ഞാൻ അടുക്കളയിലേക്ക് ചെന്നു ,ആദ്യം ചായ തിളപ്പിച്ച് അച്ഛനും അമ്മയ്ക്കും അശോകേട്ടനും കൊടുക്കണം, അത് കഴിഞ്ഞ് ഫ്രിഡ്ജിലിരിക്കുന്ന അരച്ച മാവെടുത്ത് ദോശ ചുടണം ,ഇത് രണ്ടും , പല പ്രാവശ്യം ഞാൻ വീട്ടിൽ വച്ച് ചെയ്ത് പഠിച്ചിരുന്നു, അത് കൊണ്ട് നല്ല ആത്മവിശ്വാസത്തിലായിരുന്നു അടുക്കളയിലേക്ക് ചെന്നത് ,

പക്ഷേ, എൻ്റെ കണക്ക് കൂട്ടലുകളൊക്കെ തെറ്റിച്ച് കൊണ്ട്, അമ്മായിഅമ്മ ഇടിയപ്പത്തിൻ്റെ മാവ് അച്ചിൽ നിന്നും നൂലുകളായി തട്ടുകളിലേയ്ക്ക് പീച്ചി ഇടുന്ന കാഴ്ചയാണ്, അവിടേക്ക് ചെല്ലുന്ന ഞാൻ കണ്ടത്

ങ്ഹാ മോളേ,, ദേ ചായ എടുത്ത് വച്ചിരിക്കുന്നു ,അതെടുത്ത് കുടിക്ക് തണുപ്പ് മാറട്ടെ ,അശോകന് പിന്നെ ചായ കുടിക്കുന്ന ശീലമൊന്നുമില്ല, ഇവിടെ അച്ഛൻ മാത്രമേ ചായ കുടിക്കു ,,

ഞാൻ വീണ്ടും അമ്പരന്നു ,ഈ സ്നേഹപ്രകടനങ്ങളൊക്കെ ചിലപ്പോൾ, അശോകേട്ടൻ പറഞ്ഞത് പോലെ പുതുമോടി ആയത് കൊണ്ടാവും,

അതിര് വിട്ട് ആഹ്ളാദിക്കാൻ മനസ്സിനെ ഞാൻ അനുവദിച്ചില്ല.

ഇടിയപ്പത്തിൻ്റെ കൂടെ മോൾക്ക് എന്ത് കറിയാണ് വേണ്ടത്?
മുട്ടക്കറി ഇഷ്ടമാണോ ?

ഞാൻ ചായ മൊത്തിക്കുടിക്കുന്നതിനിടയിൽ അമ്മായി അമ്മ ചോദിച്ചു.

ഇഷ്ടമാണ്, പക്ഷേ, ചിലപ്പോൾ ഞാനത് ഉണ്ടാക്കാൻ പറഞ്ഞാൽ പണി പാളും, അതെങ്ങനെയാണെന്ന് എനിക്കറിയില്ലല്ലോ?

അങ്ങനെയൊന്നുമില്ലമ്മേ ,, ഇഷ്ടമൊക്കെ തന്നെയാണ് ,പക്ഷേ ,
പഞ്ചസാരയിട്ട് കഴിക്കുന്നതാണ് എനിക്കേറെയിഷ്ടം,,

ഞാനൊരു കളവ് പറഞ്ഞു.

അശോകന് മുട്ടക്കറി നിർബന്ധമാണ്, അത് കൊണ്ട് ഞാൻ മുട്ടക്കറിയാണ് ഉണ്ടാക്കി വച്ചിരിക്കുന്നത്, മോൾക്ക് വേറെ എന്തേലും വേണമെങ്കിൽ, ചെയ്ത് തരാമെന്ന് കരുതിയാ ചോദിച്ചത്,,

എനിക്ക് വീണ്ടും ആശ്വാസം പകരുന്നതായിരുന്നു അമ്മായി അമ്മയുടെ മറുപടി.

ഇനിയിപ്പോൾ ഞാനെന്താണിവിടെ ചെയ്യുക? ,അമ്മായി അമ്മ ചെയ്തോണ്ടിരിക്കുന്ന പണി ചെയ്യാൻ, എനിക്ക് കഴിയുമെന്ന് തോന്നുന്നില്ല ,ഇടിയപ്പം അച്ചിലിട്ട് പീച്ചുന്നത്, അത്ര എളുപ്പമുള്ള കാര്യമല്ല ,വെറുതെ അത് ചോദിച്ച് വാങ്ങി, നാണം കെടേണ്ടെന്ന് കരുതി, ഇടിയപ്പത്തിൻ്റെ മാവ് തീരുന്നത് വരെ ഞാൻ ചായ ,സിപ് ചെയ്ത് കൊണ്ടിരുന്നു,

അപ്പോഴാണ്, കതകിൽ തുരുതുരെ തട്ടുന്ന ശബ്ദം കേട്ടത് ,ഞാൻ വേഗം ചെന്ന് കതക് തുറന്നു,

പുറത്ത് മുടിയഴിച്ചിട്ട് ഭദ്രകാളിയെ പോലെ നില്ക്കുന്ന അമ്മായി അമ്മയെ കണ്ട് ഞാൻ പകച്ച് പോയി ,ഇതെന്താ കുമ്പിടിയോ?
ഒരേ സമയം, രണ്ട് സ്ഥലത്ത് ?

അത്ഭുതത്തോടെ ഞാൻ തിരിഞ്ഞ് നോക്കി ,അശോകേട്ടൻ കട്ടിലിൽ കിടന്നുറങ്ങുന്നു, അപ്പോൾ ഞാൻ അടുക്കളയിലല്ലായിരുന്നോ?ഞാൻ കണ്ടത് ദിവാസ്വപ്നമായിരുന്നോ?

അതിരാവിലെ എഴുന്നേല്ക്കണമെന്നും കുളിച്ച് ശുദ്ധിയായി അടുക്കളയിൽ കയറണമെന്നുമൊക്കെ വീട്ടിൽ നിന്ന് പറഞ്ഞ് തന്നില്ലായിരുന്നോ ?
ഇന്നലെ വരെ ജീവിച്ചത് പോലെ ഇനി ഇവിടെ പറ്റില്ല ,നാളെ മുതൽ എന്നെ കൊണ്ട് വിളിപ്പിക്കാൻ നില്ക്കാതെ നേരത്തെ എഴുന്നേറ്റോളണം,,

ഒരു താക്കീത് തന്നിട്ട്, അമ്മായി അമ്മ ചാടിത്തുള്ളി പോയപ്പോഴാണ്, തലേന്ന് അശോകേട്ടൻ തന്ന മുന്നറിയിപ്പിൻ്റെ തീവ്രത ,എനിക്ക് മനസ്സിലായത്…

Leave a Reply

Your email address will not be published. Required fields are marked *