അവസാന വാചകം പറയുമ്പോൾ എന്റെ ശബ്ദം ഇടറിയിരുന്നു.പറഞ്ഞു കഴിഞ്ഞ് ആരെയും നോക്കാതെ തലകുനിച്ചു നിൽക്കുകയായിരുന്നു ഞാൻ…..

പ്രണയമാണ്…

എഴുത്ത്:-ആമി

” ദേവേട്ടാ.. ചായ… “

അരികിലേക്ക് വന്ന ആ പെണ്ണ് അതും പറഞ്ഞു ചായ അവിടെ വച്ചിട്ട് കണ്ണു തുറന്നു നോക്കുന്നതിനു മുൻപ് തന്നെ മുറിവിട്ട് പുറത്തു പോയിരുന്നു.

അവൾക്ക് അല്ലെങ്കിലും പണ്ടുമുതൽക്കേ എന്നെ ഭയമാണ്.ഞാൻ എന്ത് ചെയ്തിട്ടാണെന്ന് എനിക്ക് ഇതുവരെയും അറിയില്ല. പക്ഷേ എന്നെ കണ്ടാൽ തന്നെ അവൾ ഓടി ഒളിക്കും.

ഈ അവൾ എന്ന് പറഞ്ഞത് ആരെയാണെന്ന് മനസ്സിലായോ..? അവൾ ശാരി. തറവാട്ടിലെ കാര്യസ്ഥന്റെ മകളാണ്.

പക്ഷേ ഇവിടെ ഒരു അംഗത്തെ പോലെ തന്നെയാണ് എല്ലാവരും അവളെ കണക്കാക്കുന്നത്. പ്രത്യേകിച്ചും ഞാൻ..!

ഈ ഞാൻ ആരാണെന്ന് വെച്ചാൽ,മാണിക്യമംഗലം തറവാട്ടിലെ മൂത്ത ഇളമുറക്കാരൻ ആണ്. ദേവൻ.. എൻജിനീയറിങ് ബിരുദധാരിയാണ്.

പക്ഷേ എന്റെ മനസ്സിൽ അവൾ ആണെന്ന് അവൾക്കറിയില്ല. അത് ഇനി എന്ന് അവൾ മനസ്സിലാക്കുമെന്ന് എനിക്ക് തീരെ ധാരണയില്ല.

അത് പിന്നെ എങ്ങനെയാണ്..എന്റെ മുഖത്തേക്ക് നോക്കാതെ,അവൾ എങ്ങനെ മനസ്സിലാക്കാനാണ് ഇതൊക്കെ..?

ഒരിക്കലെങ്കിലും എന്റെ കണ്ണിൽ നോക്കി വർത്തമാനം പറയാൻ അവളുടെ സാധിച്ചാൽ അടുത്ത നിമിഷം അവൾ എന്റെ ഉള്ളിലെ പ്രണയം കണ്ടെത്തും.

ആലോചനകൾക്ക് വിരാമമിട്ട് ചായയും കുടിച്ച് പുറത്തേക്കിറങ്ങി.

അവിടെ കുട്ടിപ്പട്ടാളങ്ങൾക്കൊപ്പം നിൽപ്പുണ്ട് അവളും.അവധി ദിവസങ്ങളിൽ അവൾ മിക്കപ്പോഴും ഇവിടെ തന്നെയാണ്.

ഇന്ന് എല്ലാവരെയും മുത്തശ്ശൻ വിളിച്ചു കൂട്ടിയിട്ടുണ്ട്.എന്താണ് കാര്യം എന്ന് അറിയില്ല.അതുകൊണ്ടാണ് എത്ര തിരക്കുണ്ടായിട്ടും തിരക്കുകൾ ഒക്കെ ഒഴിവാക്കി മുത്തശ്ശൻ വിളിച്ചപ്പോൾ തറവാട്ടിലേക്ക് വന്നത്.അതിന്റെ പിന്നിൽ അവളെ കാണുക എന്ന ഉദ്ദേശം കൂടി ഉണ്ടായിരുന്നു.

എല്ലാവരും എഴുന്നേറ്റ് ആഹാരം ഒക്കെ കഴിച്ചു കഴിഞ്ഞതോടെ മുത്തശ്ശൻ എല്ലാവരെയും അകത്തളത്തിലേക്ക് വിളിച്ചു.

അവളെ കൃത്യമായി കാണാൻ പറ്റുന്ന ഒരു പൊസിഷൻ നോക്കി ഞാനും നിന്നു.

“എല്ലാവരെയും കൂടി ഇങ്ങനെ വിളിച്ചു കൂട്ടിയത് എന്തിനാണെന്ന് എല്ലാവർക്കും ഒരു അമ്പരപ്പുണ്ടായിരിക്കും. ഒരു പ്രധാന കാര്യത്തെക്കുറിച്ച് തീരുമാനമെടുക്കാനാണ് നിങ്ങളെ എല്ലാവരെയും ഇപ്പോൾ ഞാൻ വിളിച്ചു കൂട്ടിയത്.”

ആമുഖം പോലെ മുത്തശ്ശൻ പറഞ്ഞു തുടങ്ങിയപ്പോൾ അവിടെ പൂർണ്ണ നിശബ്ദതയായിരുന്നു.എല്ലാവരും അദ്ദേഹത്തെ ശ്രദ്ധിക്കുമ്പോഴും ഞാൻ പോലും അറിയാതെ എന്റെ കണ്ണുകൾ അവളെ തേടി പോയി തുടങ്ങിയിരുന്നു.

“ഇവിടത്തെ ഇളം തലമുറകാരൊക്കെ വിവാഹ പ്രായമായവരാണ്.ഇവിടെ കൂട്ടത്തിൽ ഏറ്റവും മൂത്തത് ദേവനാണ്.തൊട്ടു താഴെ നന്ദുവും.ഇവരുടെ വിവാഹം ഉടനെ നടക്കണം എന്നാണ് എന്റെ ആഗ്രഹം.അതോടെ ഇവന്മാർക്ക് രണ്ടു പേർക്കും കുറച്ചെങ്കിലും ഉത്തരവാദിത്വബോധം വരും.ആർക്കെങ്കിലും എതിരഭിപ്രായമുണ്ടോ..?”

മുത്തച്ഛന്റെ വാക്കുകൾ എന്നെ പൂർണമായും ഞെട്ടിച്ചിരുന്നു.ഉടനെ ഒരു വിവാഹത്തെക്കുറിച്ചൊന്നും ഞാൻ ചിന്തിച്ചിട്ട് പോലും ഉണ്ടായിരുന്നില്ല.

എല്ലാത്തിലും ഉപരി അവളെ എന്റെ ഇഷ്ടം പറഞ്ഞ് മനസ്സിലാക്കി എന്റെ ജീവിതത്തിലെക്ക് ക്ഷണിക്കാനുള്ള സമയം കൂടി വേണമല്ലോ..അവളുടെ പഠനം കഴിഞ്ഞതിനു ശേഷം അവളോട് ഇങ്ങനെയൊരു പ്രപ്പോസലിനെ കുറിച്ച് പറയൂ എന്ന് നേരത്തെ തന്നെ തീരുമാനിച്ചതാണ്.അതുകൊണ്ടാണ് ഇത് ഇത്രനാളും നീണ്ടു പോയത്..

“ഞങ്ങൾക്കാർക്കും ഒരു എതിരഭിപ്രായവും ഇല്ല.വിവാഹപ്രായമായവർ തന്നെയാണല്ലോ അവർ രണ്ടാളും.. എത്രയും വേഗം വിവാഹം നടത്തിയാൽ അത്രയും നല്ലത്..”

അച്ഛൻ കൂടി സപ്പോർട്ട് പറഞ്ഞതോടെ ഇതിൽ നിന്ന് എങ്ങനെ ഊരിപ്പോരും എന്ന് ഗഹനമായ ചിന്തയിലായി ഞാൻ.

“ദേവന്റെ മനസ്സിൽ ആരെങ്കിലും ഉണ്ടെങ്കിൽ തുറന്നു പറയണം.അങ്ങനെയാണെങ്കിൽ പിന്നെ പെണ്ണു നോക്കി സമയം കളയണ്ടല്ലോ.നന്ദു അവന്റെ ഇഷ്ടം നേരത്തെ തന്നെ ഇവിടെ അറിയിച്ചിട്ടുണ്ട്.അത് നടത്താനാണ് ഞങ്ങളുടെ ആഗ്രഹം.”

മുത്തശ്ശൻ പറഞ്ഞപ്പോൾ നന്ദുവിനെ അത്ഭുതത്തോടെയാണ് ഞാൻ നോക്കിയത്.പഠിപ്പിയായി നടന്ന ഇവന് എവിടെയായിരുന്നു പ്രേമിക്കാൻ സമയം എന്നാണ് ഞാനോർത്തത്.

“ആരാ അവന്റെ മനസ്സിലുള്ളത്..?”

അച്ഛൻ വീണ്ടും ചോദിച്ചപ്പോൾ മുത്തശ്ശൻ ഒന്ന് ചിരിച്ചു. അരുതാത്തത് എന്തോ സംഭവിക്കാൻ പോകുന്നത് പോലെ എന്റെ ഹൃദയം അതിദ്രുതം മിടിച്ചു.

“വേറെ ആരും അല്ല…നമ്മുടെ ശാരിയാണ് ആള്..”

ആ വാക്കുകൾ കേട്ട് ഞെട്ടലോടെയാണ് ഞാൻ നന്ദുവിനെ നോക്കിയത്.എന്നെക്കാൾ വലിയ ഞെട്ടലുമായി ശാരി അവിടെ നിൽക്കുന്നത് ആ സമയം ശ്രദ്ധിച്ചില്ല.

“ശാരിയോ..?”

അത്ഭുതത്തോടെ അമ്മ ചോദിക്കുന്നത് കേട്ടു.

“അതെ.നിങ്ങളെ എല്ലാവരെയും പോലെ ശാരി മോളും ഇപ്പോഴാണ് ഈ കാര്യം അറിയുന്നത്.നമ്മുടെ വീട്ടിൽ തന്നെയുള്ള കുട്ടിയല്ലേ.. അവളെ നമുക്കൊക്കെ നന്നായി അറിയുന്നതല്ലേ.. അപ്പോൾ പിന്നെ പ്രത്യേകിച്ച് അന്വേഷണങ്ങളുടെ ആവശ്യമൊന്നുമില്ലല്ലോ.. പിന്നെ മോളുടെ മനസ്സിൽ മറ്റ് എന്തെങ്കിലും ഉണ്ടെങ്കിൽ തുറന്നു പറയാം.ഇഷ്ടക്കേട് ഉണ്ടെങ്കിൽ അത് പറയാൻ മടിക്കേണ്ട.ഇവിടെ കടമയും കടപ്പാടും ഒന്നും ചിന്തിക്കേണ്ട ഒരാവശ്യവുമില്ല.”

മുത്തശ്ശൻ പറയുന്നത് കേട്ടപ്പോൾ ശരിക്കും പറഞ്ഞാൽ ദേഷ്യമാണ് തോന്നിയത്.

“ഇവിടെ അങ്ങനെ അവളുടെ കല്യാണം നടത്താൻ പറ്റില്ല..”

ദേഷ്യത്തോടെ ഞാൻ പറഞ്ഞപ്പോൾ എല്ലാവരും ഒരു പകപോടെ എന്നെ നോക്കുന്നത് കണ്ടു.

“അതെന്താടാ..? നന്ദുവിനും അവന്റെ അച്ഛനമ്മമാർക്കും യാതൊരു താൽപര്യക്കുറവും ഇല്ല. പിന്നെ ശാരിക്കും അവളുടെ മാതാപിതാക്കൾക്കും ഇഷ്ടമാണെങ്കിൽ ഈ വിവാഹം നടക്കുക തന്നെ ചെയ്യും.”

ഒരു തീർപ്പ് പോലെയാണ് മുത്തശ്ശൻ അത് പറഞ്ഞത്.

“അങ്ങനെ വിവാഹം നടത്താൻ ഞാൻ സമ്മതിക്കില്ല.അങ്ങനെ ആരെങ്കിലും കെട്ടിക്കൊണ്ടു പോകാൻ വേണ്ടിയല്ല വർഷങ്ങളായി ഞാൻ അവളെ മനസ്സിൽ ഇട്ടു കൊണ്ടു നടക്കുന്നത്..”

എന്റെ വെളിപ്പെടുത്തൽ അവളെ ഉൾപ്പെടെ ആ വീട്ടിലുള്ള എല്ലാവരെയും ഞെട്ടിച്ചു എന്ന് ഞാൻ കരുതി.പക്ഷേ മുത്തശ്ശന്റെ മുഖത്തെ ഗൗരവം കണ്ടപ്പോൾ പണി പാളിയോ എന്നൊരു സംശയം തോന്നി.

“ഇതെങ്ങനെ ശരിയാകും..? അങ്ങനെ ഒരു ഇഷ്ടത്തെക്കുറിച്ച് ആദ്യം ഞങ്ങളോട് പറഞ്ഞത് നന്ദുവാണ്. അപ്പോൾ അവന്റെ ഇഷ്ടത്തിന് പ്രാധാന്യം കൊടുക്കാൻ മാത്രമേ ഇപ്പോൾ ഞങ്ങൾക്ക് കഴിയു.. അവൻ ഇതു തുറന്നു പറയുന്നതിന് കുറച്ചു നിമിഷങ്ങൾക്കു മുൻപെങ്കിലും നീ പറഞ്ഞിരുന്നെങ്കിൽ നിന്റെ ഇഷ്ടത്തിനൊപ്പം ഞാൻ നിന്നേനെ.ഇത് നടക്കില്ല ദേവാ..”

മുത്തശ്ശൻ തീർത്തു പറഞ്ഞു.

“പറ്റില്ല.എന്റെ ഇഷ്ടം മറന്നു കളയാൻ ഞാൻ തയ്യാറല്ല.അങ്ങനെ മറന്നു കളയാൻ വേണ്ടി അല്ലല്ലോ അവളെ ഞാൻ എന്റെ ഹൃദയത്തിൽ സൂക്ഷിച്ചത്.. അവളുടെ ഇഷ്ടം നോക്കിയിട്ട് വിവാഹം നടത്തിയാൽ മതി. അവൾക്ക് എന്നെ ഇഷ്ടമല്ല എന്ന് പറഞ്ഞാൽ പിന്നീട് ഒരിക്കലും ഞാൻ അവളെ ശല്യം ചെയ്യില്ല. അവൾക്ക് നന്ദുവിനെ വിവാഹം ചെയ്യാനാണ് താല്പര്യം എങ്കിൽ അത് നടക്കട്ടെ.”

അവസാന വാചകം പറയുമ്പോൾ എന്റെ ശബ്ദം ഇടറിയിരുന്നു.പറഞ്ഞു കഴിഞ്ഞ് ആരെയും നോക്കാതെ തലകുനിച്ചു നിൽക്കുകയായിരുന്നു ഞാൻ.

പക്ഷേ കുറച്ചു കഴിഞ്ഞപ്പോൾ അവിടെ ഒരു കൈയ്യടി ശബ്ദം കേട്ടപ്പോഴാണ് തലയുയർത്തി നോക്കിയത്.നേരത്തെ കണ്ടതു പോലെയല്ല എല്ലാ മുഖങ്ങളിലും നിറഞ്ഞ ചിരിയാണ്.കാരണം അറിയാതെ ഒരു പകപോടെ എല്ലാവരെയും നോക്കി.

അപ്പോഴാണ് നന്ദു അടുത്തേക്ക് വരുന്നത്.

“ഞാൻ കുറച്ചു നാളായി ശ്രദ്ധിക്കുന്നുണ്ട്.ഏട്ടന് ഇവിടെ വരുമ്പോൾ അവൾക്ക് പിന്നാലെയുള്ള ചുറ്റിത്തിരിയൽ ഇത്തിരി കൂടുതലായിരുന്നു.സംഭവം ആർക്കും മനസ്സിലാവാത്ത രീതിയിൽ ഏട്ടൻ ബുദ്ധിപരമായിട്ടാണ് അത് കൈകാര്യം ചെയ്തതെങ്കിലും, കോളേജിൽ അത്യാവശ്യം കോഴി പട്ടം ഉണ്ടായിരുന്ന എനിക്ക് അത് കണ്ടുപിടിക്കാൻ വലിയ മെനക്കെടേണ്ട കാര്യമൊന്നും വന്നില്ല. അതുകൊണ്ടുതന്നെ ഇവിടെ എല്ലാവർക്കും നേരത്തെ തന്നെ ഇക്കാര്യം അറിയാമായിരുന്നു.”

ഒരു ചിരിയോടെ അവൻ പറഞ്ഞു നിർത്തിയപ്പോൾ ചമ്മി മാറി നാണംകെട്ട അവസ്ഥയിലായിരുന്നു ഞാൻ.

“നീ ഇങ്ങനെ ചമ്മി നിൽക്കുക ഒന്നും വേണ്ട.നിന്റെ ഇഷ്ടം ഇവിടെ അറിഞ്ഞപ്പോൾ തന്നെ ശാരിയോട് ഞങ്ങൾ അതിനെക്കുറിച്ച് അഭിപ്രായം ചോദിച്ചിരുന്നു.അവൾക്കും താല്പര്യം കുറവൊന്നുമില്ല എന്ന് പറഞ്ഞതു കൊണ്ട് തന്നെ നിങ്ങളുടെ വിവാഹം നടത്താനാണ് ഞങ്ങളുടെ തീരുമാനം.പിന്നെ ഇവിടെ നടന്നത് എന്താണെന്ന് വെച്ചാൽ, ഇത്രയും നാളും എല്ലാവരെയും വിരട്ടി നടന്ന നീ ഈ കാര്യത്തിൽ എങ്ങനെ പ്രതികരിക്കും എന്നറിയാനുള്ള ചെറിയൊരു ടെസ്റ്റ്.. എന്തായാലും ടെസ്റ്റിൽ നീ തന്നെ പാസായി.. അപ്പോൾ പിന്നെ ഉടനെ തന്നെ വിവാഹവും നടത്തി തരാം.. എന്തെ..?”

മുത്തശ്ശൻ ചോദിച്ചപ്പോൾ അത്രയും സമയം ഉണ്ടായിരുന്ന നാണക്കേട് അല്ല അതിനേക്കാൾ ഉപരി എനിക്ക് സന്തോഷമാണ് തോന്നിയത്.

ഒളി കണ്ണിട്ട് അവളെ നോക്കുമ്പോൾ അവളും അത്യധികം പ്രണയത്തോടെ എന്നെ നോക്കുന്നുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *