രചന: Siya Yousaf
:::::::::::::::::::::
രവി ശങ്കർ, ജോലി കഴിഞ്ഞ് വീട്ടിലെത്തുമ്പോൾ സുധർമ്മ ബെഡ് റൂമിൽ കിടക്കുകയാണ്…
“എന്തുപറ്റീടോ ഈ നേരത്ത് പതിവില്ലാത്തൊരു കിടത്തം…?”
“ആ രവ്യേട്ടൻ വന്നോ…ഞാനൊന്ന് മയങ്ങിപ്പോയി…” അവർ എഴുനേൽക്കാൻ ശ്രമിച്ചു. “വയ്യെങ്കിൽ കുറച്ചു നേരം കൂടി കിടന്നോളൂ…എഴുനേൽക്കണ്ട…”
“എനിക്കു കുഴപ്പൊന്നൂല്യ…ഏട്ടൻ പോയി ഫ്രഷായി വരൂ….ഞാൻ കാപ്പിയെടുക്കാം…” സുധർമ്മ ടവ്വലെടുത്ത് രവിക്ക് കൊടുത്ത് അടുക്കളയിലേക്ക് നടന്നു.
“സുധേ…” രവി വീണ്ടും വിളിച്ചു. അവർ തിരിഞ്ഞു നിന്നു. അവരുടെ മുഖം ഉയര്‍ത്തി പിടിച്ചുകൊണ്ട് അയാൾ ചോദിച്ചു… “താൻ കരഞ്ഞോ…?” സുധർമ്മ ഒന്നും മിണ്ടാതെ തല താഴ്ത്തി നിന്നു. “എന്താടോ ഉണ്ടായത്….? സത്യം പറ. ഞാനൊരു അഡ്വക്കേറ്റാണെന്ന് മറക്കണ്ട…”
“അത്….””അല്ലെങ്കി വേണ്ട. മോളെവിടെ…? ഞാനവളോട് ചോദിച്ചോളാം. മോളേ….” രവി ഉച്ചത്തിൽ വിളിക്കാൻ തുടങ്ങവേ…സുധർമ്മ തടഞ്ഞു.
“അവളോട് ചോദിക്കണ്ട…അവൾ അപ്പുറത്ത് ഹേമേടെ കൂടെയുണ്ട്….”
“ഹേമ പോയില്ലേ….”
വീട്ടിൽ ജോലിക്കായി വരുന്ന കുട്ടിയാണ് ഹേമ.
“അവളെ ജിനിമോള് വിട്ടില്ല…ചേച്ചി പോയാ അവൾക്ക് ബോറടിക്കുമെന്ന്…”
“അതു പിന്നെ അങ്ങനല്ലേ…അവളുടെ ബെസ്റ്റ് ഫ്രണ്ടായ താനിങ്ങനെ കിടന്നാൽ അവള് പിന്നെന്താ ചെയ്യാ….” രവി പറഞ്ഞതിന് സുധക്ക് മറുപടി ഇല്ലായിരുന്നു. പകരം അവളുടെ മിഴിനീർ ചാലിട്ടൊഴുകി. “എന്താ സുധേ…? എന്തുപറ്റി തനിക്ക്….? വയ്യെങ്കിൽ പറ നമുക്ക് ഡോ: സൂസനെ കാണാം…” അയാൾ അവളെ പിടിച്ചു ബെഡിലിരുത്തി. “വയറ്റിലൊരു കുഞ്ഞുണ്ടെന്ന ഓർമ്മ വേണം. തന്റെ ഇമോഷൻസ് കുഞ്ഞിനെയാണ് ബാധിക്ക്യാ…”
അവളുടെ വിതുമ്പൽ കണ്ണീർ മഴയായി പെയ്തിറങ്ങി. അവൾ രവിയെ കെട്ടിപ്പിടിച്ചു. “മോളെന്നോട് ശരിക്ക് മിണ്ടീട്ട് മൂന്നു ദിവസായി രവ്യേട്ടാ….”
“ഏഹ്…തന്നോടവള് മിണ്ടാതിരിക്യേ…? എന്താ കാരണം.”
“അത്…അത് രവ്യേട്ടാ…അവൾക്ക് ഈ കുഞ്ഞു വാവയെ വേണ്ടാന്ന്…”
സുധർമ്മയുടെ മറുപടി രവിക്ക്, ശരിക്കും ഒരു അടി കിട്ടിയ പോലെയാണ് തോന്നിയത്. ഇരുവർക്കുമിടയിൽ കുറച്ചു നേരത്തേക്ക് മൗനം സ്ഥാനം പിടിച്ചു. ശേഷം…മൗനം ഭഞ്ജിച്ചു കൊണ്ട് രവി പറഞ്ഞു. “ഒരു കുഞ്ഞിനു വേണ്ടി അവൾക്കായിരുന്നല്ലോ ഉത്സാഹം…ഏറെ ചികിത്സക്കൊടുവിലാ ഈയൊരു റിസൾട്ട് കിട്ടിയത്. അപ്പോഴും അവൾ ഹാപ്പിയായിരുന്നു. പിന്നെന്താ ഇപ്പോഴിങ്ങനെ…”
“അവളുടെ ഫ്രണ്ട്സ് അവളെ കളിയാക്കിയെന്ന്….പ്ലസ് ടുവിൽ പഠിക്കുന്ന നിനക്കാണോ ഇനി താഴെ കുട്ടിയുണ്ടാകുന്നതെന്നും പറഞ്ഞ്…അത് അവൾക്ക് നാണക്കേട് ഉണ്ടാക്കുമെന്ന്…പിന്നേയും എന്തൊക്കെയോ പറഞ്ഞു….” സുധർമ്മ മുഖം പൊത്തി കരഞ്ഞു.
“നിനക്കവളെ പറഞ്ഞു മനസിലാക്കാമായിരുന്നില്ലേ സുധേ….”
“എന്തു പറയാൻ രവ്യേട്ടാ…ചില നേരത്ത് മക്കളുടെ ചോദ്യങ്ങൾക്ക് മുമ്പിൽ നമ്മൾ പാരന്റ്സ് ഉത്തരം മുട്ടി നിൽക്കേണ്ടി വരും…”
മൗനം….
“ജിനീ….”
രവി ഉറക്കെ വിളിച്ചു. ജിനി വാതിലിനു പിറകിൽ പ്രത്യക്ഷപ്പെട്ടു. രവി സാവധാനം അവളുടെ അടുത്തേക്ക് ചെന്നു. അവളെ ചേര്‍ത്തു നിറുത്തിക്കൊണ്ട് പറഞ്ഞു.
“നിന്നെ, അമ്മ ഗർഭം ധരിച്ചിരിക്കുന്ന സമയത്ത് ഞങ്ങൾ മോളെ വേണ്ടെന്ന് വച്ചിരുന്നെങ്കിലോ…? മോൾ ഈ ഭൂമിയിൽ ജനിക്കുമായിരുന്നോ…? അച്ഛനെ കാണുമായിരുന്നോ…? അമ്മയെ കാണുമായിരുന്നോ…? ഈ പ്രകൃതിയെ കാണുമായിരുന്നോ…? ഇല്ല…ഒന്നും കാണുമായിരുന്നില്ല. ഈ ലോകത്തെ കാണാൻ കൗതുകത്തോടെ കാത്തിരിക്കുന്ന ഒരു ജീവനെ നശിപ്പിക്കാൻ നമുക്കെന്തവകാശം…? കുഞ്ഞുങ്ങൾ ഒരിക്കലും ഒരാൾക്കും ഭാരമല്ല…നാണക്കേടുമല്ല…പറയുന്നവർ എന്തും പറഞ്ഞോട്ടെ…”
ജിനി അച്ഛന്റെ കൈകൾ മുറുകെ പിടിച്ചു…അമ്മയെ അമർത്തി ചുംബിച്ചു