രചന: നീതു രാകേഷ്.
::::::::::::::::::::::::::::
അല്ലെങ്കിലും അവൾക് അവന്റെ കാര്യം നോക്കാൻ സമയം ഇല്ലല്ലോ
അമ്മയാണ്…ഇത് എന്നും പതിവ് ഉള്ളതാണ്. ഇന്നിപ്പോ എന്താണാവോ…
എന്താ അമ്മേ, ഞാൻ അലക്കുവായിരുന്നു…
അവന്റെ കാര്യങ്ങളൊക്കെ നോക്കീട്ട് പോരെ നിനക്ക് ബാക്കിയുള്ള പണികൾ. ചെല്ല് അവനു കുളിക്കാൻ ആ തോർത്ത് എടുത്ത് കൊടുക്ക്.
ഈശ്വരാ ഇതിപ്പോ ചിരിക്കണോ കരയണോ എന്ന അവസ്ഥ. എന്റെ അമ്മേ, ഏട്ടൻ എടുക്കാവുന്നതല്ലേ ഉള്ളൂ അത്, ഞാൻ ഇനി അത് എടുത്ത് കയ്യിൽ പിടിപ്പിക്കണോ…?
പിന്നെ എന്തിനാ നിന്നെ കൊണ്ട് വന്നിരിക്കുന്നെ…ഷോ കേസിൽ വെക്കാനോ.
മറുപടി ഉയർന്നു വന്നതാണ്. പക്ഷെ ഉള്ളിൽ തന്നെ ഒതുക്കി. ഇനീം നിന്നാൽ തനിക്ക് സമയം വൈകും. വീണ്ടും വീട്ടുജോലിയിലേക്ക് ഊളിയിട്ടു. ഇതിനിടയിൽ കെട്ട്യോൻ കുളിയും കഴിഞ്ഞ് മൂളിപ്പാട്ടും പാടി അകത്തേക്ക്…രേഷ്മേ…എന്റെ ബ്ലാക്ക് ഷർട്ട് എവിടെ…? ഏട്ടനാണ്…
വേഗം തുണിയൊക്കെ അവിടെ ഇട്ടു അകത്തേക്ക് നടക്കാനൊരുങ്ങി.
ദാ കണ്ണാ, ഇന്നീ ബ്ലൂ ഇട്ടോ, ഇത് നിനക്ക് നന്നായി ചേരും…വേഗം വന്നോ അമ്മ ഭക്ഷണം എടുത്തു വെച്ചിട്ടുണ്ട്.
ഊഹം തെറ്റിയില്ല അമ്മയാണ്…ഇതൊന്നും ഭാര്യ ചെയ്യണ്ടതല്ലേ ആവോ…മനസ്സിൽ ഒരു കുഞ്ഞു നെരിപ്പോട് സ്ഥാനം പിടിക്കുമ്പോഴേക്കും ‘ഹോ ഇതിനും കൂടെ നിന്ന് സമയം പോയില്ലല്ലോ ‘ എന്ന് സ്വയം ആശ്വസിച്ചു. എങ്കിലും കണ്ണുകൾ ചതിക്കുന്നു. അത് കണ്ടിട്ടാവണം ഏട്ടൻ ഒരു വിളറിയ ചിരി സമ്മാനിച്ചത്.
ന്താ അവിടെ നിക്കണേ…ഇങ്ങോട്ട് വാടോ..ഏട്ടനാണ്, മുഖത്ത് നോക്കുന്നില്ല.
അല്ലെങ്കിലും എന്ത് പറയാൻ…എന്നും കാണുന്നതല്ലേ സീമന്ത പുത്രനോടുള്ള സ്നേഹം…എല്ലാം സ്വയം ചെയ്തു കൊടുക്കണം എന്ന് വാശി.സമയം പോയി ഏട്ടാ, ഇന്നെന്നെ ഒന്ന് സ്റ്റോപ്പിൽ വിടണം ട്ടോ.. ഒരു പത്തു മിനിറ്റ്…ഞാൻ വേഗം റെഡി ആവാം.
അല്ല നീയിത് എങ്ങോട്ടാ രേഷ്മേ…?
അതെന്ത അമ്മേ എനിക്ക് ക്ലാസ്സ് ഉണ്ടല്ലോ.
ഹാ ഇന്ന് പോവണ്ട…ഇന്ന് രമേടെ മോളെ പ്രസവത്തിനു കൂട്ടി കൊണ്ടുവാ. അവിടെ പോവണം. കണ്ണാ നിനക്ക് സമയം ആയില്ലേ നീ പോവാൻ നോക്ക്…
ഏട്ടൻ എന്തോ പറയാൻ ആഞ്ഞു. കണ്ടാൽ അറിയാം നല്ല ദേഷ്യം വന്നിട്ടുണ്ട്. പെട്ടെന്ന് തന്നെ സാരമില്ല എന്ന് പറഞ്ഞു ഏട്ടനെ പറഞ്ഞയച്ചു. പണികളൊക്കെ തീർന്നല്ലോ ഇനിയിപ്പോ എന്താ എന്ന് ആലോചിച്ചു പതുക്കെ അടുക്കളപ്പുറത്തേക്ക് നടന്ന്…
എന്താ സീമേച്ചി…കണ്ണൻ ഇന്ന് വൈകിയോ…? അപ്പുറത്തെ ലീല ചേച്ചിയാണ്.
അതെങ്ങനെ ലീലേ…അവന്റെ കാര്യം നോക്കാന ഒരുത്തീനെ കൊണ്ട് വന്നത്. അവൾക്ക് അവനെ നോക്കുന്നതിലും വലുത് പഠിത്തം ആണല്ലോ.
വയ്യ ഇതിപ്പോ കുറെ ആയി…എന്നും തനിക്ക് കുറ്റം…
അമ്മേ, ഏട്ടൻ എന്താ ചെറിയ കുട്ടിയാണോ…? എല്ലാ കാര്യങ്ങളും ഒരുക്കി കൊടുക്കാൻ…
പിന്നെ ന്തിനാ നിന്നെ കൊണ്ട് വന്നിരിക്കണേ…?
അതിനാണെങ്കിൽ ഒരു ഹോം നേഴ്സ് നെ വെച്ചാൽ പോരേ…?
നീ തർക്കുത്തരം പറയാൻ നിക്കണോ.
അല്ല കാര്യം പറഞ്ഞു ന്നേ ഉള്ളൂ. അമ്മ ഒന്ന് മനസിലാക്കണം ബാല വിവാഹമൊക്കെ എന്നേ അവസാനിപ്പിച്ചതാണ്. എല്ലാവരും സ്വന്തം കാലിൽ നിൽക്കാം എന്ന് തോന്നുമ്പോൾ തന്നെയാണ് കല്യാണം കഴിക്കുന്നത്. ഞങ്ങൾ രണ്ടു പേർക്കിടയിൽ ഒരു അസ്വാരസ്യങ്ങളും ഇല്ല. പരസ്പരം മനസ്സിലാക്കുന്നുണ്ട് ഞങ്ങൾ. അത് കൊണ്ട് തന്നെ ഞങ്ങൾക്ക് പല കാര്യങ്ങളിലും അഡ്ജസ്റ്റ് ചെയ്യാൻ ഒരു ബുദ്ധിമുട്ടും ഇല്ല.അപ്പോ നിനക്ക് അവന്റെ കാര്യങ്ങൾ നോക്കാൻ വയ്യല്ലേ…
നോക്കുന്നില്ലന്ന് ആര് പറഞ്ഞു അമ്മേ…ഏട്ടന് ആ കാര്യത്തിൽ എന്തെങ്കിലും പരാതി ഉണ്ടോ…?ഞങ്ങൾക്കിടയിൽ ആൻഡേർസ്റ്റാൻഡിങ് ലൂടെ ഉള്ള സ്നേഹം ആണ് ഉള്ളത്. ഞങ്ങൾ പരസ്പരം ബഹുമാനിക്കുന്നു.
നീ ഇപ്പൊ പോയി നിന്റെ പണി നോക്ക് രേഷ്മേ…
ഹാ അത് തന്നെയാണ് ചെയ്യുന്നത്. എനിക്ക് ഇന്ന് ക്ലാസ്സിൽ പോവണം അമ്മേ…ഇന്നലെ ഞാൻ ഉറക്കമിളച്ചു ഉണ്ടാക്കിയ സെമിനാർ ആണ്. എനിക്ക് അത് സബ്മിറ്റ് ചെയ്തെ പറ്റു…ഇനിയും നിന്നാൽ ന്റെ അടുത്ത ബസ് ഉം പോവും. വൈകീട് കാണാം അമ്മേ…
തർക്കിക്കാൻ വയ്യാഞ്ഞിട്ടാണോ അതോ യാഥാർഥ്യം മനസിലാക്കിയിട്ടാണോ…അമ്മ ഒന്നും മിണ്ടിയില്ല.