അല്ലെങ്കിൽ തന്നെ ഞങ്ങളുടെ മനോഹരമായ ആദ്യ കൂടിക്കാഴ്ച്ച പോലും ബസ്സിൽ നിന്നല്ലായിരുന്നോ..

പാരിജാതം

രചന: Aparna Aravind

——————

ചാറ്റൽ മഴയുടെ കുളിര് നെഞ്ചിൽ പടർന്ന് കയറുന്നുണ്ട്..ചെറിയ റോഡിലൂടെയുള്ള ഈ മഴയാത്ര പണ്ടേ വലിയ ആവേശമാണ്. ചിലർക്ക് അങ്ങനെയാണല്ലോ മഴ എന്നാൽ വല്ലാത്തൊരു നിർവൃതി ആവും..

പാടത്തിന് നടുവിലൂടെ ബസ്സ് ചീറിപാഞ്ഞു പോകുമ്പോൾ തെറിച്ച് വീഴുന്ന ഓരോ തുള്ളി മഴയും എന്റെ നെഞ്ചിലൂടെ ഊർന്നിറങ്ങി അങ്ങ് ഹൃദയത്തിൽ സ്ഥാനം പിടിക്കുന്നുണ്ട്..

ഇപ്പോളും ബസ്സിൽ പോണത് ഞാൻ മാത്രമേ കാണുള്ളൂ എന്ന് സുമ ഇന്നും കൂടെ കളിയാക്കി പറഞ്ഞതാ..

ഈ മഴയും സൈഡ് സീറ്റും പിന്നെ നമ്മുടെ ബസ്സിലെ പാട്ടും…ആഹാ അത് വല്ലാത്തൊരു ഫീൽ തന്നെയാണ്.. അത് വല്ലോം ആ ഡിഗ്രികാരിയോട് പറഞ്ഞാൽ മനസ്സിലാകുമോ..

അല്ലെങ്കിൽ തന്നെ ഞങ്ങളുടെ മനോഹരമായ ആദ്യ കൂടിക്കാഴ്ച്ച പോലും ബസ്സിൽ നിന്നല്ലായിരുന്നോ..

ബാങ്കിൽ ജോലി തുടങ്ങിയ സമയത്ത് സ്ഥിരം കയറുന്നൊരു ബസ്സ് ഉണ്ടായിരുന്നു.. സുമയെ ആദ്യമായ് കാണുന്നത് ആ ബസ്സിലെ യാത്രയിലാണ്..

അന്നൊരു കർക്കിടകത്തിൽ മഴ നനഞ് ഓടി കയറിയ അവൾക്ക് നേരെ തുടിച്ചത് എന്റെ പ്രണയമായിരുന്നു..തൂവെള്ള കസവ് പട്ടുപാവാടയിൽ അവളൊരു മാലാഖ ആണോ എന്ന് ഞാൻ സംശയിച്ചിരുന്നു..

അഴിച്ചിട്ട കാർകൂന്തലിൽ തിരുകിവെച്ച തുളസിക്കതിർ ഓരോ നിമിഷവും അവളുടെ മുടിയിൽ ചുംബിച്ചുകൊണ്ടിരുന്നു..

ആ കതിരിനോട് പോലും എനിക്ക് വല്ലാത്ത അസൂയ തോന്നി. നെറ്റിയിൽ ചാർത്തിയ ചന്ദനം അവളുടെ മുഖത്ത് തിളങ്ങുന്നുണ്ടായിരുന്നു.

ആ ശോഭയിൽ അവളെ ആരും പ്രണയിച്ചുപോകുമെന്ന് ഞാൻ മനസ്സിൽ പറഞ്ഞുപോയി.. അവളുടെ കൊലുസിന്റെ കിലുക്കം പതിച്ചത് എന്റെ നെഞ്ചിലാണ്.

കണ്ണടയ്ക്കുമ്പോഴെല്ലാം അവളും ആ ചന്ദനക്കുറിയും എന്റെ മുൻപിൽ തെളിഞ്ഞുവന്നു..ആദ്യമായ് പ്രണയത്തെ നേരിട്ട് കാണുന്ന ആ മുഹൂർത്തമുണ്ടല്ലോ… ഹോ.. അതാലോചിക്കുമ്പോൾ ഇന്നും മനസ്സിനൊരു കുളിരാണ്.. അവൾ എന്റെ പെണ്ണാണ് എന്ന് അന്ന് മനസ്സിൽ ഉറപ്പിച്ചതാണ്..

വാര്യത്തെ സുമ എന്നും കൃഷ്ണനെ കാണാൻ അമ്പലത്തിൽ പോകാറുണ്ടെന്ന് അമ്മിണി തന്ന സന്ദേശം കേട്ടാണ് അന്ന് മുതൽ ഭക്തി തുടങ്ങിയത്..

അവളെ കാണാനായ് മാത്രം മഴ നനഞ് എത്ര നാൾ തൃക്കേക്കര അമ്പലനടയിൽ കാത്തിരുന്നിട്ടുണ്ട്..

കൂട്ടിന് വരാറുള്ള ഷാരത്തെ പെൺപടകൾ അമ്മ വീട്ടിൽ സന്ദർശനത്തിന് പോയതറിഞ്ഞാണ് അന്ന് ബാങ്കിൽ അവധി പറഞ് പുലർച്ചെ തന്നെ അമ്പലത്തിലേക്ക് പാഞ്ഞത്..

എന്റെ ജീവനാണ് കൃഷ്ണാ.. എനിക്ക് തന്നേക്കണേ.. ആദ്യമായാണ് ഞാൻ നിന്നോട് ഒന്ന് ആവശ്യപ്പെടുന്നത്.. കൂടെ നിന്നേക്കണേ കണ്ണാ.. മനസ്സുരുകി അന്നാദ്യമായി കണ്ണനോട് വരം ചോദിച്ചു..

കസവുമുണ്ടും കടും നീല ഷർട്ടും ഇട്ട് ഞാനും പത്രാസ്സിൽ കാത്തിരുന്നു.. നീലനിറത്തിൽ പാട്ടുപാവാടയിൽ അവൾ വന്നപ്പോൾ എനിക്ക് അത്ഭുതം തോന്നി.. എനിക്ക് വേണ്ടി ഒരുങ്ങിയത് പോലെ..

നടക്കുമ്പോൾ ആടിയുലയുന്ന അവളുടെ മുടിയിഴകൾ എന്നോട് സ്വകാര്യം പറയുന്നതായ് എനിക്ക് തോന്നി.. തൊഴുത് ചന്ദനവുമണിഞ് അമ്പല പടികൾ ഇറങ്ങുന്ന അവളെ ഞാൻ പതിയെ വിളിച്ചു..

സുമേ…

നെറ്റി ചുളിഞ്ഞുകൊണ്ട് അവൾ തിരിഞ്ഞുനോക്കി.. ആരാണെന്ന ഭാവത്തിൽ എന്നേ നോക്കിനിന്നു..

സുമേ.. ഞാൻ…. എനിക്ക്….ഒന്നും തോന്നരുത്.. വീട്ടിൽ വിവാഹം നോക്കുന്നുണ്ട് … ഞാൻ….. ഞാൻ.. … തന്നെ ഞാൻ കെട്ടിക്കോട്ടെ..

എന്റെ പെണ്ണായിട്ട്.. വീട്ടിൽ ആലോചനയായ് വരാം എല്ലാവരെയും കൂട്ടി.. തനിക്ക് ഇഷ്ടമാണെങ്കിൽ.. ഇഷ്ടമാണെങ്കിൽ മാത്രം.. അത് അറിയാനായി മാത്രമാണ് ഞാൻ കാത്തിരുന്നത്..

ഒന്നും പറയാതെ അവൾ നടന്ന് നീങ്ങിയത് എന്റെ ഹൃദയത്തെ വല്ലാതെ നോവിച്ചു.. അവൾ എന്തെങ്കിലും ഒരുത്തരം തന്നിരുന്നെങ്കിൽ..

ഇനി എന്നേ ഇഷ്ടമായില്ലേ…. മനസ്സിൽ ആകെ വല്ലാത്തൊരു വികാരം തളം കെട്ടിനിന്നു..

പിന്നീട് അമ്പലയാത്ര അവിടെ അവസാനിച്ചു.. ഒന്നിനും പണ്ടത്തെ ഉഷാറില്ല.. ബാങ്കിലും വീട്ടിലും ചടഞ് കൂടി ഇരിക്കും.. അമ്മിണികുട്ടിക്ക് മോതിരം ജപിച്ച് വാങ്ങാൻ വേണ്ടിയാണ് പിന്നീടൊരിക്കൽ അമ്പലത്തിലേക്ക് ഇറങ്ങിയത്..

ആൽ ചുവട്ടിൽ അവളെയും കാത്ത് കാറ്റും കൊണ്ടിരുന്നപ്പോൾ പഴയ ഓർമ്മകൾ മനസ്സിനെ കുത്തിനോവിക്കുന്നുണ്ടായിരുന്നു..

സുമ… ആ പേര് പോലും എന്നേ വല്ലാതെ തളർത്തുന്നുണ്ടായിരുന്നു..

കാറ്റിന്റെ താളത്തിനൊപ്പം കുപ്പിവള കിലുക്കം കേട്ടാണ് തിരിഞ്ഞുനോക്കിയത്.. മഴത്തുള്ളികൾ ആലിന്റെ ഇലകൾ പതിയെ ഇളക്കികൊണ്ട് മേലാകെ പുണരുന്നുണ്ടായിരുന്നു..

ആ നിമിഷം പെയ്ത മഴ എന്റെ പ്രണയമഴയായ് എനിക്ക് തോന്നി.. നെഞ്ചിൽ വല്ലാത്തൊരു മിടിപ്പ് എനിക്കനുഭവപ്പെട്ടു.. നിയന്ത്രണം വിടും പോലെ എനിക്ക് തോന്നി.

മുൻപിൽ എന്റെ സുമ.. ഞാൻ പ്രണയിച്ച ആ കണ്ണുകൾ എന്നേ നോക്കികൊണ്ട് തൊട്ടുമുൻപിൽ.. എനിക്ക് പുഞ്ചിരി സമ്മാനിച്ചുകൊണ്ട് ആ ചുണ്ടുകൾ ചുവന്ന് തുടുത്തു നിന്നു..

മഴയിൽ ഒലിച്ചിറങ്ങുന്ന ആ ചന്ദനക്കുറി ഞാൻ നോക്കികൊണ്ടിരുന്നു.. അപ്രതീക്ഷിതമായാണ് ആ കുപ്പിവളകൾ എന്നേ പുണർന്നത്..

എന്റെ നെഞ്ചിൽ അവളുടെ ചന്ദനം പടരുന്നത് ഞാൻ അറിഞ്ഞു..എന്നേ ചേർത്തുപിടിച്ച അവളുടെ മുടിയിഴകൾ ഞാൻ അറിയാതെ തലോടിപ്പോയി.. പെട്ടന്ന് തന്നെ അവൾ എന്നേ തള്ളി മാറ്റികൊണ്ട് അകന്ന് നിന്നു..

എവിടെ ആയിരുന്നു.. ഞാൻ എത്ര വിഷമിച്ചു എന്നോ…

അവളുടെ പരിഭവം കേട്ടപ്പോൾ ഞാൻ ആകെ തരുത്ത് പോയി..

ഇനിയും വൈകരുത്.. നിങ്ങളുടെ കാര്യം വീട്ടിൽ പറഞ്ഞിട്ടുണ്ട്.. അച്ഛനെയും കൂട്ടി ഉടനെ വീട്ടിലേക്ക് വരണം..

എന്നേ കരിമഷി കലർന്ന കണ്ണുകൾ കൊണ്ട് ഒരു നോട്ടവും നോക്കി അവൾ പടികൾ ഇറങ്ങിയോടി.. കണ്ണുകൾ പ്രണയിക്കുന്നത് അന്ന് ആദ്യമായാണ് ഞാൻ കാണുന്നത്..

പിന്നീട് ഒരു ചിങ്ങത്തിൽ അവൾ എന്റെ മാത്രമായി മാറുമ്പോൾ എനിക്കുറപ്പുണ്ടായിരുന്നു അവൾ എനിക്ക് കിട്ടിയ ഏറ്റവും വലിയ നിധി ആണെന്ന്..മഴ തോർന്ന് ആകാശം തെളിഞ് വരുന്നുണ്ടായിരുന്നു..ചിന്തകൾക്കിടയിൽഞാൻ ആലോചിച്ചു.. ഏറെ സ്നേഹത്തോടെ ഞാൻ സ്വന്തമാക്കിയ എന്റെ സുമയെ യഥാർത്ഥത്തിൽ ഞാൻ സ്നേഹിച്ചിരുന്നോ..

അവൾക്ക് വേണ്ടതെല്ലാം ഞാൻ ചെയ്തിരുന്നോ..കാലം മാറുമ്പോൾ ഞാനും മാറിയില്ലേ..

അവൾക്ക് വേണ്ടപ്പോളൊന്നും ഞാൻ കൂടെ നിന്നിരുന്നില്ല.. ഞാൻ നല്ലൊരു മകനായിരുന്നു.. നല്ല സഹോദരനായിരുന്നു.. നല്ല അച്ഛനായിരുന്നു… പക്ഷെ.. എന്നിലെ ഭർത്താവ്..

മേനോൻ സാറെ.. ഇറങ്ങുന്നില്ല… സ്ഥലം എത്തി കേട്ടോ.. ഇനിയും ചിന്തിച്ചോണ്ടിരുന്നാൽ ഞങ്ങൾ ടൗണിൽ കൊണ്ടിറക്കും..

അൻവറിന്റെ വിളികേട്ടപ്പോളാണ് ഞെട്ടി എഴുന്നേറ്റത്.. പതിയെ പടി ഇറങ്ങി..

പാലും വാങ്ങി വീട്ടിലേക്ക് കയറിയപ്പോൾ മഴ പെയ്ത് മുറ്റമാകെ വെള്ളം കെട്ടിനിൽക്കുന്നുണ്ടായിരുന്നു..

സന്ധ്യക്ക് വിളക്ക് വെക്കുന്ന പതിവൊക്കെ നിന്നുപോയിട്ട് കാലങ്ങളായി.. മകൻ ഭാര്യയുമായി അമേരിക്കയിൽ ആണ്.. മകളാണെങ്കിൽ ജോലി ഒക്കെ ആയി തിരക്കും…

പാരിജാതം പൂത്ത് ഗന്ധം പരത്തുന്നുണ്ടായിരുന്നു.. പ്രണയത്തിന്റെ ആ ഗന്ധം എന്നെ പാരിജാതച്ചുവട്ടിലേക്ക് മാടി വിളിച്ചു..

പ്രണയത്തിന്റെ ഏറ്റവും മനോഹരമായ നിമിഷത്തിൽ അവളുടെ അസ്ഥിത്തറയിൽ വിളക്ക് വെച്ചപ്പോൾ ഞാൻ അവളോട് പറഞ്ഞു..

സുമേ… നിന്നെ നഷ്ടപെട്ടപ്പോളാണ് ഈ ലോകത്ത് ഞാൻ തനിച്ചാണെന്ന് എനിക്ക് മനസ്സിലായത്.. ഈ ഒറ്റപ്പെടലിൽ എനിക്ക് എന്നെ തന്നെ നഷ്ടമാകുന്നുണ്ട്..

ഇന്ന് നമ്മുടെ മോള് പറയാ എന്നേ ആശുപത്രിയിൽ കാണിക്കണമത്രേ..മുട്ട് വേദന കാണിക്കാൻ നീ പറയുന്ന പോലെ ചിരിച്ചുകൊണ്ട് പറഞ്ഞതൊന്നുമല്ല.. എനിക്ക് ഭ്രാന്ത് ഉണ്ടെന്ന് അവൾക്ക് സംശയം..

അതെ എനിക്ക് ഭ്രാന്താണ്…നിന്നോടുള്ള എന്റെ പ്രണയം അവർക്കൊരു ഭ്രാന്ത്‌ ആയി തോന്നിയതിൽ എന്താണ് ഇത്ര സംശയിക്കാൻ…

അല്ലെ സുമേ…. അയാൾ വീണ്ടും പിറുപിറുത്തുകൊണ്ടിരുന്നു…

ആ പിറുപിറുക്കലിനിടയിൽ ചുറ്റുമുള്ളവരും മൂക്കത്ത് വിരല് വെച്ച് പറഞ്ഞു.. സുമേടത്തി പോയെ പിന്നെ ഇങ്ങനാ.. തലക്ക് നൊസ്സ് ആയോണ് സംശയണ്ട്…

Leave a Reply

Your email address will not be published. Required fields are marked *