സുന്ദരിയായ പെണ്ണ്
രചന: Shahida Ummerkoya
——————
അധികം ശല്യം ചെയ്താൽ ഞാൻ ഫോൺ എന്റെ ഭർത്താവിന്റെ കൈയിൽ കൊടുക്കും…
നീ കൊടുക്കു സുന്ദരീ…
അങ്ങെ തലക്കൽ നിന്നുള്ള അവന്റെ മറുപടി കേട്ട് ദേഷ്യം പിടിച്ച്, ലൗഡ് സ്പീക്കറിൽ ഇട്ട് ഫോൺ ഭർത്താവിന് കൊടുത്തു.
രണ്ടു ദിവസമായി നിങ്ങളുടെ ഭാര്യ എന്നെ വിളിച്ച് ബുദ്ധിമുട്ടിക്കുന്നു…നിങ്ങൾ അവൾക്ക് ആവശ്യമുള്ള സ്നേഹം കൊടുക്കുന്നില്ല എന്ന്…
ഭർത്താവ് ഹലോ എന്നു പറയുന്നതിനു മുമ്പേ അവന്റെ ഫോണിലെ ഡയലോഗ് കേട്ട് ഞാൻ ഞെട്ടി. ഭർത്താവ് ചിരിച്ച് കൊണ്ട് അവനോട് പറഞ്ഞു…
അല്ലേലും അവൾക്ക് ഇത്തിരി ഇളക്കും കൂടുതലാ മോനെ…ഈ നമ്പർ കണ്ടാൽ ഇനി എടുക്കരുതെ…
ദേഷ്യത്തോടെ ഭർത്താവിനോട് ഞാൻ ചോദിച്ചു. അപ്പോ നിങ്ങൾ എനിക്ക് പ്രേമിക്കാൻ കൂട്ടു നിൽക്കുകയാണോ…?
അതെ ടീ, നീ ആരുടെ എങ്കിലും കൂടെ ഒന്നു പോയി കിട്ടിയാൽ ഞാൻ രക്ഷപെട്ടു.
ഈ മനുഷ്യൻ ഇങ്ങനെയാ ഒന്നിനും ഒരു സീരിയസ്നസ്സും ഇല്ല. ഞാൻ പുലമ്പുന്നത് കേട്ട് ഭർത്താവ് ചിരിച്ച് കൊണ്ട് പറഞ്ഞു…
അത് ഏതെങ്കിലും കുട്ടികൾ കളിപ്പിക്കുന്നതാ…തമാശ ആയി കണ്ടാൽ മതി…അല്ലാതെ ഈ വയസു കാലത്ത് നിന്നെ ആര് പഞ്ചാരടിക്കാനാ….
ശരിയാ പറഞ്ഞത്. മകളെ കെട്ടിക്കാറായി, ഈ പ്രായത്തിൽ തന്നോട് പ്രേമം ആണെന്ന് പറഞ്ഞ് ഒരുത്തൻ വരുമോ, അതോ മകൾക്ക് വന്ന കോൾ വഴി തെറ്റി വന്നതാവുമോ..?
മനസിൽ വിചാരങ്ങൾ പെരുകുമ്പോൾ വീണ്ടും കോൾ…നേരെ മോളുടെ റൂമിലോട്ട് ഓടി…അവിടെ എന്റെ അനിയത്തിയുടെ മക്കളും, നാത്തൂൻമാരെ മക്കളും എല്ലാം ഒരുമിച്ചിരുന്നു തല പുകഞ്ഞ പഠിത്തത്തിലാ…
പത്താംക്ലാസ് പരീക്ഷ തലയിൽ കയറിയ സമയം. ഇപ്പോഴത്തെ കുട്ടികളോട് പഠിക്ക് എന്ന വേദം ഓതേണ്ട കാര്യമില്ല. അവർക്ക് അറിയാം എന്ത് പഠിക്കണമെന്ന്. ബോറടി മാറാൻ, ഞാൻ അവർക്ക് എന്റെ കാമുകനെ പരിചയപെടുത്തി. പിന്നെ അവരുടെ പരിചയപ്പെടലായി.
അവർ തലങ്ങും വിലങ്ങും അവനെ പഞ്ചാര അടിച്ച് മയക്കി. അവസാനം അവൻ ഫോൺ വെച്ചു ഓടി….ഇനി മമ്മക്ക് അവന്റെ ശല്ല്യം ഉണ്ടാവില്ല എന്നു മക്കൾ വാക്കും തന്നു. പറഞ്ഞതു പോലെ നാലു നേരവും ചായ കുടിച്ചോ ചോറു കഴിച്ചോ ചോദിക്കാറുള്ള അവൻ അന്ന് വിളിച്ചില്ല.
രാത്രി സമാധാനത്തോടെ നടു നിവർത്തി ഒന്നു ഉറങ്ങി. നല്ല സ്വപ്നം കണ്ട് ഉറങ്ങും നേരം ഫോൺ തലക്ക് മുകളീന്ന് വിളിക്കുന്നു…ലൈറ്റ് ഓൺ ചെയ്തപ്പോ സമയം രണ്ടു മണി…ദൈവമേ ഈ സമയത്ത് സുഖമില്ലാതെ കിടക്കുന്ന എന്റെ അച്ചനു വല്ലതും…
ഓടി ചെന്ന് ഫോൺ എടുത്തപ്പോ അങ്ങേതലക്കൽ ദേ ലവൻ…
ഇന്ന് എനിക്ക് കിടന്നിട്ട് ഉറക്കം വന്നില്ല മോളി, നിങ്ങൾ ലേഡീസ് ഹോസ്റ്റൽ ആണ് അല്ലെ…? എത്ര കിളിനാദങ്ങളാ ഇന്നുച്ചക്ക് കാതിൽ തറച്ചത്. എന്നാൽ നിന്നോളം വരില്ല അതൊന്നും എനിക്ക്…
ദേഷ്യത്താൽ ഞാൻ എന്റെ നാവു കൂട്ടി ഒരു കടിക്കിടയിൽ, അമ്മേ എന്നു വിളിക്കുന്ന ശബ്ദം കേട്ട് ഭർത്താവിന്റെ വക. ഒന്നു ലൈറ്റ് ഓഫ് ചെയ്ത് കിടക്കെടി പിശാചെ…രാത്രിയും ഉറക്കമില്ലാതെ…ഫോൺ സ്വിച്ച് ഓഫ് ചെയ്ത് മിണ്ടാതെ കിടന്നു.
രാവിലെ ചായ കുടിക്കാൻ ഇരുന്നപ്പോൾ മക്കളോടും ഭർത്താവിനോടും കാര്യം പറഞ്ഞപ്പോൾ അവർ കാര്യം സീരിയസ് ആക്കി. ഭർത്താവിന്റെ സ്വരം മാറി…ആ നമ്പർ താ അടുത്ത സ്റ്റേഷനിൽ പരാതി കൊടുക്കാം. ഇത് അങ്ങനെ വെറുതെ വിട്ടാൽ പറ്റൂല പാതിരാത്രി ഫോൺ ചെയ്യുന്നവൻ കള്ളനാണ്.
എന്റെ കയ്യിൽ കിട്ടിയാൽ അടിച്ച് ഞാനവനെ….ഭർത്താവിന്റെ പെട്ടെന്നുള്ള സ്വഭാവമാറ്റം എന്നെയും പേടിപ്പിച്ചു. പേടിച്ച് ഞാൻ നമ്പർ നോക്കിയപ്പോ ഫോൺ ഓൺ ആവുന്നില്ല. ഇന്നലെ രാത്രി കയ്യിൽ നിന്നും വീണിരുന്നു.
മകൾ അത് കണ്ട് പറഞ്ഞു. അവനു ആയുസ് ഉണ്ട്. അല്ലേൽ അച്ഛൻ അവനെ കൊന്നേനെ…ശരിയാ മൂപ്പർ മുൻ കോപിയാ…ഞാൻ എന്തോ വലിയ അപരാധം ചെയ്ത പോലെ അച്ഛനും മക്കളും മുഖം വീർപ്പിച്ചു അവരുടെ പണിക്ക് പോയി.
ഞാൻ എന്റെ സിമ്മ് എടുത്ത് വേറെ ഫോണിലിട്ടു ഓൺ ചെയ്ത ഉടനെ വരുന്നു അവന്റെ കോൾ. നീ എവിടെ ഫോൺ സ്വിച്ച് ഓഫ് ചെയ്ത്…ഞാൻ സമാധാനത്തിൽ എന്റെ കാര്യങ്ങളും, വിട്ടിൽ നടന്ന കാര്യങ്ങളും അവനെ പറഞ്ഞു മനസിലാക്കി.
എല്ലാം പറഞ്ഞു കഴിഞ്ഞപ്പോ അപ്പുറത്തു നിന്ന് ഒരു കരച്ചിൽ…
അയ്യോ ചേച്ചി പോലിസിനെ കൊണ്ട് പിടിപ്പിക്കല്ലേ ഞാൻ പ്ലസ് ടു വിന് പഠിക്കുന്ന കുട്ടിയാ…
ഒഴിവുള്ള സമയത്ത് അടുത്തുള്ള ബിൽഡിങ്ങിന്റെ പണിക്ക് കൂട്ടുകാർക്ക് കൂടെ പോവും, ഒരു ഫോൺ സ്വന്തമായി വാങ്ങാനുള്ള ആശ കൊണ്ട്….അങ്ങിനെ വാങ്ങിയ ഫോൺ ആണിത്.
ഫോൺ കിട്ടിയപ്പോ എനിക്ക് വിളിക്കാൻ ആരുമില്ല. എല്ലാർക്കും വിളിക്കാൻ കുറേ പേർ…എന്റെ ഫോൺ മാത്രം ശബ്ദിച്ചില്ല. ഒരു കൂട്ടുകാരൻ പറഞ്ഞു തന്നതാ നമ്പറുകൾ കറക്കി കുത്ത്, എതെങ്കിലും കിളികൾ വീഴാതിരിക്കില്ല. ചേച്ചി എന്നോട് ക്ഷമിക്കണം…
വീണത് കിളവി ആയി അല്ലേ മോനെ…ഞാൻ കടുത്ത സ്വരത്തിൽ പറഞ്ഞു. നിന്റെ അച്ചന് എന്താ ജോലി…? അതിന്റെ ഉത്തരം കുറച്ച് പതുക്കെ ആയിരുന്നു.
എനിക്ക് ആരുമില്ല ചേച്ചി…ഇവിടെ ഒരു ആനാഥാലയം ആണ് എന്റെ വീട്…
പിന്നെ എനിക്ക് സംസാരിക്കാൻ വാക്കുകൾ കിട്ടിയില്ല…പിന്നീടുള്ള ദിവസങ്ങളിൽ ചായ കഴിച്ചുവോ ചോറ് തിന്നുവോ എന്ന് ചോദിച്ച് അവനെ ഞാൻ അങ്ങോട്ട് വിളിച്ചു. ഇടക്ക് വീട്ടിലെ സന്ദർശകനും, ഭർത്താവും മക്കളുമായി കൂട്ടുമായി അവൻ.
പഠിക്കാൻ വേണ്ട സഹായങ്ങൾ ഞങ്ങൾ ചെയ്ത് കൊടുക്കുമ്പോൾ വയറു നിറയെ ഉപദേശവും ഞാൻ ഉരുട്ടി കൊടുത്തു, വളയാതെ വളരാൻ…ഇടക്ക് ഭർത്താവും മക്കളും കളിയാക്കും കാമുകനെ മകനാക്കിയവൾ.
ഇന്ന് അവനു ആദ്യത്തെ ശമ്പളം കിട്ടിയ ദിവസമായിരുന്നു. എന്നെയും കൂട്ടി പോയി ഒരു സാരി വാങ്ങി തരുമ്പോൾ അവൻ പറയാ…ചേച്ചിക്ക് ചേരുന്ന വേഷം ലോഹയാ…എല്ലാവരുടേയും മനസ്സു കാണാനുള്ള കഴിവ് ചിലർക്കെ കാണു…
ഒരു വേണ്ടാത്തവനായി ഞാൻ നിങ്ങളുടെ കുടുംബത്തിലേക്ക് വന്നിട്ടും…നിങ്ങൾ എന്നെ തിരുത്തി. നന്മ ഉപദേശിച്ച് , സഹായം നൽകി , എന്നിലെ നന്മകളെ കണ്ടെത്തി പൂർണമായും നല്ലവനാക്കി. അല്ലെങ്കിൽ ഇന്ന് ഈ നിലയിൽ ഞാൻ എത്തുമായിരുന്നില്ല.
തെറ്റുകൾ തിരുത്തപ്പെടാതെ പൂർണ തെറ്റുക്കാരനായി മാറുമായിരുന്നേനെ…അങ്ങിനെ ആണു ചേച്ചി പലരും കൊള്ളരുതാത്തവർ ആയി വളരുന്നത്. ശിക്ഷയെക്കാൾ രക്ഷിക്കാനുള്ള മനം അത് ഞാൻ ചേച്ചിയിലൂടെ പഠിച്ചു.
രണ്ടു കണ്ണുകളും നിറച്ചു മുന്നിൽ നിൽക്കുന്ന അവനെ ഞാൻ എന്നിലേക്ക് അടുപ്പിച്ചു പറഞ്ഞു. എല്ലാ ആളുകൾക്കും ഒരോ നിയോഗമാ മോനെ…അതിന് നിമിത്തം ഏകാൻ ചില കാരണങ്ങളും….