അമ്മായിയുടെ മുഖം വിളറുന്നതോടൊപ്പം അമ്മയുടെ മുഖത്ത് അമ്പരപ്പ് തെളിയുന്നതും ഒരു മാത്ര ഒരു നേർത്ത ചിരിയിൽ…

മരുന്ന്

എഴുത്ത്: സൂര്യകാന്തി (ജിഷ രഹീഷ് )

“രാജി, നീയെങ്ങനെ ഇടയ്ക്കിടയ്ക്ക് അങ്ങോട്ട് കേറി ചെന്നാല് സുമയ്ക്ക് അത് ഇഷ്ടപ്പെടില്ല.. “

“പിന്നേ, അമ്മയ്ക്ക് കുഞ്ഞമ്മായിയെ അറിയാത്തോണ്ടാ, വല്യമ്മായിയെയും ചിറ്റയെയും പോലെ കാശിന്റെ വല്ല്യായ്മയൊന്നും കുഞ്ഞമ്മായിക്കില്ല..ഞാൻ ചെന്നാൽ പിന്നെയെന്റെ പിറകിൽ നിന്നും മാറില്ല..എന്തൊരു സ്നേഹാന്നറിയോ..?”

ദേവി പിന്നെയൊന്നും പറയാൻ നിന്നില്ല…

മുഴുക്കുടിയനായിരുന്ന ഭർത്താവ് മരിച്ചതിൽ പിന്നെ,ദേവി അടുത്ത വീടുകളിൽ അടുക്കളപ്പണിയ്ക്ക് പോയാണ് രണ്ടു പെണ്മക്കളെ പോറ്റുന്നത്.. ദേവിയുടെ സഹോദരങ്ങളെല്ലാം നല്ല നിലയിലാണ്..

വേഷം മാറി കുഞ്ഞമ്മാവന്റെ വീട്ടിലേയ്ക്ക് നടക്കുമ്പോൾ രാജി ഓർത്തു..

കഴിഞ്ഞയാഴ്ച്ച പോയപ്പോ ഇന്ന് വരാമെന്നു പറഞ്ഞതാണ് കുഞ്ഞമ്മായിയോട്..

തന്നെ വല്യ കാര്യമാണ്.. അവിടെ ചെന്നാൽ ഓരോരോ വിശേഷങ്ങളും പറഞ്ഞു അടുത്ത് തന്നെയുണ്ടാകും.. അവിടെയുണ്ടാക്കിയതൊക്കെ നിർബന്ധിച്ചു കഴിപ്പിക്കും…വല്യ പണക്കാരിയാണെന്ന ജാഡയൊന്നൂല്ല്യ ആൾക്ക്…

ഗേറ്റ് തുറന്നു രാജി വീട്ടിലേയ്ക്ക് ചെന്നു.. പൂമുഖവാതിൽ തുറന്നു കിടക്കുവാണ്…ചെരുപ്പഴിച്ചിട്ട് കോലായിലേയ്ക്ക് കയറുമ്പോഴാണ് അമ്മായിയുടെ സംസാരം കേട്ടത്..മോളോടാണ്…

“ദേ മിന്നൂ, ആ പെണ്ണില്ലേ,രാജി.. അതിനെ ഇന്നിങ്ങോട്ട് കെട്ടിയെടുക്കുന്നുണ്ട്.. അറിയാലോ അഷ്ടിയ്ക്ക് വകയില്ലാത്തതുങ്ങളാ…. കണ്ണ് തെറ്റിയാൽ എന്തൊക്കെ അടിച്ചു മാറ്റികൊണ്ടു പോകുമെന്ന് പറയാൻ പറ്റില്ല.. അതോണ്ടാ ഇവിടെ വന്നാൽ ഞാൻ അതിന്റെ പുറകേന്ന് മാറാത്തത്.. ഒടുക്കത്തെ അലച്ചയും.. ഉള്ള പാത്രങ്ങളൊക്കെ തുറന്നു നോക്കും.. കൊതി കൊണ്ട് ഇനി നമ്മൾക്ക് വല്ല വയറുവേദനയും വരണ്ടെന്ന് വെച്ച് ഇത്തിരിയെങ്ങാനും കൊടുത്താലോ,അത് തികയത്തുമില്ല ആർത്തിപ്പണ്ടാരത്തിന്.. എനിക്കൊന്ന് ബാങ്കിൽ പോണം.. നീയിങ്ങനെ മൊബൈലിൽ കുത്തിക്കൊണ്ടിരിക്കാണ്ട്,അതിന്റെ മേലേ ഒരു കണ്ണു വെക്കണം പോണത് വരെ..”

രാജിയുടെ കണ്ണുകൾ നിറഞ്ഞൊഴുകി.. ഭൂമി പിളർന്നു തന്നെ വിഴുങ്ങിയെങ്കിലെന്ന് ആശിച്ചു പോയവൾ…

ബന്ധുക്കളൊക്കെ പണക്കാരാണ്.. അവഗണന ഒരുപാട് അനുഭവിച്ചിട്ടുണ്ടെങ്കിലും, ഇങ്ങനെയൊന്നും ആരുടെ വായിൽ നിന്നും കേൾക്കേണ്ടി വന്നിട്ടില്ല.. അതിന് അമ്മ ഇട നൽകിയിട്ടുമില്ല.. എത്രയൊക്കെ ബുദ്ധിമുട്ടിയാലും ആരുടേയും മുൻപിൽ ഇരക്കാൻ പോവരുതെന്നാണ് പറയാറുള്ളത്…

ഒരു കടലാസ് കഷ്ണം പോലും ആരുടേതും,അനുവാദമില്ലാതെ എടുത്തിട്ടില്ല ഇന്നേവരെ..എന്നിട്ടും…

ആരും കാണാതെ അവിടെ നിന്നും ഇറങ്ങി വീട്ടിലെത്തി രാജി.. അമ്മയോട് ഒന്നും പറയാൻ നിന്നില്ല.. കുഞ്ഞമ്മാവന്റെ വീട്ടിലേയ്ക്കുള്ള പോക്ക് മുടങ്ങിയിട്ടും അമ്മ ഒരക്ഷരം പോലും ചോദിച്ചതുമില്ല..

വർഷങ്ങൾ കടന്നു പോയപ്പോൾ,ഞങ്ങളുടെ അമ്മയുടെ കഷ്ടപ്പാടുകൾക്ക് അവസാനമായി.. ചേച്ചിക്കും എനിയ്ക്കും ജോലി കിട്ടി.. ചേച്ചിയുടെ വിവാഹവും കഴിഞ്ഞു..

അന്നൊരു ഞായറാഴ്ച മുറിയിലുള്ളതൊക്കെ അടുക്കിപെറുക്കി വെയ്ക്കുമ്പോൾ പുറത്ത് നിന്നും കുഞ്ഞമ്മായിയുടെ ശബ്ദം ഞാൻ കേട്ടിരുന്നു..

വില്ലേജോഫീസിലാണ് എനിയ്ക്ക് ജോലി.. ബിസിനസ്സിൽ ചെറിയൊരു വീഴ്ച വന്നു കുഞ്ഞമ്മാവൻ ആകെയൊന്നുലഞ്ഞു നിൽപ്പാണ്.. കൂട്ടിനു അസുഖങ്ങളുമുണ്ടത്രേ..

ഒരു വസ്തുഇടപാടുമായി ബന്ധപ്പെട്ടു എന്റെയൊരു സഹായം വേണമെന്ന് ഫോണിൽ വിളിച്ചപ്പോൾ പറഞ്ഞിരുന്നു..

എന്റെ ജോലിയൊക്കെ കഴിഞ്ഞാണ് ഞാൻ പുറത്തേയ്ക്ക് ചെന്നത്..അമ്മയുമായുള്ള സംസാരത്തിലാണ് അമ്മായി..

“രാജി, എത്ര കാലമായി നിന്നെ കണ്ടിട്ട്.. അങ്ങോട്ടേക്കുള്ള വഴിയൊക്കെ മറന്നില്ല്യെ നീ..”

ഞാൻ വെറുതെ ചിരിച്ചതേയുള്ളൂ..

“ഇതിപ്പോ ഞാൻ വന്നിട്ടു തന്നെ എത്ര നേരമായി…എന്റടുത്തു വന്നിരുന്നു സംസാരിക്കാൻ കൂടെ നേരല്ല്യ നിനക്ക്..”

“എനിയ്ക്ക് കുറച്ചു ജോലിയുണ്ടായിരുന്നു അമ്മായി.. പിന്നെ വന്നപ്പോഴേ അമ്മായിയുടെ പിറകെ നടക്കാൻ, എടുത്തോണ്ട് പോകാൻ പാകത്തിന്,ഇവിടെ അങ്ങനെ വില പിടിപ്പുള്ളതൊന്നുമില്ല്യ താനും…”

അമ്മായിയുടെ മുഖം വിളറുന്നതോടൊപ്പം അമ്മയുടെ മുഖത്ത് അമ്പരപ്പ് തെളിയുന്നതും ഒരു മാത്ര ഒരു നേർത്ത ചിരിയിൽ അത് മായുന്നതും ഞാൻ കണ്ടു..

വന്ന കാര്യങ്ങളൊക്കെ ചോദിച്ചറിഞ്ഞു,പറ്റാവുന്നതൊക്കെ ചെയ്യാമെന്ന് പറഞ്ഞു അമ്മായിയെ സമാധാനിപ്പിച്ചയക്കുമ്പോൾ,എന്റെ മനസ്സിൽ ഒരു സംതൃപ്തിയുണ്ടായിരുന്നു..

എന്റെ മനസ്സിൽ , ഏറെക്കാലമായി ഉണങ്ങാതിരുന്ന,ഒരു മുറിവിനുള്ള മരുന്ന് എനിയ്ക്കന്നു കിട്ടിയിരുന്നു.. ചില മുറിവുകൾ അങ്ങനെയാണ്..പാകത്തിനുള്ള മരുന്ന് തന്നെ കിട്ടണം…കാലമെത്ര കഴിഞ്ഞാലും…

Leave a Reply

Your email address will not be published. Required fields are marked *