അമ്മയാണ് അവൾക്കു വളം വച്ച് കൊടുക്കുന്നത്. പെണ്ണാണ് എങ്കിൽ പെണ്ണിനെ പോലെ നടക്കണം. എൻ്റെ കൂട്ടുകാരൊക്കെ കളിയാക്കി തുടങ്ങി, ഇവൾ ശിiഖണ്ഡി ആണെന്നും പറഞ്ഞുകൊണ്ട്……

Depressed sad young female standing in a dark tunnel

അവൾ

എഴുത്ത്:-സുജ അനൂപ്

“മോനെ അവളെ ഇനി തiല്ലരുത്. അവൾ നിൻ്റെ അനിയത്തിയാണ്, അതൊക്കെ ശരി തന്നെ, പക്ഷേ അവളെ നീ തiല്ലുന്നത് എനിക്കിഷ്ടമല്ല..”

“അമ്മയാണ് അവൾക്കു വളം വച്ച് കൊടുക്കുന്നത്. പെണ്ണാണ് എങ്കിൽ പെണ്ണിനെ പോലെ നടക്കണം. എൻ്റെ കൂട്ടുകാരൊക്കെ കളിയാക്കി തുടങ്ങി, ഇവൾ ശിiഖണ്ഡി ആണെന്നും പറഞ്ഞുകൊണ്ട്..”

“മോളെ, നീ അകത്തേയ്ക്കു പോകൂ. കുറച്ചു നേരം കഴിയുമ്പോൾ എല്ലാം ശരിയാകും..”

“അച്ഛനില്ലാത്ത കുട്ടി, ഈ പല്ലവി കേട്ട് ഞാൻ മടുത്തൂ. ഇനി അവൾ ഈ വീടിനു പുറത്തിറങ്ങില്ല..”

മകൻ ചവിട്ടിത്തുള്ളി ഇറങ്ങിപ്പോയി…

************

എല്ലാം ഇന്നലെ കഴിഞ്ഞ പോലെ എനിക്ക് തോന്നുന്നൂ. എത്ര സന്തോഷത്തോടെയാണ് ഞാൻ അദ്ദേഹത്തോടൊപ്പം ഇവിടെ കഴിഞ്ഞത്. ആഗ്രഹിച്ച പോലെ ആദ്യത്തെ കണ്മണി ആൺകുട്ടി, പിന്നേ മാലാഖയെ പോലെ ഒരു മോളെയും എനിക്ക് കിട്ടി.

ഹൃദയാഘാതം വന്നു അദ്ദേഹം പോകുമ്പോൾ മൂത്തയാൾ ഒന്നാം ക്ലാസ്സിൽ, രണ്ടാമത്തെയാൾ എൻ്റെ ഒക്കത്തും (ഒരു വയസ്സ്). എവിടെ നിന്നോ കിട്ടിയ ധൈര്യം എനിക്ക് തുണയായി, ഒപ്പം കൈ തൊഴിലായി ഉണ്ടായിരുന്ന തയ്യൽ ജോലിയും..

രണ്ടറ്റം കൂട്ടിമുട്ടിക്കുവാൻ കഷ്ടപെടുമ്പോഴും വളർന്നു വരുന്ന മക്കളെ നോക്കി ഞാൻ സ്വപ്നങ്ങൾ നെയ്തു…

എവിടെയാണ് എനിക്ക് തെറ്റ് പറ്റിയത്. അല്ലെങ്കിൽ അതൊരു തെറ്റാണോ..

കൊച്ചിലെ മുതലേ അവൾക്കു താല്പര്യം സ്പോർട്സ്നോട് ആയിരുന്നൂ. അവളുടെ ഇഷ്ടങ്ങൾ എല്ലാം ഞാൻ സമ്മതിച്ചു കൊടുത്തൂ. അതിനു വേണ്ടി അവൾ മുടി മുറിച്ചൂ. പരിശീലനത്തിന് എളുപ്പത്തിനായി അവൾ പാൻസ് ഇട്ടൂ. പിന്നീടെപ്പോഴോ അവൾ ആകെ മാറി…

എന്നാണ് അവളുടെ ലോകത്തിൽ നിന്നും പെണ്ണ് എന്ന വാക്ക് അപ്രത്യക്ഷമായത്..

ആദ്യമൊക്കെ അവളെ പ്രോത്സാഹിപ്പിച്ച മകൻ ഇന്ന് അവളെ എതിർക്കുന്നൂ. വേഷത്തിലും ഭാവത്തിലും ആൺകുട്ടി. അവളുടെ ലോകത്തിൽ കൂട്ടുകാരികളില്ല.

പ്ലസ് ടു കഴിഞ്ഞതും അവൾ തന്നിഷ്ടക്കാരിയായി. രാത്രിയിൽ പുറത്തിറങ്ങി നടക്കുവാൻ അവൾക്കു ഭയമില്ല. പാതിരാത്രി വന്നു കയറുന്ന അവളെ നിയന്ത്രിക്കുവാൻ എനിക്ക് ആകുന്നില്ല….

പക്ഷേ..എൻ്റെ ഉള്ളു മുഴുവൻ തീയാണ്. പെൺകുട്ടിയാണ് അവൾക്കെന്തെങ്കിലും സംഭവിച്ചാൽ…

ബന്ധുക്കൾ മുതൽ അയല്പക്കക്കാർ വരെ അവളെ പറ്റി കുറ്റം പറയുന്നൂ…

“ഇനി, അവരെല്ലാം പറയുന്നത് പോലെ അവൾ ആൺകുട്ടി ആവണം എന്ന് പറയുമോ.. എൻ്റെ ദേവി അത് കേൾക്കുവാനുള്ള കരുത്തു എനിക്കില്ല..”

**************

“എന്താ മീനൂട്ടി, നിൻ്റെ മുഖം വീങ്ങിയിരിക്കുന്നത്. കൈയ്യിലും നിറയെ പാടുകൾ ഉണ്ടല്ലോ..”

“ഇല്ല ബിനു, എനിക്ക് ഒന്നുമില്ല..”

“ഇല്ല, നീ പറ, എനിക്ക് അറിയണം..”

“വിനുവേട്ടൻ എന്നെ പൊതിരെ തiല്ലി. അമ്മയും പറഞ്ഞു ഞാൻ ഒരു ശാപമാണെന്നു. ഞാൻ കുടുംബത്തിന് നാണക്കേട് ഉണ്ടാക്കി വയ്ക്കുവാണത്രേ.”

“നീ വിഷമിക്കേണ്ട. വരൂ ഞാൻ ആശുപത്രിയിൽ കൊണ്ടു പോകാം..”

***************

“മോളെ, ബെല്ല് അടിക്കുന്ന ശബ്ദം കേൾക്കുന്നുണ്ട്. നീ നോക്കൂ അതാരാണെന്ന്..”

“ബിനു എന്താ ഇവിടെ. വേണ്ട പൊക്കോ. വെറുതെ പ്രശ്‌നം ഉണ്ടാക്കല്ലേ.”

“ഇല്ല, എനിക്ക് നിൻ്റെ വീട്ടുകാരെ കാണണം..”

“മോളെ ഇതാരാണ്…”

“അമ്മേ, ഞാൻ എല്ലാം പറയാം. എൻ്റെ പേര് ബിനു. എനിക്ക് വിനുവിനെയും കാണണം. ഞാൻ അവൻ്റെ സ്കൂളിൽ തന്നെയാണ് പഠിച്ചത്. എനിക്ക് നിങ്ങൾ രണ്ടുപേരോടും കൂടെ കുറച്ചു സംസാരിക്കുവാനുണ്ട്..”

“മോനെ വിനൂ, നീ ഒന്നിങ്ങോട്ടു വരൂ..”

“വിനുവിന് എന്നെ അറിയാമല്ലോ.ബിരുദം കഴിഞ്ഞപ്പോൾ ഞാൻ ഒരു ഹോട്ടൽ തുടങ്ങി. എൻ്റെ അച്ഛൻ ആ സമയത്താണ് മരിച്ചത്. കുഴപ്പമില്ലാതെ അത് മുന്നോട്ടു പോകുന്നുണ്ട്. പ്ലസ് ടു കഴിഞ്ഞപ്പോൾ ഒരിക്കൽ മീനു എന്നെ കാണുവാൻ വന്നൂ, രണ്ടാം വർഷം മുതൽ എങ്കിലും കോളേജ് ഫീസ് അവൾക്കു അമ്മയെ ബുദ്ധിമുട്ടിക്കാതെ അടയ്ക്കണമത്രേ. എൻ്റെ അനിയത്തിയും അവളും ഒരുമിച്ചാണ് പഠിച്ചത്. അതുകൊണ്ടു മാത്രമാണ് അവൾ എന്നെ തേടി വന്നത്..”

“എൻ്റെ സ്കൂളിൽ തന്നെയാണല്ലോ മീനുവും പഠിച്ചത്‌. അച്ഛൻ ഇല്ലാത്ത കുട്ടി ആയതു കൊണ്ടാകും അമ്മയെ അധികം ബുദ്ധിമുട്ടിക്കരുത് എന്നവൾ തീരുമാനിച്ചത്.എന്നും സ്വന്തം കാലിൽ നിൽക്കണം എന്ന വാശി മാത്രമേ മീനുവിന് ഉണ്ടായിരുന്നുള്ളു…”

“അവൾക്കു പറ്റിയ എന്ത് ജോലിയാണ് എൻ്റെ കൈയ്യിൽ ഉള്ളത്.”

“അവളുടെ അവസ്ഥ മനസ്സിലാക്കിയപ്പോൾ എനിക്ക് അവളെ സഹായിക്കണം എന്ന് തോന്നി..”

“കുറച്ചു നാൾ അവൾ അടുക്കളയിൽ സഹായിച്ചൂ. പിന്നീട് ഡ്രൈവിംഗ് ലൈസെൻസ് എടുത്തു കഴിഞ്ഞപ്പോൾ മുതൽ അവൾ എൻ്റെ ഹോട്ടലിൽ നിന്നും പാഴ്‌സലുകൾ ആവശ്യമുള്ളവർക്ക് എത്തിച്ചു കൊടുത്തു തുടങ്ങി. അവളുടെ വേഷവിധാനം അവളെ അതിനു കൂടുതൽ പ്രാപ്തയാക്കി.”

“രാത്രിയിൽ വൈകി വരുന്ന അവളെ നിങ്ങൾക്ക് അറിയാം. കോളേജിൽ നിന്നും എൻ്റെ ഹോട്ടലിൽ എത്തി രാപകലില്ലാതെ കഷ്ടപ്പെടുന്ന അവളെ നിങ്ങൾക്ക് അറിയില്ല. ആരും അറിയുവാൻ ശ്രമിച്ചിട്ടില്ല.”

“വിനു, നീ പറഞ്ഞത് ശരിയാണ്. കണ്ട പിജിയിലും അപ്പാർട്മെന്റുകളിലും അവൾ അലഞ്ഞു തിരിഞ്ഞു നടക്കുന്നൂ. പക്ഷേ.. നിൻ്റെ കൂട്ടുകാർ എന്തേ അവളുടെ കൈയ്യിലെ പൊതിച്ചോറോ പാഴ്‍സലോ കണ്ടില്ല. ബിരുദം കഴിഞ്ഞിട്ടും കിട്ടുന്ന ഒരു ജോലിക്കും പോകാതെ ഇവിടെ കയറി ഇരിക്കുന്ന നിനക്ക് അവളെ മനസ്സിലാകില്ല.”

വിനു തലതാഴ്ത്തി നിന്നൂ. അതുവരെ താണു നിന്ന എൻ്റെ തല ഞാൻ ഉയർത്തി പിടിച്ചൂ….

“പിന്നെ ഒരു കാര്യം, അവൾക്കു വിവാഹം നടക്കില്ല എന്ന് കരുതി നീ വിഷമിക്കേണ്ട. അവൾക്കു ഇഷ്ടമാണെങ്കിൽ അവളുടെ കഴുത്തിൽ പഠനം കഴിയുമ്പോൾ ഞാൻ മിന്നു ചാർത്തും. കാരണം അച്ഛൻ എന്ന തണൽ ഇല്ലാതെ ഒരു കുടുംബം മുന്നോട്ടു കൊണ്ട് പോകുവാനുള്ള ബുദ്ധിമുട്ടു എനിക്ക് അറിയാം..”

“ഇവളെ പോലെ സ്വന്തം അമ്മയെ സ്നേഹിക്കുന്ന ഒരു മകൾക്കു നല്ല ഒരു മരുമകൾ ആകുവാൻ കഴിയും. എൻ്റെ അമ്മയ്ക്ക് അവളെ അത്രയ്ക്ക് ഇഷ്ടമാണ്..”

അന്നാദ്യമായി എൻ്റെ കണ്ണുകൾ നിറഞ്ഞൊഴുകി. ഇത്രയും നാൾ കുടുംബത്തിന് ചീത്തപ്പേര് ഉണ്ടാക്കുവാൻ ജനിച്ചവൾ എന്ന് ഞാൻ കരുതിയ എൻ്റെ മകൾ, എത്രയോ ഉയരത്തിലാണ് എന്ന് ഞാൻ തിരിച്ചറിഞ്ഞു…

Leave a Reply

Your email address will not be published. Required fields are marked *