അപ്പോഴും മാഷിന്റെ മനസ്സിൽ നിറയെ ദേവി ആയിരുന്നു. പുതിയതായി വന്ന അദ്ധ്യാപികയാണ് ദേവി. ആ ചുവന്നസാരിയും ഉടുത്ത് വരുന്നത് കണ്ടാൽ ദേവലോകത്ത് നിന്ന്…..

അന്യന്റെ ഭാര്യ….

എഴുത്ത്:-ശ്യാം കല്ല്കുഴിയിൽ

തോമസ് മാഷിന്റെയും  റോസിയുടെയും വിവാഹം കഴിഞ്ഞിട്ട് ഏകദേശം പതിനഞ്ചുവർഷം ആയി.വീടിനടുത്തുള്ള സ്കൂളിലെ അദ്ധ്യാപകൻ ആണ് തോമസ് മാഷ്. റോസി ഭർത്താവിന്റെയും മക്കളുടെയും കാര്യങ്ങൾ നോക്കി നല്ലൊരു വീട്ടമ്മയായി സുഖമായി ജീവിക്കുന്നു.

എന്നത്തേയും പോലെ അന്നും മാഷ് ജോലി കഴിഞ്ഞ് വീട്ടിൽ വന്നു. പതിവ് ചായയുമായി റോസി ചെല്ലുമ്പോൾ മാഷ് സോഫയിൽ ചാരി ഇരിക്കുകയാണ്..

” എന്തുപറ്റി തല വേദനയാണോ..”

കയ്യിലെ ചായ ഗ്ലാസ്‌ മാഷിന് നേർക്ക് നീട്ടിക്കൊണ്ട് റോസി ചോദിച്ചു…

” ഒന്നും പറ്റിയില്ല.. എന്നുപറഞ്ഞുകൊണ്ട് ചായ അവിടെ വയ്ക്കാൻ തലകൊണ്ട് ആഗ്യം കാട്ടി

” പിന്നെന്താ ഇങ്ങനെ ഇരിക്കുന്നത്.. “

എല്ലാ ഭാര്യമാരെയും പോലെ റോസി വീണ്ടും സംശയങ്ങളുമായി ചെന്നു..

” നിയൊന്നു മിണ്ടാതെ ഇരിക്കാവോ.. “

ഭാര്യയുടെ സംശയങ്ങൾ ഇഷ്ടപ്പെടാത്ത എല്ലാ ഭർത്താക്കന്മാരെയും പോലെ തോമസും ചൂടായി.. ഇനി അവിടെ നിന്നാൽ ഭർത്താവ് അ,ക്രമാസക്തൻ ആകും എന്ന് അറിയാവുന്ന റോസി അടുക്കളയിലേക്ക് പോയി.. എങ്കിലും റോസിയുടെ കണ്ണ് ഭർത്താവിന്റെ മേൽ ഉണ്ടായിരുന്നു..

രാത്രി ഭക്ഷണം കഴിക്കുമ്പോഴും മാഷ് എന്തോ ചിന്തിച്ചിരിക്കുന്നത് റോസി ശ്രദ്ധിച്ചു.. ഉള്ളിൽ ഒരു നൂറ് സംശയങ്ങൾ ഉടലെടുത്തു എങ്കിലും റോസി സംയമനം പാലിച്ചു.. അടുക്കളപണിയൊക്കെ കഴിഞ്ഞ് റോസി  ബെഡ്റൂമിലേക്ക് ചെന്നപ്പോഴും മാഷ് എന്തോ ചിന്തയിൽ തന്നെയാണ്..

” നിങ്ങളെന്താ മനുഷ്യാ ഇങ്ങനെ കിടന്ന് ആലോചിക്കുന്നത്.. “ക്ഷമ നശിച്ച് അവസാനം റോസി ചോദിച്ചു..

” ഒന്നുമില്ല നീ അവിടെങ്ങാനും കിടന്നുറങ്ങിക്കെ… “

” വന്നപ്പോഴേ നിങ്ങൾക്കൊരു ചിന്ത.. ഇനി എവളെങ്കിലും മനസ്സിൽ കയറിയോ.. ?? അങ്ങനെ എങ്ങാനും ഉണ്ടേൽ ആദ്യം ഞാൻ നിങ്ങളെ കൊ,ല്ലും നോക്കിക്കോ…. “

ഉള്ളിൽ ഉണ്ടായിരുന്ന സംശയവും അതിന്റെ പ്രതിവിധിയും പറയാതെ പറഞ്ഞു റോസി കട്ടിലിന്റെ ഒരു സൈഡിലേക്ക് ചരിഞ്ഞു കിടന്നുകൊണ്ട് റോസി തന്റെ പ്രതിഷേധം അറിയിച്ചു.

അപ്പോഴും മാഷിന്റെ മനസ്സിൽ നിറയെ ദേവി ആയിരുന്നു. പുതിയതായി വന്ന അദ്ധ്യാപികയാണ് ദേവി. ആ ചുവന്നസാരിയും ഉടുത്ത് വരുന്നത് കണ്ടാൽ ദേവലോകത്ത് നിന്ന് സാക്ഷാൽ ദേവി ഇറങ്ങി വരുന്ന പോലെയുണ്ട്.  ആ നടപ്പും, വശ്യമായ നോട്ടവും സംസാരവും കണ്ടാൽ ആരായാലും ഒന്ന് നോക്കി പോകും. അവരുടെ ഭർത്താവിന്റെ ഭാഗ്യം, മാഷ് സഹതാപത്തോടെ അടുത്ത് കിടക്കുന്ന ഭാര്യയെ നോക്കി…

പിറ്റേന്ന് പതിവിലും നേരത്തെ മാഷ് സ്കൂളിൽ പോകാനായി ഇറങ്ങി. ഇതൊക്കെ കാണുമ്പോൾ റോസിക്ക് ഉള്ളിലെ സംശയം കൂടി വന്നു. മാഷ് സ്റ്റാഫ്‌ റൂമിൽ ചെല്ലുമ്പോൾ മുഖത്തൊരു കള്ളച്ചിരി ഒളിപ്പിച്ചു കൊണ്ട് സഹപ്രവർത്തകർ എല്ലാം ഉണ്ട് അവിടെ. എന്നും താമസിച്ചു വരുന്ന കോയ സാറ് പോലും നേരത്തെ എത്തിയിരിക്കുന്നു. 

എല്ലാവരുടെയും നോട്ടം സ്കൂളിന്റെ ഗേറ്റിലേക്ക് ആണ്. എല്ലാവരുടെയും കാത്തിരിപ്പിന് വിരാമം ഇട്ടുകൊണ്ട് ദേവി ടീച്ചർ ഗേറ്റ് കടന്നു വന്നു.. ദേവൻ മാഷിന്റെയും, മധു മാഷിന്റെയും കണ്ണുകൾ ആയിരം വാൾട്ട് ബൾബ് പോലെ പ്രകാശിച്ചു നിൽപ്പുണ്ട്..

ദേവി ടീച്ചർ വന്നിരുന്നപ്പോൾ പൂവിൽ തേനീച്ച വന്നിരിക്കുന്നതുപോലെ അദ്ധ്യാപകർ എല്ലാം ചുറ്റും വളഞ്ഞു. ആരെയും വെറുപ്പിക്കാതെ എല്ലാവരോടും സംസാരിക്കാൻ ടീച്ചർ സമയം കണ്ടെത്തി. ദേവി ടീച്ചർ വന്നപ്പോൾ മറ്റു ടീച്ചർമാരുടെ റേറ്റിംഗ് ഇടിഞ്ഞു എന്നതാണ് സത്യം. റേറ്റിംഗ് കൂട്ടാൻ അവരും കിണഞ്ഞു ശ്രമിക്കുന്നുണ്ട്… ക്ലാസ്സ്‌ തീരുന്നതുവരെ ദേവി ടീച്ചറെ ഇടം വലം തിരിയാൻ സമ്മതിക്കാതെ ഫാൻസുംകാർ ശല്യപ്പെടുത്തി കൊണ്ടിരുന്നു…

അന്ന് വൈകുന്നേരവും തോമസ് മാഷ് ദേവി ടീച്ചറെ കുറിച്ചുള്ള ആലോചനയിൽ ആയിരുന്നു. അവരുടെ ഓരോ നോട്ടവും മനസ്സിൽ ആലോചിച്ചു പുളകിതനായി കിടന്നു. പിറ്റേന്ന് ശനിയാഴ്ച ആയത് കൊണ്ട് ദേവി ടീച്ചറെ കാണാൻ കഴിയാത്തതിന്റെ നിരാശയയും ആ മുഖത്ത് ഉണ്ടായിരുന്നു..

രാവിലെ ഓരോന്ന് ആലോചിച്ചു കൊണ്ടിരിക്കുമ്പോൾ ആണ് ദേവി ടീച്ചറുടെ കാണാൻ പോയാലോ എന്ന ചിന്ത വന്നത്. പിന്നെ കൂടുതൽ ഒന്നും ആലോചിച്ചില്ല വണ്ടിയും എടുത്ത് ഇറങ്ങി.. വീട് അറിയില്ലെങ്കിലും ടീച്ചർ പറഞ്ഞ അറിവ് വെച്ചാണ് പോയത്.

“അതെ ഈ ദേവി ടീച്ചറുടെ വീട് എവിടെയാ.. “

വഴിയിൽ കണ്ട ഒരു സ്ത്രീയോട് ചോദിച്ചു

“ദാ ആ കാണുന്നത് തന്നെയാണ്.. “

“അവിടെന്താ ഒരു ബഹളം… “

“അത് സ്ഥിരം ഉള്ളതാ സാറെ…. സാറ് പേടിക്കതെ  ചെന്നാട്ടെ.. വല്ല മാരകായുധങ്ങളും വരുന്നുണ്ടോ എന്ന് ശ്രദ്ധിച്ചാൽ മതി… “

അതും പറഞ്ഞ് ആ സ്ത്രീ നടന്നുപോയി… ഒന്ന് മടിച്ച് ആണേലും മാഷ് ആ വീട്ടിലേക്ക് ചെന്നു..

“നിങ്ങളും നിങ്ങളുടെ മോനും ഒരു കാലത്തും ഗതിപിടിക്കില്ല ത,ള്ളേ…… “

എന്നുപറഞ്ഞു കൊണ്ട് മുടി അഴിച്ചിട്ട് കയ്യിലൊരു ചൂലുമായി തന്റെ മുന്നിലേക്ക് ചാടിയ ആ സ്ത്രീരൂപത്തെ കണ്ട് മാഷ് അറിയാതെ “ഈശോയെ…” എന്ന് വിളിച്ചുപോയി.. ഈ നിമിഷം വരെ തന്റെ ഉള്ളിൽ ഉണ്ടായിരുന്ന ദേവി രൂപമാണ് ഇപ്പോൾ മുന്നിൽ ഭദ്രകാളി ആയി നിൽക്കുന്നത് എന്ന് മാഷിന് വിശ്വസിക്കാൻ കഴിഞ്ഞില്ല..

” എന്താ മാഷേ ഈ വഴി… “ചൂല് താഴെയിട്ട് മുടി കെട്ടിവെച്ചുകൊണ്ട് ടീച്ചർ ചോദിച്ചു…

” ഞാൻ വെറുതെ… ഈ വഴി പോയപ്പോൾ ഒന്ന് കയറിയതാ… “മാഷ് പറഞ്ഞൊപ്പിച്ചു..

” കയറി വാ മാഷേ…. “ഭദ്രകാളി വീണ്ടും ദേവിയായി..

“വേറൊരു ദിവസം വരാം.. ഒരു വഴിക്ക് പോയപ്പോൾ വെറുതെ കയറിയതാ… എന്ന ശരി ഞാൻ പോട്ടെ… “

എന്ന് പറഞ്ഞ് മാഷ് പെട്ടന്ന് തന്നെ പോകാൻ ഇറങ്ങി “ഇത് ദേവി അല്ല മൂദേവി..” ആണ് മനസ്സിൽ പറഞ്ഞു കൊണ്ട് മാഷ് വീട്ടിലേക്ക് പോയി.. വീട്ടിൽ ചെന്നപ്പോൾ ഉമ്മറത്തുതന്നെ റോസി നിൽപ്പുണ്ട്..

“നിങ്ങളിത് എവിടെയാ മനുഷ്യാ മിണ്ടാതെ പോയത്… “

“ഒന്നും പറയണ്ട ഭാര്യേ… ദാ ഇത് എങ്ങനെ ഉണ്ട് എന്ന് നോക്കിക്കേ.. “

കയ്യിലുണ്ടായിരുന്ന കവർ റോസിക്ക് നേരെ നീട്ടി മാഷ്.. അത് തുറന്ന റോസി ഞെട്ടി ഒരു ചുവന്ന സാരി…

“ഇത് വാങ്ങാനാണോ നിങ്ങൾ രാവിലെ പോയത്.. “

“നീ ഇത് ഉടുത്ത് റെഡിയായി വാ നമുക്ക് ഒന്ന് പുറത്തു പോകാം മക്കളോടും റെഡി ആകാൻ പറ… “

” നിങ്ങൾ വല്ല ധ്യാനം കൂടാനെങ്ങാനും പോയോ… നിങ്ങൾ ആകെ മാറിയല്ലോ… “

“ധ്യാനം കൂടാൻ പോയതല്ല ദൈവവിളി ഉണ്ടായതാ… അവളുടെ ഒരു സംശയം പോയി റെഡിയായി വാ.. “

ഇനി സംശയം ചോദിച്ചാൽ പുറത്ത് പോക്ക് ഉണ്ടാകില്ല എന്ന് മനസ്സിലാക്കി റോസി തൽക്കാലം തോറ്റു കൊടുത്തു..

സാരിയുടുത്ത് പുറത്തേക്ക് വന്ന റോസിയെ കണ്ട് മാഷ് ഒന്ന് ഞെട്ടി.. ഈശോയെ വീട്ടിൽ ഒരു ദേവിയെ വെച്ചിട്ടാണല്ലോ ആ മൂദേവിയുടെ നോട്ടത്തിൽ വീണുപോയത്. ചുവന്ന സാരിയിൽ റോസിയും ഒരു ദേവി തന്നെയാണ്…

” എന്താ മനുഷ്യാ.. നിങ്ങൾ ഇങ്ങനെ നോക്കുന്നത്.. “

” ഒന്നുമില്ലടി ഞാൻ ഒരു ദേവിയെ കുറിച്ച് ആലോചിച്ചു പോയതാ.. “

“അതെത് ദേവി… ?”

“രാമായണത്തിലെ ദേവി… “

“ഓ സീത ദേവി ആണോ… “

” ആ അതെ…. നിന്റെ സംശയം പിന്നെ തീർക്കാം.. ഇപ്പോൾ വാ പോകാം.. ‘

ഇനിയും നിന്നാൽ അവളുടെ സംശയങ്ങൾ കൂടി വരുമെന്ന് മാഷിന് നല്ലപോലെ അറിയാം.. പുറത്ത് നിന്ന് ഭക്ഷണവും കഴിച്ച് മാഷും കുടുംബവും ഒരു സിനിമ കാണാൻ പോയി. നല്ല തിരക്കുണ്ട് തീയറ്ററിൽ..

” അച്ചായാ ദേ ആ വായിനോക്കി കുറെ നേരമായി എന്നെ തന്നെ  നോക്കുന്നു.. “

ഒരു വാ,യിനോക്കിയുടെ നോട്ടം സഹിക്കവയ്യാതെ റോസി മാഷിനോട് പറഞ്ഞു…

“പാവം അവൻ നോക്കിക്കോട്ടടി.. “

“നോക്കിക്കോട്ടന്നോ.. നിങ്ങൾ എന്തൊരു ഭർത്താവാണ് മനുഷ്യാ.. “

” ടി ഭാര്യേ… ഈ ആണുങ്ങൾ പൊതുവെ സ്വന്തം ഭാര്യയെ നോക്കിയില്ലെങ്കിലും അന്യന്റെ ഭാര്യയെ നല്ലപോലെ വായിനോക്കാൻ മിടുക്കർ ആണ്‌… നീ അവനെ ശ്രദ്ധിക്കാതിരുന്നാൽ മതി.. “

“സത്യം പറ മനുഷ്യ നിങ്ങൾ എത്ര പേരെ വായിനോക്കിയിട്ടുണ്ട്.. “

” നോക്കിയിട്ടുണ്ട് പക്ഷെ ഇപ്പോൾ ദേവി എന്റെ കണ്ണുതുറപ്പിച്ചു…”

“ഏത് ദേവി.. സീത ദേവിയോ.. “

“അതുതന്നെ നീ ഒന്ന് മിണ്ടാതെ ഇരുന്നേ… ദേ സിനിമ തുടങ്ങി .. “

എങ്കിലും ഈ സീത ദേവി എങ്ങനെയാ ഇങ്ങേരുടെ കണ്ണ് തുറപ്പിക്കുന്നത്… റോസിയുടെ ഉള്ളിൽ വീണ്ടും സംശയങ്ങൾ വന്നുകൊണ്ടിരിന്നു…… മാഷ് റോസിയെ ശ്രദ്ധിക്കാതെ സിനിമയിൽ ലയിച്ചിരുന്നു…..

                                       

Leave a Reply

Your email address will not be published. Required fields are marked *