അത്രയേറെ കരുതലുള്ള ആ അമ്മയെ നോക്കി ഒന്ന് പുഞ്ചിരിക്കാൻ പോലും കഴിയുന്നില്ല. പതിയെ തലയും താഴ്ത്തി അകത്തേക്ക്…

രചന: മഹാദേവൻ

::::::::::::::::::::::

അന്ന് പ്രോഗ്രസ് കാർഡുമായി സ്കൂളിൽ നിന്ന് വീട്ടിലെത്തുമ്പോൾ മനസ്സിൽ വല്ലാത്തൊരു ഭയമായിരുന്നു. കഴിഞ്ഞ വർഷം 90 % മാർക്ക്‌ വാങ്ങിയ തന്റെ ഈ വർഷത്തെ ഓണപ്പരീക്ഷയുടെ മാർക്ക് കണ്ടാൽ അടി ഉറപ്പാണെന്ന് മനുവിന് അറിയാമായിരുന്നു.

ചെരിപ്പ് പുറത്ത് ഊരിവെച്ച് പതിയെ അകത്തേക്ക് കയറുമ്പോൾ അലക്കിത്തേച്ച തന്റെ യൂണിഫോം അടുക്കി വെക്കുന്ന അമ്മയെ ആണ് ആദ്യം കണ്ടത്. നാളെ ഇടാനുള്ള ഡ്രസ്സ്‌ എത്ര വൃത്തിയോടെ ആണ് അമ്മ മടക്കിവെക്കുന്നത്. മകൻ വൃത്തിയോടെ മാത്രം സ്കൂളിലേക്ക് പോണമെന്നു ശാഠ്യം പിടിക്കുന്ന അമ്മ.

അത്രയേറെ കരുതലുള്ള ആ അമ്മയെ നോക്കി ഒന്ന് പുഞ്ചിരിക്കാൻ പോലും കഴിയുന്നില്ല. പതിയെ തലയും താഴ്ത്തി അകത്തേക്ക് കടക്കുമ്പോൾ തുണി മടക്കുന്നതിനിടയിൽ അമ്മ പറയുന്നുണ്ടായിരുന്നു….”മോനെ ടേബിളിൽ പാലും സ്‌നാക്‌സും വെച്ചിട്ടുണ്ട്, കഴിക്കാൻ മറക്കല്ലേ…” എന്ന്…

പക്ഷേ, അത് കുടിക്കാൻ പോലും നിൽക്കാതെ റൂമിലേക്ക് കയറി അതെ പടി ബെഡിലേക്ക് വീഴുമ്പോൾ മനസ്സിൽ വല്ലാത്തൊരു കുറ്റബോധം ഉണ്ടായിരുന്നു. എത്രയൊക്കെ കളിച്ചാലും തന്റെ മകൻ നല്ല മാർക്ക് വാങ്ങും എന്ന അമ്മയുടെയും അച്ഛന്റെയും വിശ്വാസമാണ് താൻ തകർത്തത്. ഇതുവരെ ഒന്ന് കൈകൊണ്ടു പോലും തല്ലാത്ത അച്ഛന്റെ മുന്നിൽ ഈ പ്രോഗ്രസ്സുമായി എങ്ങനെ നിൽക്കും എന്നൊരു ഭയം മനസ്സിനെ വല്ലാതെ വേട്ടയാടുന്നുണ്ടായിരുന്നു. എല്ലാം മനസ്സിലൊരു ഭാരമാക്കി വെച്ചുകൊണ്ട് കണ്ണടച്ച് കിടക്കുമ്പോൾ ആണ് അമ്മ അരികിലേക്ക് വന്നത്.

“ഇതെന്താ മോനെ ഇട്ട ഡ്രസ്സ്‌ പോലും അഴിച്ചിടാതെ ഇങ്ങനെ കിടക്കുന്നത്…ടേബിളിൽ വെച്ച പാലും കുടിച്ചില്ലല്ലോ….നിനക്കിത് എന്ത് പറ്റി. പനിയോ മറ്റോ ഉണ്ടോ….” എന്നും ചോദിച്ച് അമ്മു നെറ്റിയിൽ കൈവെച്ചു നോക്കുമ്പോൾ ആ കയ്യിൽ പിടിച്ച് കൊണ്ട് മനു പൊട്ടിക്കരഞ്ഞു.

അവൻ കരയുന്നതിന്റ കാരണമറിയാതെ വേവലാതിയോടെ അവനെ എഴുനേൽപ്പിക്കുമ്പോൾ അമ്മ ചോദിക്കുന്നുണ്ടായിരുന്നു…”എന്ത് പറ്റി മോനെ…” എന്ന്.

അതിനു മറുപടി ഒന്നും പറയാതെ ബാഗിൽ നിന്നും പ്രോഗ്രസ് കാർഡ് അമ്മക്ക് നേരെ നീട്ടുമ്പോൾ പറയാൻ ഒന്ന് മാത്രമേ ഉണ്ടായിരുന്നുള്ളു…”സോറി അമ്മേ…നിങ്ങളുടെ വിശ്വാസം ആണ് ഞാൻ കളഞ്ഞത്…” എന്ന്.

ആ വാക്കുകൾ കാര്യമാക്കതെ പ്രോഗ്രസ്കാർഡ് തുറന്നു നോക്കിയ അമ്മയുടെ പ്രതികരണത്തിനായി പേടിയോടെ ആ മുഖത്തേക്ക് തന്നെ നോക്കി നിൽകുമ്പോൾ ഒരു പുഞ്ചിരിയോടെ തന്നെ ആ അമ്മ അവനെ ചേർത്തുപിടിച്ചു….

“ഇതിനാണോ നീ കരഞ്ഞതും പേടിച്ചതുമെല്ലാം…? ഇതിനിപ്പോൾ എന്താടാ പ്രശ്നം…കുറച്ചു മാർക്ക് കുറഞ്ഞുപോയി, അത്രേ അല്ലെ ഉളളൂ…അതിനിത്ര ടെൻഷൻ അടിക്കേണ്ട കാര്യമുണ്ടോ….അമ്മയും അച്ഛനും പ്രതീക്ഷിക്കുന്നത് നീ ജയിക്കുമെന്നാണ്. അല്ലാതെ എപ്പഴും നീ തന്നേ നിന്റെ ക്ലാസ്സിൽ ഫസ്റ്റ് ആകണം എന്നല്ല…അങ്ങനെ ഒരു ചട്ടക്കൂടിൽ ന്റെ മോനെ വളർത്താൻ ഞങ്ങൾക്ക് താല്പര്യവുമില്ല…നീ പടിക്ക്…നിനക്ക് കഴിയുന്ന പോലെ…ഇത്ര വേണം, അവരെ തോല്പ്പിക്കണം, ക്ലാസ്സിൽ ഫസ്റ്റ് ആവണം എന്നുള്ള പ്രഷർ ഒന്നും എന്റെ മോന് ഉണ്ടാകില്ല. കുറച്ചു മാർക്ക്‌ കുറഞ്ഞാലും നിന്റെ ബുദ്ധി ആർക്കും കൊണ്ടുപോകാൻ കഴിയില്ലല്ലോ….അതുകൊണ്ട് ന്റെ മോൻ ഇതിന്റെ പേരിൽ കരയാതെ പോയി പാല് കുടിച്ച് കളിക്കാൻ പോവാൻ നോക്ക്…പഠിപ്പൊക്കെ കളി കഴിഞ്ഞു വന്നിട്ട് മതി…പരീക്ഷ ഇനിയും ഉണ്ടല്ലോ…അന്ന് നമുക്ക് കൂടുതൽ മാർക്ക്‌ വാങ്ങാംന്നേ…”

ഒരിക്കലും പ്രതീക്ഷിക്കാത്ത വാക്കായിരുന്നു അമ്മയുടെ….ഇത്രയേറെ തന്നിൽ മാത്രം വിശ്വാസമർപ്പിച്ചു തന്റെ ഇഷ്ട്ടങ്ങൾക്ക് കൂട്ട് നിൽക്കുന്നവരുടെ വിശ്വാസത്തെ നഷ്ട്ടപ്പെടുത്താതെ അടുത്ത പരീക്ഷക്ക് കൂടുതൽ മാർക്ക്‌ വാങ്ങുമെന്ന് മനു ആ നിമിഷം മനസ്സിൽ ശപഥമെടുത്തു…

NB: കുട്ടികൾക്ക് മുന്നിൽ ചിലപ്പോൾ നാല് തല്ലിനേക്കാൾ ഗുണമുണ്ടാകും സ്നേഹത്തോടെ പറയുന്ന രണ്ട് വാക്കുകൾക്ക്…ദേഷ്യത്തോടെ തല്ലുന്നത് ചിലപ്പോൾ അവരെ വാശിയിലേക്ക് നയിക്കുമ്പോൾ….നല്ല വാക്കുകൾ അവരെ നന്മയിലേക്ക് ചിന്തിപ്പിക്കും…

Leave a Reply

Your email address will not be published. Required fields are marked *