എഴുത്ത്:-കൃഷ്ണ
വലതുകാൽ വച്ച് ആ വീട്ടിലേക്ക് കയറുമ്പോൾ അവിടുത്തെ സ്ഥിതിഗതികൾ ഒന്നും അവൾക്ക് അറിയില്ലായിരുന്നു.. മനസ്സിൽ എപ്പോഴും അമ്മ പറഞ്ഞു തന്ന കാര്യങ്ങൾ ആയിരുന്നു.. നീ ചെന്ന് കയറുന്ന വീടാണ് ഇനി മുതൽ നിന്റെ സ്വന്തം വീട് അവിടെയുള്ളവരെ എല്ലാവരെയും നീ സ്നേഹിക്കണം ആരെക്കൊണ്ടും ചീiത്ത എന്ന് പറയിക്കരുത്..
സകല ദൈവങ്ങളോടും ഇവിടെ ഒരു കുഴപ്പവും ഉണ്ടാവരുത് എന്ന് അവൾ പ്രാർത്ഥിച്ചു… കാരണം തനിക്ക് ഈ വീട്ടിലേക്ക് മരുമകളായി വന്നു കയറാനുള്ള യാതൊരു അർഹതയും ഇല്ല… ചെറുപ്പത്തിലെ അച്ഛൻ നഷ്ടപ്പെട്ട തന്നെ നോക്കി വളർത്തിയത് അമ്മയാണ്. അന്യന്റെ വീട്ടിൽ പാത്രം കഴുകിയും മുറ്റമടിച്ചു കൊടുത്തും കിട്ടുന്ന തുച്ഛമായ വരുമാനം ആയിരുന്നു ഞങ്ങൾക്ക് ആകെ ഉണ്ടായിരുന്നത്.. എങ്കിലും എങ്ങനെയെങ്കിലും അമ്മ എന്റെ ആവശ്യങ്ങൾ എല്ലാം നിറവേറ്റി തന്നിരുന്നു.
എന്നും പറയുമായിരുന്നു എന്റെ മോളെ കല്യാണം കഴിച്ചു കൊണ്ടു പോകാൻ ഒരു രാജകുമാരൻ വരുമെന്ന് അതുപോലെ തന്നെ സംഭവിച്ചു.. അപ്രതീക്ഷിതമായി ഒരു വിവാഹ ചടങ്ങിൽ വച്ചാണ് ദീപക്കേട്ടൻ എന്നെ കാണുന്നത്.. കണ്ട് ഇഷ്ടമായി പെണ്ണ് അന്വേഷിച്ചു വന്നപ്പോഴാണ് ദീപക്കേട്ടന് കെഎസ്ഇബിയിൽ ആണ് ജോലി എന്ന് ഞങ്ങൾ അറിയുന്നത്.. അതോടെ ഈ വിവാഹാലോചന അവിടെവച്ച് നിൽക്കും എന്നാണ് കരുതിയത്… ദീപക് ഏട്ടന്റെ അച്ഛൻ റിട്ടയേർഡ് പോലീസ് കാരനാണ്.. ഏട്ടൻ ബാങ്കിൽ.. ഏട്ടത്തിയമ്മ അടുത്തുള്ള ഒരു സ്കൂളിൽ ടീച്ചർ… പെങ്ങളെ കല്യാണം കഴിച്ചിരിക്കുന്നത് വലിയ ഒരു പണക്കാരൻ.. അങ്ങനെയുള്ള ഒരു വീട്ടിലേക്ക് അത്താഴ പട്ടിണിക്കാരിയായ എന്നെ കൊണ്ടുപോക്കേണ്ട യാതൊരു കാര്യവും ഇല്ലല്ലോ… ഈ വിവാഹം സ്വപ്നം കാണാൻ പോലും യോഗ്യതയില്ല എന്ന് കരുതി മനപ്പൂർവ്വം മറന്നു കളഞ്ഞു എന്നാൽ എന്നെയും അമ്മയെയും അത്ഭുതപ്പെടുത്തി കൊണ്ടാണ് ദീപക് ഏട്ടൻ അവർക്ക് പെൺകുട്ടിയെ ഇഷ്ടമായി എന്ന് അവിടെ നിന്ന് ആരൊക്കെയാണ് വരുന്നത് എന്ന് വെച്ചാൽ ചെക്കന്റെ വീട് കാണാൻ വന്നോളാനും പറഞ്ഞത്… അത് കേട്ടതും അമ്മ നിലത്തൊന്നുമല്ലായിരുന്നു അമ്മ പറഞ്ഞുതരാറുള്ള കഥകളിലെ രാജകുമാരൻ തന്നെയാണ് വന്നിരിക്കുന്നത് എന്ന് എനിക്കും തോന്നി.
അവരുടെ ഭാഗത്തുനിന്ന് പിന്നെ ഇങ്ങോട്ട് ആരും വരാനൊന്നും നിന്നില്ല ഇവിടെയുള്ളവർ അവരുടെ വീട്ടിലേക്ക് ചെന്നു രണ്ട് നില വലിയ മാളിക പോലത്തെ വീട്. ഇവിടെയുള്ള പലർക്കും അസൂയയായിരുന്നു ചിലർക്ക് അച്ഛനില്ലാത്ത കുട്ടിക്ക് ഇങ്ങനെയൊരു സൗഭാഗ്യം വന്നതിൽ സന്തോഷവും..
എന്തായാലും അമ്മ ഭയങ്കര സന്തോഷത്തിൽ ആയിരുന്നു എനിക്ക് അത് മതിയായിരുന്നു.. എങ്കിലും ചെറിയ ഭയം ഉണ്ടായിരുന്നു ഇത്രയും വലിയ വീട്ടിലേക്ക് കയറി ചെല്ലുമ്പോൾ എന്തായിരിക്കും അവരുടെ എല്ലാം മനോഭാവം എന്നതിനെക്കുറിച്ച് ആലോചിച്ച് വല്ലാത്ത ടെൻഷൻ ആയിരുന്നു എനിക്ക്.. എന്നാൽ എന്റെ എല്ലാ ടെൻഷനേയും ദൂരീകരിക്കുന്ന വിധത്തിലാണ് ദീപക് ഏട്ടൻ ഫോൺ ചെയ്യാൻ തുടങ്ങിയപ്പോൾ സംസാരിച്ചത്.. എന്നെക്കാൾ നല്ല പെൺകുട്ടിയെ കിട്ടും എന്ന് പറഞ്ഞപ്പോൾ തന്നെ കേട്ടല്ലോ തന്നെ കണ്ടത് മുതൽ എനിക്ക് ഇഷ്ടമായി എന്റെ ഭാര്യയായി വന്നിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചു എന്നെല്ലാം പറഞ്ഞപ്പോൾ എത്രയും പെട്ടെന്ന് ആ പറഞ്ഞതുപോലെ ഏട്ടന്റെ ഭാര്യയാകാൻ ഞാനും ആഗ്രഹിച്ചു..
എന്നാൽ കഥകളിലെ പോലെ അല്ല ജീവിതം എന്ന് അവരുടെ വീട്ടിലേക്ക് എത്തിയപ്പോൾ തിരിച്ചറിയുകയായിരുന്നു… പഠിപ്പുകാരിയായ പണക്കാരിയായ മൂത്ത മരുമകളുടെ മുന്നിൽ ഞാൻ ഒന്നുമല്ലായിരുന്നു… അവിടുത്തെ അച്ഛൻ പക്ഷാഭേദം ഒന്നും കാണിക്കില്ല എങ്കിലും അമ്മയ്ക്കും പെങ്ങൾക്കും അത് ആവോളം ഉണ്ടായിരുന്നു. ഏട്ടത്തിയെ എന്റെ മുന്നിൽ വച്ച് തന്നെ വാനോളം പുകഴ്ത്തി എന്നെ അവർ ജോലി ചെയ്യാനായി നിയമിച്ചു… അല്ലെങ്കിലും 100 പവനും കൊണ്ടുവന്ന അവർ എവിടെ പത്ത് പവൻ തികച്ച് എടുക്കാൻ ഇല്ലാത്ത ഞാൻ എവിടെ..
എന്റെ പോരായ്മകൾ മനസ്സിലാക്കി ഞാൻ സ്വയം ഒതുങ്ങി അവർ പറയുന്നതു പോലെ കുത്തുവാക്കും സഹിച്ചു നിന്നു.
എന്റെ ഇല്ലായ്മ എനിക്കറിയാമായിരുന്നു അവരുടെ മുന്നിൽ ഞാൻ ഒന്നുമല്ല എന്ന് മനസ്സിലാക്കി കൊണ്ട് തന്നെ ഞാൻ സ്വയം ഒതുങ്ങി.. അമ്മായി അമ്മ വളരെ നല്ല ഒരു അഭിനയത്രി ആയിരുന്നു ദീപക് ഏട്ടൻ വന്നാൽ എന്നോട് വല്ലാത്ത സ്നേഹം അഭിനയിക്കും അതാണ് അമ്മയുടെ എപ്പോഴത്തെയും എന്നോടുള്ള മനോഭാവം എന്ന് ആ പാവം തെറ്റിദ്ധരിച്ചു.. ഞാനായിട്ട് തിരുത്താനും പോയില്ല… വെറുതെ എന്തിനാണ് ജോലിക്ക് പോകുന്ന ആളുടെ മനസ്സ് വിഷമിപ്പിക്കുന്നത് എന്ന് ഞാൻ കരുതി.. അല്ലെങ്കിൽ തന്നെ ആരെക്കുറിച്ചാണ് എനിക്ക് പരാതി പറയാനുള്ളത് ദീപക് ഏട്ടന്റെ സ്വന്തം അമ്മയെ കുറിച്ച്.. കല്യാണം കഴിഞ്ഞ് മാസങ്ങൾ ആയതേയുള്ളൂ അതിനിടയിൽ അങ്ങനെയെല്ലാം പറഞ്ഞിട്ടുണ്ടെങ്കിൽ ചിലപ്പോൾ ദീപക് ഏട്ടന് എന്നോട് തന്നെ ദേഷ്യം തോന്നും എന്ന് തോന്നി.
എല്ലാം സഹിച്ചു ക്ഷമിച്ചു.. ആകെക്കൂടി മനസ്സ് തുറക്കുന്നത് വീട്ടിൽ ചെല്ലുമ്പോൾ അമ്മയോട് ആണ് അപ്പോൾ കിട്ടുന്ന ഉപദേശവും എല്ലാം സഹിക്കാൻ തന്നെ ആയിരുന്നു..
“” മോളെ അവരുടെ നിലയ്ക്കും വിലയ്ക്കും ഒത്ത ആളുകളെല്ലാം നമ്മൾ അത് നീ മനസ്സിലാക്കണം കുറച്ച് താഴ്ന്നു തന്നെ നീ നിൽക്കണം… നിന്റെ അച്ഛന്റെ അമ്മ എന്നെ എന്തുമാത്രം ഇട്ട് കഷ്ടപ്പെടുത്തിയിട്ടുണ്ട് എന്നറിയാമോ?? എന്നിട്ട് എന്തായി ഞാനൊരു വാക്ക് മർത്ത് പറയില്ല അവസാനം എന്റെ അടുത്തേക്ക് തന്നെ വന്നില്ലേ?? ഈ തിണ്ണയിൽ കിടന്നാണ് അവർ മരിച്ചത്.. അതിനുമുമ്പ് എന്നോട് ചെയ്ത തെറ്റിനെല്ലാം അവർ പശ്ചാത്തപിച്ചിട്ടും ഉണ്ട്.. അതുപോലെ നിന്റെ കാര്യത്തിലും സംഭവിക്കും നിന്റെ നല്ല സ്വഭാവം മനസ്സിലാക്കി അവരെല്ലാം നിന്നെ സ്നേഹിക്കാൻ തുടങ്ങും.. എന്റെ മോള് ക്ഷമിച്ചു നിന്നാൽ മതി…
അത് കേട്ട് എല്ലാം സ്വയം സഹിച്ചു നിന്നു എന്നാൽ സഹിക്കാൻ കഴിയാത്ത കാര്യങ്ങളാണ് പിന്നീട് നടന്നത്.. ഞാൻ ഗർഭിണിയാണ് എന്നറിഞ്ഞു.. അവരുടെ മകൾക്കും മരുമകൾക്കും ഇല്ലാത്ത സൗഭാഗ്യം ഇപ്പോൾ കയറിവന്ന എനിക്കുണ്ടായതിൽ അവർ വല്ലാത്ത അസ്വസ്ഥയായിരുന്നു..
“” അതെ നിങ്ങൾക്ക് ഇപ്പോൾ കുഞ്ഞുണ്ടായാൽ ശരിയാവില്ല!! നിന്റെ ഏട്ടത്തിക്കും നാത്തൂനും അത് വലിയ സങ്കടം ആവും അവരുടെയൊക്കെ കല്യാണം കഴിഞ്ഞ് വർഷങ്ങളായി ഇതുവരെ ഒരു കുഞ്ഞിക്കാൽ കാണാൻ കഴിഞ്ഞിട്ടില്ല!! അപ്പോ ഇന്നലെ കേറിവന്ന നിനക്ക് ഒരു കുട്ടി ഉണ്ടായാൽ അവർക്ക് എന്തുമാത്രം സങ്കടം വരും!!! ദീപക്ക് ഒന്നും അറിഞ്ഞിട്ടില്ല അതുകൊണ്ട് നമുക്കിത് ഗവൺമെന്റ് ആശുപത്രിയിൽ പോയി എങ്ങനെയെങ്കിലും അങ്ങ് കളയാം”””
ഞെട്ടലോടെയാണ് ഞാൻ അവരുടെ വാക്കുകൾ കേട്ടത് സ്വന്തം മകൾക്കും മകനും കുട്ടിയില്ല അപ്പോൾ പിന്നെ ഇളയ മകന്റെ കുട്ടിയെ എങ്കിലും കൊഞ്ചിക്കാം എന്നല്ലേ ഒരു മുത്തശ്ശി കരുതുക.. എന്നാൽ അപ്പോഴും അവർ പുറത്തേക്ക് വിഷം ആണ് തുപ്പുന്നത്… എനിക്ക് ആകെ മടുത്തു പോയിരുന്നു..
എല്ലാം ദീപക് ഏട്ടനോട് തുറന്നു പറയാൻ തന്നെ ഞാൻ തീരുമാനിച്ചു… ദീപക് ഏട്ടൻ എന്റെ കൂടെ നിന്നില്ല എന്ന് വരും. എങ്കിലും സാരമില്ല ഈ കുഞ്ഞിനെ പ്രസവിച്ചു വളർത്തുമെന്നത് എന്റെ സ്വപ്നമായിരുന്നു..
അന്ന് ദീപക് ഏട്ടൻ വന്നപ്പോൾ അവിടെ ഞാൻ അനുഭവിക്കുന്ന എല്ലാ കാര്യങ്ങളും തുറന്നു പറഞ്ഞു അമ്മ എന്നോട് ആവശ്യപ്പെട്ട കാര്യവും..
ഞാൻ ഗർഭിണിയാണ് എന്ന കാര്യം ദീപക് ഏട്ടൻ അറിയേണ്ട എന്നും അമ്മ എന്നെ ചട്ടം കെട്ടിയിരുന്നു എന്നാൽ എല്ലാം തുറന്നു പറഞ്ഞപ്പോൾ ദീപക് ഏട്ടൻ ദേഷ്യത്തോടെ അമ്മയോട് എല്ലാം ചോദിച്ചു.. അതോടെ ഞാൻ തലയണ മന്ത്രക്കാരിയായി..
ദീപക് ഏട്ടന്റെ മുന്നില്‍ വച്ച് അമ്മ എന്നെ അiടിക്കാൻ കയ്യോങ്ങി കുടുംബം കലക്കാൻ ശ്രമിക്കുകയാണ് എന്ന് ആരോപിച്ചു എന്നാൽ ദീപക് ഏട്ടൻ എന്റെ ദേഹത്ത് അiടി കൊള്ളാതെ നോക്കി അടുത്ത നിമിഷം തന്നെ എന്നെയും കൂട്ടി ഇറങ്ങി.. നേരെ ഞങ്ങൾ പോയത് എന്റെ വീട്ടിലെ ഒരു വാടക വീട്ടിലേക്ക് മാറാം എന്ന് ആദ്യം കരുതിയെങ്കിലും ഈ സമയത്ത് എനിക്ക് അമ്മയുടെ പരിചരണം ആവശ്യമുണ്ട് എന്നതുകൊണ്ട് അവിടേക്ക് ചെന്നു..
ആദ്യം തന്നെ എന്റെ അമ്മയോട് ഇനി ജോലിക്ക് പോകരുത് എന്ന് ഏട്ടൻ പറഞ്ഞു അവിടുത്തെ കാര്യങ്ങൾ എല്ലാം ഏറ്റെടുത്തു വീട് ഒന്ന് നന്നാക്കി പുതുക്കി പണിതു അത്യാവശ്യവും സൗകര്യത്തോടെയുള്ള ഒരു വലിയ വീടാക്കി അതിനെ മാറ്റി…. ഞങ്ങളുടെ മോളു കൂടി വന്നപ്പോൾ.. ഇതൊരു സ്വർഗ്ഗം തന്നെയായി മാറി.. ഇപ്പൊ തോന്നും എല്ലാം ആദ്യമേ തുറന്നു പറയാമായിരുന്നു എന്ന്.. അങ്ങനെയാണെങ്കിൽ എനിക്ക് ഇത്രയും സഹിക്കേണ്ടി വരില്ലായിരുന്നു.. എല്ലാത്തിനും അതിന്റേതായ സമയമുണ്ട് എന്ന് അപ്പോൾ ഞാൻ അങ്ങ് ആശ്വസിക്കും