പുത്തൻ പ്രണയം
രചന: അരുൺ കാർത്തിക്
—————
കോടതിവരാന്തയിലൂടെ കൈവിലങ്ങുമായി നടന്നകലുമ്പോൾ ഒരുപറ്റം ആൾക്കാർ വിളിച്ചു പറയുന്നത് എനിക്കു കേൾക്കാമായിരുന്നു…ഇരട്ട കൊ ല പാ തകം നടത്തിയ പ്രതിയാണവൻ…
നീ മുടിഞ്ഞു പോകുമെടാ, നിന്റെ ആത്‌മാവ് ഗതികിട്ടാതെ അലയും, എന്റെ മനസ്സ് നീറിയാ പറയണേന്നു ഗൗരിയുടെ അമ്മ എന്നെ നോക്കി ശപിക്കുമ്പോഴും ഒന്നുമുരിയാടാനാവാതെ നോക്കി നിൽക്കാനേ എനിക്ക് അപ്പോൾ സാധിക്കുമായിരുന്നുള്ളു.
സ്വന്തം കാമുകിയെയും അവളെ രക്ഷിക്കാൻ ശ്രമിച്ച മുറച്ചെറുക്കനെയും റെയിൽവേ ട്രാക്കിലേക്ക് മൃ ഗീയമായി ത ള്ളിയിട്ടു കൊ ന്ന പ്രതിക്ക് ഈ കോടതി വധശിക്ഷ വിധിക്കുന്നുവെന്ന് കേട്ടപ്പോൾ എന്റെ മുഖത്തു ഭാവഭേദം ഒന്നുമുണ്ടായില്ല.
സാഹചര്യതെളിവുകളും കെട്ടിച്ചമയ്ക്കപ്പെടുന്ന തിരക്കഥകൾ കൊണ്ടു മാത്രം നീതി നഷ്ടമാകുന്ന പ്രതികളിൽ അവസാനം ഞാനും ഒരാൾ…
പക്ഷേ ദൈവത്തിന്റെ കോടതിയിൽ എനിക്കു മാപ്പ് തരുമെന്ന് ഞാൻ അടിയുറച്ചു വിശ്വസിച്ചിരുന്നു. വധശിക്ഷ നടപ്പിലാക്കുന്നതിനു തൊട്ടു മുൻപുള്ള പതിവ് ചോദ്യം എന്റെയും കാതുകളിൽ മുഴങ്ങി കേട്ടു. അന്ത്യാഭിലാഷം വല്ലതും ഉണ്ടോയെന്ന്…
അതുവരെ മൗനം പാലിച്ചിരുന്ന എനിക്കു പക്ഷേ എന്റെ മനസ്സിനെ അടക്കി നിർത്താൻ ആവുമായിരുന്നില്ല. മരണത്തെ എനിക്ക് ഒട്ടും ഭയമില്ല. പക്ഷേ ഞാൻ പറയുന്ന ഒരു വസ്തുവിന് നിരോധനം ഏർപ്പെടുത്തുക മാത്രമാണ് എന്റെ അവസാനത്തെ ആഗ്രഹം.
എന്താണ് ഞങ്ങൾ നിരോധിക്കേണ്ടത്…?
— — —
വരുന്ന വിവാഹാലോചനകളൊക്കെ മുടങ്ങി പൊയ്ക്കൊണ്ടിരിക്കുമ്പോഴാണ് ജാതകദോഷം മാറാൻ വഴിപാട് നേരണമെന്നു പറഞ്ഞ് ജ്യോത്സ്യൻ കുറിച്ച ചീട്ട് അമ്മ എന്റെ നേർക്ക് വച്ചു നീട്ടുന്നത്.
പൊതുവേ അമ്പലത്തിൽ പോയാൽ നേർച്ച പോലും ഇടാൻ മടികാണിച്ചിരുന്ന ഞാൻ അമ്മയുടെ ആ വാക്കും നിരസിച്ചിരിക്കുമ്പോഴാണ് നാലമ്പലദർശനം നടത്താനായിട്ട് ചങ്കുകൾ വന്നു വിളിക്കുന്നത്.
അവസരം മുതലാക്കി അമ്മ ആ ചീട്ടും പണവും ചങ്കിന്റെ കയ്യിൽ വച്ചുകൊടുക്കുമ്പോൾ അത് പുട്ടും കടലക്കറിയും മേടിച്ചു തീരാനുള്ള പണമാണെന്നു പാവം അമ്മയ്ക്ക് അറിയില്ലല്ലോ…
രാമായണമാസത്തിൽ ശ്രീരാമദേവനെ തൊഴാനായി ആൾക്കൂട്ടത്തിനിടയിൽ ക്യു നിൽക്കുന്നതിനിടയിൽ വച്ചാണ് ഞാൻ ഗൗരിയെ ആദ്യമായി കാണുന്നത്. കൗണ്ടറിൽ അർച്ചനയ്ക്കുള്ള രസീത് എഴുതാൻ ഇരിക്കുന്ന അവളെ കണ്ടപ്പോഴാണ് മംഗല്യസിദ്ധിയ്ക്കുള്ള വഴിപാടിന്റെ കാര്യം മനസ്സിലേക്ക് ഓടിയെത്തിയത്.
ഇളംകാറ്റിൽ അവളുടെ കാതുകളെ തഴുകി തലോടുന്ന കാർകൂന്തലും തിരുനെറ്റിയിൽ ചാർത്തി വച്ചിരിക്കുന്ന ചുവന്ന ചന്ദനവും അവളെ കൂടുതൽ മനോഹരിയാക്കുന്നുണ്ടായിരുന്നു. മംഗല്യം നടക്കാനുള്ള ഉടയാട സമർപ്പണത്തിനുള്ള രസീത് എടുക്കുമ്പോൾ ആ കണ്ണുകളിൽ നോക്കി ഇഷ്ടമാണെന്ന് പറയാൻ എനിക്ക് തോന്നിയിരുന്നു.
അവളുടെ അടുത്തായി വച്ചിരുന്ന തുളസിമാല ആ കഴുത്തിലേക്ക് അണിയാനായി എന്റെ കൈകൾ വെമ്പൽ കൊള്ളുന്നുണ്ടായിരുന്നു. അവളുടെ സമീപത്തു നിന്നും മുന്നോട്ടു ചലിക്കാൻ എന്റെ കാലുകൾക്ക് സാധിക്കുമായിരുന്നില്ല.
ഒടുവിൽ പ്രായപൂർത്തിയാവാത്ത ചങ്ക്‌സിന്റെ അനിയനും കൂടി ഞാൻ മംഗല്യപുഷ്പാഞ്ജലി എഴുതിക്കുമ്പോൾ അവളുടെ മുഖത്തെ അടക്കിപ്പിടിച്ച ചിരി എന്നിലും ആനന്ദം വാരിവിതറുന്നുണ്ടായിരുന്നു.
തൊഴുതിറങ്ങുമ്പോൾ വെള്ളം കുടിക്കുവാനായി ഊട്ടുപുരയുടെ സമീപത്തേക്കു നടന്നു വന്ന ഗൗരിയോട് അല്പം ഭയം കലർന്ന സ്വരത്തിൽ ഞാൻ എന്റെ ഇഷ്ടം തുറന്നുപറയുന്നുണ്ടായിരുന്നു.
ശ്രീരാമദേവൻ എന്റെ പ്രാർത്ഥന കേട്ടു. ഇനി ഈ സീതയും കൂടി അത് വരവ് വെച്ചിരുന്നെങ്കിൽ ഞാൻ തന്നെ എന്റെ വീട്ടിലേക്കു ക്ഷണിച്ചുകൊള്ളട്ടെയെന്ന്…
മറുപടി പറയാതെ നടന്നു നീങ്ങുന്ന ഗൗരിയുടെ മുഖത്തു അല്പം ഭയം അനുഭവപ്പെട്ടെങ്കിലും ഞാൻ എന്റെ ഫോൺ നമ്പർ അവൾക്കായി സമർപ്പിച്ചിട്ട് തിരിച്ചു മടങ്ങി. എന്റെ മനസ്സ് പറയുന്നുണ്ടായിരുന്നു അവൾ എന്നെ വിളിക്കുമെന്ന്, എന്റെ പ്രതീക്ഷ അസ്ഥാനത്തായിരുന്നില്ല.
അവൾ എന്നെ തിരിച്ചു വിളിച്ചപ്പോൾ ഞാനെന്റെ ഹൃദയം അവൾക്കായി തുറന്നു വച്ചിട്ടുണ്ടായിരുന്നു…ഞങ്ങളുടെ പ്രണയം പതിയെ മൊട്ടിട്ടുതുടങ്ങി.
അവളുടെ വീട്ടിൽ ഞങ്ങളുടെ പ്രണയം അറിഞ്ഞപ്പോൾ ഞാൻ അവിടേക്ക് ആലോചനയുമായി ചെന്നുകയറി. അമ്മയും അനിയത്തിയും മാത്രമുള്ള ഗൗരിയെ നിറഞ്ഞ മനസ്സോടെ ആ അമ്മ കല്യാണം കഴിച്ചു തരാൻ സമ്മതം മൂളുമ്പോൾ മനസ്സിൽ സന്തോഷത്തിന്റെ പെരുമ്പറ മുഴങ്ങുന്നുണ്ടായിരുന്നു.
കുറച്ചു ദിവസങ്ങൾക്കു ശേഷമുള്ള ഒരു രാത്രിയിൽ ഗൗരി എന്നെ അവിടെ അടുത്തുള്ള റെയിൽവേസ്റ്റേഷനിലേക്ക് വിളിക്കുമ്പോൾ എനിക്ക് അറിയില്ലായിരുന്നു അതെന്റെ ഗൗരിയെ കാണാനുള്ള അവസാന യാത്രയായിരുന്നുവെന്ന്…
അവളുടെ മുഖം കണ്ടപ്പോഴേ എന്തോ പന്തികേട് തോന്നിയിരുന്നു. എന്താണ് കാര്യമെന്നു എത്ര ചോദിച്ചിട്ടും അവൾ ഉത്തരം തരാതെ ഒഴിഞ്ഞു മാറുന്നുണ്ടായിരുന്നു. റെയിൽവേ പാളത്തിനു സമീപത്തു കൂടി അവളുമൊത്തു നടക്കുമ്പോൾ അവളുടെ സംസാരത്തിൽ മുഴുവൻ ഇനിയൊരു ജന്മമുണ്ടെങ്കിൽ നമുക്ക് ഒരുമിച്ചു ജീവിക്കണം എന്ന് മാത്രമായിരുന്നു.
അവളുടെ കണ്ണുകൾ നിറഞ്ഞുവരുന്നുണ്ടായിരുന്നു. ഒരുപാട് തവണ നിർബന്ധിച്ചപ്പോൾ അവൾ കയ്യിലുള്ള ഫോൺ എനിക്കായി വച്ചു നീട്ടി. കുറച്ചു സമയത്തിന് ശേഷം അവിടെ എത്തിച്ചേർന്ന ഗൗരിയുടെ മുറച്ചെറുക്കനെ ട്രെയിനിന്റെ ഇടയിലേക്ക് വലിച്ചെറിയുമ്പോഴും എന്റെ ഉള്ളിലെ കലി അടങ്ങിയിരുന്നില്ല.
ഒന്നും സംഭവിച്ചിട്ടില്ല നീ ഇപ്പോഴും എന്റെ പഴയ ഗൗരി തന്നെയാണെന്ന് പറഞ്ഞു ഞാനവളെ ചേർത്തു പിടിക്കാൻ ശ്രമിച്ചപ്പോഴേക്കും അവൾ…
ഞാൻ നശിപ്പിക്കപ്പെട്ടവളാ, നിന്റെ ഒപ്പം ഈ ജന്മം എനിക്ക് ജീവിക്കാൻ എനിക്ക് അർഹതയില്ലെന്ന് പറഞ്ഞു കുതറി മാറി…
ആ റെയിൽവേട്രാക്കിലേ ട്രെയിനിനിടയിലേക്ക് അവൾ ചതഞ്ഞരയുന്നത് കണ്ടു നിൽക്കാനേ മാത്രമേ എനിക്ക് സാധിച്ചിരുന്നുള്ളു.
— — —
എന്താണ് ഞങ്ങൾ നിരോധിക്കേണ്ടത്…?
ചോദ്യം വീണ്ടും ആവർത്തിക്കപ്പെട്ടപ്പോൾ എന്റെ ഓർമകളിൽ നിന്നും മുക്തനായ ഞാൻ പറഞ്ഞു.
“റോഹിപ്നോൾ”
വാട്ട്…?
അതേ റോഹിപ്നോൾ എന്ന മെഡിസിൻ. എന്റെ ഗൗരിയെ നശിപ്പിക്കാൻ മുറച്ചെറുക്കൻ ഉപയോഗിച്ച അതേ മെഡിസിൻ. അവളെ നശിപ്പിച്ചു ആ വീഡിയോ ഫോണിലേക്ക് പകർത്താൻ അവൻ കണ്ടെത്തിയതും ഈ മെഡിസിൻ ആണ്.
സ്ത്രീകളെ ശാരീരികമായി പീ ഡി പ്പിക്കാൻ ക്രിമി നൽസ് ഉപയോഗിക്കുന്ന റേ* പ്പ് ഡ്ര *ഗ് എന്തിനാണ് വിപണിയിൽ…?
കടുത്ത ഉറക്കമില്ലായ്മ അനുഭവപ്പെടുന്ന രോഗികൾക്ക് ഡോക്ടർ നിർദ്ദേശിക്കുന്ന ഈ മെഡിസിൻ എത്ര ദൂഷ്യമുള്ളതാണെന്നു എന്തുകൊണ്ടാണ് മനസ്സിലാവാത്തത്.
ഈ മരുന്ന് ഇൻജെക്ട് ചെയ്യുന്ന സ്ത്രീ ഒരിക്കലും അമ്മയാവില്ല എന്ന സത്യം എന്തുകൊണ്ടാണ് മറനീക്കി പുറത്തു വരാത്തത്…?
നിറമോ മണമോ ഇല്ലാത്ത ഈ ഗുളിക എന്തുകൊണ്ടാണ് സർക്കാർ ഇപ്പോഴും നിരോധിക്കാൻ തയ്യാറാവാത്തത്…?
ആ ഗുളിക കഴിച്ചു ശരീരം അനങ്ങാനാവാതെ കിടന്ന എന്റെ ഗൗരിയെ നശിപ്പിച്ച അവനെ ഞാൻ കൊ* ന്നു. അവനെ മാത്രം…
പക്ഷേ എന്നെ ഒറ്റയ്ക്കാക്കി ഇട്ടേച്ചു പോയ എന്റെ പ്രാണനായ ഗൗരിയെ ഞാൻ കൊ* ന്നിട്ടില്ല…വാക്ക് കൊണ്ട് പോലും ഞാൻ അവളെ വേദനിപ്പിച്ചിട്ടില്ല. ഇനി നിങ്ങൾക്ക് എന്നെ തൂ ക്കിലേറ്റാം.
ആരും വിശ്വസിച്ചില്ലെങ്കിലും സത്യം അറിയാവുന്ന എന്റെ ഗൗരി എന്നെയും കാത്തു അവിടെ ഇരിപ്പുണ്ടാവും..